Friday, July 15, 2016

മനുഷ്യ മനസ്സു തീറെഴുതിക്കിട്ടിയവര്‍

ഞങ്ങളുടെ പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ മുപ്പതു വയസ്സുള്ള ജിന്‍സി ബ്രെയിന്‍ സര്‍ജറിക്കു ശേഷം ശരിരം തളര്‍ന്നു കിടക്കുകയാണ്.സംസാര ശേഷിയില്ല, ടുബിലുടെയാണ് ഭക്ഷണം. രണ്ടു പിഞ്ചുകുഞ്ഞുങ്ങളോടും പ്രിയപ്പെട്ടവനോടും ഒപ്പം സന്തോഷമായി കഴിഞ്ഞു പോരുംബോഴാണ് ദുരന്തം അവളുടെ മേല്‍ കരുണയില്ലാത്ത കടന്നുകയറ്റം നടത്തിയത്.

കഴിഞ്ഞദിവസം അവളോട്‌ സംസാരിച്ചപ്പോള്‍ ആരാണ് ജിന്‍സിയുടെ ഇഷ്ട നടന്‍ എന്ന്‍ ചോദിച്ചു. നിര്‍വികാരതയുടെ മരവിപ്പുള്ള  അവളുടെ മുഖത്ത് പ്രസാദാല്മകമായൊരു മാനം തെളിഞ്ഞു! വര്‍ഷങ്ങള്‍ക്കുശേഷം അവളൊന്നു പുഞ്ചിരിച്ചു. പിന്നെ ശബ്ദമില്ലാതെ ചുണ്ടനക്കി പറഞ്ഞു: മ..മ്മു...ട്ടി.

നിസ്സഹായതയുടെ നീര്ച്ചുഴിയില്‍ ദുര്‍ബലയായി പിടയുംബോഴും, പണ്ട് കണ്ടാസ്വദിച്ച മഹാകലാകാരന്റെ കലാവിരുന്നിന്റെ മധുരസ്മരണകള്‍ ഹൃദ്യവികാര നീര്‍ചാലുകളായി അവളില്‍ ഒഴുകിയെത്തുന്നത്‌ അസുലഭ കാഴ്ചയായിരുന്നു.

രാവും പകലും വിശ്രമമില്ലാതെ കഠിനാധ്വനത്തിലൂടെ  നമ്മുടെ അനുഗ്രഹീത കലാകാരന്‍മാര്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് അല്‍പ സമയത്തെക്കെങ്കിലും എത്ര എത്ര തകര്‍ന്നു തളര്‍ന്ന മനസ്സുകളെയാണ് ഊഷ്മള വികാര തേരിലേറ്റുന്നത്! മെഡിക്കല്‍ സയന്‍സിനു പോലും സാധിക്കാത്ത അത്ഭുത സിദ്ധിയാണ് കലാകാരന് ഡിവൈന്‍ കോമേഡിയന്‍ കൊടുത്തിരിക്കുന്നത്. മനസ്സിന്റെ താളം തെറ്റിയ മനോരോഗിയുടെ മനസ്സിനകത്തുപോലും കലാകാരന്‍ നിഷ്പ്രയാസം കടന്നു ചെല്ലുന്നു, അനുഭൂതിയുടെ ലോകം സൃഷ്ടിക്കുന്നു.

ഇതില്‍പ്പരം ഭാഗ്യവും സുകൃതവും എന്തുണ്ട്?

കലാകാരന്‍ അമരണനാണ്!

പ്രിയ മമ്മുക്ക, വാക്കുകള്‍ കൂട്ടിചേര്‍ത്തു ചൊല്ലുവാന്‍ കഴിയാത്ത പ്രിയ ജിന്‍സിക്കു വേണ്ടി അങ്ങയ്ക്ക്: സ്നേഹാഭിവാദനങ്ങള്‍  !


No comments:

Post a Comment