Saturday, April 29, 2017

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

മേജര്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരുടെ ആന്തരീയ സംഘര്‍ഷങ്ങള്‍ ഭീതിപ്രദമാണ്, വളരെ പെട്ടെന്ന് അവരുടെ ലോകം ഒരു ഇരുട്ടുമുറിയായി മാറുന്നു. തനിക്കുചുറ്റും സന്തോഷിക്കുവാനും പ്രതീക്ഷിക്കുവാനും ആശ്വസിക്കുവാനുമുള്ള യാതൊന്നുമില്ലെന്ന ശൂന്യതാബോധത്തിന്‍റേയും നിരാശയുടെയും നിത്യതടവുകാരായവര്‍ മാറുന്നു.

ജീവിത പങ്കാളിയുടെയും ഉറ്റവരുടെയും സ്നേഹം വെറും പ്രകടനമായി തോന്നും. ഇവര്‍തന്നെ ഒരിക്കലും ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടില്ലെന്നുവരെ വഴിതെറ്റി ചിന്തിച്ചേക്കാം.  ട്രാക്കു തെറ്റിയോടുന്ന ചിന്തകള്‍ പരുഷ വാക്കുകളാകുമ്പോള്‍ പ്രിയപ്പെട്ടവര്‍ മുഷിയരുത്.
ശരീര മനസ്സുകളിലെ വിവരിക്കാനാവാത്ത വേദനകളാണ് മറ്റൊരു ദുരന്തം.  താനൊരു ജലകുമിളക്കകത്താണെന്നും എല്ലാവരും ഒഴിഞ്ഞു മാറുകയാണെന്നും ആരും ആത്മാര്‍ത്ഥതയുള്ളവരല്ലെന്നുമൊക്കെയുള്ള ചിന്തകള്‍ രോഗിയെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആക്കും.

പണ്ട് ആത്മ വിശ്വാസം പകര്‍ന്നു തന്നിരുന്ന തന്‍റെ വ്യക്തിപരമായ കഴിവുകളും നേട്ടങ്ങളും പദവികളും നിഷ്പ്രഭമായിപ്പോയ തോന്നല്‍ ആത്മ വിശ്വാസത്തിന്‍റെ അടിത്തറ ഇളക്കും.  നെഗറ്റീവ് സെല്‍ഫ് ഇമേജ് മനസ്സില്‍ നിരാലംബ ബോധത്തിന്‍റെ അമാവാസി സൃഷ്ടിക്കും.  മനസ്സില്‍ മറവു ചെയ്ത കുറ്റബോധങ്ങളും പരാജയങ്ങളും അപമാന ചിന്തകളുമൊക്കെ സൈക്കിക് സ്പേസില്‍ ഭീഭത്സഭാവത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ ഉറക്കത്തിലും ഭീകര സ്വപ്നങ്ങളിലൂടെ വേട്ടയാടിക്കൊണ്ടിരിക്കും.

ക്രൂര ശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയേപ്പോലെ, നിഷേധ ചിന്തകളുടെ തടവുകാരായ ഇവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും മെല്ലെമെല്ലെ അകന്ന് നിരാശയുടെ വന്‍കയങ്ങളില്‍ വീണ് നിസ്സഹായരായി നിലയില്ലാതെ തുഴയും.

പുറമെ നോക്കുന്നവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളും കാണുവാനില്ലാത്ത ഇവരുടെ മനസ്സിലെ വികാരത്തിരമാലകളും കൊടുങ്കാറ്റുകളും ഒരു മനോരോഗ വിദഗ്ദ്ധനു മാത്രമേ ആഴത്തില്‍ നോക്കി കാണുവാന്‍ കഴിയു.

ജീവിതത്തിലെ ചില ദുരന്താനുഭവങ്ങള്‍ മൂലമുണ്ടാകുന്ന റിയാക്ടീവ് ഡിപ്രഷനും ലഘുവിഷാദ രോഗങ്ങളും കാലക്രമേണ പെയ്തൊഴിഞ്ഞു പോകുന്ന താല്‍ക്കാലിക വിഷാദ കാര്‍മേഘങ്ങളാണ്. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മേജര്‍ ഡിപ്രഷന്‍റെ പിന്നിലെ താളം തെറ്റിയ ന്യൂറോ കെമിസ്ട്രി ക്രമപ്പെടുത്തുവാന്‍ മരുന്നുകളും ശക്തമായ ആത്മഹത്യാ പ്രവണതകളുള്ള രോഗികള്‍ക്ക് ഈസിറ്റി ചികിത്സയും ആവശ്യമാണ്. വിഷാദ മേഘങ്ങള്‍ പറന്നകന്നു കഴിയുമ്പോള്‍ മനസ്സിനെ പ്രതികൂല ചിന്തകളുടെ അഗാധഗര്‍ത്തങ്ങളില്‍ നിന്നു പിടിച്ചു കയറ്റുവാന്‍ കോഗ്നിറ്റീവ് മന:ശാസ്ത്ര ചികിത്സ ആവശ്യമാണ്. മിഥ്യാഭിമാനവും മനോരോഗ ലേബലും ഭയന്ന് രോഗിക്ക് ചികിത്സ നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണ്.

സ്നേഹശുശ്രൂഷയോടു വിഷാദരോഗി പ്രതികരിക്കുന്നില്ലെങ്കിലും സ്നേഹപൂര്‍വ്വം ക്ഷമയോടെ പ്രിയപ്പെട്ടവര്‍ രോഗിക്ക് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് കൊടുക്കണം.  കുറ്റപ്പെടുത്തരുത്, ചോദ്യം ചെയ്യരുത്, പരിഹസിക്കുകയോ നിര്‍ബ്ബന്ധപൂര്‍വ്വം ചിന്താഗതി മാറ്റുവാന്‍ ശ്രമിക്കയും ചെയ്യരുത്.

ക്ലേശപൂര്‍ണ്ണമായ മതാനുഷ്ഠാനങ്ങളും കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന ദണ്ഡനാത്മമായ പ്രബോധനങ്ങളും വ്യാജവൈദ്യന്‍മാരുടെ അശാസ്ത്രീയ ചികിത്സകളും പ്രശ്നം ഗുരുതരമാക്കും. 

ശാന്തിയും സമാധാനവും നിറഞ്ഞ ഹൃദ്യമായ കുടുംബ - ആത്മീയ പശ്ചാത്തലം മാനസീകാരോഗ്യത്തിന്‍റെ അനുകൂല ചേരുവകളാണ്. ശരീരശാസ്ത്രത്തെപ്പറ്റി പഠിക്കാത്തവര്‍ ഈ വിഷയം കൈകാര്യം ചെയ്തു വഷളാക്കാതെ മെഡിക്കല്‍  വിദഗ്ദ്ധരുടെ വിലയിരുത്തലുകള്‍ക്കും ചികിത്സയ്ക്കുമയി രോഗിയെ പറഞ്ഞുവിടണം. വിഷാദരോഗിക്ക് വേണ്ടത് ശാസ്ത്രീയ ചികിത്സയാണ്,  ശിക്ഷണമല്ല.

ഭാരിച്ച ജീവിത ചുമതലകളില്‍നിന്നും കുടുംബ ചുമതലകളില്‍ നിന്നും മാനസീകാരോഗ്യം വീണ്ടെടുക്കുന്നതുവരെ രോഗിയെ ഒഴിവാക്കണം. വിശ്രമിക്കുവാന്‍ അനുവദിക്കണം.  ആവര്‍ത്തന സ്വഭാവമുള്ള വിഷാദരോഗം കുറച്ചുകാലം അസ്വസ്തത സൃഷ്ടിച്ച് പിډാറി സുഖമാകുമെന്ന ഉറപ്പും ധൈര്യവും രോഗിക്കു കൊടുക്കുന്നത് പ്രത്യാശയും പ്രതീക്ഷയും നിലനിര്‍ത്താനും രോഗസൗഖ്യം ത്വരിതപ്പെടുത്തുവാനും സാഹായിക്കും.

********

"നിഷേധ ചിന്തകള്‍ എന്‍റെ മനസ്സിനെ ബലാല്‍സംഗം ചെയ്യുമ്പോള്‍ രക്ഷപ്പെടുവാന്‍ എനിക്കു നിത്യനിദ്രയോ ബോധക്ഷയമോ തരൂ"- ലൗരി ഹാന്‍റേഴ്സണ്‍.