Tuesday, December 26, 2017

പീഢകരായ സെലിബ്രെറ്റികളുടെ മനശാസ്ത്രം

അധികാരം കയ്യാളുന്ന പുരുഷന്‍മാരില്‍ പലരും അക്രമാസക്തരും ലൈംഗീക പീഢകരുമാകുന്നതിന്‍റെ പിന്നിലെ മന:ശാസ്ത്രമെന്താണ്?
ഈ മേഖലയില്‍ വളരെ ഗൗരവമായ പഠനങ്ങള്‍ നടന്നുവരികയാണ്. സ്ത്രീത്വത്തിന്‍മേല്‍ കടന്നുകയറുന്നതും കീഴ്ജീവനക്കാര്‍ക്കുമേല്‍ ഉരുക്കുമുഷ്ടികള്‍ പ്രയോഗിക്കുന്നതും തങ്ങളുടെ അവകാശവും അധികാരവുമാണെന്നു ചിന്തിക്കുന്ന ധാരാളം ധിക്കാരികളായ അധികാരികളുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഈ പഠനങ്ങക്ക് ഏറെ പ്രസക്തിയുണ്ട്.
അധികാരികളാകുന്ന എല്ലാ പുരുഷന്‍മാരും സ്ത്രീപീഢകരാകുന്നില്ല. എന്നാല്‍ ചിലരിലെ സാഡിസവും ഫാസിസവും തലപൊക്കി ഭീഭത്സമാകുന്നത് അധികാര കസേരയില്‍ കയറിപ്പറ്റുമ്പോഴാണ് - എന്തുകൊണ്ട്?
മൂന്നു കാരണങ്ങളാണ് പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്:
1. അധികാരത്തെ ലൈംഗീക ചൂഷണത്തിനുള്ള ലൈസന്‍സായി കാണുന്നത്.
ഈ ചിന്താഗതിക്കാര്‍ സെക്സിനുവേണ്ടി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നു. സെക്സും അധികാരവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുന്നവരാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ ജോലി സ്ഥലത്തും പുറമെയും ഇരകളെ ഭീഷണിപ്പെടുത്തി കീഴടക്കുന്നവരാണ്.
2. തങ്ങളുടെ അധികാരത്തെയും വ്യക്തിപ്രഭാവത്തേയും ബഹുമാനിക്കുവാന്‍ ബാദ്ധ്യസ്ഥരായ സ്ത്രീകള്‍ തന്‍റെ ഇഷ്ടത്തിനു കീഴടങ്ങുവാന്‍ തയ്യാറാണെന്ന് അയഥാര്‍ത്ഥ്യമായി ചിന്തിക്കുന്നവരാണ് മറ്റൊരു കൂട്ടം പീഢകര്‍. 78 ഓഫീസ് ജോലിക്കാരില്‍ നടത്തിയ പഠനത്തില്‍ ഉന്നതാധികാരികളില്‍ പലരും തങ്ങളുടെ കീഴിലെ സ്ത്രീ ജീവനക്കാര്‍ തങ്ങളുടെ ലൈംഗീകാ ആഗ്രഹങ്ങള്‍ക്ക് കീഴ്പ്പെടുവാന്‍ സന്നദ്ധരായിരിക്കുമെന്നു ചിന്തിക്കുന്നവരാണെന്നു കണ്ടു. ഡിഗ്നിറ്ററിയും സെലിബ്രിറ്റിയുമായ തന്‍റെ ഏതാഗ്രഹങ്ങള്‍ക്കും കീഴ്പ്പെടുവാന്‍ സډനസ്സുള്ളവരാണ് തന്‍റെ അധികാരത്തിന്‍ കീഴിലുള്ള സ്ത്രീ തൊഴിലാളികള്‍ എന്ന അപ്രമാദിത്വ ചിന്ത തലയ്ക്കടിച്ച ഉന്നത ശ്രേഷ്ടര്‍ കരുണയും കരുതലുമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചവുട്ടിക്കയറും.
3. സുരക്ഷിതബോധക്കുറവുള്ളവരും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് അത്യുന്നതങ്ങളിലേക്ക് പെട്ടെന്ന് ഉയര്‍ത്തപ്പെട്ടവരും ലൈംഗിക പീഢന സ്വഭാവത്തില്‍ മുമ്പന്‍മാരാണത്രെ! അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവുമുള്ള ഉന്നതാധികാരി താന്‍ ശക്തനാണെന്നു സ്ഥാപിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വളഞ്ഞവഴികളാണ് പീഢനങ്ങളെന്നാണ് മെലീസ എന്ന സ്വഭാവശാസ്ത്രജ്ഞയുടെ നിഗമനം.  ഭീരുവും സംശയാലുവുമായ ഉന്നതാധികാരി ഡെയ്ഞചറസ് ടൈംബോംബാണത്രെ!
എല്ലാ അധികാരികളും പീഢകരല്ല. എന്നാല്‍ ചിലര്‍ അധികാര കസേരയില്‍ കയറുമ്പോള്‍ സമഷ്ടി സ്നേഹവും മറ്റൊരാളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനുള്ള കഴിവും നഷ്ടപ്പെട്ട് കഠിനഹൃദയരാകാറുണ്ട്. ഇരകളുടെ ആത്മാഭിമാനവും അവര്‍ വിലമതിക്കുന്ന മൂല്യങ്ങളുമൊക്കെ നിസ്സാരമായി കാണുകയും തന്‍റെ ആഗ്രഹപൂരണത്തിനുള്ള ഉപഭേ.ാഗ വസ്തുവാണെന്നു കരുതുകയും ചെയ്യുന്ന അധികാരി വളരെ അപകടകാരിയാണ്.
അധികാരത്തിലേറുന്ന ചിലര്‍ക്ക് മൂല്യപ്രതിബദ്ധതയില്ലാത്തവരും പീഢകരും നിഷ്ഠൂരരുമൊക്കെ ആകുന്നതെന്തുകൊണ്ടാണെന്നറിയാന്‍ അവരുടെ വ്യക്തിത്വം, ജീവിത സാഹചര്യം, വളര്‍ന്നുവന്ന പശ്ചാത്തലം തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തേണ്ടതുണ്ട്. അതോടൊപ്പം മനോരോഗങ്ങളും മാനസീക പ്രശ്നങ്ങളും വ്യക്തിത്വ വൈകല്യങ്ങളും വികല സ്വഭാവങ്ങള്‍ക്കു പിന്നിലുണ്ടോ എന്നും മെഡിക്കല്‍ ടീം പരിശോധിക്കേണ്ടി വരും.
ആത്മീയത്തിലും രാഷ്ട്രീയത്തിലും ഔദ്യോഗിക തലങ്ങളിലുമുള്ള അധികാരികളുടെ ലൈംഗീകപീഢനം ദൂരവ്യാപകമായ ദോഷഫലങ്ങളാണുണ്ടാക്കുക. ഇരയെ ഭീഷണിപ്പെടുത്തുവാനും തെറ്റുകള്‍ മറയ്ക്കുവാനും ഔദ്യോഗിക അധികാരങ്ങളും സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തുന്നവര്‍ സുരക്ഷിത ബോധത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുവാനുള്ള സ്ത്രീകളുടെ അവകാശത്തെയാണ് ചവുട്ടി മെതിക്കുന്നത്. ഇത്തരം അധികാരികളുടെ രോഗബാധിതമായ സ്വഭാവം നിയന്ത്രിക്കപ്പെടേണ്ടതാണ്, ചികിത്സിക്കപ്പെടേണ്ടതാണ്. ആവശ്യമെങ്കില്‍ ഇവരെ അഴികള്‍ക്കുള്ളിലാക്കി പാവംപൗരന്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമുണ്ട്.
ബൈബിളിലെ ദാവീദ് രാജാവ് തന്‍റെ സൈനികനായ ഊരിയാവിന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അദ്ദേഹത്തെ ചതിച്ചു കൊന്നപ്പോള്‍ തെറ്റ് ഒതുക്കുവാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെപ്പോലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നും മതരാഷ്ട്രീയ നിയമ മേഖലകളില്‍ കാണുന്നത്. സ്ത്രീകളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്ന അധികാരദണ്ഡ് കയ്യിലുള്ള സൂപ്പര്‍ ബോസുമാരെ ആരു പിടിച്ചുകെട്ടുമെന്നതാണ് പ്രധാന പ്രശ്നം.
നീതി നടത്തുന്ന സര്‍വ്വേശ്വരനിലും പ്രതിബദ്ധതയുള്ള മാദ്ധ്യമങ്ങളിലും മാത്രമാണ് പ്രതിക്ഷ!