Saturday, May 29, 2021

വിഷാദത്തിന്റെ ലോഡ് ഷെഡ്ഡിംഗ്

 

വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ  ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന  സംഘർഷ സാഹചര്യങ്ങളിൽ വളരെക്കാലം തുടരുന്നതും വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിതത്തിലെ അനുകൂല- പ്രതികൂല സാഹചര്യങ്ങളോട്  ശരീരമനസ്സുകളുടെ അമിത പ്രതികരണ രീതിയെയാണ് സ്‌ട്രെസ് അഥവാ പിരിമുറുക്കം എന്ന് പറയുന്നത്. പുതിയ ജോലിയും പ്രിയപ്പെട്ടവരുടെ വേർപാടും സംഘർഷങ്ങൾ ഉണ്ടാക്കാം.

സംഘർഷ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അധികംപേരും പരിഹാരങ്ങളും പോംവഴികളും കണ്ടെത്തി പ്രശ്ന സാഹചര്യങ്ങളുമായി പിരിമുറുക്കമില്ലാതെ അഡ്ജസ്റ്റ് ചെയ്യുവാൻ സാധിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധികളുമായി മൽപ്പിടുത്തം നടത്തി, നീക്കുപോക്കുകൾക്കു തയ്യാറാകാതെ, നിർബന്ധബുദ്ധിയോടെ ചെറുത്തു നിന്ന് യുദ്ധം ചെയ്യും.  ഇങ്ങനെ നിരന്തരം പടവെട്ടുന്ന ഇവരുടെ മനസ്സ് വൈകാരിക പ്രതിസന്ധികൾ മൂലം ബ്രേക്ക്ഡൗൺ ആകാനിടയുണ്ട്.

  എപ്പോഴും പിരിമുറുക്കം അനുഭവിക്കുന്നവർക്ക് മോശമായ വൈകാരിക സ്ഥിതി അഥവാ ബാഡ് മൂഡ്, ഉറക്കക്കുറവ്,  ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയ മനോ- ശരീരിക പ്രതിസന്ധികൾ ഉണ്ടാകും.

ധ്യാനം, പ്രാർത്ഥന, വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി, നല്ല ഉറക്കം, മാപ്പ് കൊടുക്കൽ. ക്രിയാത്മകമായ ടൈം മാനേജ്മെന്റ്, അനാവശ്യമായ അമിത ഭാരങ്ങളും ചുമതലകളും ഒഴിവാക്കുക എന്നിവയൊക്കെ പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സ്‌ട്രെസ് മാനേജ്മെന്റ് സമീപനങ്ങളാണ്.ഇതു കൊണ്ട് വിഷാദാവസ്ഥ കുറയുന്നില്ലെങ്കിൽ  മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.

ജീവിതത്തിലെ എല്ലാ ഭാരങ്ങളും സംഘർഷങ്ങളും എന്നും എപ്പോഴും ചുമക്കാൻ നമുക്ക് ആവില്ല. അങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുമില്ല. വാർദ്ധക്യം, രോഗങ്ങൾ, ഏകാന്തത, ലഹരി ആസക്തി തുടങ്ങിയ പ്രതികൂല തകൾ സ്‌ട്രെസ് ടോളറൻസ് കുറയ്ക്കുകയും വൈകാരിക വേലിയേറ്റങ്ങളിൽ മനസ്സ് ആടിയുലയുകയും ചെയ്യും.

അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അത്താണിയായ കർത്താവിന്റെ മുമ്പിൽ  വികാരങ്ങളുടെ ലോഡ്ഷെഡ്ഡിങ്   പിരിമുറുക്കം കുറക്കുവാൻ സഹായിക്കും. ഇതിന് അത്ഭുത രോഗശാന്തി കേന്ദ്രങ്ങൾ തേടി അലയേണ്ട കാര്യമില്ല. ഇടനിലക്കാരുടെ ആവശ്യവുമില്ല. മനസ്സിന്റെ ടെക്നീഷ്യനായ ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനും ആശ്രയിക്കാനും സമർപ്പിക്കാനും തയ്യാറായാൽ ദൈവത്തിന്റെ മഹത്വവും സൗഖ്യവും കാണുവാനും അനുഭവിക്കുവാനും നമുക്ക് കഴിയും.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7

Wednesday, May 5, 2021

 ജീവിതത്തിൽ നമ്മെ മുറിവേൽപ്പിച്ചവർ പലരാണ്, പലതരത്തിലുമാണ്. എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ,  അസൂയാലുവായ അയൽക്കാരൻ, നിഷേധ വികാരങ്ങളുമായി ഏറ്റുമുട്ടുന്ന ജീവിതപങ്കാളി, പരിഭവക്കാരായ മക്കൾ... അങ്ങനെ ക്ഷതമേൽപ്പിക്കുന്നവർ അനവധിയുണ്ട്.

ഇതിനും പുറമേ മനുഷ്യത്വമില്ലാത്ത കരാളമനസ്കരായ  വേട്ടക്കാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ വേറെയുമുണ്ട്.
 ശാരീരികവും വൈകാരികവുമായ പീഡനങ്ങളുടെ മുറിവുകൾ ഒരിക്കലും  ഉണങ്ങാത്തതും ഉറക്കംകെടുത്തുന്നതുമാണ്. ഇത് മനസ്സിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കും.
 ശത്രുക്കളോട് ക്ഷമിക്കാനും മാപ്പ് കൊടുക്കാനും തയ്യാറില്ലെങ്കിൽ മുറിവുകളുടെ വേദനയോടൊപ്പം മനസ്സിലെ നിഷേധ വികാരങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ സംഘർഷവും അനുഭവിക്കേണ്ടിവരും.

 മാപ്പുകൊടുക്കുകയും മറക്കുകയും ചെയ്യുമ്പോൾ അഡീഷണൽ ബോണസായി കിട്ടുന്ന അനുഗ്രഹങ്ങളാണ് സമാധാനം, പ്രത്യാശ,  ആനന്ദം, ദൈവത്തിന്റെ പാപക്ഷമ തുടങ്ങിയവയൊക്കെ.

  മാപ്പ് കൊടുക്കൽ  പലർക്കും പലതാണ്.  പൊതുവേ പറഞ്ഞാൽ മനസ്സിലെ വെറുപ്പിന്റെയും പ്രതികാര ചിന്തകളുടെയും ഫയലുകൾ ഡീ- ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന അനുഭവമാണ് 
 മാപ്പ് കൊടുക്കൽ.

  മറ്റുള്ളവരിൽ നിന്ന്  ഏറ്റ മുറിവുകളെ നിസ്സാരമായി കാണുകയോ  മറക്കുകയോ ചെയ്യലല്ല മാപ്പുകൊടുക്കൽ. മുറിവുകളേറ്റ മനസ്സുമായി സമാധാനത്തിന്റെ വഴിയിലൂടെയുള്ള പുതിയൊരു ജൈത്രയാത്രയുടെ തുടക്കമാണത്. അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും നേർവീഥിയിലൂടെയുള്ള വിജയോത്സവ യാത്രയാണത്. പക്ഷേ ഇതൊരു ചലഞ്ച് ആണ്.

 മാപ്പ് കൊടുക്കുമ്പോൾ ആത്മ ശരീര മനസ്സുകളിലും വികാരങ്ങളിലും  പെയ്തിറങ്ങുന്ന സാന്ത്വനാനുഭവങ്ങൾ അനവധി ആണ്:

ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും, മാനസിക ആരോഗ്യം വർധിക്കും, പിരിമുറുക്കവും ആകാംക്ഷയും വെറുപ്പും ലഘൂകരിക്കപ്പെടും. രക്തസമ്മർദ്ദം കുറയും,മനസ്സിലെ വിഷാദ മേഘങ്ങൾ മാഞ്ഞുപോകും.  ഇമ്മ്യൂൺ സിസ്റ്റം കൂടുതൽ ശക്തമാകും.  ഹൃദയത്തിന്റെ ആരോഗ്യം വർധിക്കും. ആത്മവിശ്വാസത്തിന്റെ സൂചിക ഉയരും. അങ്ങനെ പോകുന്നു മാപ്പു കൊടുക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട  ലിസ്റ്റ്.

 ചിലർ സ്വതവേ മുറിവേൽപ്പിച്ചവർക്ക് മാപ്പ് കൊടുക്കുന്ന പ്രകൃതക്കാരാണ്. എന്നാൽ മറ്റുചിലർ 'Eternal grudge holders 'ആണ്. മരിച്ചാലും മാപ്പു കൊടുക്കില്ലെന്ന കടുംപിടുത്തക്കാർ. ദൈവകൃപയും  പരിശ്രമവും കൊണ്ട് ഇവർക്കും ക്ഷമാശീലരും മാപ്പു കൊടുക്കുന്നവരുമായി തീരുവാൻ സാധിക്കും.

 മനസ്സിൽ സൂക്ഷിക്കുന്ന വെറുപ്പും വിദ്വേഷവും സ്വന്തം മനശാന്തിക്കും സന്തോഷത്തിനും  തടസ്സമാണ്.  വെറുപ്പും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കുമ്പോൾ ചിലർ വൈകാരിക പ്രതിസന്ധിയുള്ള ക്ഷിപ്രകോപികളായി തീരാറുണ്ട്. ഇവർ എല്ലാ  ബന്ധങ്ങളെയും നിരപരാധികളെയും മുറിവേൽപ്പിക്കും.  കടക്കാരോട് ക്ഷമിക്കാൻ കഴിയാത്തവർ  പ്രതികാര ദാഹികളും  ഉൾവലിയുന്നവരും സന്തോഷം ആസ്വദിക്കാൻ കഴിയാത്തവരും ആയേക്കാം.  ഇവർ ലഹരി ചുഴിയിൽ കാലിടറി വീഴാനുള്ള സാധ്യത  വളരെ അധികമാണ്. വൈകാരിക  വേലിയേറ്റയിറക്കങ്ങൾ അവരുടെ മനസ്സിലെ നിത്യ പ്രതിസന്ധികൾ ആയിരിക്കും.  മനസ്സിലെ നിരർത്ഥക ചിന്തകളും ശുന്യതാബോധവും ആത്മീയ മരവിപ്പും ഇവരിൽ നിരാശയും നിസ്സഹായതയും മനം മടുപ്പുമുണ്ടാക്കും. ഇവരുടെ സോഷ്യലൈസേഷൻ തടസ്സപ്പെടുകയും ആൾക്കൂട്ടത്തിൽ തനിയെയാണെന്ന ചിന്തയും ഉണ്ടായേക്കാം.

 പരസ്പരം വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇന്നത്തെ സിനിക്ക് സംസ്കാരത്തിൽ മാപ്പു കൊടുക്കുന്നത് കീഴടങ്ങലായിട്ടാണ് മിഥ്യഭിമാനികൾ കാണുന്നത്. വെറുപ്പിന്റെ സഹനങ്ങളിൽ നിന്ന് ഫോർഗീവനെസ്സിന്റെ സ്വാതന്ത്രത്തിലേക്കുള്ള ചുവടുവെപ്പ് അത്ര എളുപ്പമല്ല. വേട്ടക്കാരന് മാപ്പ് കൊടുക്കാനും പ്രതികാര ചിന്തകളെ നിയന്ത്രണ വിധേയമാക്കുവാനും ദൈവകൃപ  നിറഞ്ഞ  വലിയ മനസ്സുള്ളവർക്കേ സാധിക്കൂ.   മനുഷ്യനിലെ ദൈവത്തിന്റെ വിസ്മയ ഭാവമാണ് മാപ്പ് കൊടുക്കൽ.

ഫോർഗിവ്നെസ് മാനസികാരോഗ്യത്തിന്റെ ഔഷധ ചേരുവയാണ്  . സ്വന്തം മനസ്സാക്ഷി കോടതി  ജീവപര്യന്തം ശിക്ഷക്ക് വിധിച്ചവരെ സ്വതന്ത്രരാക്കി വെറുതെ വിടുമ്പോൾ അനാവശ്യമായ ജാഗ്രതയും ഭയവുമൊക്കെ ഒഴിവാക്കുവാൻ കഴിയും. വേട്ടക്കാരനെ പറ്റിയുള്ള മനസ്സിലെ ഭീതിയും കീഴടക്കപ്പെട്ട ഇരയാണെന്ന പരാജയബോധവുമൊ ക്കെ മാപ്പുകൊടുത്തു കഴിയുമ്പോൾ പരിഹരിക്കപ്പെടുന്ന  പ്രശ്നങ്ങളാണ് .

 മുറിവേൽപ്പിച്ചവരുടെ ജീവിതസാഹചര്യങ്ങളും അവരുടെ അപക്വ കാഴ്ചപ്പാടുകളും മനോ-ശാരീരിക വൈകല്യങ്ങളും രോഗങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോൾ ശത്രുവിന് നേരെയുള്ള സംഹാര മനോഭാവം സഹാനുഭൂതിയായി മാറിയേക്കാം.

 നമ്മൾ മറ്റുള്ളവരെ മുറിവേൽപ്പിച്ച സാഹചര്യങ്ങളും അത് അവരുടെ മനസ്സിലുണ്ടാക്കിയ മുറിവുകളും അവരിൽ പലരും നമ്മോട് ക്ഷമിച്ചതുമൊക്കെ വിലയിരുത്തുമ്പോൾ കടക്കാരോട് ക്ഷമിക്കാനെ ളുപ്പമാകും.

 ക്ഷമയുടെ തമ്പുരാനായ ദൈവത്തോട് ക്ഷമിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നതും 
 ആത്മീയ നൽവരമുള്ളവരുമായി മനസ് തുറക്കുന്നതും അനുരഞ്ജന മനോഭാവം ശക്തിപ്പെടാൻ സഹായിക്കും.

 എല്ലാ മാപ്പ് കൊടുക്കലും അനുരഞ്ജനത്തിലേക്ക് നയിക്കപ്പെടണമെന്നില്ല. നമ്മൾ ഔദാര്യ പൂർവ്വം നൽകുന്ന ക്ഷമ സ്വീകരിക്കാൻ തയ്യാറില്ലാത്ത ക്രിമിനൽ മനസ്സുള്ളവർ അനുരഞ്ജനത്തിന് തയ്യാറായില്ലെന്ന് വരും.  അത്തരം  സാഹചര്യങ്ങളിലും മാപ്പ് കൊടുക്കലിന് പ്രസക്തിയുണ്ട്. മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാനും പിരിമുറുക്കം കുറയ്ക്കാനും മുറിവുണങ്ങാനും  കടക്കാരോട് ക്ഷമിക്കുന്നത്  സഹായകമാകും. മാപ്പു കൊടുക്കുന്നവരാണ് എപ്പോഴും നേട്ടം കൊയ്യുന്നത്.

 മാപ്പ് കൊടുത്തിട്ടും പീഡകരിൽ മനം മാറ്റമു ണ്ടാകുന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. അത് അവരുടെ പ്രശ്നമാണ്. ക്ഷമിക്കുമ്പോൾ ലഭിക്കുന്ന സമാധാനവും സന്തോഷവും വൈകാരികവും ആത്മീയവുമായ സൗഖ്യവും നേട്ടങ്ങളായി കണക്കാക്കണം. മാത്രവുമല്ല പീഡകർക്ക് മാപ്പ് കൊടുക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ മേൽ ഉണ്ടായിരുന്ന മാനസിക നിയന്ത്രണം അവസാനിക്കുകയാണ്. കടച്ചീട്ടുകൾ അസാധുവാക്കപ്പെടുകയാണ്, മനസ്സ് ഫ്രീ ആവുകയാണ്.

 മാപ്പ് കൊടുക്കുന്നതു പോലെ തന്നെ മാപ്പ് ചോദിക്കേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണ് .  സ്വയം ന്യായീകരിക്കാതെ  തെറ്റ് സമ്മതിക്കുകയും ഖേദം അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കട ഭാരങ്ങൾ ലഘൂകരിക്കുവാൻ സഹായിക്കും. ഒന്നിന്  നാലുവീതം മടക്കി കൊടുത്ത സക്കായിക്കു കുറ്റബോധത്തിൽ നിന്ന് വിടുതൽ ലഭിച്ചു. മാത്രമല്ല അവന്റെ വീടിനും രക്ഷയുണ്ടായി.

 ഇരയുടെ മാപ്പ് നിർബന്ധിച്ച് പിടിച്ചുവാങ്ങാൻ കുറ്റവാളിക്ക് കഴിയില്ല. ഒരു പക്ഷേ അവർക്ക് ക്ഷമിക്കാൻ കുറേസമയം ആവശ്യമായിരിക്കാം, അതുവരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

 മാപ്പ് കൊടുക്കുന്നവർക്കും മാപ്പ് ചോദിക്കുന്നവർക്കും വേണ്ട മൂന്നു സാത്വിക ഗുണങ്ങൾ :compassion, empathy, respect എന്നിവയാണ്.

കുരിശിൻ ചുവട്ടിൽ പൈശാചിക അട്ടഹാസ ത്തിലായിരുന്ന ശാസ്ത്രി പരീശ പുരോഹിതരുടെ കടങ്ങൾ കൂടി ഇളെച്ചു കൊടുത്തു കഴിഞ്ഞപ്പോഴാണ് സകലവും നിവർത്തിയായെന്നു
 കർത്താവ് പറഞ്ഞത്. കടക്കാരുടെ  കടങ്ങൾ കൊടുത്തും പറഞ്ഞു തീർക്കുന്നതുവരെ നിവൃത്തിയും  പൂർത്തിയുമാകാത്തതിന്റെ സംഘർഷം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കും.

മാപ്പ് ചോദിക്കാനും കൊടുക്കുവാനും തയ്യാറാകുമ്പോൾ ആണ് നമ്മുടെ ക്രിസ്തീയജീവിതം നിവൃത്തിയാക്കുന്നത്. കടക്കാ രുമായി കടങ്ങൾ സെറ്റിൽ ചെയ്ത്  അവസാനിപ്പിക്കുന്ന ജീവിതം സമുന്നതമാണ്. ക്രിസ്തുവിൽ ജീവിക്കുന്നതും മരിക്കുന്നതും ഇവരാണെന്നാണ് വെളിപാടു പുസ്തകത്തിൽ കർത്താവ് പറയുന്നത് :

വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.