Tuesday, January 28, 2020

യുദ്ധവും സമാധാനവും




നിങ്ങളുടെ അനുവാദം കൂടാതെ ആര്‍ക്കും നിങ്ങളെ മുറിവേല്‍പിക്കാനാവില്ലെന്ന മഹാത്മാഗാന്ധിജിയുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്.
ശത്രുക്കള്‍ ഏല്‍പിക്കുന്ന ശാരീരിക മുറിവുകളേക്കാള്‍ മാനസികമുറിവുകളെപറ്റിയായിരിക്കും ഈ പ്രസ്താവന കൂടുതല്‍ ശരി.
മറ്റുള്ളവരെ മുറിവേല്‍പിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന അനേകം സാഡിസ്റ്റുകളുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഓരോ ദിവസവും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവരുടെ ഹൃദയം തകര്‍ക്കുന്നതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്ന ഹൃദയശൂന്യരാണവര്‍. മീഡിയയിലും പൊതുവേദികളിലും ദേവാലങ്ങളിലും വിഷനാവുമായി കറങ്ങി നടക്കുന്ന ഇക്കൂട്ടരോട് പടവെട്ടിയിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടൊന്നും അവര്‍ കീഴടങ്ങുകയോ കുറ്റബോധം തോന്നുകയോ ചെയ്യില്ല. മുറിവേല്‍ക്കുന്നവരുടെ കണ്ണുനീര്‍ കാണുമ്പോള്‍ പൈശാചിക ആഹ്ലാദം അനുഭവിക്കുന്ന രോഗബാധിതമായ മനസ്സാണിവരുടേത്.  ഇവര്‍ക്കിടയില്‍ സമാധാനത്തോടെ ജീവിക്കാന്‍ ചില മുന്‍കരുതലുകള്‍  എടുത്തേ പറ്റൂ.
എന്തൊക്കെയാണത്?
എണ്‍പതുകളിലും പ്രസന്നമുഖവും വാടാത്ത ചൈതന്യവും കാത്തുസൂക്ഷിക്കുന്ന ഐ.എ.എസില്‍ നിന്നു റിട്ടയര്‍ ചെയ്ത വല്യമ്മച്ചിയോട് കൊച്ചുമകള്‍ ചോദിച്ചു:
 ആരോടും പരിഭവവും പരാതിയുമില്ലാതെ സന്തോഷമായി ജീവിക്കുന്നതിന്‍റെ സീക്രട്ട്  എന്താണ് ഗ്രാന്‍റ്മാ?
വല്ല്യമ്മച്ചി പറഞ്ഞു: അനാവശ്യ യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതാണ് എന്‍റെ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അടിസ്ഥാന രഹസ്യം.
യുദ്ധങ്ങളോ? അതെന്തു യുദ്ധങ്ങളാണ്?
അതെ കുട്ടി ഞാന്‍ ചില അനാവശ്യ യുദ്ധങ്ങള്‍ ഒഴിവാക്കി. എന്നെ പറ്റി പരദൂഷണം പറയുന്നവരോട് ഏറ്റുമുട്ടുന്ന സ്വഭാവം ഞാന്‍ ഉപേക്ഷിച്ചു. വിവരമില്ലാത്തവര്‍ പറയുന്ന വിവരക്കേടാണ് പരദൂഷണമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്തരക്കാരോടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി. മുറിവേല്‍പിക്കുന്നവരെ മൈന്‍റ് ചെയ്യാതായപ്പോള്‍ മനസ്സ് ഫ്രീയായി.
അമ്മായിഅമ്മയോടും ഭര്‍ത്താവിന്‍റെ ബന്ധുക്കളോടുമുള്ള യുദ്ധവും ഞാന്‍ നിര്‍ത്തി. വിവാഹത്തോടെ ആരംഭിക്കുന്ന നിയമപ്രകാരമുള്ള ബന്ധങ്ങളാണ് 'മദര്‍ഇന്‍ലോയും' 'സിസ്റ്റര്‍ഇന്‍ലോ'യുമൊക്കെ അവരില്‍ നിന്ന് നിഷ്പക്ഷവും നീതിപൂര്‍വ്വവും മുന്‍വിധിയില്ലാത്തതുമായ മനോഭാവവും പെരുമാറ്റവും  പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഒരു വര്‍ക്കിംഗ് റിലേഷന്‍ഷിപ്പു മാത്രമേ സാദ്ധ്യമാവൂ. ആ തിരിച്ചറിവുണ്ടായപ്പോള്‍ അവരുമായുള്ള യുദ്ധവും നിര്‍ത്തി. 
ജനശ്രദ്ധ നേടിയെടുക്കാനുള്ള അഭിനയങ്ങളും അടവുകളും എനിക്കുണ്ടായിരുന്നു. എന്നേക്കാള്‍ കഴിവുള്ളവരോട് എനിക്കസൂയയായിരുന്നു. അവരേക്കാള്‍ ശ്രദ്ധാകേന്ദ്രമാകാന്‍ മത്സരഓട്ടങ്ങളും പൊങ്ങച്ച പ്രകടനങ്ങളും ഏറ്റുമുട്ടലുകളും എന്‍റെ സമാധാനം നഷ്ടപ്പെടുത്തിയിരുന്നു. ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ബാല്യത്തിലെ  ബാലിശസ്വഭാവങ്ങള്‍ പ്രായമായിട്ടും തുടരുന്നതാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതുപേക്ഷിച്ചു. ഞാന്‍ ഞാനാണ്, നന്‍മകളും പരിമിതികളുമുള്ള എന്നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ 'ജലസിയുദ്ധ'ങ്ങളും അവസാനിച്ചു.
മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്തുവരുവാനുള്ള സാഹസിക പരിശ്രമം വലിയക്ലേശവും സംഘര്‍ഷങ്ങളുമാണെന്നിലുണ്ടാക്കിയിരുന്നത്. വഹിക്കാന്‍ പറ്റാത്ത അമിത പ്രതീക്ഷകളുടെ കഴുതച്ചുമടുകള്‍ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തലയില്‍കെട്ടി വച്ചു. ക്ലാസില്‍ ടോപ്പറാക്കാന്‍, കലാതിലകമാക്കാന്‍, ഓവര്‍സ്മാര്‍ട്ടാക്കാന്‍ പന്തയകുതിരയെപ്പോലെ മത്സരട്രാക്കുകളില്‍ ഒത്തിരി ഓടി. പ്രത്യേക അഭിരുചികളോടെ എന്നെ ജീവിതമാര്‍ക്കറ്റിലിറക്കിയ എന്‍റെ ബില്‍ഡറും ടെക്നീഷ്യനുമായ ദൈവമെന്നെ ഏല്‍പിച്ച നിയോഗത്തിന് വേണ്ടി ജീവിച്ചാല്‍ മതി, ആരേയും തൃപ്തിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി. പ്രേക്ഷകരുടെ കൈയ്യടിക്കുവേണ്ടിയുള്ള ഓട്ടം നിര്‍ത്തിയപ്പോള്‍ എന്തൊരാശ്വാസമായെന്നോ.
എന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി വിവേകശൂന്യരായ മനുഷ്യരുമായി പടവെട്ടുന്നതും ഒഴിവാക്കി. മൂല്യബോധവും സാമാന്യസംസ്കാരവുമില്ലാത്തവരോട് വാദിച്ചിട്ടും സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ല. അവര്‍ ശരിയാവില്ല. അവരെ ശരിയാക്കാന്‍ ആക്ടിവിസ്റ്റിന്‍റെ വേഷം കെട്ടിയിട്ടു കാര്യമില്ല. മുമ്പോട്ടു പോകാന്‍ വഴിതുറന്നു തരാതെ ശമര്യര്‍ വഴി മുടക്കി മുന്നില്‍ നിന്നപ്പോള്‍ വഴിമാറി നടന്ന ക്രിസ്തുവിനെപ്പോലെ ഞാന്‍ മറ്റൊരു വഴി തിരഞ്ഞെടുത്ത് അനാവശ്യ ഫൈറ്റുകള്‍ ഒഴിവാക്കി. ശത്രുവിന്‍റെ മുമ്പില്‍ വാലുമറിച്ചിട്ടോടുന്ന പല്ലിയെപ്പോലെ അനാവശ്യയുദ്ധങ്ങള്‍ക്ക് വരുന്നവരില്‍നിന്ന് ചില്ലറ നഷ്ടങ്ങള്‍ സഹിച്ച് ും ക്ഷമിച്ചും ഒഴിഞ്ഞ് മാറിയപ്പോള്‍ റിലാക്സ്ടായി, ടെന്‍ഷന്‍ ഫ്രീയായി.
വല്ല്യമ്മച്ചി പറഞ്ഞു: എന്നാല്‍ ജീവിതത്തിലെ എല്ലാ യുദ്ധവും ഞാന്‍ ഉപേക്ഷിച്ചുവെന്ന് ഇതിന് അര്‍ത്ഥമില്ല. എന്‍റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ജഡരക്തങ്ങളോടല്ല, പ്രതികൂലതകളോട്, പ്രതിസന്ധിയോട്, നിരാശയോട്. എന്‍റെ അലസമനോഭാവത്തോട് ഞാന്‍ ഫൈറ്റു ചെയ്തു കൊണ്ടേയിരുന്നു. . I did it with unshaken and unyielding faith and patience.

അനാവശ്യയുദ്ധങ്ങള്‍ ഒഴിവാക്കിയ ദിവസം മുതലാണ് ഞാന്‍ ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത്. പോസിറ്റീവ് എനര്‍ജിയില്‍ ചാര്‍ജ് ആകാനും ശാന്തിയും സമാധാനവും അനുഭവിക്കുവാനും വിജയത്തിന്‍റെ പടവുകള്‍ കയറാനും തുടങ്ങിയത് ജീവിത പടക്കളത്തില്‍ നിന്ന് പിډാറിയതു മുതലാണ്.
യുദ്ധം ഒഴിവാക്കിയപ്പോള്‍ ചില ചില്ലറ നഷ്ടമുണ്ടായി. ചിലപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചായി, പല പ്രിവിലേജും ലഭിക്കാതെ പോയി, ആത്മപ്രശംസക്കാരുടെ ചീപ്പ് അപ്രീസിയേഷന്‍ നഷ്ടപ്പെട്ടു. അങ്ങനെ... അങ്ങനെ, അങ്ങനെ പലതും- ദാറ്റ്സ് ഓക്കെ!
വ്യക്തിത്വത്തിന്‍റെ ഒട്ടോണമിയും സ്വാതന്ത്ര്യവും സമാധാനവും ആസ്വദിക്കാന്‍ അനാവശ്യയുദ്ധങ്ങള്‍ നിര്‍ത്തിയത് വലിയ സഹായകമായി.
നമ്മള്‍ അനുവദിക്കാതെ, സറണ്ടര്‍ ചെയ്യാതെ, ആര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ലെന്ന ഗാന്ധിജിയുടെ വാക്കുകളുടെ പൊരുള്‍ എനിക്ക് മനസ്സിലായി. തോല്‍ക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല. 
വല്യമ്മച്ചി പറഞ്ഞു നിര്‍ത്തി: ജീവിത്തില്‍ നിനക്കനുവദിച്ചിരിക്കുന്നത് വളരെ വളരെ കുറച്ചു സമയം മാത്രമാണ.് അത് അനാവശ്യയുദ്ധങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തി സ്വയം മുറിവേല്‍പിക്കരുത് - enjoy the fullness of life. 
ആയുസ്സിന്‍റെ തമ്പുരാന്‍റടുത്ത് അനുവദിച്ച സമയത്തിന്‍റെ അക്കൗണ്ട് ഒടുവില്‍ കൊടുക്കേണ്ടി വരുമെന്നോര്‍ത്ത് സമയം തക്കത്തിലും ഫലപ്രദമായും വിനിയോഗിക്കണം.