Tuesday, December 26, 2017

പീഢകരായ സെലിബ്രെറ്റികളുടെ മനശാസ്ത്രം

അധികാരം കയ്യാളുന്ന പുരുഷന്‍മാരില്‍ പലരും അക്രമാസക്തരും ലൈംഗീക പീഢകരുമാകുന്നതിന്‍റെ പിന്നിലെ മന:ശാസ്ത്രമെന്താണ്?
ഈ മേഖലയില്‍ വളരെ ഗൗരവമായ പഠനങ്ങള്‍ നടന്നുവരികയാണ്. സ്ത്രീത്വത്തിന്‍മേല്‍ കടന്നുകയറുന്നതും കീഴ്ജീവനക്കാര്‍ക്കുമേല്‍ ഉരുക്കുമുഷ്ടികള്‍ പ്രയോഗിക്കുന്നതും തങ്ങളുടെ അവകാശവും അധികാരവുമാണെന്നു ചിന്തിക്കുന്ന ധാരാളം ധിക്കാരികളായ അധികാരികളുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഈ പഠനങ്ങക്ക് ഏറെ പ്രസക്തിയുണ്ട്.
അധികാരികളാകുന്ന എല്ലാ പുരുഷന്‍മാരും സ്ത്രീപീഢകരാകുന്നില്ല. എന്നാല്‍ ചിലരിലെ സാഡിസവും ഫാസിസവും തലപൊക്കി ഭീഭത്സമാകുന്നത് അധികാര കസേരയില്‍ കയറിപ്പറ്റുമ്പോഴാണ് - എന്തുകൊണ്ട്?
മൂന്നു കാരണങ്ങളാണ് പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്:
1. അധികാരത്തെ ലൈംഗീക ചൂഷണത്തിനുള്ള ലൈസന്‍സായി കാണുന്നത്.
ഈ ചിന്താഗതിക്കാര്‍ സെക്സിനുവേണ്ടി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നു. സെക്സും അധികാരവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുന്നവരാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് മുതിരുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ ജോലി സ്ഥലത്തും പുറമെയും ഇരകളെ ഭീഷണിപ്പെടുത്തി കീഴടക്കുന്നവരാണ്.
2. തങ്ങളുടെ അധികാരത്തെയും വ്യക്തിപ്രഭാവത്തേയും ബഹുമാനിക്കുവാന്‍ ബാദ്ധ്യസ്ഥരായ സ്ത്രീകള്‍ തന്‍റെ ഇഷ്ടത്തിനു കീഴടങ്ങുവാന്‍ തയ്യാറാണെന്ന് അയഥാര്‍ത്ഥ്യമായി ചിന്തിക്കുന്നവരാണ് മറ്റൊരു കൂട്ടം പീഢകര്‍. 78 ഓഫീസ് ജോലിക്കാരില്‍ നടത്തിയ പഠനത്തില്‍ ഉന്നതാധികാരികളില്‍ പലരും തങ്ങളുടെ കീഴിലെ സ്ത്രീ ജീവനക്കാര്‍ തങ്ങളുടെ ലൈംഗീകാ ആഗ്രഹങ്ങള്‍ക്ക് കീഴ്പ്പെടുവാന്‍ സന്നദ്ധരായിരിക്കുമെന്നു ചിന്തിക്കുന്നവരാണെന്നു കണ്ടു. ഡിഗ്നിറ്ററിയും സെലിബ്രിറ്റിയുമായ തന്‍റെ ഏതാഗ്രഹങ്ങള്‍ക്കും കീഴ്പ്പെടുവാന്‍ സډനസ്സുള്ളവരാണ് തന്‍റെ അധികാരത്തിന്‍ കീഴിലുള്ള സ്ത്രീ തൊഴിലാളികള്‍ എന്ന അപ്രമാദിത്വ ചിന്ത തലയ്ക്കടിച്ച ഉന്നത ശ്രേഷ്ടര്‍ കരുണയും കരുതലുമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചവുട്ടിക്കയറും.
3. സുരക്ഷിതബോധക്കുറവുള്ളവരും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് അത്യുന്നതങ്ങളിലേക്ക് പെട്ടെന്ന് ഉയര്‍ത്തപ്പെട്ടവരും ലൈംഗിക പീഢന സ്വഭാവത്തില്‍ മുമ്പന്‍മാരാണത്രെ! അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവുമുള്ള ഉന്നതാധികാരി താന്‍ ശക്തനാണെന്നു സ്ഥാപിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വളഞ്ഞവഴികളാണ് പീഢനങ്ങളെന്നാണ് മെലീസ എന്ന സ്വഭാവശാസ്ത്രജ്ഞയുടെ നിഗമനം.  ഭീരുവും സംശയാലുവുമായ ഉന്നതാധികാരി ഡെയ്ഞചറസ് ടൈംബോംബാണത്രെ!
എല്ലാ അധികാരികളും പീഢകരല്ല. എന്നാല്‍ ചിലര്‍ അധികാര കസേരയില്‍ കയറുമ്പോള്‍ സമഷ്ടി സ്നേഹവും മറ്റൊരാളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനുള്ള കഴിവും നഷ്ടപ്പെട്ട് കഠിനഹൃദയരാകാറുണ്ട്. ഇരകളുടെ ആത്മാഭിമാനവും അവര്‍ വിലമതിക്കുന്ന മൂല്യങ്ങളുമൊക്കെ നിസ്സാരമായി കാണുകയും തന്‍റെ ആഗ്രഹപൂരണത്തിനുള്ള ഉപഭേ.ാഗ വസ്തുവാണെന്നു കരുതുകയും ചെയ്യുന്ന അധികാരി വളരെ അപകടകാരിയാണ്.
അധികാരത്തിലേറുന്ന ചിലര്‍ക്ക് മൂല്യപ്രതിബദ്ധതയില്ലാത്തവരും പീഢകരും നിഷ്ഠൂരരുമൊക്കെ ആകുന്നതെന്തുകൊണ്ടാണെന്നറിയാന്‍ അവരുടെ വ്യക്തിത്വം, ജീവിത സാഹചര്യം, വളര്‍ന്നുവന്ന പശ്ചാത്തലം തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തേണ്ടതുണ്ട്. അതോടൊപ്പം മനോരോഗങ്ങളും മാനസീക പ്രശ്നങ്ങളും വ്യക്തിത്വ വൈകല്യങ്ങളും വികല സ്വഭാവങ്ങള്‍ക്കു പിന്നിലുണ്ടോ എന്നും മെഡിക്കല്‍ ടീം പരിശോധിക്കേണ്ടി വരും.
ആത്മീയത്തിലും രാഷ്ട്രീയത്തിലും ഔദ്യോഗിക തലങ്ങളിലുമുള്ള അധികാരികളുടെ ലൈംഗീകപീഢനം ദൂരവ്യാപകമായ ദോഷഫലങ്ങളാണുണ്ടാക്കുക. ഇരയെ ഭീഷണിപ്പെടുത്തുവാനും തെറ്റുകള്‍ മറയ്ക്കുവാനും ഔദ്യോഗിക അധികാരങ്ങളും സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തുന്നവര്‍ സുരക്ഷിത ബോധത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുവാനുള്ള സ്ത്രീകളുടെ അവകാശത്തെയാണ് ചവുട്ടി മെതിക്കുന്നത്. ഇത്തരം അധികാരികളുടെ രോഗബാധിതമായ സ്വഭാവം നിയന്ത്രിക്കപ്പെടേണ്ടതാണ്, ചികിത്സിക്കപ്പെടേണ്ടതാണ്. ആവശ്യമെങ്കില്‍ ഇവരെ അഴികള്‍ക്കുള്ളിലാക്കി പാവംപൗരന്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമുണ്ട്.
ബൈബിളിലെ ദാവീദ് രാജാവ് തന്‍റെ സൈനികനായ ഊരിയാവിന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അദ്ദേഹത്തെ ചതിച്ചു കൊന്നപ്പോള്‍ തെറ്റ് ഒതുക്കുവാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെപ്പോലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നും മതരാഷ്ട്രീയ നിയമ മേഖലകളില്‍ കാണുന്നത്. സ്ത്രീകളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്ന അധികാരദണ്ഡ് കയ്യിലുള്ള സൂപ്പര്‍ ബോസുമാരെ ആരു പിടിച്ചുകെട്ടുമെന്നതാണ് പ്രധാന പ്രശ്നം.
നീതി നടത്തുന്ന സര്‍വ്വേശ്വരനിലും പ്രതിബദ്ധതയുള്ള മാദ്ധ്യമങ്ങളിലും മാത്രമാണ് പ്രതിക്ഷ!


Thursday, November 16, 2017

വിഷാദനിഴല്‍ താഴ്വരയില്‍



വികാരങ്ങള്‍ക്കുമേല്‍ കനത്ത സാഷയും കടുംകെട്ടുമിടുന്ന വിഷാദ രോഗ ത്തിന്‍റെ പിടിയിലായവര്‍ക്കും അവരോട് അടുത്തിടപെടുന്നവര്‍ക്കും സങ്കീര്‍ണ്ണ വൈകാരിക പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്.
തന്‍റെ വൈകാരിക പ്രതിസന്ധികളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് വിഷാദരോഗിയുടേത്.
വിഷാദരോഗിയുടെ പരിചരണത്തില്‍ സുഹൃത്തുക്കളും ഉറ്റവരും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്:
അകാരണമായി പ്രിയപ്പെട്ടവരില്‍ വൈകാരിക പ്രതിസന്ധിയും പിډാറ്റവും നിഷ്ക്രിയത്വവും നിരാശയുമൊക്കെ കാണുമ്പോള്‍ വഴിതെറ്റിയ അന്വേഷണങ്ങള്‍ നടത്താതെ ഒരു വിദഗ്ദ്ധ സൈക്യാട്രിക് ടീമിന്‍റെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും സൗകര്യമുണ്ടാക്കുവാന്‍ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മസ്തിഷ്കത്തിലെ ന്യൂറോ കെമിക്കല്‍ തലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഷാദരോഗത്തിന്‍റെ പിന്നിലെ കാരണങ്ങള്‍. ശരീരശാസ്ത്രത്തിന്‍റെ പ്രാഥമിക അറിവുപോലുമില്ലാത്ത വ്യാജസിദ്ധന്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വഴികളിലൂടെ ഒരിക്കലും പോകാതിരിക്കുക. നിങ്ങളുടെ പണവും ആരോഗ്യവും സമയവും വിലപ്പെട്ടതാണ്.
 വിഷാദരോഗിയോട് അടുത്തിടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
രോഗിയുടെ പ്രതിസന്ധികളില്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഈ ലോകത്ത് താന്‍ തനിച്ചാണെന്നും തന്‍റെ ദു:ഖവും പ്രതിസന്ധിയും തന്‍റേതു മാത്രമാണെന്നും അതിനൊക്കെ താന്‍തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള പ്രതികൂല ചിന്തകളുടെ തടവറയിലാണ് വിഷാദരോഗികള്‍.  ആര്‍ക്കും തന്‍റെ ദു:ഖം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല, തന്നെ സഹായിക്കുവാന്‍ ആര്‍ക്കും കഴിയില്ല തുടങ്ങിയ നിസ്സഹായ ചിന്തയുടെ വന്‍ ചുഴിയിലായ രോഗിക്ക് ഉറപ്പ് കൊടുക്കുക:
'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'.
അടുത്തവരുടെ സ്നേഹസ്പര്‍ശവും ആശ്ലേഷവുമൊക്കെ സുരക്ഷിബോധവും ഉറഞ്ഞുപോയ വികാരങ്ങളില്‍ ഊഷ്മള ഉറവുകള്‍ തുറക്കുന്ന സൗഖ്യദായക അനുഭവങ്ങളുമാണ്.
ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യശരങ്ങളെയ്ത് രോഗിയെ ഭാരപ്പെടുത്തരുത്. എന്തിനാണിങ്ങനെ  ജീവിതം പാഴാക്കുന്നത്, വിഷാദത്തിന്‍റെ കാരണമെന്താണ്, എന്തിനാണ് പ്രിയപ്പെട്ടവരെ വിഷമിപ്പിക്കുന്നത്, ജോലിക്കുപോകാത്തതെന്ത്, പഠിക്കാത്തതെന്ത്, തുടങ്ങിയ ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക. കുറച്ചു പറയാനും കൂടുതല്‍ കേള്‍ക്കുവാനും തയ്യാറാവുക.
രോഗം വന്നതുകൊണ്ട് നിങ്ങളുടെ പ്രസക്തിയും വ്യക്തിത്വത്തിന്‍റെ  മൂല്യവും കുറഞ്ഞുപോയിട്ടില്ലെന്നും ഈശ്വരനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍തന്നെയെന്നും രോഗം ആരുടേയും കുറ്റമല്ലെന്നും മാന്യത നഷ്ടപ്പെടുത്തുന്നതല്ലെന്നും പറഞ്ഞു മനസ്സിലാക്കുക. സാന്ത്വനപ്രദവും ശാന്തിപ്രദാനവുമായ ആത്മീയാനുഷ്ഠാനങ്ങള്‍ക്ക് ഹീലിംഗ് ഇഫക്ട് ഉണ്ട്. എന്നാല്‍ മനസ്സിനെ ഇളക്കിമറിക്കുന്ന തീവ്രവും സുദീര്‍ഘവുമായ ആത്മീയ അനുഭവങ്ങളും അമിത കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന പീഢനാത്മകമായ പ്രഭാഷണങ്ങളും നിസ്സഹായതയുടെ കയത്തില്‍ മുങ്ങിത്താഴുന്ന മനസ്സിനെ ചവിട്ടിത്താഴ്ത്തും. ഈ ചെറിയവരില്‍ ഒരുവനു ഇടര്‍ച്ചയുണ്ടാക്കുന്നവന്‍റെ കഴുത്തില്‍ തിരികല്ലു കെട്ടി ആഴത്തില്‍ ചവുട്ടിത്താഴ്ത്തണമെന്ന് ക്രിസ്തു പറഞ്ഞതിന്‍റെ  അര്‍ത്ഥവും ആഴവും ശ്രദ്ധേയമാണ്. മുറിവേറ്റവരോടും തകര്‍ന്നവരോടും ദൈവസ്നേഹത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്.
രോഗത്തിന്‍റെ പ്രതിസന്ധികള്‍ തികച്ചും താല്‍ക്കാലികമാണെന്നും കുടുംബത്തിലും സമൂഹത്തിലും ആത്മീയമേഖലയിലുമൊക്കെ ചെയ്തുവരുന്ന ചുമതലകള്‍ തുടര്‍ന്നും നിറവേറ്റേണ്ടതുണ്ടെന്നും ലോകത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.
എന്താവശ്യമുണ്ടെങ്കിലും തുറന്നു പറയണമെന്നും അതു ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു എന്നും രോഗിയെ ഓര്‍മ്മപ്പെടുത്തുക. 'എനിക്ക് ഒരാവശ്യവുമില്ല, എന്നെ ശല്യപ്പെടുത്താതെ ഒന്നുപോയി തന്നാല്‍ മതി' എന്നൊക്കെയുള്ള നിഷേധാത്മകമായ മറുപടിയില്‍ മടുത്തുപോകാതെ, ഉപാധികളില്ലാത്ത സ്നേഹവുമായി ചേര്‍ന്നു നടന്നുകൊണ്ടേയിരിക്കുക.
സാക്ഷയിട്ട മനസ്സിന്‍റെ വാതില്‍തുറന്ന് സഹായവും സാന്ത്വനവും രോഗി ആവശ്യപ്പെടുന്നത് രോഗിയുടെ മാനസീകാരോഗ്യ നില മെച്ചപ്പെടുന്നതിന്‍റെ ലക്ഷണമാകാം. രോഗിക്കു കൊടുക്കുന്ന പ്രോമിസ് നിറവേറ്റുവാന്‍ എപ്പോഴും ശ്രമിക്കണം. സഹായങ്ങള്‍ ചെയ്തുതരുന്നത് ഭാരമല്ലെന്നും സന്തോഷമാണെന്നുമുള്ള അടിക്കുറിപ്പ് രോഗിയുടെ മിഥ്യാഭിമാനചിന്ത ലഘൂകരിക്കുവാന്‍ സഹായിക്കും. രോഗിയോടൊപ്പം പ്രാര്‍ത്ഥിക്കുന്നത് രോഗിക്ക് പ്രത്യാശയും ആത്മഹര്‍ഷവും ഉണ്ടാക്കുവാന്‍ സഹായിക്കും.

Thursday, November 9, 2017

കുട്ടികളെ തോല്‍ക്കാനും അനുവദിക്കു


തങ്ങളുടെ കുട്ടികള്‍ എല്ലാക്കാര്യത്തിലും വിജയിച്ചും ഒന്നാമനായും കാണുവാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് നല്ലത്. പക്ഷെ എന്നും വിജയിക്കുന്ന കുട്ടികള്‍ക്ക് തോല്‍ക്കുമ്പോള്‍ മാത്രം പഠിക്കുവാന്‍ കഴിയുന്ന പാല പാഠങ്ങളും പഠിക്കാനാവില്ലെന്നോര്‍ക്കണം.
ഓ, അതെന്താണ് തോല്‍ക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങള്‍?
പരാജയപ്പെടുമ്പോള്‍ സുരക്ഷിതബോധക്കുറവ്, ഭയം,  നിരാശ, അപകര്‍ഷതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാകും. അതിനെ അതിജീവിക്കുവാനുള്ള പ്രാപ്തിയും കരുത്തും നേടാന്‍ വല്ലപ്പോഴും തോല്‍ക്കുന്നതും തോറ്റു കൊടുക്കുന്നതും നല്ലതാണ്.
അമിത മോഹങ്ങളുള്ള പെര്‍ഫെക്ഷനിസ്റ്റുകളായ മാതാപിതാക്കള്‍ പെര്‍ഫെക്ഷനിസ്റ്റുകളായി കുട്ടികളെ വളര്‍ത്തുമ്പോള്‍ പഠനത്തില്‍ അവരെ ജീനിയസ്സുകളാക്കുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്നെങ്കിലും ജീവിതത്തില്‍ പരാജയപ്പെട്ടല്ലേ മതിയാകു. അപ്പോള്‍ പെര്‍ഫെക്ഷനിസ്റ്റ് കുട്ടികള്‍ക്ക് അമിത മിഥ്യാഭിമാനവും നിരാശയുമൊക്കെ വലിയ പ്രശ്നങ്ങളാകും. കാരണം അവര്‍ ഒരിക്കലും തോറ്റിട്ടില്ല, തോല്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചിട്ടുമില്ല. ഗ്രേഡു കുറഞ്ഞാല്‍ മരിച്ചുകളയുമെന്നു ഭീഷണി മുഴക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് തോല്‍ക്കുവാന്‍ സ്വാതന്ത്ര്യമില്ലല്ലോ?
ജീവിത പരീക്ഷയില്‍ തോറ്റാല്‍ ഗുണങ്ങള്‍ പലതാണ്.
(1) സഹിഷ്ണുത, ക്ഷമ, സഹനശക്തി തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ പരാജയം സഹായിക്കും.
പരാജയം നിസ്സഹായതയും നിരാശയുമുണ്ടാക്കും. പക്ഷെ പരാജയത്തെ പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയുമെന്നും പരാജയപ്പെടുന്നതുകൊണ്ട് ജീവിതം മുഴുവന്‍ പ്രതിസന്ധിയിലാവില്ലെന്നുമുള്ള പ്രായോഗിക ജ്ഞാനം സ്കൂള്‍ സിലബസ്സില്‍നിന്നും പഠിക്കാനാവില്ല. പരാജയത്തെ കഠിന പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയും, തോറ്റു പിډാറേണ്ട കാര്യമില്ല, പരിശ്രമിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും വീഴ്ചകളും വിജയമാക്കാന്‍ കഴിയുമെന്നു പഠിക്കുന്നത് പരാജയപ്പെടുമ്പോഴാണ്.
തങ്ങളുടെ കുട്ടിയെ കുട്ടിദൈവമാക്കി ആരാധിക്കുന്ന മാതാപിതാക്കള്‍ കുട്ടി തോല്‍ക്കുമ്പോള്‍ അതിന്‍റെ കാരണം അദ്ധ്യാപകരിലും സ്കൂള്‍ കരിക്കുലത്തിലും ചാരി കുട്ടിയുടെ പരാജയത്തെ മൂടിവയ്ക്കാറുണ്ട്. കുട്ടിയുടെ പരാജയത്തിനു മൂടുപടമിടുന്നതിനു പകരം പരാജയ കാരണങ്ങളും വിജയത്തിനുള്ള വഴികളും കുട്ടികളുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
(2) ആരോഗ്യകരമായ സാഹസിക മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ തോല്‍വി സഹായിക്കും.
റിസ്ക്കും ചാന്‍സും എടുക്കുവാനുള്ള ധൈര്യം കിട്ടുന്നത് ജയപരാജയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. വരുന്നിടത്തുവച്ചു കാണാം, ഏറ്റവും കൂടിയാല്‍ ഒന്നു തോല്‍ക്കുകയല്ലെയുള്ളു, തോറ്റാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല തുടങ്ങിയ സ്വയപ്രതിരോധചിന്തകള്‍ ആരോഗ്യകരമാണ്, തോല്‍വിയെ വിജയമാക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങളാണ്.
(3) പരാജയം ഈശ്വരാശ്രയ മനോഭാവമുണ്ടാക്കും.
ജീവിതത്തില്‍ ചില കനത്ത പരാജയങ്ങളും  വൈകാരിക പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ലോകം ആദരിക്കുന്ന പല സെലിബ്രിറ്റികളും ആത്മഹത്യ ചെയ്യാറുണ്ട്. വഴിമുട്ടിയ ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കുവാന്‍ തന്‍റെ കഴിവുകൊണ്ടാവില്ല, സഹായത്തിന് ആരുമില്ല തുടങ്ങിയ നിസ്സഹായ ചിന്തകളാണ് അവരെ മരണചുഴിയിലേക്കു തള്ളിയിടുന്നത്. സര്‍ഗ്ഗാത്മ ജീവശക്തിയുടെ ഉറവിടമായ ഈശ്വരനില്‍ മനസ്സുറപ്പിക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ മുന്നോട്ടു പോകുവാന്‍ കഴിയും. തന്‍റെ ജഡത്തിലെ തീരാവ്യാധി മാറ്റാന്‍ സെന്‍റ്പോള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം നല്‍കിയ മറുപടി: 'എന്‍റെ കൃപ നിനക്കുമതി, എന്‍റെ ശക്തി ബലഹീനതയില്‍  തികഞ്ഞു വരുന്നു' എന്നായിരുന്നു.  ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റുവാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തെ ആശ്രയിച്ച്, യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ സെന്‍റ് പോള്‍ പഠിച്ചു.
സ്വാശ്രയബോധം നല്ലതാണ്, പക്ഷെ താന്‍പാതി ദൈവംപാതിയെന്ന ചിന്ത കൂടുതല്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്.
പരാജയം ജീവിതത്തിലെ അനിവാര്യതയാണ്. പരാജയങ്ങളെ സൃഷ്ടിപരമായി അഭിമുഖീകരിക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കണം. കുട്ടിയൊന്നു തോറ്റുപോയാല്‍, പിറകിലായിപ്പോയാല്‍ എല്ലാം തകര്‍ന്നു,
ഇനി ജീവിച്ചിട്ടു കാര്യമില്ല എന്നു പറഞ്ഞ് മാതാപിതാക്കള്‍ ബഹളം വയ്ക്കരുത്. കുട്ടികളെ കുപ്പിയിലിട്ടു വളര്‍ത്താതെ, കംഫര്‍ട്ട്സോണില്‍ പൂട്ടിയിടാതെ, പുറംലോകത്തേക്കിറങ്ങുവാനും, വീഴുവാനും തോല്‍ക്കുവാനും അനുവദിക്കണം. അപ്പോള്‍ ആരോഗ്യകരമായ റിസ്ക്കെടുക്കാനും, നിരാശയെ അതിജീവിക്കാനുമുള്ള കഴിവ് കുട്ടികള്‍ നേടും. വന്‍വിജയം നേടുന്നതിലും  വെട്ടിപ്പിടിക്കുന്നതിലും ഓടി മുമ്പില്‍ കയറുന്നതിലും മാത്രമല്ല ജീവിതവിജയം, വീഴ്ചകളില്‍, തോല്‍വികളില്‍ തളര്‍ന്നുപോകാതെ ദൈവാശ്രയത്തോടെ വിജയം നേടുന്നതും ദൈവീക മൂല്യങ്ങളില്‍  ചുവടുറപ്പിച്ചു മുന്നോട്ടുപോകുന്നതും ജീവിതഓട്ടക്കളത്തിലെ വിജയത്തിന് ആവശ്യമാണെന്ന് കുട്ടികളെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം.

Wednesday, August 23, 2017

വാക്കുകള്‍ തോക്കുകളാകുരുത്


വാക്കുകള്‍ തോക്കുകളാകുരുത്


തന്‍റെ മക്കളുടെ അധരഫലങ്ങളെപ്പറ്റി ദൈവത്തിന്‍റെ താല്‍പര്യം എഫെസ്യലേഖനത്തില്‍ ഭാഗ്യവാനായ പൗലോസ് പറയുന്നതിങ്ങനെയാണ്:

'നിങ്ങളുടെ അധരങ്ങളില്‍ നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയ ചൈതന്യം പ്രധാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകും നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍' - 4: 29

വികാരാവേശത്തോടെ, പ്രഹരശേഷിയുള്ള വാക്കുകളുമായി ഏറ്റുമുട്ടുമ്പോള്‍ ശേഷിക്കുന്നത് തകര്‍ന്ന സ്നേഹബന്ധങ്ങളുടെ അവശിഷ്ടക്കൂമ്പാരമായിരിക്കും. കരുണയില്ലാത്ത കന്‍മഷവാക്കുകള്‍ സ്നേഹബന്ധങ്ങള്‍ക്ക് ഭീഷണിയാണ്.

ദൈവത്തിന്‍റെ അമൂല്യ ദാനമായ നാവിന്‍റെ ശക്തിയെപ്പറ്റി മനുഷ്യര്‍ അജ്ഞരാണ്. അശ്രദ്ധമായി തൊടുത്തുവിടുന്ന വിഷംപുരട്ടിയ വാക്കുകളാകുന്ന അമ്പുകളുണ്ടാക്കുന്ന നിത്യമുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല, വേദന ശമിക്കുകയുമില്ല.  ചെറുപ്പകാലംമുതലുള്ള ഹൃദയമുറിവുകള്‍ നമുക്കിപ്പോഴും ഭാരവും വേദനയുമല്ലെ? അതുപോലെയാണ് നമ്മള്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന മുറിവുകളും.

തകര്‍ക്കാനും തളര്‍ത്താനും പ്രത്യാശയില്‍ ആത്മ വിശ്വാസത്തോടെ ഉറപ്പിച്ചു നിര്‍ത്തുവാനും നമ്മുടെ വാക്കുകള്‍ക്കു കഴിയും. ഓരോ വാക്കിലും ശ്രദ്ധയും ജാഗ്രതയും വേണം.

വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന അറക്കവാളിന്‍റെ കമ്പനി മാനുവലില്‍ എഴുതിയിരിക്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്:

വളരെ അപകട സാദ്ധ്യതയുള്ളതുകൊണ്ടു സൂക്ഷിച്ച് ഉപയോഗിക്കണം. കുട്ടികള്‍ക്ക് കയ്യെത്താത്തിടത്ത് സൂക്ഷിക്കണം. സ്പോടന സാദ്ധ്യതയുള്ളിടത്ത് ഒരിക്കലും ഉപയോഗിക്കരുത്.

ബന്ധങ്ങളെ തകര്‍ക്കുവാനും മുറിവേല്‍പ്പിക്കുവാനും സാദ്ധ്യതയുള്ള നാവിന്‍റെ ഉപയോഗത്തിലും ഈ നിര്‍ദ്ദേശം ബാധകമാണ്.

ക്രൂരമായ വാക്കുകള്‍കൊണ്ട് ഒരാളുടെ ഹൃദയം തകര്‍ത്തതിനുശേഷം, 'ക്ഷമിക്കണം, ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല', 'വെറുതെയൊരു തമാശ പറഞ്ഞതാണ്' എന്നൊക്കെയുള്ള കുറ്റസമ്മതങ്ങളില്‍ വലിയ കാര്യമില്ല. പരുഷവാക്കുകളുണ്ടാക്കിയ ക്ഷതങ്ങളും ആത്മനൊമ്പരങ്ങളും ക്ഷമാപണംകൊണ്ടു മാറ്റുവാന്‍ കഴിയില്ല. വാക്കുകളുണ്ടാക്കുന്ന മുറിവുണക്കുവാനും വേദനകളകറ്റുവാനും ഫാര്‍മക്കോളജിയില്‍ മരുന്നില്ല.

സ്പോടനാത്മകമായ വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തുവാനും കരയിപ്പിക്കാനും അനുസരിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുന്നത് കഴിവല്ല, കഴിവുകേടാണ്.  വ്യക്തിത്വ വൈകല്യത്തിന്‍റെ ലക്ഷണമാണ്. നിയമ നടപടിക്ക് വിധേയമാകാവുന്ന കുറ്റമാണ് 'വെര്‍ബല്‍ എബ്യൂസ്'.

എപ്പോള്‍ വായടക്കണം, തുറക്കണമെന്ന കാര്യത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നവര്‍ ഘാതക ധിക്കാരികളാവുകയും ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുകയും ചെയ്യും.

നാവിന്‍റെ ഉപയോഗത്തില്‍ ചില നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ വാക്കുകള്‍ പ്രസാദാത്മകവും സാന്ത്വനപൂര്‍ണ്ണവുമാക്കുവാനും കഴിയും:

- സംസാരിക്കുമ്പോള്‍ എന്താണ് സുഹൃത്തിന്‍റെ ആവശ്യമെന്ന് കേള്‍ക്കുവാന്‍ ചെവിയുള്ളവരും ക്ഷമയുള്ളവരുമാവുക.

- കേള്‍വിക്കാര്‍ക്ക്  ആത്മീയ ചൈതന്യം പ്രധാനം ചെയ്യുന്നതും അവരുടെ ഉന്നതിക്ക് സഹായമാവുകയും ചെയ്യുന്ന നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസിരിച്ച് സംസാരിക്കണം.

- അമിത സംസാരം ആവര്‍ത്തനവിരസതയും ആശയക്കുഴപ്പവും മടുപ്പുമുണ്ടാക്കും. മിതഭാഷണമാണ് ശ്രേയസ്ക്കരം. നമ്മുടേയും മറ്റുള്ളവരുടേയും സമയം വിലപ്പെട്ടതാണ്.

- മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതുമെല്ലാം നമ്മുടെ ഹൃദയത്തിന്‍റെ വിശുദ്ധിയും അശുദ്ധിയും, വ്യക്തിത്വത്തിന്‍റെ പക്വതയും അപക്വതയും വെളിപ്പെടുത്തുന്ന സ്വന്തം കയ്യൊപ്പുള്ള നിശബ്ദ വാക്കുകളാണെന്നോര്‍ക്കണം. അതുകൊണ്ട് 'തിങ്ക് ബിഫോര്‍ ക്ലിക്'

സംസാരശൈലി കുട്ടികള്‍ പഠിക്കുന്നത് മാപിതാക്കളില്‍ നിന്നാണ്. നല്ല വൃക്ഷത്തിനു മാത്രമേ നല്ല ഫലം പുറപ്പെടുവിക്കുവാന്‍ കഴിയു.





Wednesday, May 3, 2017

സുഖമാകുവാന്‍ മനസ്സില്ലാത്ത രോഗികള്‍

സുഖമാകുവാന്‍ മനസ്സില്ലാത്ത രോഗികള്‍

സുഖമാകണമെന്നാഗ്രഹിക്കാത്ത രോഗികളുണ്ടോ. രോഗംചെറുതോവലുതോ ആകട്ടെ എത്രയുംവേഗംസുഖപ്പെടണമെന്നല്ലേ സാധാരണഎല്ലാവരും ആഗ്രഹിക്കാറുള്ളത്. ഒരുചെറിയജലദോഷംപോലുംവന്നാല്‍എങ്ങിനെയെങ്കിലുംമാറികിട്ടാനുള്ളവഴികളാണ് നോക്കുക.

എന്നാല്‍രോഗികളായി തുടരുവാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം മനോരോഗികളെകണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ആധുനികവൈദ്യശാസ്ത്രം. ജീവിതകാലം മുഴുവന്‍ രോഗിക്കുപ്പായവുമണി ഞ്ഞ്മരുന്നുംതിന്ന്ഒന്നിനുപിറകെമറ്റൊരുഡോക്ടറെതേടിഅലഞ്ഞുതിരിയുന്ന ഈ കപടരോഗികള്‍ സുഖമാകുവാന്‍ മനസ്സില്ലാത്തവരാണ്. മരുന്നുംസര്‍ജറിയുംഇവര്‍ക്ക് പ്രയോജനപ്പെടാറില്ല. പക്ഷെ ആസ്പത്രിയുംചികിത്സയുംഇവര്‍ക്ക്ഹരമാണ്. സ്വന്തംഇല്ലായ്മകള്‍ക്കും പോരായ്മകള്‍ക്കുംഇവര്‍പരിഹാരംകണ്ടെത്തുന്നത് രുന്നിന്‍റെലോകത്താണ.
'ഫാക്റ്റീഷിയസ്ഡിസോര്‍ഡര്‍' എന്ന വിഭാഗത്തില്‍പ്പെടുന്ന മനോരോഗികളാണിവര്‍.

ഹിസ്റ്റീരിയരോഗികളില്‍ നിന്നും പല വിധത്തിലുംവ്യത്യസ്തരാണ് ഈ രോഗികള്‍. വൈകാരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതും, രോഗിയായതുകൊണ്ടുലഭിക്കുന്ന പ്രത്യേകസൗജന്യങ്ങള്‍ (പൈമറി ആന്‍ഡ് സെക്കന്‍ഡറി ഗയിന്‍സ്) രോഗലക്ഷണങ്ങള്‍ തുടരുവാന്‍ പ്രേരിപ്പിക്കുന്നതുംരോഗത്തിന്‍റെമേല്‍രോഗിക്ക്ബോധപൂര്‍വ്വമായ നിയന്ത്രണമില്ലാത്തതുമൊക്കെയാണ്ഹിസ്സ്റ്റീരിയയുടെചില പേത്യേകതകള്‍. എന്നാല്‍ഇവയൊന്നും ഫാക്റ്റീഷിയസ്ഡിസോര്‍ഡറില്‍  അത്ര പ്രസക്തമല്ല. ശാരീരികവും മാനസീകവുമായരോഗലക്ഷണങ്ങള്‍ബോധപൂര്‍വ്വംഅഭിനയിച്ച്ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കുംആശയകുഴപ്പമുണ്ടാക്കുന്ന ഇവരുടെഒരേഒരാഗ്രഹംരോഗിയായിതുടരുകഎന്നതാണ്. അഭിനയംആര്‍ക്കും മനസ്സിലാകാതിരിക്കുവാന്‍ രോഗിബോധപൂര്‍വ്വംചെയ്യുന്ന ചിലപൊടിക്കൈകള്‍സ്വയംമുറിവേല്പിക്കുക, ചിലമരുന്നുകള്‍കഴിച്ച് മനോരോഗലക്ഷണങ്ങളുണ്ടാക്കുകഎന്നിവയാണ്. ഇവകണ്ടുപിടിക്കുവാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

ഒരുചികിത്സയിലുംഉറച്ചുനില്‍ക്കാതെആസ്പത്രികള്‍തോറുംകയറിയിറങ്ങുന്ന ഇത്തരംരോഗികളുടെസംഖ്യവിദേശരാജ്യങ്ങളില്‍ഏറിവരുകയാണ്. ഇന്ത്യയില്‍ ഈ രോഗത്തെപ്പറ്റിഒരുസര്‍വെ ഇനിയും നടത്തിയിട്ടില്ല.

രോഗത്തിനു പിന്നിലെകാരണങ്ങള്‍:

രോഗംഅഭിനയിക്കുന്നതിനു പിന്നിലെകാരണങ്ങളെപ്പറ്റി അനേകംഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ പൊതുവെസ്വീകാര്യമായഒരുത്തരവുംഇതുവരെകണ്ടെത്തുവാനായിട്ടില്ല. ചെറുപ്പത്തില്‍മാതാപിതാക്കളുടെസ്നേഹംലഭിക്കാത്തതുംചില പ്രത്യേകവ്യക്തിത്വചേരുവകളുള്ളവരുംഇത്തരംവൈകല്യങ്ങള്‍ പ്രകടിപ്പിക്കുവാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഒരുചിന്താഗതി. ഇത്തരക്കാര്‍വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജിതരും അന്തര്‍മുഖന്‍മാരും ഒറ്റപ്പെട്ടു മേഞ്ഞുനടക്കുവാനൊരുമേച്ചില്‍പ്പുറംതേടുവാനാഗ്രഹിക്കുന്നവരുമാണ്. ശുശ്രൂഷയും പരിചരണവുംവിലകൊടത്തുവാങ്ങാവുന്ന ഒരുസ്ഥാപനം മെഡിക്കല്‍ ഫീല്‍ഡാണല്ലോ. വിലയ്ക്കുവാങ്ങാവുന്ന ഇത്തരം ബിസിനസ്സ് ബന്ധങ്ങള്‍ അപകര്‍ഷതാബോധമുള്ളഇവര്‍ക്ക് പെട്ടെന്ന് ക്ലിക്ക്ചെയ്യും. കടപ്പാടുവേണ്ടാത്ത, എപ്പോള്‍വേണമെങ്കിലുംകണക്കുതീര്‍ത്തുരക്ഷപ്പെഷടാവുന്ന ഇത്തരംസാഹചര്യങ്ങളോട്ഇക്കൂട്ടര്‍കൂടുതല്‍ആഭിമുഖ്യംകാണിക്കുന്നു. എന്നാണ്ചിലരുടെ നിഗമനം.

സൈക്യാട്രിയിലും ന്യൂറോസൈക്കോളജിയിലും നടക്കുന്ന ഗവേഷണങ്ങള്‍വരുംകാലങ്ങളില്‍കൂടുതല്‍തൃപ്തികരമായവസ്തുതകള്‍വെളിപ്പെടുത്തിയേക്കും.

പഠനങ്ങളില്‍മറ്റുചിലകാര്യങ്ങള്‍കൂടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പലരോഗികളുംമെഡിക്കല്‍ പ്രൊഫഷനിലുള്ളവരോഅവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ജോലിചെയ്തിട്ടുള്ളവരോ, മെഡിക്കല്‍ബുക്കുകള്‍വായിക്കുന്നതില്‍അതീവതാല്‍പര്യമുള്ളവരോആയിരിക്കും. അഭിനയിക്കുന്ന രോഗലക്ഷണങ്ങള്‍മിക്കതും അനുകരണവുംരോഗിയുടെ ഭാവനവിലാസവുംകൂടിക്കലര്‍ത്തിയായിരിക്കും. ചുരുക്കംചിലസന്ദര്‍ഭങ്ങളില്‍സുഹൃത്തുക്കളും ബന്ധുക്കളുംകഥയറിയാതെഇത്തരംരോഗികള്‍ക്ക് 'പേഷ്യന്‍റ്റോള്‍' കളിക്കുവാനുള്ളസ്റ്റേജുംസെറ്റിംഗ്സുംഒരുക്കികൊടുക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍:

രോഗലക്ഷണങ്ങളെ പൊതുവെരണ്ടായിതിരിക്കാം:

ശാരീരികരോഗലക്ഷണങ്ങള്‍:
വ്യക്തിക്ക്സന്ദര്‍ഭത്തിന്‍റെഗൗരവം അനുസരിച്ച്രോഗലക്ഷണങ്ങള്‍കൂട്ടുകയോ, കുറയ്ക്കുകയോ, ചെയ്യുവാന്‍ സാധിക്കും. പുറംവേദന, ഓക്കാനം, ഛര്‍ദ്ദി, തളര്‍ച്ച, തൊലിയില്‍തടിപ്പ്, വൃണങ്ങള്‍, പെട്ടെന്നുണ്ടാകുന്ന പനി തുടങ്ങിയരോഗലക്ഷണങ്ങള്‍മറ്റുശാരീരികകാരണങ്ങളില്ലാതെമരുന്നിനു വഴങ്ങാതെവളരെക്കാലംതുടരുന്നു. ഇത്തരം കപടരോഗലക്ഷണങ്ങള്‍ 'മന്‍ചോസന്‍ സിന്‍ഡ്രോം'എന്ന പേരിലാണ്അറിയപ്പെടുന്നത്. നുണക്കഥകള്‍ പറയുന്നതില്‍കുപ്രസിദ്ധനായ കാള്‍വോള്‍മന്‍ മോസന്‍റെ പേര് ഈ രോഗത്തിന് ത്ഥമാണ്.

മാനസീകരോഗലക്ഷണങ്ങള്‍:

ഓര്‍മ്മശക്തിക്കുറവ്, മിഥ്യാദര്‍ശനങ്ങള്‍, ചിന്താപരമായ ബുദ്ധിമുട്ടുകള്‍ എന്നിവഉള്ളതായിരോഗിഅഭിനയിക്കും. പക്ഷെ വിശദമായ പരിശോധനയില്‍മറ്റുസൈക്യാട്രിക്ക് രോഗലക്ഷണങ്ങള്‍ കാണുകയുമില്ല.
ന്യൂഡോസൈക്കോസിസ്' എന്നാണ്വിളിക്കുക.

നാടകീയമായരോഗവിവരണം, മരുന്നുകഴിക്കുന്നതിലുംഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുന്നതിലുംകാണിക്കുന്ന അശ്രദ്ധ, അമിതമായവേദനസംഹാരികളുടെ ഉപയോഗം, മയക്കുമരുന്നുകളോടുള്ളആസക്തി, ആസ്പത്രി നിയമങ്ങള്‍ലംഘിക്കല്‍, മെഡിക്കല്‍ സയന്‍സിലുള്ള പരിമിതമായഅറിവ്വച്ച്മെഡിക്കല്‍സ്റ്റാഫുമായിവാദപ്രതിവാദം നടത്തുകഎന്നിവഇവരുടെമറ്റുചില പ്രത്യേകതകളാണ്.

സാധാരണമുപ്പതുവയസിനു മുന്‍പെ രോഗലക്ഷണങ്ങള്‍കണ്ടുതുടങ്ങും. ചിലപ്പോള്‍വളരെചെറുപ്പത്തിലുംതുടങ്ങാറുണ്ട്.

ദീര്‍ഘകാലത്തെ ആസ്പത്രിവാസംമൂലംരോഗികള്‍ക്ക് കനത്ത നഷ്ടങ്ങളാണുണ്ടാവുക. വ്യക്തിബന്ധങ്ങള്‍ശിഥിലമാകും, പ്രവൃത്തിദിവസങ്ങള്‍ നഷ്ടമാകും, പോരാത്തതിന് ഭാരിച്ച സാമ്പത്തീക ബാദ്ധ്യതയും.

പലരോഗികളുംരോഗമഭിനയിച്ചുതന്നെ മരിക്കുകയാണ് പതിവ്. അനാവശ്യമായികഴിക്കുന്ന മരുന്നുകളും നടത്തുന്ന ശസ്ത്രക്രിയകളും പലര്‍ക്കുംമരണകാരണമാകാറുണ്ട്. ഇത്തരം കപടരോഗികളില്‍യഥാര്‍ത്ഥ മനോ-ശാരീരികരോഗങ്ങള്‍വന്നാല്‍പ്പോലും ശ്രദ്ധിക്കാതെ പോകുന്നതുംമരണത്തിനിടയാക്കാറുണ്ട്
.
ചികിത്സാപദ്ധതികള്‍:

രോഗംസുഖമാകുവാനുള്ള ആഗ്രഹം സുഖപ്രാപ്തിക്ക്ഒരത്യാവശ്യഘടകമാണ്. പ്രത്യേകിച്ച് മനോരോഗികളില്‍. അതുകൊണ്ടുതന്നെ സുഖമാകുവാന്‍ മനസില്ലാത്ത ഇത്തരംരോഗികള്‍ നിര്‍ഭാഗ്യവാന്‍മാരാണ്.

ഇല്ലാത്തരോഗങ്ങള്‍അഭിനയിച്ച്അതിശയോക്തികലര്‍ത്തി പറയുന്ന സ്വഭാവമാണ് പ്രധാനമായുംചികിത്സക്ക്വിധേയമാക്കേണ്ടത്.

രോഗിയുടെവിവിധ സാമൂഹ്യ പശ്ചാത്തലങ്ങളെക്കുറിച്ച്വിശദമായവിലയിരുത്തല്‍ നടത്തണം. മറ്റെന്തെങ്കിലും മനോ-ശാരീരികരോഗങ്ങളില്ലെന്നുംഹിസ്റ്റീരിയരോഗമല്ലെന്നുംഉറപ്പുവരുത്തേണ്ടതുണ്ട്. ഇവരുടെരോഗവിവരണങ്ങള്‍പൊളിവാക്കുകളായതുകൊണ്ട്മറയ്ക്കുള്ളിലെഅഭിനയം കണ്ടെത്തുവാന്‍ സൈക്കോളജിക്കല്‍അസെസ്മെന്‍റ്ആവശ്യമാണ്.

രോഗിയായിതുടരുവാനുള്ള പ്രേരണയെചെറുക്കുവാനുള്ള കഴിവ് രോഗിയില്‍ഉണ്ടാക്കിയെടുക്കുകയാണ്ആവശ്യം. യാഥാര്‍ത്ഥ്യത്തിലധിഷ്ടിതമായചിന്താഗതിരൂപപ്പെടുത്തുവാന്‍, രോഗസങ്കല്പങ്ങളെ ഉടച്ചുവാര്‍ക്കുവാന്‍, പുതിയവ്യക്തിത്വശൈലിരൂപപ്പെടുത്തുവാന്‍ മനശാസ്ത്ര ചികിത്സകളാണ്കൂടുതല്‍ പ്രയോജനപ്പെടുക. ഇതില്‍കോഗ്നിറ്റീവ്തെറാപ്പിഒരു പ്രധാന സമീപന രീതിയാണ്. മറ്റെന്തെങ്കിലുംശാരീരികരോഗങ്ങള്‍ ഇല്ലെന്നുറപ്പുവരുത്തുവാന്‍ മെഡിക്കല്‍ചെക്കപ്പും നടത്തിക്കൊണ്ടിരിക്കണം.

രോഗിയുടെറോള്‍ ശ്രദ്ധിക്കപ്പെടുന്നിടത്തെല്ലാം ഓടിയെത്തുന്ന ഇവര്‍ കപടവൈദ്യന്‍മാരുടെയും സിദ്ധന്‍മാരുടെയും ഇരകളാകാറുണ്ട്. ഇത്തരംരോഗികളുടെ മനസ്സില്‍ കപടവൈദ്യന്‍മാര്‍എറിഞ്ഞുപൊട്ടിക്കുന്ന കൈവിഷം, കൂടോത്രം, പ്രേതബാധ തുടങ്ങിയമിസൈലുകള്‍ഇവരുടെവ്യക്തിത്വഘടനയെതന്നെ തകര്‍ക്കും. പിന്നെ ഒരു മനശാസ്ത്രജ്ഞന് പ്രവര്‍ത്തിക്കുവാന്‍ പറ്റാത്തവിധത്തില്‍സങ്കീര്‍ണ്ണമാകുംഇവരുടെ പ്രശ്നങ്ങള്‍.

കുടുംബത്തിലൊരു നിത്യരോഗിയുണ്ടാകുന്നത്അഭിലഷണീയമല്ല.ഇത്തരംരോഗബാധിതമായമോഡലുകളെകുട്ടികള്‍ അനുകരിക്കുവാന്‍ ഇടയുണ്ട്. ചിലകുടുംബങ്ങളില്‍തലമുറകളായിഓരോ നിത്യരോഗികളുണ്ടാകുന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതൊരു മനോരോഗമാണെന്നു മനസ്സിലാക്കുവാന്‍ വൈകുന്നതുകൊണ്ട് അനാവശ്യമായചികിത്സകള്‍ നടത്തിആരോഗ്യവും പണവും നഷ്ടമാകും. വിവിധ പരിശോധനയില്‍ പ്രത്യേകിച്ച്കാരണങ്ങളൊന്നുംകാണാതിരിക്കെ രോഗലക്ഷണങ്ങള്‍വളരെക്കാലം തുടരുമ്പോള്‍തന്നെ സംശയിക്കപ്പെടേണ്ടതാണ്.

രോഗസങ്കല്പത്തിന്‍റെചുഴിയില്‍കറങ്ങിത്തിരിയുന്നവരെ കരയ്ക്കടുപ്പിക്കുവാന്‍ ഒരുതെറാപ്പിസ്റ്റിന്‍റെ നിരന്തരമായഅര്‍പ്പണബോധത്തേടെയുള്ള പരിശ്രമംആവശ്യമാണ്. കരയ്ക്കടുപ്പിക്കുന്നതുകൊണ്ടുമാത്രമായില്ലവീണ്ടുംതിരിച്ചുപോകാതെ പുനരധിവസിപ്പക്കുവാനുള്ള നിരന്തരപരിശ്രമവുംആവശ്യമാണ്- സുഖമാകുവാന്‍ മനസ്സുണ്ടാകുന്നതുവരെ.

ന്‍റെ അമ്മക്കുട്ടി

                                            ന്‍റെ അമ്മക്കുട്ടി


എന്നുംജോലികഴിഞ്ഞ് അമ്മയെ കാണാന്‍ അവള്‍ നേനഴ്സിംഗ്ഹോമില്‍ പോകും. മിക്കപ്പോഴും റെസ്ട്രയിന്‍ ചെയ്തവീല്‍ചെയറില്‍ അസ്വസ്ഥയായി അമ്മ ബഹളംവയ്ക്കുകയായിരിക്കും. 'അമ്മേ' എന്നു വിളിയ്ക്കുമ്പോള്‍ത്തന്നെ ശാന്തമാകും.  കണ്ണുതുറക്കാതെ അമ്മ ചോദിക്കും:
അമ്മയോ, ആരുടെ അമ്മ?

  • രജനി മോളുടെ അമ്മ.എന്നെ ഓര്‍ക്കുന്നില്ലെ?

രജനിയോ, അതാരാപോലും? നീ ഏതാടീമോളെ?

  • ഞാന്‍ അമ്മേടെ മോളാണ്.  ഓര്‍ത്തു നേനാക്ക്യേഎന്നെ ഓര്‍ക്കുന്നില്ലെ?

എനിക്കറിയാന്‍ മേലാ.  എവിട്യാ നിന്‍റെ വീട്?

  • അമ്മേടെ വീടുതന്ന്യാഎന്‍റെവീടും.  അമ്മേടെ വീടെവിട്യാന്നു പറഞ്ഞേ.

ഓ അതങ്ങുവടക്കാ, കൊറെ പോണം.

  • വടക്ക ്സ്ഥലപ്പേരില്ലെ? അങ്കമാലി, തൃശ്ശൂര്‍, ചാലക്കുടി.. ഏതാസ്ഥലപ്പേര്?

വീടെവിട്യാന്നറിഞ്ഞിട്ട് എന്താ നിനക്ക്?

  • അമ്മയെല്ലാം ഓര്‍ക്കുന്നുണ്ടോന്നറിയാനാ, പറയമ്മേ.

ഇതെന്നാ ഓര്‍മ്മപ്പരീക്ഷ്യാണോ?

  • അതെ ഓര്‍മ്മപ്പരീക്ഷ തന്നെ.  ഈ കുട്ടിയ്ക്ക് എത്ര മാര്‍ക്കുകിട്ടുമെന്നറിയാലോ.  പറയ്, എവിട്യാ അമ്മേടെ വീട്?

ഒരുപാട്തട്ടിപ്പുകാരു നടക്കണണ്ട്.  മോനാ മോളാന്നു പറഞ്ഞുവരും.  എല്ലാംകട്ടോണ്ടുപോകും.

  • ഞാന്‍ അമ്മേടെ മോള് രജന്യാ. മോട്ടിക്കാന്‍ വന്നതൊന്നുമല്ല. കണ്ണുതൊറന്നു നോക്യേ.  രജനിമോളെ കണ്ടാല്‍ മനസ്സിലാകും.

അതിനൊന്നും ഇപ്പോ പറ്റില്ല.

  • ദേ, ഈ കാപ്പി ഞാന്‍ അമ്മയ്ക്ക് വാങ്ങിക്കൊണ്ടുവന്നതാ. കണ്ണുതുറന്ന് ഒന്നുകുടിച്ചേ.

എനിക്കുവേണ്ട, ആരാ എന്താന്നറിയാതെ വല്ലതുംകഴിച്ചാല്‍ വെഷമാണെങ്കിലോ?

  • എന്താമ്മേ ഇതൊക്കെ.  അമ്മേടെ രജനിമോള്‍ അമ്മക്ക് വെഷംതര്വോ?

ആര്‍ക്കറിയാം?

  • അമ്മയെന്താ അപ്പയെപ്പറ്റിചോദിക്കാത്തെ?

അതാരാ?

  • ആരാന്നോ, നമ്മുടെ അപ്പ.  അമ്മേടെ ആളെ  ഓര്‍ക്കണില്ലെ?

എങ്ങിനെ ഓര്‍ക്കാനാ, എന്തോരുംആളുകളെകാണണു.

  • അതുപോലെയാണോ നമ്മുടെ അപ്പ? കഴിഞ്ഞ ദിവസം അപ്പ വന്നപ്പോ എന്താ അമ്മ മിണ്ടാതിരുന്നത്.  അപ്പയ്ക്ക് വല്യ വെഷമമായി.

അതുവ്വ്വോ?

  • അമ്മയെന്താ മിണ്ടാതിരുന്നത്?  അമ്മയല്ലെ അപ്പയ്ക്ക്ചോറു വിളമ്പിക്കൊടുക്കാറ്?  അപ്പ ഓഫീസില്‍ നിന്നു വരുന്നതും നോക്കി ഇറയത്ത് ഇരിക്കാറുള്ളത് ഓര്‍ക്കണില്ലെ?  മാതാവിന്‍റെ പള്ളീല് രണ്ടുപേരും ഒരുമിച്ച് പോകാറില്ലെ?

ആര്‍ക്കറിയാം?.

  • അപ്പയ്ക്ക് ഇപ്പോ നല്ല സുഖമില്ല.  നടക്കാന്‍ ബുദ്ധിമുട്ടാണ്.  കെടപ്പിലായി.     

മരണോണ്ടാവ്വോ?

  • എന്താമ്മേ ഇപ്പറയണത്? അപ്പ മരിക്കണതില്‍ അമ്മയ്ക്കു വെഷമോ ല്ലെ?  എന്തുസ്നേഹായിരുന്നു അപ്പയ്ക്ക് അമ്മയെ.  അമ്മേടെ കടലക്കറീം പുട്ടുംഅപ്പയ്ക്ക് എന്തിഷ്ടായിരുന്നു.

കടലക്കറീംമാങ്ങാക്കറീം, ഈ പെങ്കൊച്ചു പറേണതൊന്നും എനിക്കു മനനസ്സിലാവണില്ല, നീ ഏതാടീകൊച്ചേ?

  • ഞാന്‍ രജനിയല്ലേ അമ്മേ.  അമ്മേടെ മൂന്നാമത്തെ പുന്നാരമോള്.

ഓഹോ അങ്ങനേം ഒരെണ്ണമുണ്ടോ?

  • ഉണ്ടല്ലോ.രണ്ടാണ്‍കുഞ്ഞുങ്ങളുണ്ടായപ്പോള്‍ മാതാവിന്‍റെ പള്ളീല് നേര്‍ച്ച നേര്‍ന്നല്ലെ അമ്മയ്ക്ക് ഞാനുണ്ടായത?്. എന്നെ മോളൂട്ടീന്നല്ലെ അമ്മ വിളിക്കാറുള്ളത?്.  എനിയ്ക്കിഷ്ടമുള്ള ഉള്ളിവട ഞാന്‍ എപ്പോള്‍ പറഞ്ഞാലും അമ്മ ഉണ്ടാക്കിതരുമായിരുന്നല്ലോ?

അപ്പോ നീ ആളുചില്ലറക്കാരിയല്ല.

  • അതെ, എന്നിട്ടിപ്പോ എന്നെ ഓര്‍ക്കുന്നില്ലപോലും.  ഈ കയ്യിലെ പാടുകണ്ടോ, അമ്മ പൊള്ളിച്ചതാ.

ഞാനത്തരക്കാരിയൊന്നുമല്ല.

  • അമ്മ വെളിച്ചെണ്ണ പലഹാരം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോ കൈതട്ടി തിളച്ച എണ്ണ എന്‍റെ കയ്യില്‍വീണ പാട്.  അമ്മ എപ്പോഴും തടവി നോക്കുമായിരു  ന്നല്ലോ.

അതിനിപ്പോ എന്നാവേണം?

  • എന്‍റെകൈ പൊള്ളിച്ചതിന് ഞാന്‍ പോലീസിനെ വിളിക്കാന്‍ പോവ്വാ.  ഹലോ, ഹലോ, ഇതു പോലീസ്സ്റ്റേഷനല്ലെ?  പിള്ളേരുടെ കൈ പൊള്ളിക്കുന്ന ഒരു അമ്മച്ചി ഇവിടുണ്ട്.

വേണ്ട, പോലീസിനെ ഒന്നുംവിളിക്കണ്ട,  അവരുവന്നാല്‍ ആകെ കൊഴപ്പാകും.  ഇനി കൈ പൊള്ളിക്കില്ല, അതുപോരെ?

  • ആഹാ, കൊച്ചുകള്ളി, എല്ലാം ഓര്‍ക്കണണ്ട്അല്ലെ?  ദേ, ഈ കാപ്പികുടിച്ചേ, കുളിച്ച് നല്ല കുട്ടിയായിട്ട് നമുക്ക് മാതാവിന്‍റെ പള്ളീപ്പോകാം.

മാതാ.വിന്‍റെ പള്ളീലോ?

  • പിന്നല്ലാണ്ട്, ഈ മമ്മിക്കുട്ടിയെ കാണാഞ്ഞിട്ട് മാതാവു വെഷമിച്ചിരിക്യാ.  ഞാന്‍ ചെല്ലുമ്പോഴൊക്കെ ചോദിക്കും എന്‍റെ മറിയപ്പെണ്ണെന്ത്യേന്ന്.

അതുവ്വ്വോ ?

  • ഉവ്വെന്നെ.  കൃപനിറഞ്ഞ അമ്മേടെ കൃപനിറഞ്ഞ മോളല്ലെ ഈ അമ്മുക്കുട്ടി.  കന്യാസ്ല്രീ അമ്മേടെ കനിവും അനുഗ്രഹവും എന്തോര്വാ എന്‍റെ അമ്മുക്കുട്ടി വാരിക്കൂട്ടിയിരിക്കണത്. അതുകൊണ്ടല്ലെ അമ്മേടെ മോളും എന്‍റെ ഏട്ടന്‍മാരും അനുഗ്രഹത്തോടെ കഴിയണത്. ഇന്ന് നമ്മള്‍ മാതാവിന്‍റെ അടുത്തു ചെല്ലുമ്പോള്‍  അമ്മയെന്താ ചോദിക്കാന്‍ പോണത്?

"ഞങ്ങളെ അങ്ങട് കൊണ്ടു പോവ്വാന്‍...

Saturday, April 29, 2017

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

വിഷാദത്തിന്‍റെ നൊമ്പരങ്ങള്‍

മേജര്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരുടെ ആന്തരീയ സംഘര്‍ഷങ്ങള്‍ ഭീതിപ്രദമാണ്, വളരെ പെട്ടെന്ന് അവരുടെ ലോകം ഒരു ഇരുട്ടുമുറിയായി മാറുന്നു. തനിക്കുചുറ്റും സന്തോഷിക്കുവാനും പ്രതീക്ഷിക്കുവാനും ആശ്വസിക്കുവാനുമുള്ള യാതൊന്നുമില്ലെന്ന ശൂന്യതാബോധത്തിന്‍റേയും നിരാശയുടെയും നിത്യതടവുകാരായവര്‍ മാറുന്നു.

ജീവിത പങ്കാളിയുടെയും ഉറ്റവരുടെയും സ്നേഹം വെറും പ്രകടനമായി തോന്നും. ഇവര്‍തന്നെ ഒരിക്കലും ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടില്ലെന്നുവരെ വഴിതെറ്റി ചിന്തിച്ചേക്കാം.  ട്രാക്കു തെറ്റിയോടുന്ന ചിന്തകള്‍ പരുഷ വാക്കുകളാകുമ്പോള്‍ പ്രിയപ്പെട്ടവര്‍ മുഷിയരുത്.
ശരീര മനസ്സുകളിലെ വിവരിക്കാനാവാത്ത വേദനകളാണ് മറ്റൊരു ദുരന്തം.  താനൊരു ജലകുമിളക്കകത്താണെന്നും എല്ലാവരും ഒഴിഞ്ഞു മാറുകയാണെന്നും ആരും ആത്മാര്‍ത്ഥതയുള്ളവരല്ലെന്നുമൊക്കെയുള്ള ചിന്തകള്‍ രോഗിയെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആക്കും.

പണ്ട് ആത്മ വിശ്വാസം പകര്‍ന്നു തന്നിരുന്ന തന്‍റെ വ്യക്തിപരമായ കഴിവുകളും നേട്ടങ്ങളും പദവികളും നിഷ്പ്രഭമായിപ്പോയ തോന്നല്‍ ആത്മ വിശ്വാസത്തിന്‍റെ അടിത്തറ ഇളക്കും.  നെഗറ്റീവ് സെല്‍ഫ് ഇമേജ് മനസ്സില്‍ നിരാലംബ ബോധത്തിന്‍റെ അമാവാസി സൃഷ്ടിക്കും.  മനസ്സില്‍ മറവു ചെയ്ത കുറ്റബോധങ്ങളും പരാജയങ്ങളും അപമാന ചിന്തകളുമൊക്കെ സൈക്കിക് സ്പേസില്‍ ഭീഭത്സഭാവത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ ഉറക്കത്തിലും ഭീകര സ്വപ്നങ്ങളിലൂടെ വേട്ടയാടിക്കൊണ്ടിരിക്കും.

ക്രൂര ശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയേപ്പോലെ, നിഷേധ ചിന്തകളുടെ തടവുകാരായ ഇവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും മെല്ലെമെല്ലെ അകന്ന് നിരാശയുടെ വന്‍കയങ്ങളില്‍ വീണ് നിസ്സഹായരായി നിലയില്ലാതെ തുഴയും.

പുറമെ നോക്കുന്നവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളും കാണുവാനില്ലാത്ത ഇവരുടെ മനസ്സിലെ വികാരത്തിരമാലകളും കൊടുങ്കാറ്റുകളും ഒരു മനോരോഗ വിദഗ്ദ്ധനു മാത്രമേ ആഴത്തില്‍ നോക്കി കാണുവാന്‍ കഴിയു.

ജീവിതത്തിലെ ചില ദുരന്താനുഭവങ്ങള്‍ മൂലമുണ്ടാകുന്ന റിയാക്ടീവ് ഡിപ്രഷനും ലഘുവിഷാദ രോഗങ്ങളും കാലക്രമേണ പെയ്തൊഴിഞ്ഞു പോകുന്ന താല്‍ക്കാലിക വിഷാദ കാര്‍മേഘങ്ങളാണ്. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മേജര്‍ ഡിപ്രഷന്‍റെ പിന്നിലെ താളം തെറ്റിയ ന്യൂറോ കെമിസ്ട്രി ക്രമപ്പെടുത്തുവാന്‍ മരുന്നുകളും ശക്തമായ ആത്മഹത്യാ പ്രവണതകളുള്ള രോഗികള്‍ക്ക് ഈസിറ്റി ചികിത്സയും ആവശ്യമാണ്. വിഷാദ മേഘങ്ങള്‍ പറന്നകന്നു കഴിയുമ്പോള്‍ മനസ്സിനെ പ്രതികൂല ചിന്തകളുടെ അഗാധഗര്‍ത്തങ്ങളില്‍ നിന്നു പിടിച്ചു കയറ്റുവാന്‍ കോഗ്നിറ്റീവ് മന:ശാസ്ത്ര ചികിത്സ ആവശ്യമാണ്. മിഥ്യാഭിമാനവും മനോരോഗ ലേബലും ഭയന്ന് രോഗിക്ക് ചികിത്സ നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണ്.

സ്നേഹശുശ്രൂഷയോടു വിഷാദരോഗി പ്രതികരിക്കുന്നില്ലെങ്കിലും സ്നേഹപൂര്‍വ്വം ക്ഷമയോടെ പ്രിയപ്പെട്ടവര്‍ രോഗിക്ക് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് കൊടുക്കണം.  കുറ്റപ്പെടുത്തരുത്, ചോദ്യം ചെയ്യരുത്, പരിഹസിക്കുകയോ നിര്‍ബ്ബന്ധപൂര്‍വ്വം ചിന്താഗതി മാറ്റുവാന്‍ ശ്രമിക്കയും ചെയ്യരുത്.

ക്ലേശപൂര്‍ണ്ണമായ മതാനുഷ്ഠാനങ്ങളും കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന ദണ്ഡനാത്മമായ പ്രബോധനങ്ങളും വ്യാജവൈദ്യന്‍മാരുടെ അശാസ്ത്രീയ ചികിത്സകളും പ്രശ്നം ഗുരുതരമാക്കും. 

ശാന്തിയും സമാധാനവും നിറഞ്ഞ ഹൃദ്യമായ കുടുംബ - ആത്മീയ പശ്ചാത്തലം മാനസീകാരോഗ്യത്തിന്‍റെ അനുകൂല ചേരുവകളാണ്. ശരീരശാസ്ത്രത്തെപ്പറ്റി പഠിക്കാത്തവര്‍ ഈ വിഷയം കൈകാര്യം ചെയ്തു വഷളാക്കാതെ മെഡിക്കല്‍  വിദഗ്ദ്ധരുടെ വിലയിരുത്തലുകള്‍ക്കും ചികിത്സയ്ക്കുമയി രോഗിയെ പറഞ്ഞുവിടണം. വിഷാദരോഗിക്ക് വേണ്ടത് ശാസ്ത്രീയ ചികിത്സയാണ്,  ശിക്ഷണമല്ല.

ഭാരിച്ച ജീവിത ചുമതലകളില്‍നിന്നും കുടുംബ ചുമതലകളില്‍ നിന്നും മാനസീകാരോഗ്യം വീണ്ടെടുക്കുന്നതുവരെ രോഗിയെ ഒഴിവാക്കണം. വിശ്രമിക്കുവാന്‍ അനുവദിക്കണം.  ആവര്‍ത്തന സ്വഭാവമുള്ള വിഷാദരോഗം കുറച്ചുകാലം അസ്വസ്തത സൃഷ്ടിച്ച് പിډാറി സുഖമാകുമെന്ന ഉറപ്പും ധൈര്യവും രോഗിക്കു കൊടുക്കുന്നത് പ്രത്യാശയും പ്രതീക്ഷയും നിലനിര്‍ത്താനും രോഗസൗഖ്യം ത്വരിതപ്പെടുത്തുവാനും സാഹായിക്കും.

********

"നിഷേധ ചിന്തകള്‍ എന്‍റെ മനസ്സിനെ ബലാല്‍സംഗം ചെയ്യുമ്പോള്‍ രക്ഷപ്പെടുവാന്‍ എനിക്കു നിത്യനിദ്രയോ ബോധക്ഷയമോ തരൂ"- ലൗരി ഹാന്‍റേഴ്സണ്‍.