Wednesday, September 27, 2023

മനസ്സ് മേഘാവൃതമാകുമ്പോൾ

 നിരാശയുടെയും നിസ്സഹായതയുടെയും വൻ തിരകൾ ആഞ്ഞടിച്ചുകൊണ്ടാണ്  വിഷാദരോഗത്തിന്റെ ആഗമനം.

വിഷാദരോഗ വേലിയേറ്റത്തിന്റെ ആഘാതവും കാഠിന്യവും കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ആദം ബോർലാൻഡ് എന്ന മനശാസ്ത്രജ്ഞന്റെ അഭിപ്രായം.

1.  ശൂന്യതാ ബോധം, നിരാശ, അമിത കുറ്റബോധം, ഭക്ഷണത്തോടുള്ള വിരക്തി, ഉൾവലിയിൽ,  ആത്മഹത്യാ ചിന്തകൾ, ഉറക്കക്കുറവ് തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചില മുൻകരുതലുകൾ എടുക്കുമെങ്കിൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കും.

2. സമൂഹത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഉൾവലിയുവാനുള്ള താൽപര്യം രോഗത്തിന്റെ ലക്ഷണമാണ്.  അത്  രോഗം ഉണ്ടാക്കുന്ന നിസ്സഹായതയും നിർവികാരതയും മൂലമാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുമായി വൈകാരിക പ്രതിസന്ധികൾ പങ്കുവെക്കണം. മാനസികാരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ ഒറ്റപ്പെട്ടുപോകും. അത്‌ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

3. വിഷാദരോഗം ഉറക്കത്തിന്റെ ശൈലിയിലും  ദൈർഘ്യത്തിലും മാറ്റങ്ങൾ വരുത്തും. ഉണർന്നതിനുശേഷം വളരെ സമയം കിടക്കുന്നതും പകൽ ദീർഘസമയം ഉറങ്ങുന്നതും രാത്രിയിലെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. കാപ്പിയും ചായയും   സ്ക്രീൻ സമയവും നിയന്ത്രിക്കുന്നത്  ഉറക്കത്തിന് സഹായകമാകും.

4. വിഷാദരോഗം ആരോഗ്യകരമായ ഭക്ഷണരീതിയെ തകിടം മറിക്കാറുണ്ട്.  ചിലർക്ക് ഭക്ഷണത്തോട് വിരക്തി തോന്നും. പതിവു ഭക്ഷണം താൽപര്യമില്ലെങ്കിൽ എളുപ്പത്തിൽ കഴിക്കാവുന്ന ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പരീക്ഷിക്കാവുന്നതാണ്. ചിലരിൽ വിഷാദരോഗം അമിത ഭക്ഷണ താൽപര്യവും ഉണ്ടാക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണം അധികം കഴിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.  വിഷാദരോഗത്തിന്റെ ആലസ്യത്തിൽ നിന്നുള്ള അതിജീവനത്തിന്  ശരീരമനസ്സുകളെ  ശക്തമാക്കാൻ സന്തുലിതമായ ഭക്ഷണശൈലി അത്യാവശ്യമാണ്.

5.വിഷാദരോഗവും മദ്യവും തമ്മിൽ കൂട്ടിക്കലർത്തുന്നത് രോഗ പ്രതിസന്ധികൾ വർദ്ധിപ്പിക്കും. എല്ലാത്തരം ലഹരിയും വൈകാരിക അവസ്ഥയെ ദോഷകരമായി സ്വാധീനിക്കും.  ഉറക്കം തടസ്സപ്പെടുത്തും.

6. വൈകാരിക പ്രതിസന്ധികളും തളർച്ചയും ലഘുകരിക്കുവാനും ഉറക്കം മെച്ച പ്പെടുത്താനും വ്യായാമം സഹായകമാണ്. വിഷാദ അവസ്ഥയിലെ നിഷ്ക്രിയമായിരിക്കുവാനുള്ള താൽപര്യത്തെ മറികടക്കുവാൻ ശ്രമിക്കണം.  ഇതിന് വലിയ ശ്രമകരമായ വ്യായാമം വേണമെന്നില്ല. ദിവസവും കുറച്ച് സമയം നടക്കുന്നതുതന്നെ വലിയ പ്രയോജനം ചെയ്യും. ചലനം ചാലക ശക്തിയുടെ ഉറവിടമാണ്.

7. ദൈനംദിനം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിലുള്ള വിരക്തി വിഷാദരോഗത്തിന്റെ പ്രത്യേകതയാണ്. താല്പര്യമൊന്നും തോന്നുന്നില്ലെങ്കിലും ദിനചര്യകളും മറ്റു ദൈനംദിന കാര്യങ്ങളും  ചെയ്യുമ്പോൾ വിഷാദത്തിന്റെ നിഷ്ക്രിയ തടവറയിൽ  നിന്ന് പുറത്തിറങ്ങുവാൻ കഴിയും. സാധാരണ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായ പുതിയ കാര്യങ്ങളും ചെയ്യുന്നത് മനസ്സിനെ സജീവമാക്കാൻ സഹായിക്കും. വായന, പെയിന്റിങ്, സംഗീതം,  പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക... തുടങ്ങിയവ മനസ്സിനെ സജീവമാക്കാൻ സഹായിക്കുന്ന  ഉണർത്തു പാട്ടുകളാണ്. വിഷാദ മാനസികാവസ്ഥയിൽ, എപ്പോഴും നിഷേധ ചിന്തകളുടെ ഫാസ്റ്റ് ട്രാക്കിലോടുന്ന മനസ്സിന്റെ ശ്രദ്ധ തിരിപ്പിക്കാൻ ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയർ സർവീസ് ചെയ്യുന്നതും നല്ലതാണ്.
മേൽപ്പറഞ്ഞ സമീപനങ്ങൾ വിഷാദ രോഗത്തിന്റെ ആഘാതം കുറയ്ക്കാനും മനസ്സിനെ കൂടുതൽ പ്രവർത്തനക്ഷമാക്കാനും  സഹായിക്കും.

വിഷാദ രോഗിയാകുന്നത് ലജ്ജാകരമായ കാര്യമായി ഒരിക്കലും കാണരുത്. മത്തിഷ്ക്കത്തിലെ രാസ ഘടകങ്ങളിലും ഹോർമോണുകളിലും വരുന്ന വ്യതിയാനങ്ങൾ മറ്റ് ശാരീരിക രോഗങ്ങൾ പോലെ സ്വാഭാവിക പരിണാമങ്ങളാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ നിരീക്ഷണത്തിൽ സമൂഹത്തിലെ പ്രായപൂർത്തിയായവരിൽ 6.7 ശതമാനം പേരിൽ വിഷാദരോഗം കണ്ടുവരുന്നുണ്ടത്രെ. മരുന്നുകൊണ്ടും കൗൺസിലിംഗ് കൊണ്ടും ഈ രോഗത്തെ നിയന്ത്രിക്കുവാൻ ആധുനിക മെഡിക്കൽ സയൻസ് സജ്ജമാണ്.

മരുന്നുകളോടൊപ്പം ദൈവാശ്രയവും പ്രാർത്ഥനയും അതിജീവന ശക്തിക്ക് സഹായകമാണ്. കഠിനജീവന ജീവിതസഹനങ്ങളിലൂടെ കടന്നുപോയ അനേകരുടെ പ്രാർത്ഥനകളും അവർക്ക് ദൈവം കൊടുത്ത സാന്ത്വന വചനങ്ങളും കൊണ്ട് സമ്പന്നമാണ് ബൈബിൾ.

നിങ്ങളുടെ വിഷാദരോഗം അതികഠിനമാണെങ്കിലും ഭാവി ഇരുളടഞ്ഞതായി തോന്നുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും നിങ്ങളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന സത്യം മറക്കരുത്.

മനസ്സിന്റെ സൃഷ്ടാവും ടെക്നീഷ്യനുമായ ദൈവത്തിന് തകർന്നും തളർന്നുംപോയ മനസ്സിനെ സൗഖ്യമാക്കാനും സജീവമാക്കാനും കഴിയും. വിശ്വസിക്കൂ, പ്രത്യാശിക്കു, ദൈവത്തിന്റെ മഹത്വം കാണുവാനും സൗഖ്യം അനുഭവിക്കുവാനും സാധിക്കും.

'യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.'
ആവർത്തനം 31:8

'നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.'
യിരേമ്യാവു 29:11

' അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.'
മത്തായി 11:28

'നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.'
യോഹന്നാൻ 16:33

'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'
ഫിലിപ്പിയർ 4:13

ഈ വചനങ്ങളാൽ ദൈവം നിങ്ങളുടെ മനസ്സിനെ പ്രത്യാശയിൽ ഉറപ്പിക്കട്ടെ!
🔆
-ഫാ. ഡോ. ഏ. പി. ജോർജ്.