Sunday, November 27, 2016

അന്ധവിശ്വാസത്തിന്‍റെ ചുഴിയില്‍

ഈ ഹൈടെക് യുഗത്തിലും ലക്ഷണമൊത്ത അന്ധവിശ്വാസികള്‍ വര്‍ദ്ധിച്ചു വരികയാണ്‌.
എല്ലാ മാസവും പതിമൂന്നാം തീയതി അനേകം ആളുകള്‍ യാത്ര ചെയ്യാത്തതുകൊണ്ടും ബിസിനസ് കരാര്‍ നടത്താത്തത് കൊണ്ടും 800-900 മില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നഷ്ടമുണ്ടാകുന്നു ണ്ടത്രെ! 13 നല്ല ദിവസമല്ലെന്നു ചിന്തിക്കുന്ന സെലെബ്രിറ്റിസ്  ധാരാളം.
ഒരു ഗാലപ്പോള്‍ സര്‍വേയില്‍ തങ്ങള്‍ പല കാര്യങ്ങളിലും അന്ധവിശ്വസികള്‍ ആണെന്നു 27 ശതമാനം ആളുകള്‍  തുറന്നു സമ്മതിക്കുന്നു. കറുത്ത പൂച്ച വട്ടംചാടുന്നതും ഗോവണിക്കു കീഴെ നടക്കുന്നതും കണ്ണാടി പൊട്ടുന്നതും ഒക്കെ അശുഭ ലക്ഷണങ്ങളായി കാണുന്ന വിദ്യാസമ്പന്നര്‍ അനേകമുണ്ട്.
എന്താണിവരിങ്ങനെ?
- അലസമായ വ്യക്തിത്വ ശൈലി ഒരു കാരണം.അദ്ധ്വാനിച്ചു കാര്യങ്ങള്‍ നേടുന്നതിനേക്കാള്‍ എളുപ്പമാണല്ലോ അത്ഭുതങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിച്ചു ക്രിയകളും തന്ത്രമന്ത്രങ്ങളുമായി വട്ടംകറങ്ങുന്നത്‌.
- ചിലര്‍ക്ക്‌ യുക്തിരഹിതമായ ചിന്ത ഒരു നേരംപോക്ക് ആണ്.
- ചില അനുഷ്ഠാനങ്ങളില്‍ ആശ്രയിക്കുമ്പോള്‍ കാര്യങ്ങള്‍ തന്‍റെ നിയന്ത്രണത്തില്‍ ആണെന്ന തോന്നല്‍ ചിലര്‍ക്ക്  ആശ്വാസമാകുന്നു.
- നഷ്ടപ്പെടാന്‍ ഒന്നുമില്ല കിട്ടിയാല്‍ ലാഭം എന്ന ചിന്ത.
- സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള മടി. അന്ധവിശ്വാസം ഇവര്‍ക്കൊരു ഷെല്‍ട്ടര്‍ ഹൌസ് ആണ്.
- ചില വ്യക്തിത്വ പ്രത്യേകതകളും മനോരോഗങ്ങളും മാനസിക പ്രശ്നങ്ങളും തിരുത്തുവാന്‍ കഴിയാത്ത അന്ധവിശ്വാസത്തിന്റെ പിന്നിലെ തടങ്കല്‍ പാറകളാണ്.
അപകടകരമായ ചില അന്ധവിശ്വാസങ്ങളും ഉണ്ട്: പ്രാര്‍ത്ഥന മാത്രം മതി ചികിത്സ ആവശ്യമില്ലെന്നു ചിന്തിക്കുന്നവര്‍ മരണം വരെ സ്വയം ചികിത്സിക്കുകയോ സ്വന്തക്കാരെ ചികിത്സിക്കുവാന്‍ സമ്മതിക്കുകയോ ചെയ്യില്ല.
ഇവര്‍ അടഞ്ഞ മനസ്സുള്ളവരും ചില കാര്യങ്ങളില്‍ വിമര്‍ശനാല്മകമായി ചിന്തിക്കുവാന്‍ വിസമ്മതിക്കുന്നവരുമാണെന്നാണ് റോക്കി എന്ന മനശാസ്ത്രജ്ഞന്‍റെ അഭിപ്രായo.
 യുക്തിയും ന്യായവും കൊണ്ട് തിരുത്തുവാന്‍ ശ്രമിച്ചാല്‍ എതിര്‍ ന്യായവുമായി ഇവര്‍ തിരിച്ചടിക്കും. മതമൌലികവാദികളും വര്‍ഗിയ വാദികളും മനസ്സില്‍ അന്ധവിശ്വാസത്തിന്‍റെ  കോണ്‍ക്രീറ്റ് ഭിത്തിയുള്ളവരാണ്. ഈ ഭിത്തിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും. ഇവരോടൊപ്പം ജീവിതം പങ്കിടുന്നവരുടെ സഘര്‍ഷo കഠിനമാണ്. 
തുറവിയും സ്നേഹവും മാനവീകതയുമുള്ള ഇശ്വരവിശ്വാസത്തെ അന്ധവിശ്വാസത്തില്‍ നിന്നും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഫലം കൊണ്ടു മാത്രമേ വൃക്ഷത്തെ തിരിച്ചറിയുവാന്‍ കഴിയു.