Monday, March 2, 2020

കുട്ടിപ്പട്ടാളം വരുന്നേ...

മദ്ധ്യവേനല്‍ അവധിയാകുന്നതോടെ വീട്ടില്‍ ഇരുപത്തിനാലു മണിക്കൂറും കുട്ടിപ്പട്ടാളം സജീവമാകുകയാണ് . ഓടിക്കളിച്ചും, തട്ടിത്തകര്‍ത്തും, കുറുമ്പുകാണിച്ചും മാതാപിതാക്കളുടെ ക്ഷമ പരിശോധിക്കുന്ന ഒഴിവുകാലം ഇതാ സമാഗതമായി. കഴിഞ്ഞ പത്തുമാസക്കാലം ഈ കുസൃതിക്കുരുന്നുകളെ അനുസരണത്തോടെ പിടിച്ചിരുത്തി അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ധ്യാപകര്‍ക്ക് ധന്യവാദ്!
കുട്ടികളോടൊത്തുള്ള ഒഴിവുകാലം ഹൃദ്യവും ഫലപ്രദവുമാക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചാലും:

ഓരോ ദിവസവും കുറഞ്ഞത് രണ്ടു ഭക്ഷണമെങ്കിലും കുട്ടികളോടൊന്നിച്ചിരുന്നു കഴിക്കണം. ഊഷ്മള സ്നേഹത്തിന്‍റെ വൈകാരിക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഹൃദ്യനിമിഷങ്ങളാകണം ഭക്ഷണസമയം. ഭക്ഷണം നല്‍കിയ ദൈവത്തിനും അതൊരുക്കിയ മാതാപിതാക്കള്‍ക്കും നന്ദിപറയാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ഭക്ഷണം പാഴാക്കുന്നശീലം സ്നേഹപൂര്‍വ്വം തിരുത്തണം.
കുട്ടികളുടെ പാത്രങ്ങള്‍ അവര്‍ തന്നെ കഴുകി ജോലിയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ അവരെ അനുവദിക്കണം.
അടുക്കളജോലിയില്‍ കുട്ടികളെ പങ്കെടുപ്പിക്കണം. അവരുടെ പാചകത്തെ പ്രോത്സാഹിപ്പിക്കണം. കുറ്റം പറഞ്ഞ് നിരുത്സാഹപ്പെടുത്തരുത്. കുട്ടി ഷെഫുമാര്‍ കാര്യങ്ങള്‍ പഠിക്കട്ടെ.
ഓരോ ദിവസവും അഞ്ചു പുതിയ ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കാനും അത് നോട്ട് ബുക്കില്‍ എഴുതിവയ്ക്കാനും പ്രോത്സാഹിപ്പിക്കണം. പദസമ്പത്ത് പണസമ്പത്തിനേക്കാള്‍ മൂല്യമുള്ളതാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം.

കുട്ടികള്‍ക്കിടയിലെ കളിയും കലഹങ്ങളുമൊക്കെ വ്യക്തിത്വ വികാസത്തിന്‍റെ അനുകൂല ചേരുവകളാണ്.  എല്ലാത്തിലും മാതാപിതാക്കള്‍ കയറി ഇടപെട്ട് പ്രശ്നം സെന്‍സേഷണലാക്കേണ്ട കാര്യമില്ല. പിണങ്ങാനും ഇണങ്ങാനും കുട്ടികള്‍ സ്വയം പഠിക്കട്ടെ. പ്രശ്നം മഹായുദ്ധമാകുമ്പോള്‍ മാത്രം മാതാപിതാക്കള്‍ ഇടപെട്ടാല്‍ മതി.
കുട്ടികള്‍ അയല്‍ക്കാരുമായി സൗഹൃദബന്ധം നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണം. പരിമിതികളും മുള്ളുകളുമുള്ള അയല്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ പഠിക്കുന്നത് ഭാവിയിലെ സോഷ്യല്‍ അഡ്ജസ്റ്റ് മെന്‍റിന്  സഹായകമാണ്.
ഗ്രാന്‍റ് പേരന്‍റ്സുമായി സമയം ചിലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാക്കണം. മുത്തശ്ശനും മുത്തശ്ശിക്കും മാത്രം കൊടുക്കാന്‍ കഴിയുന്ന കരുതലിന്‍റേയും സുരക്ഷിതബോധത്തിന്‍റെയും ആത്മഹര്‍ഷത്തിന്‍റേയും ചേരുവകള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാകരുത്. വൃദ്ധരെ ആദരിക്കാന്‍ ഇന്നു കുട്ടി പഠിച്ചാല്‍ നാളെ നമ്മള്‍ വാര്‍ദ്ധക്യത്തില്‍ ചുവടുവയ്ക്കുമ്പോള്‍ സ്നേഹാദരവുകളുടെ ഓഹരി നമുക്കും തന്നേക്കാം.
സാധിക്കുമെങ്കില്‍ നിങ്ങളുടെ ജോലി സ്ഥലത്ത് കുട്ടികളെ കൊണ്ടു പോകുന്നത് നല്ലതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ എത്ര കഷ്ടപ്പെടുന്നുണ്ടെന്നും നിങ്ങള്‍ നല്‍കുന്ന പണത്തിന്‍റെ മൂല്യമെത്രയെന്നും കുട്ടികള്‍ മനസ്സിലാക്കാന്‍ ഇത്തരം സന്ദര്‍ശനം സഹായിക്കും.
നാട്ടിലെ കലാപരിപാടികളും ആഘോഷങ്ങളും ദേശീയോത്സവങ്ങളും കൂട്ടായ്മകളും കുട്ടികളോടൊപ്പം പങ്കെടുക്കണം. കുപ്പിയിലിട്ടു വളര്‍ത്തുന്ന കുട്ടികള്‍ സാമൂഹ്യ ബന്ധത്തിന്‍റെ ഊഷ്മളത അനുഭവിക്കാന്‍ കഴിയാത്ത ചുറ്റുമതില്‍ വ്യക്തിത്വത്തിനുള്ളില്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആയിപ്പോവും.

അടുക്കളത്തോട്ടം തയ്യാറാക്കാനും പരിപാലിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.പ്രകൃതിയും വൃക്ഷങ്ങളും ജീവജാലങ്ങളും ജീവിതത്തിന്‍റെ ഭാഗമാണെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. മണ്ണിന്‍റെ മണവും സസ്യജാലങ്ങളുടെ സ്പന്ദനങ്ങളുമൊക്കെ അവര്‍ അനുഭവിച്ചറിയട്ടെ. കോണ്‍ക്രീറ്റ് കൊട്ടാരത്തിനുള്ളിലെ വിചിത്ര ജീവികളായി വളരുന്ന കുട്ടികള്‍ക്ക് പ്രകൃതിയും മനുഷ്യനുമായി പരസ്പര വ്യവഹാരത്തിനുള്ള സംവേദനശക്തിയുണ്ടാവില്ല.
മാതാപിതാക്കളുടെ ബാല്യകാല വിശേഷങ്ങളും കുടുംബചരിത്രങ്ങളുമൊക്കെ കുട്ടികളുമായി പങ്കുവയ്ക്കണം. കുടുംബമൂല്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും ചിന്തകളുടെ വേരുകളിറങ്ങി ആദര്‍ശദര്‍ശനങ്ങള്‍ രൂപപ്പെടാന്‍ ഇതു സഹായിക്കും. NB. സ്വന്തം കഴിവിന്‍റേയും നേട്ടത്തിന്‍റെയും പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കരുത്. 

കുട്ടികളെ കളിക്കാന്‍ വിടണം. മണ്ണും ചെളിയും ദേഹത്ത് പുരളട്ടെ, കളിച്ചു വീണ് മുറിവേല്‍ക്കട്ടെ, വേദനിക്കട്ടെ. സോഫാകുഷ്യനില്‍ മടിയരായിരുന്നു അലസവ്യക്തിത്വം രൂപപ്പെടുന്നതിനേക്കാള്‍ നല്ലതാണ് കളിക്കളത്തിലിറങ്ങുന്നത്.
ധാര്‍മ്മിക ബോധവും പൗരധര്‍മ്മവും വിവരിക്കുന്ന ചിത്രകഥകളും  കഥാപുസ്തകങ്ങളും കുട്ടികള്‍ക്കു നല്‍കുന്നതും ജീവിതമൂല്യങ്ങളെപറ്റി ചര്‍ച്ച ചെയ്യുന്നതും മോറല്‍ ഡെവലപ്മെന്‍റിന ് സഹായകമാണ്.

ടി.വി, മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയകളെ കഴിയുന്നതും ഒഴിവാക്കാന്‍ സ്നേഹപൂര്‍വ്വം കുട്ടികളെ നിര്‍ബന്ധിക്കണം. കുട്ടികളുടെ സഹകരണത്തോടെ ഇന്‍റര്‍നെറ്റ് മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ക്രീം കേക്കുകള്‍, ചോക്കലേറ്റുകള്‍, ചിപ്സ്, സോഡാഡ്രിംങ്സ്, പപ്സ്, സമൂസ തുടങ്ങിയ അനാരോഗ്യഭക്ഷണങ്ങള്‍ക്ക് അഡിക്ട് ആകാതിരിക്കാന്‍ സൂക്ഷിക്കണം.
ദൈവം തന്ന അമൂല്യ സമ്മാനങ്ങളായ കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കി ദൈവത്തിന് ഒരായിരം നന്ദി പറയണം. അനുഗ്രഹവും അവകാശവും സൗജന്യ ദാനവുമായി തന്ന ഈശ്വരന്‍റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതബോധത്തോടെ വളര്‍ന്നു വരുവാന്‍ തക്ക പരിപാവനദേവാലങ്ങളാകണം ഭവനങ്ങള്‍. മാതാപിതാക്കളിലെ ആസക്തിയും പരസ്യയുദ്ധങ്ങളും കുട്ടികളുടെ വ്യക്തിത്വ വികാസവും വൈകാരിക സന്തുലിതാവസ്ഥയും തടസ്സപ്പെടുത്തുന്ന പ്രതികൂല ഘടകങ്ങളാണ് - നോട്ട് ദ പോയിന്‍റ്.
ഇന്ന് കുട്ടിയോടൊപ്പം ചിലവഴിക്കുന്ന സമയങ്ങള്‍ നാളെകളിലെ അവരുമായുള്ള ആത്മബന്ധത്തിന്‍റെ അടിത്തറയാണ്. സ്നേഹത്തിന്‍റെ സൂപ്പര്‍ സ്ട്രക്ചര്‍ പണിയാന്‍ ഇത്തരം ഭദ്രമായ അടിത്തറ വേണം. ഇന്നത്തെ ജീവിത തിരക്കിനിടയിലും കുട്ടികള്‍ക്ക് സ്നേഹത്തിന്‍റെയും ഓഹരികൊടുത്താല്‍ മക്കള്‍ ഭാവിയില്‍ നന്ദിയും കടപ്പാടുമുള്ളവരായിരിക്കും.
ഗുഡ് വിഷസ് ഫോറെ മാര്‍വലസ് വെക്കേഷന്‍!