Monday, February 18, 2019

സ്റ്റേജ് ഫോര്‍ ചര്‍ച്ചസ്

തട്ടേമ്മേ പള്ളിവികാരി സൈമണച്ചന്‍ കാര്യവിചാരകത്വവും നീതിബോധവും കര്‍ത്താവിനോട് സമര്‍പ്പണവുമുള്ള വ്യത്യസ്തനായ ഒരു ഇടയനാണ്. 
ഇടയത്വ ശുശ്രൂഷ തുടങ്ങി വര്‍ഷം ഒന്നു കഴിയുമ്പോഴേക്കും ഹൃദയം കടുകട്ടി ഗ്രാനൈറ്റ് ആകുന്ന ചടങ്ങ് അച്ചന്‍മരില്‍ നിന്നും വ്യത്യസ്തനാണ് ഈ റവറന്‍റ്.
വളരെയധികം പള്ളി പ്രമാണികളും വെള്ളിക്കട്ടന്‍മډാരുമുള്ള തട്ടേമ്മേ പള്ളിയിലെ ആടുകളേയും മുട്ടാടുകളേയും അനുസരണത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി നടത്തുന്ന സമര്‍പ്പിത ഇടയനാണീ പാതിരി.

സംഭവ ദിവസം ലൂക്കോസ് 18:18 മുതലുള്ള വേദഭാഗത്തില്‍ നിന്ന് വചനശുശ്രൂഷ നടത്തുകയായിരുന്നു അച്ചന്‍. 'നിനക്കുള്ളതൊക്കെ വിറ്റ് ദരിദ്രര്‍ക്ക് പങ്കിട്ടുകൊടുത്ത് എന്നെ അനുഗമിക്ക' എന്ന ഭാഗം വായിച്ച് അച്ചന്‍ വികാരാധീനനായി. എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും താളടിയായി കുഴഞ്ഞു വീണു. അബോധതലങ്ങളുടെ അഗാധങ്ങളിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്ന അച്ചനെ രണ്ടു കരങ്ങള്‍ പിടിച്ചുയര്‍ത്തി. കണ്ണു തുറന്നപ്പോള്‍ സ്നിഗ്ദ്ധ സുന്ദരമായ പുഞ്ചിരിയോടെ നില്‍ക്കുന്ന ആണിപ്പാടുള്ള കര്‍ത്താവിന്‍റെ കരങ്ങളിലാണച്ചന്‍.
 
'എന്താ ഫാദറെ വല്ലാതെ സെന്‍റിയായി പോയല്ലോ, ക്യാ ഹുവാ?'

'ക്ഷമിക്കണം കര്‍ത്താവേ, അങ്ങയുടെ തിരുവചനത്തിന്‍റെ മര്‍മ്മം ഹൃദയത്തില്‍ ശൂലമായി വന്നു തറച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.'

'കൊള്ളാം, വചനം ഹൃദയത്തെ തൊടാതെ പാടുകയും പറയുകയും ചെയ്യുന്ന ജനകോടികള്‍ക്കിടയില്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കുന്നവരുമുണ്ടാകുന്നത് സന്തോഷമാണ്. ഐസിയുവിന് പുറത്തിരുന്ന് അപ്സെറ്റായി കൂട്ടംകൂടിയിരിക്കയാണ.'

'അല്ല ഞാന്‍ വിട്ടു പിരിഞ്ഞ് കര്‍ത്താവിനോട് കൂടെ ആയോ?'

'ഡോണ്‍ഡ് വറി, യു ആര്‍ സ്റ്റില്‍ എലൈവ്. വാട്സ് യുവര്‍ കണ്‍സേണ്‍?'

'ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ നിത്യതയും ഉപേക്ഷിച്ച് അങ്ങയുടെ മുമ്പില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങിയ ധനവാനെപ്പോലെയാണ് ഇന്ന് സഭകള്‍. അതോര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവരാജ്യം പ്രസംഗിക്കാനും രോഗികള്‍ക്ക് സൗഖ്യം വരുത്തുവാനും ശിഷ്യരെ അയച്ചപ്പോള്‍ വഴിക്ക് വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്, രണ്ടുടുപ്പും അരുത് എന്നു പറഞ്ഞ് വിട്ടതല്ലെ ഞങ്ങളെ? '

'യെസ്, യു ആര്‍ റൈറ്റ്'

'കര്‍ത്താവിനറിയാലോ ന്‍റെ സഭയുടെ ഇപ്പോഴത്തെ ആസ്തി. റിലയന്‍സിനും ടാറ്റയ്ക്കും മേലെ രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലാണ് എന്‍റെ സഭ. സ്ഥാപനങ്ങളുടെ ആസ്തി മാത്രം 3 ലക്ഷം കോടിക്കു മുകളില്‍. സഭയ്ക്ക് കീഴിലുള്ളത് പതിനൊന്നായിരം സ്ഥാപനങ്ങള്‍. രാജ്യത്തിനകത്തും പുറത്തും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സഭയുടെ ഭൂമിയുടെ വിപണി മൂല്യം പോലും ശതകോടികള്‍ വരും. വിശ്വാസം എന്നത് ദൈവവിശ്വാസമോ വിശ്വാസികളുടെ ഉന്നമനമോ അല്ല. പുരോഹിത-പള്ളിപ്രമാണി വര്‍ഗ്ഗത്തിന്‍റെ സമാന്തര ഭരണകൂടമാണ്. ഇത് ഒരു സഭയുടെ മാത്രം കാര്യം. ആയിരക്കണക്കിനാണ് സഭകള്‍. ശവമുള്ളേടത്ത് ഓടിക്കൂടുന്ന കാപാലകഴുകന്‍മാര്‍ പണത്തിനും പദവിക്കും സ്വത്തിനും വേണ്ടി പരസ്പരം കൊത്തിക്കീറുകയാണ്. കേസുപറഞ്ഞും അടിപിടി നടത്തിയും അങ്ങയുടെ നാമം അപഹാസ്യമാക്കുകയാണ് വയ്യ കര്‍ത്താവേ! എനിക്കു വയ്യ.'
'പറഞ്ഞോളൂ.'
'ഇത്രയും സമ്പന്നമായ സഭകളില്‍ വീടില്ലാത്തവരും ഡെയ്ലിബ്രഡിനു വകയില്ലാത്തവരും പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടാന്‍ കഴിവില്ലാത്തവരും നിത്യരോഗികളും ദരിദ്രരും വിധവമാരും കോടിക്കണക്കിനുണ്ട്. അവരിന്നും വഴിപാടിടുന്ന സമര്‍പ്പിതരുമാണ്. ഒരിക്കലും വഴിപാടിടാത്തവര്‍ അതുകൊണ്ടു ധൂര്‍ത്തടിക്കുമ്പോള്‍ ഈ ചെറിയവരെ ഓര്‍ക്കുന്നില്ല. ആര്‍ത്തിപണ്ടാരങ്ങളായ സാദൂക്യരും പരീശ-ശാസ്ത്രിമാരും പുരോഹിതډാരും ഒത്തു ചേര്‍ന്നു വിശുദ്ധസ്ഥലത്ത് മ്ലേച്ഛത സൃഷ്ടിക്കുന്നുٹ മനുഷ്യഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ട സഭ, കല്ലിലും മരത്തിലും പണത്തിലും പദവിയിലും പാരമ്പര്യത്തിലും ആള്‍ദൈവങ്ങളിലും പുതുക്കിപണിതതിന്‍റെ ദുരന്തങ്ങളാണിതൊക്കെ. സ്റ്റേജ് ഫോര്‍ രോഗാവസ്ഥയിലായ സഭയെ സൗഖ്യമാക്കാന്‍ സ്വര്‍ഗ്ഗീയ വൈദ്യനായ അങ്ങേയ്ക്കു മാത്രമേ കഴിയൂ.' 
'ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടം ഇപ്പോഴുമുള്ളത് സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷമാണ്. ഡിവൈന്‍ ഗവണ്‍മെന്‍റ് കാലത്തികവില്‍ കാര്യങ്ങളൊക്കെ യഥാസ്ഥാനപ്പെടുത്തും. റവറെന്‍റ് സമാധാനത്താലെ പോയി ദൈവരാജ്യത്തിന്‍റെ സുവേശേഷം ധൈര്യമായി പ്രസംഗിച്ചോളൂ.  കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഞാനെന്നും കൂടെയുണ്ടാകും. ടേക്ക് കെയര്‍, ഓള്‍ ദി ബെസ്റ്റ്!'

Tuesday, February 12, 2019

സ്വപ്നം വിരിയും മനസ്സ്



ഉല്‍പത്തി പുസ്തകം 37-ാം അദ്ധ്യായത്തില്‍ പ്രതീകാത്മകങ്ങളായ സ്വപ്നങ്ങളിലൂടെ തന്‍റെ ജീവിതത്തില്‍  ദൈവം നിവര്‍ത്തിക്കാന്‍ പോകുന്ന കാര്യങ്ങളെപറ്റിയും മഹത്വത്തിലേക്ക് ചുവടുവയ്ക്കുന്നതിനെപറ്റിയും  വെളിപ്പെടുത്തികൊടുത്തു.
തന്‍റെ കുടുംബത്തേയും ജനങ്ങളെയും കഠിന ക്ഷാമങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നിയോഗം ബാലനായ ജോസഫിനെ ഭരമേല്‍പിക്കുന്നതിനെപറ്റിയുള്ള ദര്‍ശനമായിരുന്നു ആ സ്വപ്നം.
    ജോസഫ് കണ്ട കൗതുകസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ചില കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ ചുവടുവയ്ക്കേണ്ടി വന്നു. സഹോദരന്‍മരുടെ അസൂയ, വഞ്ചന, ഈജിപ്റ്റിലെ അടിമ ജീവിതം, കാരാഗ്രഹവാസം..അങ്ങനെയങ്ങനെ തന്‍റെ സ്വപ്ന ദ്വീപിലെത്താന്‍ ജോസഫ് നീന്തിക്കടന്ന അഗ്നിക്കടലുകളനവധി.

എല്ലാ കഠിന സഹനങ്ങള്‍ക്കു പിന്നിലും ഒരു മഹത്വം ഒളിച്ചു വച്ചിട്ടുണ്ടെന്നും തളരാതെ മുന്നോട്ടു പോകണമെന്നുമൊക്കെ സ്വപ്നങ്ങള്‍ കണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മനസ്സിലാക്കിയത്. ജോസഫിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഈജിപ്റ്റിലെ രണ്ടാമത്തെ പവര്‍ഫുള്‍ സെലിബ്രിറ്റിയുമായി.
 തന്നെ പൊട്ടകുഴിയിലെറിഞ്ഞ ് അടിമയായി വിറ്റ ചേട്ടന്‍ മരുടെ മുമ്പില്‍ ജോസഫ് ഉന്നതാധികാരിയായി നിന്നപ്പോള്‍ അവര്‍ ഭയന്നു വിറച്ചു. തങ്ങളുടെ കഥ കഴിഞ്ഞെന്ന് അവര്‍ തീരുമാനിച്ചു.
ജോസഫ് പറഞ്ഞു 'ഹലോ ചേട്ടന്‍സ്, നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെ ശിക്ഷിക്കാന്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്തൊന്നുമല്ലല്ലോ. നിങ്ങള്‍ എന്‍റെ നേരെ ദോഷം വിചാരിച്ചു. ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീര്‍ത്തു.'
തന്‍റെ ജീവിതത്തിലെ സഹനങ്ങളെല്ലാം ദൈവം നന്‍മയായി രൂപാന്തരപ്പെടുത്തി എന്നാണ് ജോസഫിന്‍റെ 'തിയോളജി ഓഫ് സഫറിംഗ് തിയറി'.

 കഠിനപ്രയത്നം കൊണ്ട് വിദ്യാര്‍ത്ഥി വിജയം നേടുന്നതും തളരാതെ ഓടി ഓട്ടക്കാരന്‍ ആദ്യം ഫിനിഷിംഗ്പോയിന്‍റിലെത്തുന്നതും മണിക്കൂറുകളുടെ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ സര്‍ജന്‍ ജീവന്‍ രക്ഷിക്കുന്നതും വേദനയുടെ അഗ്നിക്കടല്‍ നീന്തി അമ്മ കുഞ്ഞിന് ജന്‍മo കൊടുക്കുന്നതുമൊക്കെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമുമ്പുള്ള കഠിന സഹനങ്ങളാണ്. സഹനത്തിന്‍റെ തീച്ചൂളയിലാണ് സ്വപ്നങ്ങള്‍ അഗ്നിപുഷ്പങ്ങളായി  വിരിയുന്നത്.
ദൈവത്തിന് ഓരോരുത്തരെപറ്റിയും ഓരോ പദ്ധതികളുണ്ട്. അത് നമ്മുടെ ജീവിതത്തെ പറ്റി നാം കാണുന്ന മോഹസ്വപ്നങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
എഫെ. 2:10 'നാം അവന്‍റെ കൈപ്പത്തിയായി സല്‍പ്രവൃത്തികള്‍ക്കായിട്ട് ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.'

1 പത്രോ. 4:10 'ദൈവകൃപയുടെ നല്ല ഗൃഹവിചാരകനായിരിപ്പാന്‍ ഓരോരുത്തനും വരം ലഭിച്ചിരിക്കുന്നു.'

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജോസഫിനെപ്പോലെ മുള്ളും കല്ലും നിറഞ്ഞ വഴിയിലൂടെ ആദ്യം നടക്കേണ്ടി വരും. പ്രതികൂലതകള്‍ കണ്ടു പിന്‍തിരിഞ്ഞോടുന്നവര്‍ക്കും വഴിമാറിപ്പോകുന്നവര്‍ക്കും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റില്ല. മനസ്സിന്‍റെ മെഗാസ്ക്രീനില്‍ കണ്ടു രസിക്കുവാനുള്ളതല്ല, യാഥാര്‍ത്ഥ്യമാക്കുവാനുള്ളതാണ് സ്വപ്നങ്ങള്‍. അതിന് ഫീല്‍ഡില്‍ ഇറങ്ങണം. ദൈവം സെറ്റു ചെയ്തിരിക്കുന്ന ഇടുങ്ങിയ വഴിയെത്തന്നെ നടക്കണം. കുറുക്കുവഴികളും ഷോര്‍ട്ട്കട്ടും അനുവദനീയമല്ല സുഹൃത്തെ.

കുട്ടികളെ പറ്റി വ്യാമോഹ സ്വപ്നങ്ങള്‍ കാണുവാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിനുള്ള അഭിരുചി അവര്‍ക്കുണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം. മാതാപിതാക്കളുടെ അതിമോഹസ്വപ്ന സാക്ഷാത്ക്കാരത്തിനായി മരുഭൂയാത്ര നടത്തുന്ന കുട്ടികള്‍ ഒടുവില്‍ നിരാശരായി, നിഷേധികളായി എങ്ങും എത്താതെ പോകാറുണ്ട്. സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കുട്ടികളെ അനുവദിക്കൂ, പേരന്‍സേ!

മാതാപിതാക്കളുടെ സ്വാര്‍ത്ഥ സ്വപ്നങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിചിത്രവുമായ സ്വപ്നം കാണുന്ന കുട്ടികളെ അടിച്ചമര്‍ത്തരുത് . സാധാരണക്കാര്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്ഥമായ സ്വപ്നങ്ങള്‍ കാണാനും അത് കഠിന പ്രയത്നങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കാനും ചില കുസൃതിക്കുരുന്നുകള്‍ പരിശ്രമിച്ചതുകൊണ്ടും അതിനവരെ മാതാപിതാക്കള്‍ അനുവദിച്ചതുകൊണ്ടുമാണ് കലാസാംസ്കാരിക ശാസ്ത്രസാങ്കേതികമേഖലകളില്‍ പല അത്ഭുതങ്ങള്‍ വിരിയാനും വിടരാനും ഇടയായത്. കുട്ടികള്‍ ദൈവത്തിന്‍റെ സ്വപ്നങ്ങളാണ്. നോട്ട് ദ പോയിന്‍റ്.

സ്വയവും സ്വന്തവും സ്വത്തും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുവാന്‍ തയ്യാറായ സമര്‍പ്പിതരുടെ രക്തവും വിയര്‍പ്പുമാണ് സഭയുടെ പണിക്ക് മുതല്‍ക്കൂട്ടായത്. അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു വേണ്ടി കണ്ട ഭൗതീക സ്വപ്നങ്ങളേക്കാള്‍ വിഭിന്നമായി സ്വര്‍ഗ്ഗരാജ്യത്തെ പറ്റിയുള്ള അനന്ത സ്വപ്നങ്ങള്‍ കാണാനും അതിനായി സഹനത്തിന്‍റെ വഴിയേ നടക്കാനും അവര്‍ തയ്യാറായപ്പോള്‍ സമര്‍പ്പിത സഹദേന്‍മാരായി. കംഫര്‍ട്ട് സോണില്‍ പരമസുഖജീവിതം അനുഭവിക്കുന്ന ഇന്നത്ത കുട്ടികള്‍ ഇതുപോലെ റിസ്കുള്ള സ്വപ്നം കാണുമെന്നു തോന്നുന്നില്ല. അവര്‍ക്ക് ത്യാഗസ്വപ്നങ്ങള്‍ കാണുവാനുള്ള ആത്മീയ മോഡലുകളും അന്യംനിന്നുപോയിരിക്കുന്നു!

ജീവിത പങ്കാളിയെപറ്റി സ്വാര്‍ത്ഥവും അപ്രായോഗികവുമായ സ്വപ്നങ്ങള്‍ കാണുന്നവരും അത് യാഥാര്‍ത്ഥ്യമാക്കാന്‍ പടവെട്ടുന്നവരും ശ്രദ്ധിക്കുക: അവരെപറ്റി ദൈവത്തിന് ചില സ്വപ്നങ്ങളുണ്ട്. അതിനുള്ള വ്യക്തിത്വ പ്രത്യേകതകളോടെയാണ് അവരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. അവരെ അവരായി അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ ദാമ്പത്യം സൗഹൃദപൂര്‍ണ്ണമാകും. അവരിലൂടെ വിരിയുന്ന ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ കുടുംബത്തിനും തലമുറയ്ക്കും മുതല്‍ക്കൂട്ടാകും.

'നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെ ക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു. അവ തിന്‍മക്കല്ല നന്‍മക്കത്രെയുള്ള നിരൂപണങ്ങള്‍ എന്നു യെഹോവയുടെ അരുളപ്പാട് - യിരെമ്യ. 29:11