Thursday, October 1, 2020

Mighty Patience

 ദൈവത്തിന്റെ കൃപാവരങ്ങളിൽ വളരെ വിശിഷ്ടവും ശ്രേഷ്ഠവുമാണ്‌ സൗമ്യതയും   ദീർഘക്ഷമയുമൊക്കെ. ഈ വിശിഷ്ടതാലന്ത് രണ്ടും അഞ്ചും കിട്ടിയവരോട്  അത്യാദരവാണെനിക്കുള്ളത്. ഒരുപക്ഷേ ക്ഷമാശീലത്തിൽ ഞാൻ വളരെ ദുർബലനായതുകൊണ്ടായിരിക്കാം ധന്യരായ ക്ഷമാശീലരോട്  ബഹുമാനതോന്നുന്നത്.

ജനഹൃദയങ്ങളെ സ്വാധീനിക്കാനും ഹൃദയ കാഠിന്യമുള്ള കുടുംബാംഗങ്ങളുടെ മനോഭാവത്തിൽ അനുകൂല മാറ്റമുണ്ടാക്കാനും ക്ഷമാശീലർക്ക് സാധിക്കും.

അതിസങ്കീർണമായ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ക്ഷമ കൈവിടാതെ ആത്മ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നവർക്ക് സുഹൃത്തുക്കളെ നേടുവാനും ശത്രുക്കളുടെപോലും സ്നേഹം പിടിച്ചുപറ്റാനും സാധിക്കും.

അനന്ത സാധ്യതകളും മാസ്മര ശക്തിയുമുള്ള പരിശുദ്ധാത്മാവിന്റെ  വരദാനമാണ് ക്ഷമ.

ക്ഷമാശീലം ഒരു മിറക്കിൾ പവർ ആണെന്ന് പറയാൻ പല കാരണങ്ങളുണ്ട്:

1.  പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നിയന്ത്രണം കൈവിട്ടുപോകാതെ ചുമതലകൾ നിറവേറ്റാൻ ക്ഷമാശീലർക്ക് സാധിക്കും.

പല സങ്കീർണ സാഹചര്യങ്ങളെയും വിജയകരമായി അഭിമുഖീകരിക്കാൻ നമുക്കു കഴിഞ്ഞത് ദീർഘക്ഷമയോടെയുള്ള  സമീപനം കൊണ്ടാണ്. അതുപോലെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യങ്ങളിലാണ് നമ്മുടെ സാക്ഷ്യവും മാന്യതയും വിശ്വസ്തതയുമൊക്കെ നഷ്ടപ്പെട്ടുള്ളത്.

'മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു' എന്ന സദൃശ്യവാക്യത്തിലെ ഉപദേശം ശ്രദ്ധേയമാണ്. (സദൃശ്യവാക്യങ്ങൾ  15 :18).

2. ദീർഘക്ഷമയുള്ള ലീഡേഴ്സ് ജനപ്രിയ നായകരാകും. അവർക്കു  ജനഹൃദയങ്ങളിൽ മതിപ്പും വിശ്വാസ്യതയുമുണ്ടായിരിക്കും. നേതൃത്വം വളരെ വിഷമം പിടിച്ച നിയോഗമാണ്. അറിവും അതിസാഹസികതയുമല്ല,  ശാന്തതയും സൗമ്യതയും

കരുണയും പൊസീറ്റിവ് മനോഭാവങ്ങളുമാണ് നേതൃത്വ വിജയത്തിന്റെ രഹസ്യം.

'ക്‌ഷമകൊണ്ട്‌ ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന്‌ കടുത്തഅസ്‌ഥിയെപ്പോലും ഉടയ്‌ക്കുവാനുള്ള കരുത്തുണ്ട്‌.'

(സുഭാഷിതങ്ങള്‍ 25:15).

3. ശത്രുക്കൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ക്ഷമ.

ജോലിയിലും ഇടയത്വ  ശുശ്രൂഷയിലും രാഷ്ട്രീയത്തിലുമൊക്കെ എത്രനല്ല നേതാവായാലും കുറെ ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമുന്നത നേതാക്കളായിരുന്ന മോശയും ക്രിസ്തുവുമൊക്കെ ഈ എതിർപ്പിനെ ക്ഷമയോടെ നേരിട്ടവരാണ്. വ്യക്തിത്വ വൈകല്യമുള്ള സിനിക് മനോഭാവക്കാരുടെ വിമർശനത്തിനും പരാതിക്കുമൊക്കെ പ്രതികരിക്കാൻ പോയാൽ ദൈവം ഏൽപ്പിച്ച നമ്മുടെ നിയോഗം പ്രതിസന്ധിയിലാകും. നെഹമ്യാവിനെപ്പോലെ ആളുകളുടെ ഗോസിപ്പുകൾ ശ്രദ്ധിക്കാതെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന നിയോഗങ്ങളിൽ മനസ്സുറപ്പിച്ച് മുന്നോട്ടു പോകുമ്പോൾ ശത്രുക്കൾ നിശ്ശബ്ധരായി പിന്മാറും.

പരിശുദ്ധാത്മാവിന്റെ  സാക്ഷ്യമുള്ള സാന്നിധ്യം വെളിപ്പെടുത്തുന്ന സൽഗുണമാണ് ദീർഘക്ഷമയെന്നാണ് പൗലോസ് അപ്പോസ്തോലന്റെ അഭിപ്രായം:

'ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌'- (ഗലാത്യർ  5 : 22-23)

ലോകം ഇളകി മറിയുമ്പോഴും ജനക്കൂട്ടം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുമ്പോഴും ജഡരക്തങ്ങളുമായുള്ള യുദ്ധം തുടരുമ്പോഴും ക്ഷമാശീലർ ശാന്തരായി,  സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ദൈവത്തിന്റെ ദീർഘക്ഷമ മുഖാമുഖമായി ലോകം കണ്ടത് ക്രിസ്തുവിന്റെ ക്രൂശ് ചുമന്നുള്ള സഹന യാത്രയിലാണ്. പരിഹാസവും പീഡനങ്ങളും മുഖത്ത് തുപ്പലും മുൾക്കിരീടവും ചുമലിലെ ഭാരമേറിയ കുരിശും ദൈവത്തിന്റെ ദീർഘക്ഷമയുടെ മുമ്പിൽ അപ്രസക്തവും  നിഷ്പ്രഭവുമായി.  ശത്രുക്കൾക്ക് പാപക്ഷമ നൽകിയ ക്രൂശിലെ പ്രാർത്ഥന ദൈവത്തിന്റെ  ദീർഘക്ഷമയുടെ  അനന്ത സാധ്യതയാണ്.

രാoഷ്ട്രീയത്തിലും സഭയിലും കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും സമുന്നത നിയോഗങ്ങൾ നിറവേറ്റുവാൻ ദൈവം തിരയുന്നത്  വിവേകികളെയും ജ്ഞാനികളെയുമല്ല,  ക്ഷമാശീലരേയാണ്, ആത്മാവിന്റെ  ഫലങ്ങൾ വിളയുന്ന സൗമ്യക്ഷമാശീലരെ.

 ലഹരിആസക്തരും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായി വാഗ്വാദവും   ഏറ്റുമുട്ടലും നടത്തുന്നത്  അപകടമാണ്. ആത്മനിയന്ത്രണമില്ലാത്ത  മനസ്സാണിവരുടേത്. അവരോട് ഇടപെടുമ്പോൾ ക്ഷമ കൈവിടാതെ സൂക്ഷിക്കണമെന്നാണ് ക്രിസ്തുവിന്റെ ഉപദേശം:

'നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.'-( ലൂക്കോസ് 21:19).

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും. ഭൂമിയെ മാത്രമല്ല   നിത്യസൗഹൃദങ്ങളും ദൈവത്തിന്റെ പ്രത്യേക വാത്സല്യവും  നിത്യയും അവർ  അവകാശമാക്കും.