Friday, October 8, 2021

സ്‌ട്രെസ് ആൻഡ്‌ റിസൈലെൻസ്

 ലോകമെമ്പാടുമുള്ള മനുഷ്യസമൂഹത്തെ ഒരുപോലെ ഗ്രസിച്ചിരിക്കുന്ന കോവിഡ്‌ പകർച്ചവ്യാധി ഉണ്ടാക്കുന്ന പിരിമുറുക്കവും മനോസംഘർഷവും ടെൻഷനും ആകാംക്ഷയും നിയന്ത്രണാതീതമാണ്.

ആധിയും മനക്ലേശവും  മൂന്ന് പ്രതികൂല പ്രതികരണങ്ങളാണ് മനസ്സിലുണ്ടാക്കുന്നത് :
- വൻ ദുരന്തം സംഭവിക്കുവാൻ പോകുന്നു എന്ന ഭയം.
- ദുരന്ത സാധ്യതകളെ വളരെ അതിശയോക്തിപരമായി 
    ചിന്തിക്കുന്ന പ്രവണത.
-ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ ആശക്തരാണെന്ന നിസ്സഹായ
    ചിന്ത വർദ്ധിക്കും.

ഇത്തരം അതിരുകടന്ന ആകുല ചിന്തകളെ കുറെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും .

ആകുല ചിന്തകൾ മനസ്സിൽ ആഞ്ഞടിക്കുമ്പോൾ അവയെ അപ്പാടെ അംഗീകരിക്കുന്നതിന് പകരം യുക്തി ചിന്തകളോടെ നേരിടുന്നതാണ് ഏറ്റവും പ്രധാന സമീപനം. നിഷേധ ചിന്തകളെ അനുകൂല ചിന്തകൾ ആക്കി മാറ്റുവാനുള്ള കഴിവ് നമുക്കുണ്ട്. പക്ഷേ പലപ്പോഴും നാം അതിന് തയ്യാറാകാതെ ആകുല ചിന്തകളുടെ തിരകളിൽപ്പെട്ട് അസ്വസ്താരാകാറാണ് പതിവ്.
ആകുല ചിന്തകൾ മനസ്സിൽ കടന്നു വരുമ്പോൾ അനുകൂല ചിന്തകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം ആകാംഷ കുറേക്കുവാൻ അത്‌ സഹായകമാകും.

ഇതിന് നമ്മൾ നമ്മളോട് പറയേണ്ട ചില കാര്യങ്ങളുണ്ട് :

പ്രതികൂല ചിന്തകൾ ചൂണ്ടിക്കാണിക്കുന്ന ദുരന്തങ്ങൾ യാഥാർത്ഥ്യമാകുവാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

വലിയ ദുരന്തങ്ങളെപറ്റി വളരെയധികം ആകാംഷപ്പെടാറുണ്ടെങ്കിലും മിക്കപ്പോഴും ചെറിയ പ്രതിസന്ധികൾ മാത്രമായിരിക്കും സംഭവിക്കുക. വൻതിരകൾ തീരത്തണയുമ്പോൾ ദുർബലമാകുന്നതുപോലെ.

വ്യാകുലപ്പെടുന്നത് കൊണ്ട് ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ചിന്തകൾ വെറും ചിന്തകളാണ്. അതിന് സംഭവിക്കാൻ പോകുന്ന യഥാർഥ്യങ്ങളുമായി വലിയ ബന്ധമില്ല. നമ്മുടെ നിഗമനങ്ങൾ എപ്പോഴും ശരിയാകും എന്ന ചിന്താഗതി അബദ്ധമാണ്.

ഇതുപോലുള്ള യുക്തി ചിന്തകൾ വ്യാകുലചിന്തകൾക്കെതിരെയുള്ള ആന്റി ഡോട്ട് ആയി പ്രവർത്തിക്കുകയും ടെൻഷൻ കുറയുകയും ചെയ്യും.

ലൂക്കോസ് 12:25-26
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?

മറ്റൊരു സമീപനം കൂടി സ്വീകരിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ പിരിമുറുക്കവും ഭയവും ഉണ്ടാക്കുന്ന അഞ്ച് ചിന്തകളെ ഒരു പേപ്പറിൽ എഴുതുക. ഓരോ ആകുല ചിന്തകളെയും പറ്റി ചില ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരം പേപ്പറിൽ എഴുതുകയും ചെയ്യുക.

1.  ഇപ്പോൾ ഭയപ്പെടുന്ന സാഹചര്യത്തെ  എങ്ങനെ വ്യത്യസ്തമായി കാണുവാൻ കഴിയും? ഉദാഹരണമായി മഹാ വ്യാധികൾ ജീവന് അപകടം ആണെന്നു ഭയപ്പെടുത്തുന്ന ചിന്തകൾ എല്ലാവർക്കുമുണ്ട്. അതിനുള്ള പോസിറ്റീവ് മറുപടി : സുരക്ഷാ നടപടികളും വാക്സിനേഷനും അപകടസാധ്യത കുറയ്ക്കും, അത്രയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ല  എന്നാണ്.

2. ഭയപ്പെടുത്തുന്ന ദുരന്തം സംഭവിക്കാനുള്ള സാധ്യത എത്രമാത്രമുണ്ട്?

3.  ഭയപ്പെടുന്ന സാഹചര്യം സംഭവിക്കുമെന്നതിന്  എന്തെങ്കിലും തെളിവുണ്ടോ? അതോ വെറും ചിന്ത
    മാത്രമാണോ?

4. ഇത് എന്റെ വെറും തോന്നലും ഭയവും മാത്രമാണോ?

5. പണ്ട് ഇതുപോലുള്ള പ്രതികൂലസാഹചര്യങ്ങളെ എങ്ങനെയാണ് അഭിമുഖീകരിച്ചത്?

6. ഇപ്പോൾ ഭയപ്പെടുന്ന കാര്യങ്ങൾക്ക് അടുത്ത അഞ്ചു അഞ്ചുവർഷത്തേക്ക് എന്തെങ്കിലും
     പ്രസക്തിയുണ്ടോ?

പ്രതികൂല ചിന്തകളോട് ഭയാശങ്കകളോടെ പ്രതികരിക്കുന്നതിന് പകരം യാഥാർഥ്യബോധത്തോടെ, യുക്തിപരമായി സമീപിക്കുവാൻ നമ്മൾ കണ്ടെത്തുന്ന ഉത്തരങ്ങൾ മനസ്സിന് ധൈര്യവും ഉറപ്പുനൽകും.  അപ്പോൾ ആകുല ചിന്തകളുടെ ശക്തമായ വേലിയേറ്റവും മനസ്സിന്റെ മേലുള്ള നിഷേധ ചിന്തകളുടെ നിയന്ത്രണം ഒഴിവാക്കുവാനും കഴിയും.

നമ്മുടെ മനസ്സിലെ ഭയങ്ങൾക്ക് യാഥാർഥ്യവുമായി അധികം ബന്ധം ഉണ്ടാകണമെന്നില്ല.  അനുകൂല ചിന്തകൾ  മനസ്സിനെ ശാന്തമാക്കും. ആത്മധൈര്യത്തോടെ പ്രതികൂലതകളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ധൈര്യവും നൽകും. പുഴയുടെ അക്കരെ തൊടലിൽ കെട്ടിയിരിക്കുന്ന പട്ടിയെ നോക്കി, 'തൊടൽ എങ്ങും പൊട്ടിപ്പോയി, കടൽ എങ്ങും വറ്റിപ്പോയാൽ കടി പറ്റില്ലെ' എന്നു വ്യാകുലപ്പെടുന്ന  മനുഷ്യനെ പോലെയാണ് മിഥ്യഭയത്തിൽ അസ്വസ്ഥരാകുന്നവർ. ഇത് വൈകാരിക പ്രതിസന്ധി ഉണ്ടാക്കുന്ന വ്യക്തിത്വ വൈകല്യമാണ്. മുൻപറഞ്ഞ സമീപനങ്ങൾക്കു ശേഷവും ആകാംഷയും ഭയവും ആത്മനിയന്ത്രണത്തിന്റെ അതിരു കടക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം ആവശ്യമായേക്കാം.

നമ്മുടെ ജീവിതത്തിന്റെ സുരക്ഷിതത്വം നമ്മൾ പൂർണ്ണമായി ഏറ്റെടുത്താൽ പിന്നെ മനസ്സമാധാനത്തോടെ ജീവിക്കുവാനും ഉറങ്ങുവാനും നമുക്ക് കഴിയില്ല. പലരുടേയും പ്രശ്നം ഇതാണ്. അവരാണ് അവരുടെ ദൈവം. പ്രാർത്ഥിക്കുകയും ആത്മീയ അനുഷ്ഠാനങ്ങൾ നിവർത്തിക്കുകയും ചെയ്താലും കാര്യങ്ങളെല്ലാം തങ്ങളുടെ കയ്യിലും കഴിവിലും വിഭവശേഷിയിലും ആണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സമാധാനവും സുരക്ഷിതത്വബോധവും ഉണ്ടാവില്ല.
കരുതുകയും കാക്കുകയും ചെയ്യുന്ന ഒരു കർത്താവ് നമുക്കുള്ളപ്പോൾ 'മനമേ നീ എന്തിനാണ് വിഷമിക്കുന്നത്,  വ്യാകുലപ്പെടുന്നത്‌?'

മത്തായി 6:25-27
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

സദൃശ്യവാക്യങ്ങൾ 3:5-6
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ  നിന്റെ പാതകളെ നേരെയാക്കും;

1 പത്രൊസ് 5:7
അവൻ  നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

സങ്കീർത്തനങ്ങൾ 4:8
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.