Friday, September 20, 2019

മനസ്സേ ഉറങ്ങു

വൈകി കിടന്ന് വൈകി എഴുന്നേല്‍ക്കുന്ന ശൈലിയാണ് ന്യൂജെന്‍ യുവാക്കളുടേത്. രാവേറുന്നതു വരെ സൈബര്‍ സൈറ്റുകളിലും ലഹരി സദസുകളിലും വിഹരിക്കുന്നവര്‍ ചുരുക്കം മണിക്കൂറുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ശരീരമനസ്സുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മെയിന്‍റനന്‍സിനും അത്യാവശ്യ ഘടകമായ ഉറക്കം തടസ്സപ്പെടുത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഉറക്കകുറവുമൂലമുണ്ടാകുന്ന ആലസ്യം വളരെയധികം മോട്ടോര്‍ ആക്സിഡന്‍റിന് കാരണമാകാറുണ്ട്. 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ ഡ്രൈവിങ് സമയത്ത് ഉറങ്ങി പോകുന്നത് കൊണ്ട് അമേരിക്കയില്‍ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അപകടമുണ്ടാകുന്നുണ്ടത്രേ.
ഉറക്കകുറവ് ജോലിയിലെ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിദ്രാവിഹീനര്‍ ഗുരുതരമായ പബ്ലിക് സേഫ്ടി പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ദീര്‍ഘകാല ഉറക്കകുറവ് ഏകാഗ്രത, ഉണര്‍വ്വ്, സൃഷ്ടിപരമായ ചിന്ത, തീരുമാനമെടുക്കല്‍ എന്നിവയെ വികലമാക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മെമ്മറി ഫയലില്‍ മെച്ചമായി ആലേഖനം ചെയ്യപ്പെടാന്‍ ഉറക്കം അത്യാവശ്യമാണ.് രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പഠിക്കുന്ന പഠിപ്പിസ്റ്റുകള്‍ ജാഗ്രതൈ!
ഹൃദ്രോഗം, ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കു പിന്നില്‍ ഉറക്കകുറവും കാരണമാകാമെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 
ശ്വസനതകരാറുമൂലം ഉണ്ടാകുന്ന 'ആപ്നിയ' എന്ന ഉറക്ക തടസ്സം പുരുഷډാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ലവല്‍ കുറയാനും ലൈംഗിക താല്‍പര്യം മന്ദീഭവിക്കാനും കാരണമാകുമെന്ന് ക്ലിനിക്കല്‍ എന്‍റോക്രൈനോളജി ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലതരത്തിലുള്ള ഉറക്കകുറവ് വിഷാദാവസ്ഥക്ക് കാരണമാകാറുണ്ട്. വിഷാദവും ആകാംഷയും അധികമായ രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ ഉറക്കം 6 മണിക്കൂറില്‍ താഴെയാണെന്നു കണ്ടിട്ടുണ്ട്. വിഷാദരോഗത്തിന്‍റെ പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് ഉറക്കകുറവ്. 
ഉറക്കകുറവ് ചര്‍മ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിളറിയചര്‍മ്മം, വിങ്ങിവീര്‍ത്ത കണ്‍തടങ്ങള്‍, ചര്‍മ്മത്തിലെ ചുളിവുകള്‍ എന്നിവയ്ക്കു പിന്നില്‍ ഉറക്കകുറവും കാരണമാകാമത്രേ. ഉറക്കകുറവുമൂലം ശരീരം പുറപ്പെടുവിക്കുന്ന 'കോര്‍ട്ടിസോള്‍' എന്ന സ്ട്രെസ്സ് ഹോര്‍മോണുകളുടെ ആധിക്യവും ഗ്രോത്ത  ് ഹോര്‍മോണുകളുടെ അപര്യാപ്തതയും ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് തടസ്സമാകുമെന്നാണ് നിദ്രാരോഗങ്ങളെപറ്റി പഠിപ്പിക്കുന്ന ഡോ. ഫില്‍ശിഹര്‍മാന്‍റെ അഭിപ്രായം.
ദീര്‍ഘകാല ഉറക്കകുറവ് ഓര്‍മ്മശക്തിയെ വികലമാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഉറക്കകുറവു മൂലം ശരീരത്തിലെ പെപ്ടൈഡുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം മൂലം അമിത ഭക്ഷണം കഴിക്കാനും ശരീരഭാരം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ടത്രേ.
ഉറക്കം വച്ചുനേടുന്ന നേട്ടങ്ങള്‍ക്കും വിനോദങ്ങള്‍ക്കും കനത്ത വിലകൊടുക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിദ്രാഭംഗം ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മനോ-ശാരീരിക രോഗങ്ങള്‍ നിയന്ത്രിക്കുവാനും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം. ലഹരി സദസ്സുകള്‍ക്കും മീഡിയ എന്‍റര്‍ടെയിന്‍റ്മെന്‍റിനും വേണ്ടി ഉറക്കം നഷ്ടപ്പെടുത്തുമ്പോള്‍ ബയോളജിക്കല്‍ ക്ലോക്ക് താളം തെറ്റുകയും ശരീര മനസ്സുകള്‍ രോഗബാധിതമാവുകയും ചെയ്യും. 
ജീവിത സംഘര്‍ഷങ്ങളില്‍ മനസ്സ് ആടിയുലഞ്ഞപ്പോള്‍ ശാന്തമായുറങ്ങാന്‍ ബൈബിളിലെ ദാവീദിനെ സഹായിച്ചിരുന്നത് ദൈവത്തിലുള്ള ഉറച്ച വിശ്വാസവും സമര്‍പ്പണവുമായിരുന്നു. നമ്മുടെ നിയന്ത്രണത്തിന് അതീതമായ പ്രതിസന്ധികളുടെ നിയന്ത്രണം സര്‍വ്വേശ്വരനില്‍ ഭരമേല്‍പിച്ചാല്‍ സമാധാനമായുറങ്ങാന്‍ കഴിയുമെന്നാണ് ദാവീദിന്‍റെ സാക്ഷ്യം: 
ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും. നീയല്ലോ യഹോവെ എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത് (സങ്കീര്‍ത്തനം : 4:8)