Wednesday, March 20, 2019

ആബ്സെന്‍റ് മൈന്‍ഡ്നെസ്സ്

'ആബ്സെന്‍റ്മൈന്‍റ്നെസچ' അഥവാ അശ്രദ്ധയുണ്ടാക്കുന്ന  അസൗകര്യങ്ങള്‍ അനവധിയാണ്. കണ്ണട കാണാനില്ല, കീചെയിന്‍ എവിടെ? പേഴ്സ് കളഞ്ഞുപോയി, കാറ് പാര്‍ക്ക് ചെയ്തിരുന്നത് എവിടെ? എവിടെ?... വീട്ടുകാരെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളാണിതൊക്കെ. അശ്രദ്ധമൂലമുണ്ടാകുന്ന മറവി ആള്‍സൈമേഴ്സ്  പോലുള്ള മറവി രോഗത്തിന്‍റെ അത്ര ഗുരുതരമല്ലെങ്കിലും അനുദിന ജീവിതത്തില്‍ വളരെയധികം അസൗകര്യമുണ്ടാക്കുന്നതാണ്.
ഏര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ നിന്നും മനസിന്‍റെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വ്യതിചലിക്കുന്നതാണ് ആബ്സെന്‍റ് മൈന്‍റ്നെസ്സിന്‍റെ പ്രധാനകാരണമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ദാനിയേല്‍ ഫാക്ടറിന്‍റെ അഭിപ്രായം. ഒരു കാര്യത്തില്‍ ഗഹനമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ കടന്നുവരുന്ന മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
വണ്‍ അറ്റേ ടൈം പ്ലീസ്!
ജീവിതം തിരക്കുള്ളതും ഫാസ്റ്റ്ട്രാക്കിലോടുകയുംചെയ്യുമ്പോള്‍ ആബ്സെന്‍റ്മൈന്‍റ്നെസിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഒരു സമയത്ത് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന മള്‍ട്ടി ടാസ്കിംഗ്ജീവിതശൈലിയിലാണ് ആധുനിക ലോകം. സെന്‍സറി ലോഡ് വര്‍ദ്ധിക്കുമ്പോള്‍ ആബ്സെന്‍റ് മൈന്‍റ്നെസ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ജെറിയാട്രിക് സൈക്യാട്രി പ്രൊഫസര്‍ ജോര്‍ജ്ജ് റ്റി.ഗ്രോസ് ബെര്‍ഗ്ഗിന്‍റെ അഭിപ്രായം. പ്രായം വര്‍ദ്ധിക്കുകയും ചുമതലകള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുമ്പോള്‍ ശ്രദ്ധക്കുറവിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് എല്ലാവരിലും ഓരേ പോലെ ആകണമെന്നില്ല.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സും ആള്‍സൈമേഴ്സ് എന്ന മറവിരോഗവും തമ്മില്‍ വ്യത്യാസമുണ്ട്. ഓര്‍മ്മയിലുണ്ടായിരുന്ന ഒരു കാര്യം ഓര്‍മ്മിക്കാന്‍ ശ്രമിച്ചിട്ട് തല്‍ക്കാലം സാധിക്കുന്നില്ലെങ്കിലും പിന്നീട് ഓര്‍മ്മിക്കാന്‍ കഴിയുന്നത് ആബ്സെന്‍റ് മൈന്‍ഡ്നെസിന്‍റെ ലക്ഷണമാണ്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മിക്കുവാനേ കഴിയാതിരിക്കുന്നത് മറവിരോഗവുമാണ്. മറന്നുവച്ച താക്കോല്‍ അന്വേഷിച്ചു നടക്കുന്നത് അശ്രദ്ധയും താക്കോല്‍ നഷ്ടപ്പെട്ടു എന്നുപോലും അറിയാത്തത് ഓര്‍മ്മകുറവുമാണ്. ആള്‍സൈമേഴ്സ് രോഗികള്‍ക്ക് മറവിയോടൊപ്പം സംസാരിക്കുവാനും എഴുതുവാനും നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ബുദ്ധിമുട്ടുണ്ടാകാം. പ്ലാനിങിനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവില്ലായ്മയും ഇവരുടെ പ്രതിസന്ധികളാണ്. ഇതൊക്കെ ആള്‍സൈമേഴ്സ് രോഗികളുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കും. ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് ചില അസൗകര്യങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും സാധാരണ ജീവിതത്തെ അത്രയധികം തടസ്സപ്പെടുത്താറില്ല. 
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് പരിഹരിക്കുവാന്‍ ചില സമീപനങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
1. ജീവിതം അസങ്കീര്‍ണ്ണമാക്കുക - എല്ലാ ഭാരങ്ങളും തലയില്‍ ചുമന്ന് ഓവര്‍ലോഡ്, ഹെഡ്ലോഡ് വര്‍ക്കറാകാതെ ലോഡ്ഷെഡ്ഡിങ് നടത്തുക. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ മാഷെ.
2. നല്ല വിശ്രമവും പോഷകാഹാരവും ശീലമാക്കുക - ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന് അത്യാവശ്യം വിശ്രമം കൊടുക്കുക. 7/24 ഉം നോണ്‍ സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റായി  ഓടിയാല്‍ ഹാര്‍ഡ്വെയറും സോഫ്റ്റ് വെയറും ഡാമേജാകും. മെയിന്‍റ്നന്‍സും റീപ്ലെയ്സ്മെന്‍റും ഹ്യൂമന്‍ കമ്പ്യൂട്ടറില്‍ സാദ്ധ്യമല്ലാട്ടോ.
3. ദൈനംദിന പരിപാടികള്‍ക്ക് പ്ലാനും പദ്ധതികളും ഉണ്ടാക്കുക. മായയാം മാരീചനെ പിടിക്കുവാനുള്ള മനസ്സിന്‍റെ ഓട്ടപ്പാച്ചിലിനൊപ്പം ഓടിയെത്താന്‍ പാവം ശരീരത്തിനാവില്ല, ബ്രേക്ക്ഡൗണാകും!
4. ശാരീരികവും മാനസികവുമായ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ആവര്‍ത്തന ജീവിതശൈലി മാറ്റി സൃഷ്ടിപരമായ ചിന്തകളും അഭിരുചികളും കൊണ്ട് മസ്തിഷ്കത്തെ ചലഞ്ച് ചെയ്ത് ചലനാത്മകമാക്കുക.
5. നിത്യോപയോഗ സാധനങ്ങള്‍ വയ്ക്കാന്‍ ഓരോ കൃത്യസ്ഥലം തീരുമാനിക്കുക. പേഴ്സ്, കണ്ണട, ഫോണ്‍, താക്കോല്‍ തുടങ്ങിയവ തോന്നിയയിടത്ത് എറിഞ്ഞിടുന്ന സ്വഭാവം മാറ്റുക. പവര്‍കട്ടില്‍ തപ്പിയാലും സാധനം അവിടെക്കാണും.
6. കലണ്ടറിലും സ്റ്റിക്കിനോട്സിലും ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ക്കുക. സെല്‍ഫോണില്‍ റിമൈന്‍റേഴ്സ് ചേര്‍ക്കുക. അടുപ്പത്ത് സാധനങ്ങള്‍ വച്ചാല്‍ ടൈമര്‍ സെറ്റ് ചെയ്യുക. മറവിയെ മിറകടക്കാന്‍ ടെക്നോളജി നല്‍കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
7. ക്ലിപ്ത സമയത്ത് 79 മണിക്കൂര്‍ വരെയുള്ള ശാന്തമായ ഉറക്കം മെമ്മറി ഹെല്‍ത്തിന് വളരെ ആവശ്യമാണ്.
8.  ലഹരി ആസക്തി ഓര്‍മ്മകളുടെ ഫയലുകളെ വികലമാക്കും.
9. സംഘര്‍ഷം, ആകാംഷ, വിഷാദം തുടങ്ങിയ പ്രഷുബ്ദ മാനസികാവസ്ഥ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനശേഷി നശിപ്പിക്കും. വിട്ടുകൊടുക്കാനും തോറ്റുകൊടുക്കാനും മാപ്പുകൊടുക്കാനും ചില്ലറ നഷ്ടങ്ങള്‍ സഹിക്കാനും തയ്യാറായാല്‍ ശാന്തിയും സമാധാനവും നേടാം. മെഡിക്കല്‍കെയറിലൂടെ സംഘര്‍ഷം ലഘൂകരിക്കുന്നത് മസ്തിഷ്കത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
10. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക് തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്കുള്ള ചികിത്സയും ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് സമയനഷ്ടവും ആകാംഷയുമുണ്ടാക്കും. മുന്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുമൂലമുണ്ടാകാവുന്ന പ്രതിസന്ധികള്‍  ലഘൂകരിക്കാവുന്നതാണ്. 
യെന്തിര് കാര്യങ്ങള്?
ചുമക്കാവുന്നതിലും അധികം ഭാരങ്ങള്‍ തലയില്‍ കെട്ടിവയ്ക്കാതിരിക്കുക. . എല്ലാം എന്‍റെ തലയിലൂടെ ഓടിയാല്‍ മാത്രമേ ശരിയാകൂ എന്ന അപ്രമാദിത്യചിന്തകള്‍ ഒഴിവാക്കുക. ഭാരങ്ങള്‍ പങ്കിടുക. കഴിയുന്നതും സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. അത്യാവശ്യമുള്ളപ്പോള്‍ മാത്രം ഫാസ്റ്റ് ട്രാക്കിലോടുക, ആവശ്യം കഴിഞ്ഞാല്‍ എക്സിറ്റെടുത്ത് ലോക്കലിലോടുക. ജീവിതം ആസ്വദിക്കാനുള്ളതാണ്, ആയിരം ഓള്‍ട്ടേജില്‍ കത്തിയെരിയാനുള്ളതല്ല. 
ഈശ്വരന്‍റെ അമൂല്യദാനമായ ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും  കേടാകാതെ സൂക്ഷിക്കാന്‍ തൃപ്തിയും ശാന്തിയും സമാധാനവുമൊക്കെ ജീവിതശൈലിയാക്കുക.
ډ                          *                            *                       *
മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ട; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍. (യെശയ്യ. 35:4)