Sunday, November 24, 2019

പയ്യന്‍ സ്പൈസിയാണ്, സൂക്ഷിക്കണം




കുട്ടികള്‍ ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ അവരോടിടപെടുന്നരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നാലിലും പതിനാലിലും ഇരുപത്തിനാലിലും ഒരേപോലെ കുട്ടികളോട് ഇടപെട്ടാല്‍ അവരില്‍ നിന്ന് ശക്തമായ വൈകാരിക പ്രതികരണങ്ങളുണ്ടാകും. ചിലകുട്ടികള്‍ ഭയംകൊണ്ട് പ്രതികരിക്കാതെ വിദ്വേഷം മനസ്സില്‍ അടിച്ചമര്‍ത്തുമ്പോള്‍ പല സ്വഭാവ പെരുമാറ്റപ്രശ്നങ്ങള്‍ക്ക് കാരണമാകും.
കൗമാരത്തിലെ ഹോര്‍മോണ്‍ വേലിയേറ്റങ്ങളുണ്ടാക്കുന്ന വൈകാരിക ആന്ദോളനങ്ങള്‍ കൗമാരക്കാരുടെ പ്രതികരണരീതിയിലും വ്യക്തിബന്ധങ്ങളിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടാക്കും. ഇവരുടെ ക്ഷിപ്രകോപവും മിഥ്യാഭിമാനവും സംശയവും ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങളുമൊക്കെ വീട്ടിലും പഠനമേഖലകളിലുമൊക്കെ പ്രതിസന്ധികളുണ്ടാക്കും. കുട്ടികളുമായി അര്‍ത്ഥപൂര്‍ണ്ണമായ ആശയവിനിമയം നടത്തുവാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും.
കൗമാരക്കാരോട് ഇടപെടുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പ്രയോജനപ്രദമാണ്:
കൗമാരക്കോരോടുള്ള സുദീര്‍ഘമായ ഉപദേശപ്രസംഗങ്ങള്‍ ഒഴിവാക്കണം. 'ഞാനങ്ങനെയായിരുന്നു','എന്‍റെ കാലത്ത് അങ്ങനെയായിരുന്നു','നീയായിട്ടെല്ലാം നശിപ്പിച്ചു' എന്ന സ്ഥിരം അനുപല്ലവി കൗമാരക്കാര്‍ക്ക് ആവര്‍ത്തന വിരസതയും ഈര്‍ഷ്യയുമുണ്ടാക്കും. മിനിമം വാക്കുകളില്‍ വ്യക്തമായും ചുരുക്കമായും പറയുന്നതാണ് കൗമാരക്കാര്‍ക്കിഷ്ടം. അല്‍പം പറഞ്ഞാല്‍ അധികം മനസ്സിലാകുന്ന സ്മാര്‍ട്ട് ഗൈസാണ് ഹൈടെക് യുഗത്തിലെ കുട്ടികള്‍.
എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം എനിക്കറിയാം, പറയുന്നത് കേട്ട് അനുസരിച്ചാല്‍ മതിയെന്ന മാതാപിതാക്കളുടെ അധീശമനോഭാവം അംഗീകരിക്കാന്‍ കൗമാരക്കാര്‍ തയ്യാറല്ല. പ്രതിസന്ധി പരിഹരിക്കാനുള്ള അഭിപ്രായങ്ങള്‍ കുട്ടികളോട് ചോദിക്കുന്നത് അവരുടെ കോമണ്‍സെന്‍സിന് അംഗീകാരം നല്‍കലാണ്. 'ആര്‍ട്ടിക്കിള്‍ 30 എ' മൈനോരിറ്റി റൈറ്റ്സിനുവേണ്ടി ഈ കാന്താരികള്‍ വാദിച്ചുകളയും. 
മാതാപിതാക്കള്‍ എടുത്തുചാടി വിധിപ്രസ്താവിച്ച് ശിക്ഷ നടപ്പിലാക്കുന്നത് അനീതിയും അപകടകരവുമാണ്. കുട്ടികള്‍ കുട്ടികളാണ്, മാതാപിതാക്കളുടെ പക്വതയിലെത്താന്‍ ഇനിയും അനേക വര്‍ഷങ്ങള്‍ അവര്‍ വളരണം. സഹിക്കുകയും ക്ഷമിക്കുകയും വീണ്ടും വീണ്ടും അവസരങ്ങള്‍ കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് 'പ്രൈമാഫേസി' വിധിപ്രസ്താവിക്കുന്നതിനേക്കാള്‍ നല്ലത്. സുപ്രീംകോര്‍ട്ട് വിധിയായാല്‍ പോലും ദയാഹര്‍ജി സാധ്യതയുണ്ടെന്ന് ഫാദര്‍ ഡാഡി മനസ്സിലാക്കണം.
പ്രതിസന്ധികളുടെ അടിയൊഴുക്കുകളെപ്പറ്റി കൗമാരക്കാരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം കൊടുക്കണം. അവര്‍ പറയുമ്പോള്‍ ഇടയ്ക്ക് ഇടിച്ചുകേറി തടസ്സപ്പെടുത്താതെ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കണം.നിയസഭയിലും ഔദ്യോഗികമേഖലകളിലും ആത്മീയത്തിലും ഒച്ചവച്ച് പ്രതിയോഗികളെ അടിച്ചമര്‍ത്തിയ മാതാപിതാക്കള്‍ക്ക് മക്കളുടെ മുമ്പില്‍ വായടച്ച് തോറ്റുകൊടുക്കേണ്ടി വരുമ്പോള്‍ ബേജാറായിട്ടു കാര്യമില്ല. 
കുട്ടികളുടെ അഭിപ്രായം അപക്വവും അതിനോട് പൂര്‍ണ്ണ വിയോജിപ്പുമാണെങ്കിലും ഒച്ചവയ്ക്കാതെ  അവരുടെ അഭിപ്രായത്തെ ആദരിച്ചാല്‍ വൈകാരിക ഏറ്റുമുട്ടല്‍ ഒഴിവാക്കാനും അനുരജ്ഞനസാധ്യതകള്‍ ഉരുത്തിരിയാനും സഹായിക്കും. 
കൗമാരക്കാരുടെ വൈകാരിക പ്രതികരണരീതികള്‍ അതിരുകടക്കുകയും ഗുരുതരനിയമപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുമ്പോള്‍ അവരോട് ഏറ്റുമുട്ടാതെ മാനസികാരോഗ്യവിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ് ഉചിതം.

മാതാപിതാക്കള്‍ ഒരിക്കല്‍ നടന്ന പ്രതിസന്ധി നിറഞ്ഞ കൗമാരപാതയിലൂടെയാണ് ഇന്ന് മക്കള്‍ നടക്കുന്നതെന്ന ഓര്‍മ്മയുണ്ടായിരിക്കണം. അന്ന് നിങ്ങള്‍ ഇടറിയതും പതറിയതും തട്ടിവീണതും ഓവര്‍സ്പീഡില്‍ ഓടി ചെയ്തതൊന്നും മറക്കരുത്.
പേരന്‍റിംഗിന്‍റെ ഏറ്റവും വിഷമമുള്ള കാലഘട്ടമാണ് കൗമാരം. ഈശ്വരചിന്തയോടും ആത്മസംയമനത്തോടും സഹനമനോഭാവത്തോടും കൂടെ കുട്ടികളോടൊപ്പം നടന്നില്ലെങ്കില്‍ അവര്‍ ഡെബിള്‍ബെല്ലുകൊടുത്ത് നോണ്‍സ്റ്റോപ്പായി സ്റ്റാന്‍റ് വിട്ടുപോകും.

നമ്മുടെയല്ലേ മക്കള്‍?