Thursday, October 13, 2022

മനസ്സിന്റെ പാഴ്ശ്രുതികൾ

 ഒക്ടോബർ പത്താം തീയതി ലോക മാനസിക ആരോഗ്യ ദിനമാണ്‌ .

ഒരു ദിനാചരണം കൊണ്ടും കുറെ സെമിനാറുകൾ കൊണ്ടും തീരുന്ന പ്രതിസന്ധികളല്ല മാനസികാരോഗ്യ പരിപാലന രംഗത്തുള്ളത്. മറ്റ് മെഡിക്കൽ ശാഖകളിലെ വിദഗ്ധർക്കില്ലാത്ത അനേകം വെല്ലുവിളികൾ മെന്റൽ ഹെൽത്ത് ടീമിന് നേരിടേണ്ടി വരുന്നുണ്ട്.

അതിൽ ഒന്നാമത്തെത് രോഗത്തെപറ്റിയുള്ള രോഗികളുടെയും ബന്ധുകളുടെയും ഭയമാണ്- ദുഷ്ക്കിർത്തി അഥവാ സോഷ്യൽ സ്റ്റിഗമ എന്നാണിതിനെ വിളിക്കുക.

സൈക്യാട്രിക് ടീമിനെ കൺസൾട്ട് ചെയ്യേണ്ടി വരുമ്പോൾ മറ്റു രോഗികൾക്കില്ലാത്ത ആകാംക്ഷയും ഭയവുമാണ് മനോരോഗികൾക്കുള്ളത്. അതിന്റെ പ്രധാന കാരണം മനോരോഗികളോടുള്ള സമൂഹത്തിന്റെ വിവേചനപരമായ പെരുമാറ്റമാണ്. സോഷ്യൽ ഡിസ്ക്രിമിനേഷൻ രോഗിയുടെ സാമൂഹ്യബന്ധത്തിലും ക്രെഡിബിലിറ്റിയിലും അപകടകരമായ സ്വാധീനം ഉണ്ടാക്കുന്നു എന്നതാണ് പ്രശ്നം.

ദൃശ്യ -പത്ര മാധ്യമങ്ങളിൽ മനോരോഗത്തെയും മാനസിക പ്രശ്നങ്ങളെയും വളരെ വികൃതമായും വികലമായും ചിത്രീകരിക്കുന്നത് സോഷ്യൽ സ്റ്റിഗ്മയ്ക്കുള്ള പ്രധാന കാരണമാണ്. വികാരക്ഷോഭത്തിൽ പറയുന്ന സഭ്യമല്ലാത്ത വാഗ്പ്രയോഗങ്ങളിൽ മനോരോഗത്തിന്റെ പര്യായങ്ങൾ ഉപയോഗിക്കുന്നതും ഒരു പൊതു ശീലമായിട്ടുണ്ട്. ഇതൊക്കെ മാനസിക പ്രതിസന്ധികൾ നേരിടുന്നവരോട് ചെയ്യുന്ന ക്രൂരതകളാണ്.

മത്തിഷ്കത്തിൽ ട്യൂമറും മറവി രോഗവുമുള്ള രോഗികളെ സഹാനുഭൂതിയോടെയാണ് സമൂഹം കാണുന്നത്. എന്നാൽ മത്തിഷ്ക്കത്തിലെ രാസപ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം ഭയവും നിസ്സംഗത്വവും കലർന്നതാണ്. മനോരോഗങ്ങളോടുള്ള ഇത്തരം വികല കാഴ്ചപ്പാടുകൾ മാറ്റുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. 

മനോരോഗങ്ങളെപ്പറ്റിയുള്ള അന്ധവിശ്വാസവും തെറ്റിദ്ധാരണകളും മാറ്റുവാൻ സ്കൂൾ -കോളേജ് തലങ്ങളിൽ ബോധവൽക്കരണം നൽകേണ്ടത് അടിയന്തര ആവശ്യമാണ്.

അമിത ആകാംക്ഷയും വിഷാദ രോഗങ്ങളും ഗുരുതര മനോ രോഗങ്ങളും മൂലം രോഗിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടാകും. ഇത്തരം രോഗലക്ഷണങ്ങളെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി വഴിതെറ്റിപ്പിക്കുന്ന വ്യാജ വൈദ്യന്മാർ സമൂഹത്തിൽ അനവധിയാണ്. രോഗികൾ ഇവരുടെ ഇരകളാകുന്നത് വളരെ ഖേദകരമാണ്.

എല്ലാ രോഗങ്ങൾക്കും ശാസ്ത്രീയ ചികിത്സയും മാർഗ്ഗനിർദ്ദേശവും നൽകുവാൻ തക്കവണ്ണം മെഡിക്കൽ സയൻസ് വളർന്നിരിക്കുന്ന കാലഘട്ടമാണിത്. എന്നാലും അശാസ്ത്രീയ ചികിത്സകൾക്കും ആഭിചാരക്രിയകൾക്കും പിറകെ പോകുന്നവർ അനവധിയാണ്. ഇങ്ങനെ വഴിതെറ്റുന്നവരിൽ വിദ്യാസമ്പന്നരും കുറവല്ല.

മനോരോഗങ്ങൾക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാൽ മാനസിക കഴിവുകളും പ്രവർത്തനശേഷിയും വികലമാവും. മറ്റുള്ളവർ അറിയുമെന്ന് കരുതി മറച്ചുവെക്കുന്ന മനോരോഗങ്ങളും മാനസിക പ്രശ്നങ്ങളും അനിയന്ത്രിത ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ് പലരും ചികിത്സയ്ക്ക് തയ്യാറാവുന്നത്. അപ്പോഴേക്കും വളരെ വളരെ വൈകി പോയിരിക്കും. മറ്റെല്ലാ രോഗികളും രോഗങ്ങളുടെ തുടക്കത്തിൽ തന്നെ ചികിത്സ തേടുമ്പോൾ മനോരോഗികളും ബന്ധുക്കളും കൺസൽട്ടേഷന് വിസമ്മതിക്കുന്നതിന്റെ ഒരു കാരണം സോഷ്യൽ സ്റ്റിഗ്മ തന്നെയാണ്.

 മനോരോഗങ്ങൾക്കുള്ള മരുന്നുകളെ പറ്റി വളരെയധികം തെറ്റ് ധാരണയും ഭയവും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ചില മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ട്. എന്നാൽ അത് നിയന്ത്രിക്കുവാൻ കഴിയുന്നതാണ്. 

കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും പ്രകടമാകുന്ന അസാധാരണ പെരുമാറ്റങ്ങൾ സ്വാഭാവികമായി കാണാതെ മെന്റൽ ഹെൽത്ത് ടീമുമായി യഥാസമയം ബന്ധപ്പെട്ട് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാകണം.

വ്യക്തിബന്ധങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പൂർണ്ണമായും ഉൾവലിയുവാൻ പ്രേരണയുണ്ടാക്കുന്ന മനോരോഗങ്ങൾക്കുള്ള മെഡിക്കൽ കയർ അധികം വൈകാതെ തന്നെ നൽകേണ്ടത് ആവശ്യമാണ്. സാമൂഹ്യബന്ധങ്ങൾ മാനസികാരോഗ്യത്തിന്റെ പ്രധാന ചേരുവയാണ്. സമൂഹത്തിൽനിന്ന് ഉൾവലിയുമ്പോൾ ഇതൊക്കെ നഷ്ടമാകും.

ഫാസ്റ്റ് ഫുഡ് സ്റ്റൈലും സമയ ക്ലിപ്തതയില്ലാത്ത ഉറക്ക ശീലവും വ്യായാമ കുറവും ലഹരി ആസക്തിയുമോക്കെ മനോ -ശാരീരിക മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാക്കും. ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുന്നതുകൊണ്ടുതന്നെ പല പ്രതിസന്ധികളും ഒഴിവാക്കുവാനും നിയന്ത്രിക്കുവാനും കഴിയും.

യാഥാർത്ഥ ലോകത്തിൽ നിന്നും സാമൂഹ്യബന്ധങ്ങളിൽ നിന്നും മനുഷ്യനെ ഒറ്റപ്പെടുത്തുന്നതാണ് ഡിജിറ്റൽ ലോകം. ഈ മാറ്റം മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന വെല്ലുവിളികളെ പറ്റി ഇനിയും പഠിച്ചു തുടങ്ങിയിട്ടില്ല. മെച്ചമായ ആശയവിനിമയത്തിനും ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ പുലർത്തുന്നതിനുമുള്ള കഴിവ് കുട്ടികൾക്കും യുവാക്കൾക്കും നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം നെറ്റ്‌വർക്കിന്റെ വലയിൽ ജീവിതം കുടുങ്ങി പോകുന്നതുകൊണ്ടാണ്.

പേഴ്സണൽ ഡിജിറ്റൽ വേൾഡിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് സാമൂഹ്യബന്ധങ്ങളിൽ നിന്നും ലഭിക്കേണ്ട ആരോഗ്യ ചേരുവകൾ നഷ്ടമാകും. കരുണ, നന്ദി, സഹാനുഭൂതി തുടങ്ങിയ വ്യക്തിഗുണങ്ങൾ മുളക്കാത്ത ഉഷര ഭൂമിയാക്കി മനസ്സിനെ മാറ്റുന്നതിൽ മീഡിയ അഡിക്ഷന്റെ സ്വാധീനം ചെറുതല്ല. കുട്ടികൾ സമൂഹത്തിൽനിന്ന് അകന്ന് മിനിസ്ക്രീനിൽ ജീവിതം പരിമിതപ്പെടുത്തുമ്പോൾ വ്യക്തിത്വവികാസം തടസ്സപ്പെടും.

പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുകൾ നഷ്ടപ്പെടും. നിരാശ സഹിഷ്ണുത അഥവാ ഫ്രസ്ട്രേഷൻ ടോളെറൻസ് കുറഞ്ഞു പോകുവാനും സാധ്യതയുണ്ട് 

ദൈവം മനുഷ്യനുവേണ്ടി നിർമ്മിച്ച പ്രകൃതിയും ജീവജാലങ്ങളും കടലും കരയും മണ്ണും ഒക്കെ നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. സൈബർ മീഡിയയും നഗരവൽക്കരണവും മനുഷ്യനെ പ്രകൃതിയിൽ നിന്നും സാമൂഹ്യ ബന്ധങ്ങളിൽ നിന്നും അകറ്റുമ്പോഴുണ്ടാക്കുന്ന ഒറ്റപ്പെടലും ശൂന്യതാബോധവും പല പ്രതിസന്ധികൾക്കും കാരണമാകും. മനുഷ്യാ നീ മണ്ണാണ്, മണ്ണിൽ നിന്നകന്നു പോകരുത്!

മമനസ്സിന്റെ പാഴ്രു ന്നും സൈക്കോതെറാപ്പിയും ആരോഗ്യകരമായ ജീവിതശൈലിയും ദൈവാശ്രയവും കൊണ്ട് മനോരോഗങ്ങളുടെ തീവ്രത കുറയ്ക്കുവാനും സൗഖ്യമാക്കുവാനും കഴിയും. ഇക്കാര്യത്തിൽ സമൂഹത്തിന് പുതിയ കാഴ്ചപ്പാടും അവബോധവും ഉണ്ടാക്കുവാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണ്.



സമുദ്രത്തിന്റെ ഭംഗി അതിന്റെ ആഴങ്ങളിലാണ്. മനസ്സിന്റെ ഭംഗി അതിലെ ശുഭ ചിന്തകളിലാണ്. വിശുദ്ധവും നിർമ്മലവും കളങ്കരഹിതവുമായ ചിന്തകളാൽ മനസ്സിനെ സമ്പുഷ്ടമാക്കുമ്പോൾ ആന്തരിയ ശാന്തിയും സമാധാനവും അനുഭവിക്കാൻ സാധിക്കും. അതിന് ശരീരത്തിന്റെ തുറക്കപ്പെട്ട അവയവങ്ങളാകുന്ന പഞ്ചേന്ദ്രിയങ്ങൾക്ക് കാവൽക്കാരെ നിയമിക്കാൻ മനസ്സിന്റെ ടെക്നീഷ്യനായ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.