Monday, November 19, 2018

അസ്വസ്ഥ മനസ്സുകളില്‍ സ്നേഹസ്പര്‍ശം

മനോരോഗികള്‍ക്കിടയിലുള്ള സ്നേഹ ശുശ്രൂഷ വളരെ വിലപ്പെട്ടതും അത്യാവശ്യ സര്‍വ്വീസുമാണ്. ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ അപരിചിതര്‍ തുടങ്ങിയവര്‍ മാനസികസംഘര്‍ഷത്തിലും രോഗത്തിലും ആകുമ്പോള്‍ സാന്ത്വനവും സഹായവും കൊടുക്കുന്നത് പുണ്യമാണ്, ജീവിതസുകൃതമാണ്.
മനോരോഗികള്‍ക്ക് വൈകാരിക പിന്തുണ കൊടുക്കുവാന്‍ സൈക്യാട്രിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ഡിഗ്രിയോ അഗാധ ജ്ഞാനമോ ഒന്നും ആവശ്യമില്ല. ഉള്ളവും ഉള്ളതും പങ്കുവക്കുവാനുള്ള മനസ്സും മനോഭാവവും ക്ഷമയും ഉണ്ടെങ്കില്‍ താളംതെറ്റിയ മനസ്സിനെ യഥാസ്ഥാനപ്പെടുത്തുന്നതില്‍ സൈക്യാട്രി ടീമിനോടൊപ്പം വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.
എന്തൊക്കെയാണത്?

അടിസ്ഥാനആവശ്യങ്ങള്‍ ചെയ്തുകൊടുക്കുക:

മനോരോഗികള്‍ മനുഷ്യരാണ്. എല്ലാ മനുഷ്യരേയും പോലെ അവര്‍ക്കും ആവശ്യങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, സുരക്ഷിതത്വം,സാമൂഹ്യബന്ധം, പണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങളുണ്ട്. ഇതൊക്കെ ചെയ്തു കൊടുക്കാന്‍ സൈക്യാട്രി പഠിക്കണമെന്നില്ല.

അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക:

അവരുടെ വാക്കുകളില്‍ വികലതയും ആവര്‍ത്തന വിരസതയും ജല്പനങ്ങളും ലക്ഷ്യമില്ലായ്മയും ഒക്കെ ഉണ്ടാകാം. വെറുക്കാതെ, പരിഹസിക്കാതെ, എതിര്‍ ചോദ്യങ്ങള്‍ ചോദിച്ചു മുറിവേല്‍പിക്കാതെ ക്ഷമാപൂര്‍വ്വം കേള്‍ക്കാന്‍ ഒരാള്‍ തയ്യാറാകുന്നത് അവര്‍ക്ക് ആശ്വാസമാണ്. സൗഖ്യദായമാണ്. അവരുടെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ നിങ്ങള്‍ക്കാവില്ല. അതൊക്കെ വിഷയത്തില്‍ വിദഗ്ദ്ധരായവര്‍ ചെയ്യട്ടെ. കേള്‍ക്കൂ, കേള്‍ക്കൂ, കേട്ടുകൊണ്ടേയിരിക്കൂ.

സമീപസ്ഥരാകണം:

മനോരോഗികളില്‍ നിന്ന് അകന്ന് മാറുവാനുള്ള പ്രവണതയാണ് പൊതുവെ കാണുന്നത്. അതുകൊണ്ടാണവര്‍ക്ക് ഏകാന്തതയും അപകര്‍ഷതാബോധവുമൊക്കെ തോന്നുന്നത്. അടുപ്പത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ചുവടുകള്‍ വച്ച് അവരിലേക്ക് കടന്നു ചെല്ലുന്നത് ആശ്വാസദായക അനുഭവമായിരിക്കും.

തിരകള്‍ കണ്ട് തിരിഞ്ഞോടരുത്:

മനോരോഗികളുടെ സംസാര പെരുമാറ്റങ്ങളിലെ അപാകതകള്‍ മൂലം ഇടപെടുവാനും ആശയവിനിമയത്തിനും ഭയവും ബുദ്ധിമുട്ടും തോന്നുവാനിടയുണ്ട്. നമ്മുടെ മുന്‍വിധികളും വികലമായ കാഴ്ചപ്പാടുകളുമാണ് പ്രശ്നം. സ്നേഹത്തിന്‍റെ മുമ്പില്‍ തുറക്കാത്ത വാതിലുകളില്ല, ശാന്തമാകാത്ത വികാര തിരമാലകളുമില്ല.

അവരെ അവരായി അംഗീകരിക്കുക:

മനോരോഗികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും അയാളെ മറ്റൊരാളാക്കുവാനുമുള്ള പരിശ്രമവുമൊക്കെ ദോഷം ചെയ്യും. സൗഹൃദബന്ധത്തിന് തടസ്സമാകും. അതൊന്നും നിങ്ങളുടെ ചുമതലയില്‍പെട്ട കാര്യങ്ങളല്ല. അവരെ അവരുടെ പരിമിതികളോടെ സ്നേഹിക്കുന്ന വിശ്വസ്തനായ സുഹൃത്താവുക, അതുമതി.

പഠിക്കുന്ന മനസ്സാണ് പഠിപ്പിക്കുന്ന മനസ്സല്ല വേണ്ടത്:

രോഗത്തെയും പ്രതിസന്ധികളെയുംപറ്റി അനേകം ചോദ്യങ്ങള്‍ രോഗികള്‍ ചോദിക്കും. അതിനൊക്കെ ഉത്തരം പറയാന്‍ മാത്രം പ്രാവീണ്യം ആ വിഷയത്തില്‍ നമുക്കുണ്ടായിരിക്കണമെന്നില്ല. രോഗങ്ങളും ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് വിദഗ്ദ്ധരാണെന്ന് സൗമ്യമായി അവരെ പറഞ്ഞു മനസ്സിലാക്കണം. സൗഹൃദകൂട്ടായ്മയും സാന്ത്വനശുശ്രൂഷയുമാണ് നമ്മുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുമ്പോള്‍ അവരുടെ ചോദ്യങ്ങളും സമീപനങ്ങളും മാറും. മനോരോഗികളുമായി വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ അടിസ്ഥാനതത്വങ്ങളും സമീപനരീതികളും കാലക്രമേണ നമുക്ക് മനസ്സിലാകും. അറിയാത്ത കാര്യങ്ങളെപറ്റി ബുദ്ധി പ്രകടനം നടത്താതിരിക്കുകയും തെറ്റായ വാഗ്ദാനം നല്‍കാതിരിക്കുകയും ചെയ്താല്‍ നമ്മോടുള്ള വിശ്വസ്തത വര്‍ദ്ധിച്ചു വരും.

ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തണം:

രോഗചികിത്സ ലഭിക്കാത്തവര്‍, തുടങ്ങിയചികിത്സ നിര്‍ത്തിക്കളഞ്ഞവര്‍, തെറ്റുദ്ധാരണമൂലം ചികിത്സ നിഷേധിക്കുന്നവര്‍ തുടങ്ങിയവരെ മെഡിക്കല്‍ ടീമുമായി ബന്ധപ്പെടുത്തുവാന്‍ സ്നേഹനിര്‍ബന്ധങ്ങളും പ്രോത്സാഹനങ്ങളും ആവശ്യമാണ്. സപ്പോര്‍ട്ട് ഗ്രൂപ്പ് മീറ്റിംഗുകളില്‍ പങ്കെടുപ്പിച്ച് കൗണ്‍സലിംഗ് നല്‍കിയും ചികിത്സയുടെ ആവശ്യം ബോദ്ധ്യപ്പെടുത്താവുന്നതാണ്.

മനോരോഗികളോടൊപ്പം ജീവിക്കുന്നവരും അവരുടെ സ്നേഹശുശ്രൂഷ നിര്‍വ്വഹിക്കുന്നവരും തളര്‍ന്നു പോകാറുണ്ട്. മനസ്സിനെ തുയിലുണര്‍ത്താന്‍ ബന്ധുക്കള്‍ക്ക ും സാന്ത്വന ശുശ്രൂഷ നല്‍കുന്നവര്‍ക്കും മനശാസ്ത്രജ്ഞരുടെ കൗണ്‍സലിംഗ് സഹായകമാണ്.

മനോരോഗിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്കാവില്ല. മറ്റുള്ളവരുടെ സഹായം തേടുന്നവരില്‍ നിന്ന് അവരെ തടയരുത്. പുനരധിവാസം ഒരു ടീം വര്‍ക്കാണ്. നിങ്ങള്‍ അതിന്‍റെ ഒരു ഭാഗം മാത്രമാണ്.

യാഥാര്‍ത്ഥ്യത്തെ വികൃതമാക്കി വളച്ചൊടിച്ചു ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന രോഗാവസ്ഥകളാണ് സൈക്കോസിസ്, ഡെലൂഷന്‍ തുടങ്ങിയവ. അവരോട് സ്നേഹത്തിന്‍റെയും സൗമ്യതയുടെയും സമീപനത്തില്‍ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും ഏതെന്ന് പറഞ്ഞു കൊടുക്കണം.

 അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹ സമീപനം നല്ലതാണ്, പക്ഷേ മാന്യതയുടെയും ധാര്‍മ്മികതയുടെയും വരമ്പുകള്‍ സൂക്ഷിക്കാനും മറക്കരുത്.


മനുഷ്യത്വവും ദൈവീകമൂല്യങ്ങളോട് ബഹുമാനവുമുള്ള ആര്‍ക്കും മനോരോഗികളുടെ സാന്ത്വന ശുശ്രൂഷ ഏറ്റെടുക്കാവുന്നതാണ്.

ഞാന്‍ രോഗിയാണ്, നിങ്ങളെന്നെ കാണുവാന്‍ വരുമോ?