Thursday, June 17, 2021

നിങ്ങൾ ഒരത്ഭുതമാണ്

 ജീവിത വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിത്വത്തിലെ അമൂല്യ ചേരുവയാണ് ആത്മാഭിമാനം അഥവാ സെൽഫ് എസ്റ്റീം.


സ്വയം അനുകൂലമായി ചിന്തിക്കുകയും മറ്റുള്ളവരുടെ പ്രതികരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്യുന്നത് പോസിറ്റീവ് സെൽഫ് എസ്റ്റീമും, സ്വയം പരാജിതരും കഴിവില്ലാത്തവരുമെന്ന് ചിന്തിക്കുന്നത് നെഗറ്റീവ് സെൽഫ് എസ്റ്റീമുമാണ്.


ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളിലൂടെയാണ്‌ സെൽഫ് എസ്റ്റീം രൂപപ്പെടുന്നത്.  ചെറുപ്പത്തിലെ ചിന്തകൾ, കാഴ്ചപ്പാടുകൾ, കുടുംബം, മറ്റുള്ളവരുടെ പ്രതികരണങ്ങൾ,  രോഗം, വൈകല്യം, അപകടം,  മീഡിയ മെസ്സേജ് തുടങ്ങിയവയൊക്കെ ആത്മവിശ്വാസത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


വളരെ അടുത്തിടപഴകുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, അധ്യാപകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നുണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങൾ ആത്മവിശ്വാസത്തിന്റെ  വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തും.


ജീവിതാനുഭവങ്ങളെ അനുകൂല-പ്രതികൂല കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തുന്ന ബഹിർമുഖ - അന്തർമുഖ വ്യക്തിത്വ ശൈലി ഇക്കാര്യത്തിൽ പ്രധാനമാണ്. വൈകാരിക മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന മനോരോഗങ്ങളും വാർധക്യത്തിന്റെ ബലഹീനതകളും ആത്മവിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ആഘാതങ്ങളാണ്.  മെഡിക്കൽ സപ്പോർട്ട് കൊണ്ട് ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയും.


അമിത കുറ്റബോധം അടിച്ചേൽപ്പിക്കുന്നതും സെൽഫ് റെസ്പെക്ട് നഷ്ടപ്പെടുത്തുന്നതുമായ വൈകാരിക തീഷ്ണതയുള്ള ആത്മീയ ശൈലി ആത്മവിശ്വാസത്തിന്റെ സമഗ്രതക്കു ഭംഗമുണ്ടാക്കാറുണ്ട്. ആത്മവിശ്വാസത്തിന്റെ സൂചിക സീറോ പോയിന്റിൽ എത്തുമ്പോൾ പലരിലും ആത്മഹത്യാപ്രവണത പ്രകടമാകുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


ചെറുപ്പകാലത്തിലെ  സുദൃഢ ബന്ധങ്ങളിൽ നിന്ന്‌ ലഭിച്ച അനുകൂല പ്രോത്സാഹനങ്ങൾ ആരോഗ്യകരമായ സെൽഫ് എസ്റ്റീം രൂപപ്പെടാൻ സഹായകമാകും. അമിത വിമർശനം, പരിഹാസം, അപമാനം തുടങ്ങിയ നിരന്തര പ്രതികൂല പ്രതികരണങ്ങളിൽ വളർന്നവരുടെ സെൽഫ് എസ്റ്റീം  വികലമാകാൻ സാധ്യതയുണ്ട്. 'വിത്തുകളിൽ ചിലത് മുള്ളിന്നിടയിൽ വീണു, മുള്ളതിനെ ഞെരുക്കിക്കളഞ്ഞു' എന്ന കർത്താവിന്റെ വാക്കുകളുടെ മർമ്മമിതാണ്.


  കഴിഞ്ഞ കാലത്തിലെ ദുരന്താനുഭവങ്ങൾക്കനുസരിച്ചായിരിക്കും ഒരാളുടെ  ഭാവിയുടെ ഭാഗധേയം അഥവാ ഡെസ്റ്റിനി എന്ന കാഴ്ചപ്പാട് പൂർണ്ണമായും ശരിയല്ല. ദുരന്താനുഭവങ്ങളുടെ മുള്ളും മുറിവുമേറ്റു വളർന്ന അനേകർ സ്വന്തം പരിശ്രമം കൊണ്ട് ആത്മവിശ്വാസത്തിന്റെ ചിറകടിച്ച് ഉയരങ്ങളിലേക്ക് പറന്നുയർന്നിട്ടുണ്ട്.


കഴിഞ്ഞ കാലത്തിന്റെ മുറിവുകളും അപമാനങ്ങളും നഷ്ടബോധങ്ങളും മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച്‌, എന്നും എപ്പോഴും സ്വയ ദീനാനുകമ്പ പ്രകടിപ്പിക്കുമ്പോൾ ആത്മവിശ്വാസം ദുർബലമാകും. ഇന്നലെകളിലെ മുറിവുകൾക്ക് ഇന്ന് ബാൻഡേജ് കെട്ടേണ്ട കാര്യമില്ല. കാലവും സാഹചര്യങ്ങളും മാറിക്കഴിയുമ്പോൾ മുറിവുകൾ ഉണങ്ങും, അതിന്റെ വൈകാരിക പ്രസക്തി കുറയുകയും ചെയ്യും. അതൊക്കെ മറന്നേക്കു. അനുഗ്രഹത്തിന്റെ പച്ചപ്പുൽപ്പുറത്തേക്കും സ്വച്ഛജലപ്രവാഹത്തിലേക്കും ദൈവം കൊണ്ടുവണ്ണുകഴിഞ്ഞിട്ടും പഴയ ദുഃഖ സങ്കീർത്തനങ്ങൾ വായിച്ച് വിലപിക്കുന്നത് ആത്മവിശ്വാസം തകർക്കുവാൻ മാത്രമേ ഉപകരിക്കൂ.


ഇന്നലെകളിൽ ജീവിക്കാതെ ഇന്നത്തെ അനുഗ്രഹങ്ങളിൽ മനസ്സുറപ്പിച്ച് പോസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുമ്പോൾ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിച്ചുകൊണ്ടേയിരിക്കും.


ജീവിതയാത്രയിലെ സുഖദുഃഖ അനുഭവങ്ങൾക്കനുസരിച്ച്   സെൽഫ് എസ്റ്റീം പെൻഡുലം മുന്നോട്ടും പിറകോട്ടും ചലിക്കുന്നത്  സ്വാഭാവികവും താൽക്കാലികവുമാണ്. ദൈവോൻമുഖമായ പോസിറ്റീവ് സെൽഫ് എസ്റ്റീമിൽ  മനസ്സിന്റെ അടിസ്ഥാനം ഉറപ്പിച്ചവർക്ക് ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കഴിയും. 'മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.'

മത്തായി 7 : 25


എന്തൊക്കെയാണ് നെഗറ്റീവ് സെൽഫ് എസ്റ്റീമിന്റെ ലക്ഷണങ്ങൾ?


സ്വന്തം കഴിവില്ലായ്മ, തെറ്റുകൾ, പരാജയങ്ങൾ എന്നിവയെപ്പറ്റിയുള്ള അപകർഷതാബോധ ചിന്തകൾ, മറ്റുള്ളവരെല്ലാം തന്നെക്കാൾ ശ്രേഷ്ഠരും കഴിവുള്ളവരും ആണെന്ന  ചിന്താഗതി, അഭിപ്രായ പ്രകടനത്തിനുള്ള മടി,  പരാജയഭയം മൂലം മത്സരവേദികളിൽ നിന്നുള്ള പിന്മാറ്റം,  അഭ്യുദയകാംക്ഷികൾ നൽകുന്ന പോസിറ്റീവ് ഫീഡ്ബാക്ക് സ്വീകരിക്കാനുള്ള വിമുഖത തുടങ്ങിയവയൊക്കെ ആത്മവിശ്വാസക്കുറവിന്റെ ആന്തരിയ കെട്ടുകൾ ആണ്. തന്മൂലം സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇവർക്ക് ധൈര്യമുണ്ടാവില്ല. സ്വന്തം പോസ്റ്റിലേക്ക് നിരന്തരം ഗോൾ അടിക്കുന്ന ലൂസേഴ്സ് ആണ് ഇവർ.


എന്നാൽ പോസിറ്റീവ് സെൽഫ് എസ്റ്റീം  സ്വന്തം കഴിവുകളെയും പരിമിതികളെയും യാഥാർഥ്യബോധത്തോടെ കാണുവാൻ സഹായിക്കും. ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന്‌ പിൻമാറാതെയും ഒളിച്ചോടാതെയും ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യം നൽകും. സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും ആവശ്യങ്ങളും തുറന്നു പറയുവാനുള്ള ധൈര്യവും സ്വയം തീരുമാനമെടുക്കുവാനുള്ള ആത്മവിശ്വാസവും ഇവർക്കുണ്ടാകും. നല്ല സുഹൃത്ത് ബന്ധങ്ങളിൽ ഉറച്ചു നിൽക്കാനും അല്ലാത്തവയിൽ നിന്ന് പിന്മാറാനുമുള്ള ആർജ്ജവത്വവും ഇവരുടെ പ്രത്യേകതയാണ്‌. യാഥാർത്ഥ്യബോധത്തോടെ ഗോൾ സെറ്റ് ചെയ്യുന്ന സ്ഥിരോത്സാഹ ക്കാരാണിവർ.  അമിത ആത്മവിമർശനവും  മറ്റുള്ളവരെ എപ്പോഴും വിമർശിക്കുന്ന സ്വഭാവവും ഇവരിൽ കുറവായിരിക്കും. പ്രതിസന്ധികളിൽ മുന്നേറുവാനുള്ള  അതിജീവന ശക്തി ഇവരിൽ സജീവമായിരിക്കും.


എന്നാൽ പൊള്ളായായ അമിത ആത്മവിശ്വാസ പ്രകടനം    വ്യക്തിത്വ വൈകല്യമാണ്. ഉള്ളത്തിലധികം ഭവിക്കുന്നത് ആത്മവിശ്വാസക്കുറവ്, അപകർഷതാ ബോധം,സുരക്ഷിത ബോധമില്ലായ്മ എന്നിവയുടെ ലക്ഷണങ്ങളാകാം. 


ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന വ്യക്തിത്വത്തിലെ പ്രധാന ഘടകമാണ് ആത്മവിശ്വാസം.  സ്വന്തം വ്യക്തിത്വത്തിലെ നന്മകളെയും പരിമിതികളെയും തുറന്ന മനസ്സോടെ അംഗീകരിക്കുകയും പരിപോഷണത്തിന് ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിച്ചുകൊണ്ടിരിക്കും. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപ്പെടുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസകുറവിന്റെ പ്രതിസന്ധികളിൽ നിന്ന് വിമുക്തരാകാൻ കഴിയും.


എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി 4 : 13


ആത്മവിശ്വാസത്തിന്റെ പ്രതിസന്ധികലുള്ളവർക്ക് ആത്മധൈര്യം പകരുന്ന അനേകം വാഗ്ദത്തങ്ങളാൽ സമ്പന്നമാണ് ബൈബിൾ :

അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

സങ്കീര്‍ത്തനങ്ങള്‍ 139 : 13-14


ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

ഏശയ്യാ 40 : 31


അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

2 കോറിന്ത്യർ 12 : 9

- ഫാ. ഡോ. ഏ. പി. ജോർജ്