Friday, August 6, 2021

മനസ്സിന്റെ ശ്രുതിലയം

 സൈക്യാട്രി- സൈക്കോളജി മേഖലകളിലെ ഗവേഷണങ്ങളും പഠനങ്ങളും മനോരോഗത്തെയും മാനസികാരോഗ്യത്തെയും പറ്റി വളരെ പ്രയോജനകരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

മനോരോഗങ്ങൾ പൈശാചിക സ്വാധീനം കൊണ്ടാണെന്ന തെറ്റിദ്ധാരണ നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. ശരീര ശാസ്ത്രത്തെ പറ്റിയുള്ള  ആധികാരിക പഠനങ്ങൾ  രോഗങ്ങൾക്ക് പിന്നിലെ കാരണങ്ങളും അടിയൊഴുക്കുകളും കണ്ടുപിടിച്ചു. മസ്തിഷ്കത്തിലെ രാസപ്രവർത്തനത്തിലെ അസന്തുലിതാവസ്ഥയും ഘടനയിലെ വ്യതിയാനവും ജനിതക സ്വാധീനവുമാണ് മനോരോഗങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്ന കണ്ടെത്തലുകൾ രോഗങ്ങൾ സുഖപ്പെടുത്തുവാനും നിയന്ത്രിക്കുവാനും സഹായകമായി. മാത്രവുമല്ല, മനോരോഗികൾക്ക് മറ്റു രോഗികളെപ്പോലെ അഭിമാനത്തോടെ സമൂഹത്തിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിച്ചു.


മനോരോഗ വിഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ആകാംക്ഷയും വിഷാദരോഗവും ആണ്. വ്യക്തിത്വ വൈകല്യങ്ങൾ, ഗുരുതര മനോരോഗങ്ങൾ അഥവാ സൈക്കോട്ടിക് ഡിസോർഡേഴ്സ്,  ദുരന്ത അനുഭവങ്ങളിൽനിന്ന് ഉദ്ദീപിപ്പിക്കപ്പെടുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഭക്ഷണ ആസക്തി- വിരക്തി രോഗങ്ങൾ  രോഗങ്ങൾ അഥവാ ഈറ്റിംഗ് ഡിസോർഡേഴ്സ് തുടങ്ങി അനേകം രോഗ വിഭാഗങ്ങളുണ്ട്.


മനോരോഗങ്ങൾ മൂലം പ്രതിസന്ധിയിലായവരോട് അനുഭാവപൂർണമായ സമീപനമാണ്  സ്വീകരിക്കേണ്ടത്. അവരെ ഒരിക്കലും പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇക്കാര്യത്തിൽ കർത്താവിന്റെ കൽപ്പന ക്രിസ്ത്യാനികൾ പൂർണമായി അനുസരിക്കണം :

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.

നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

യോഹന്നാന്‍ 13 : 34-35


മനോരോഗ പ്രതിസന്ധികളിൽ ആയവർക്ക് സഹായം നൽകുവാൻ വേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണമാണ് ഡോക്ടർമാരും തെറാപ്പിസ്റ്റുമടങ്ങുന്ന മെഡിക്കൽ ടീം. അത് പ്രയോജനപ്പെടുത്തുവാൻ രോഗിക്ക് മാർഗ്ഗനിർദ്ദേശം നൽകേണ്ടത്  ബന്ധുക്കളുടെയും ദൈവ ശുശ്രൂഷകരുടെയും കടമയാണ്.


ആകാംക്ഷ ഒരു സാധാരണ വികാരമാണ്. എന്നാൽ, ദൈനംദിന  ജീവിതം തടസ്സപ്പെടുത്തുന്ന തരത്തിൽ ആകാംക്ഷ ശക്തമാകുമ്പോൾ 'ആങ്ങ്സൈറ്റി ഡിസോർഡർ' ആയി കണക്കാക്കുന്നു.  മരുന്നു കൊണ്ടും സൈക്കോതെറാപ്പി കൊണ്ടും ആകാംക്ഷ രോഗങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളെ ലഘൂകരിക്കാൻ സാധിക്കും. ആകാംക്ഷ രോഗത്തിന്റെ പ്രതിസന്ധികളിൽ ദൈവത്തിന്റെ കരങ്ങൾ സാന്ത്വനവും സമാധാനവും നൽകുമെന്ന് ബൈബിൾ ഉറപ്പിച്ച് പറയുന്നു :


ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.

1 പത്രോസ് 5 : 6


പ്രാർത്ഥനയും ധ്യാനവും തിരുവചന പഠനവും  ആകാംഷാ കൊടുങ്കാറ്റുകളെ ശാന്തമാക്കി, മനസ്സിനെ  പ്രത്യാശയിൽ ഉറപ്പിക്കുവാൻ  സഹായകമാണ്.


മറ്റൊരു പ്രധാന മെന്റൽ ഹെൽത്ത് പ്രശ്നമാണ് വിഷാദരോഗം.  സാഹചര്യങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും ജനിതക പ്രത്യേകതകളും ഇതിനു പിന്നിലെ കാരണങ്ങൾ ആണ്. മനസ്സിന്റെ പ്രവർത്തനശേഷിയും പ്രതികരണശേഷിയും ശുഭാപ്തിവിശ്വാസവും വികലമാക്കുന്ന മൂഡ് ഡിസോഡർ മരുന്നും സൈക്കോതെറാപ്പിയും കൊണ്ട് ഫലപ്രദമായി  നിയന്ത്രിക്കുവാൻ കഴിയുന്നതാണ്.


ദൈവത്തിലുള്ള ആശ്രയ ബോധവും തിരുവചന ധ്യാനവും പ്രാർത്ഥനയും വിഷാദാവസ്ഥയുടെ കാഠിന്യം ലഘൂകരിക്കാൻ സഹായകമാണ്. വിഷാദരോഗത്തിന്റെ നിരാശയിലും നിസ്സഹായതയിലും ദൈവത്തോട് ചേർന്ന് ചുവടുവച്ച് മുന്നേറിയ അനേകം ഭക്തരെ നമുക്ക് ബൈബിളിൽ കാണാം. ജീവിത പ്രതിസന്ധികളിൽ മനസ്സ് തളർന്നും തകർന്നും ഏകനായി നടന്നപ്പോൾ ദാവീദ് ദൈവത്തിന്റെ സാമിപ്യം അനുഭവിച്ചിരുന്നു എന്നാണ് ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നത് :


മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.

സങ്കീര്‍ത്തനങ്ങള്‍ 23 : 4


വിലാപത്തെ നൃത്തമാക്കി, വിഷാദ മനസ്സിൽ പ്രത്യാശാ സൂര്യനായി, ദൈവം പ്രതികൂല ദിനങ്ങളിൽ  അടുത്തുതന്നെ ഉണ്ടായിരുന്നു എന്നാണ് ദാവീദിന്റെ മറ്റൊരു സാക്ഷ്യം  :


അവിടുന്ന്‌ എന്റെ വിലാപത്തെആനന്‌ദനൃത്തമാക്കി മാറ്റി;അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രമഴിച്ച്‌,ആനന്‌ദമണിയിച്ചു.

ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.

സങ്കീര്‍ത്തനങ്ങള്‍ 30 : 11-12


വികാര തിരമാലകളും കൊടുങ്കാറ്റുകളും മനസ്സിൽ ആഞ്ഞടിക്കുമ്പോൾ ദൈവത്തിന്റെ തിരുവചനം ശാന്തതയും സ്വസ്ഥതയും നിലനിർത്തുവാൻ സഹായിക്കും.

*

ഭക്ഷണത്തോടുള്ള അമിത ആസക്തിയും പൂർണ്ണ വിരക്തിയും ഈറ്റിംഗ് ഡിസോർഡേഴ്സിൽ ഉൾപ്പെടുന്ന രോഗങ്ങളാണ്. ദൈവത്തിന്റെ ദാനമായ ശരീരത്തെ തെറ്റായ ഭക്ഷണശീലവും വിശ്രമമില്ലാത്ത ഓട്ടവും കൊണ്ട് നശിപ്പിക്കരുതെന്ന് തിരുവചനം മുന്നറിയിപ്പ് തരുന്നുണ്ട് :


നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.

നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

1 കോറിന്ത്യർ 6 : 19-20


നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?

ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.

1 കോറിന്ത്യർ 3 : 16-17


അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.

എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌ കീറത്തുണി ഉടുക്കേണ്ടിവരും.

ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്‌?ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍?ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?

വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.

ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.

അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.

നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.

സദൃ. 23 : 20-34


ദൈവത്തിന്റെ പ്രതിച്ഛായയിൽ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ട ശരീരം വിശുദ്ധിയോടും കരുതലോടെ കൂടെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ശരീര മനസ്സുകളുടെ കാര്യവിചാരകത്വത്തെപറ്റി ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും.


ഫുഡ് - കോസ്മെറ്റിക് ഇൻഡസ്ട്രിയുടെ സ്വാധീനവും  പ്രലോഭനവും അമിത ഭക്ഷണത്തിനും   ഭക്ഷണ തിരസ്കരണത്തിനും പ്രേരണയുണ്ടാക്കുന്നുണ്ട്. വൈകാരിക പ്രതിസന്ധികളും ജീവിത പ്രശ്നങ്ങളും ഭക്ഷണ ആസക്തിരോഗങ്ങൾക്ക് പിന്നിലെ കാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണകാര്യങ്ങളിൽ മിതത്വവും നിയന്ത്രണവും പാലിക്കാതിരിക്കുന്നതും വിശ്രമമില്ലാത്ത ജീവിത ശൈലി തുടരുന്നതും ശരീരത്തെ രോഗാവസ്ഥയിലേക്ക് നയിക്കുവാൻ കാരണമാകും . 


മനസ്സിലെ നിഷേധ ചിന്തകളെ പ്രതിരോധിക്കുവാനും വഴിതിരിച്ചുവിടുവാനും കഴിയുന്നു സർവ്വായുധ വർഗ്ഗം നമുക്ക് നൽകിയിട്ടുണ്ടെന്ന് എഫെസ്യ ലേഖനം ആറാം അധ്യായത്തിൽ പറയുന്നു.  നിഷേധ ചിന്തകളാകുന്ന തീയമ്പുകളെ പ്രതിരോധിക്കാൻ പര്യാപ്തമായ  ഈ ആയുധങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ  ദൈവകൃപയും നിരന്തര പരിശ്രമവും ആവശ്യമാണ്.


മനസ്സിന്റെ ആകുല വ്യാകുലതകളെ ശാന്തമാക്കാനും സൗഖ്യമാക്കാനും, പ്രതിരോധിക്കുവാനും തിരുവചന വായനയും  ധ്യാനവും വളരെ സഹായകമാണ്. സൗഖ്യദായകനായ  ദൈവത്തിന്റെ ഹീലിംഗ് പവറുള്ള തിരുവചനം ആത്മശരീര മനസ്സുകളിൽ അത്ഭുത പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നാണ് പൗലോസ് അപ്പോസ്തോലന്റെ സാക്ഷ്യം:


ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.

അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ഫിലിപ്പി 4 : 6-8


മനോരോഗം ശാപവും പാപത്തിന്റെ അനന്തരഫലവും ആണെന്ന വിലയിരുത്തൽ പൂർണ്ണമായും ശരിയല്ല.   വിജയകരമായ ക്രിസ്തീയ ജീവിതത്തിനും ആത്മ വിശുദ്ധിക്കും മനോരോഗം തടസ്സമല്ല.

മനോരോഗത്തെപ്പറ്റി സമൂഹം പല ദുഷ്കീർത്തികൾ പറഞ്ഞു പരത്തിയിട്ടുണ്ട്. അതൊക്കെ അജ്ഞതയും  തെറ്റിദ്ധാരണകളുമാണ്. ദൈവം ഏൽപ്പിച്ച നിയോഗം നിർവഹണത്തിന് മനോരോഗങ്ങൾ തടസ്സമാകുമ്പോൾ  മെഡിക്കൽ കെയറും പ്രാർത്ഥനയുമായി മുന്നോട്ടുപോകണം.


ഡയബറ്റിക്, ക്യാൻസർ തുടങ്ങിയ രോഗങ്ങളെപ്പോലെ മനോരോഗവും സുഖമായാലും ഇല്ലെങ്കിലും ജീവിതാവസാനംവരെ ദൈവം നമ്മുടെ കൂടെ ഉണ്ടാകും. ഭാരങ്ങൾ പങ്കിടാനും സാന്ത്വനം പകരാനും ദൈവത്തിന്റെ സാന്നിധ്യം നമ്മോടൊപ്പമുണ്ടാകും.


രോഗങ്ങളുടെ മുള്ളും മുറിവും നിറഞ്ഞ ജീവിത സഹനയാത്രയുടെ അവസാനത്തിൽ  നെടുവീർപ്പും കണ്ണുനീരും വേദനകളും രോഗങ്ങളും ഇല്ലാത്ത നിത്യതയുടെ സാന്ത്വന തീരത്ത് നമ്മളെല്ലാവരും എത്തിച്ചേരും . അതുവരെ  ദൈവമേ, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക്‌ ഉറപ്പേകും.

എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;എന്റെ ശിരസ്‌സു തൈലംകൊണ്ട്‌അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; ഒടുവിൽ  കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

സങ്കീര്‍ത്തനങ്ങള്‍ 23 : 4-6