Thursday, August 4, 2022

എൻഫോഴ്സ് യുവർ ബൗണ്ടറി!

 

മനസ്സിന് ആരോഗ്യകരമായ ബൗണ്ടറി ആവശ്യമാണെന്നാണ്   സോഷ്യൽവർക്കറായ കാരൻ സലെർണോയുടെ അഭിപ്രായം.

മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളും  കടന്നുകയറ്റവും ഒഴിവാക്കാൻ മനസ്സിന്റെ ബൗണ്ടറി സഹായകമാണ്. നമ്മുടെ ഉറച്ച നിലപാടുകൾ വ്യക്തമാക്കുവാനും ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന് തടസ്സമുണ്ടാക്കുന്നവരെ അകറ്റി നിർത്തുവാനും ബൗണ്ടറി ഉപകരിക്കും.

മറ്റുള്ളവർ നമ്മോടും നമ്മൾ മറ്റുള്ളവരോടും എങ്ങനെ ഇടപെടണമെന്ന് തീരുമാനിക്കപ്പെടുന്നത് നാം നിലനിർത്തുന്ന ധാർമിക ബൗണ്ടറിയുടെ പേരിലാണ്. നമ്മുടെ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവർ ആദരിക്കണമെങ്കിൽ നമുക്ക്  ഉറച്ച നിലപാടും അതിർവരമ്പുകളും ആവശ്യമാണ്.

അധാർമികതയുടെയും പരദൂഷണത്തിന്റെയും മാലിന്യങ്ങൾ  മനസ്സിൽ വലിച്ചെറിയുവാൻ വരുന്നവരെ ബൗണ്ടറിക്ക് പുറത്തു നിർത്തിയില്ലെങ്കിൽ നമ്മുടെ മനസ്സമാധാനവും ശാന്തിയും പ്രതിസന്ധിയിലാകും. 

എന്താണ് ആരോഗ്യകരമായ ബൗണ്ടറിയുടെ പ്രത്യേകത?

മറ്റുള്ളവരുടെ മേൽ നിയന്ത്രണം ചെലുത്താത്തതും നമ്മുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നതും ആണ് ആരോഗ്യകരമായ ബൗണ്ടറി.

നമ്മുടെ മൂല്യബോധവും ഫിലോസഫിയും ഇഷ്ടാനിഷ്ടങ്ങളും എന്താണെന്നും,   നമുക്ക് സന്തോഷവും സുരക്ഷിത ബോധവും നൽകുന്നത് എന്തൊക്കെയാണെന്നും  സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ സ്വകാര്യതയുടെ അതിർത്തി നിശ്ചയിക്കുവാൻ സാധിക്കുകയുള്ളൂ.

വ്യക്തിത്വവികാസത്തിന്റെ ആദ്യഘട്ടങ്ങളിൽ ചെറിയ അതിർവരമ്പുകൾ പണിത് തുടങ്ങണം. ക്രമേണ സ്വന്തം വ്യക്തിത്വശൈലിയും അഭിരുചികളും താല്പര്യങ്ങളും ഒക്കെ തിരിച്ചറിഞ്ഞുവരുമ്പോൾ  ബൗണ്ടറി ശക്തവും സുദൃഡവുമാക്കാം.  ജീവിത സാഹചര്യങ്ങളും പ്രവർത്തന മേഖലയും നിയോഗങ്ങളും മാറുന്നതിനനുസരിച്ച് ബൗണ്ടറിയും പുതുക്കി പണിയേണ്ടി വരും.

ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും പ്രൈവസിയും ഒക്കെ നമ്മുടെ അവകാശമാണ്. അതിന് ചില ബൗണ്ടറികൾ നിലനിർത്തിയെ പറ്റു.   പക്ഷെ, ആളുകളെ പ്രസാദിപ്പിക്കുന്ന, അമിത ആശ്രയ മനോഭാവക്കാർ വിസമ്മതം പ്രകടിപ്പിക്കുവാൻ മടിയുള്ളവരാണ്. ഉറച്ച നിലപാടുകളുടെ ബൗണ്ടറി നിലനിർത്താൻ ഇവർക്ക് ബുദ്ധിമുട്ടാണ്. 

ആരോഗ്യകരമായ ബൗണ്ടറി ആവശ്യമുള്ള മേഖലകൾ ഏതൊക്കെയാണ്?

പ്രണയബന്ധങ്ങൾക്കിടയിലെ ബൗണ്ടറികൾ വളരെ പ്രധാനപ്പെട്ടതാണ്. കൗമാര പ്രണയ ബന്ധങ്ങൾ പരസ്പരം അടുത്തറിയാനുള്ളതാണ്. ഇണയുടെ അഭിരുചികളും കാഴ്ചപ്പാടുകളും മൂല്യബോധങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടോ എന്നു മനസ്സിലാക്കാനുള്ള സമയമാണ്. അടുപ്പത്തിനും മീഡിയ റിലേഷൻഷിപ്പിനും  അതിർത്തിയും   ആത്മസമയനവും നിഷ്കർഷയും പുലർത്തിയില്ലെങ്കിൽ അടുത്തറിയാനുള്ള ശ്രമം അതിരുകടന്ന ബന്ധങ്ങളായിത്തീരുവാൻ സാധ്യതയുണ്ട്.

വൈകാരിക പക്വതയില്ലാത്തവരും വ്യക്തിത്വ വൈകല്യമുള്ളവരും മറ്റുള്ളവരുടെ ബൗണ്ടറികളെയും അതിരുകളെയും മാനിക്കാത്തവരാണ്. ഉപായം, കൗശലം, ഭാവാഭിനയം, കാപട്യം, ഭീഷണി തുടങ്ങിയ തന്ത്രപരമായ നീക്കങ്ങളിലൂടെ ബൗണ്ടറി കടക്കാൻ ശ്രമിക്കുന്നവരെ തുടക്കത്തിൽ തന്നെ മതിൽക്കെട്ടിന് പുറത്ത് നിർത്തിയില്ലെങ്കിൽ വയ്യാവേലിയും ഒഴിയാബാധയുമാവും. ആളും തരവും അറിയുന്നതിന് മുമ്പ് വാതിൽ തുറന്നു കൊടുക്കുന്നത്  റിസ്കാണേ! ഒരാളെ കണ്ട്‌, ഒന്നു സംസാരിച്ചു കഴിയുമ്പോൾ നൂറുശതമാനവും  അയാളെ മനസ്സിലാക്കികഴിഞ്ഞു എന്ന് തീരുമാനിക്കരുത്.  മൾട്ടിപ്പിൾ റോൾ പ്രകടനത്തിൽ അപാര അഭിനയശേഷിയുള്ള മഹാനടീനടന്മാരാണ് 'ഫ്രോഡുകൾ'. ഇവരുടെ മനസ്സൊരു സമസ്യയാണ്.

കുടുംബ ബന്ധങ്ങളിൽ ഉപാധികളില്ലാത്ത സ്നേഹം പങ്കുവെക്കൽ  ആവശ്യമാണ്. എങ്കിലും  കുടുംബാംഗങ്ങളുടെ  പ്രൈവസിയും സ്വാതന്ത്ര്യവും പരസ്പരം ആദരിക്കേണ്ടതുണ്ട്. 

ദമ്പതികൾ പരസ്പരം ആദരവും ബഹുമാനവും നിലനിർത്തണം. എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസാണ് വിവാഹമെന്ന ചിന്ത ശരിയല്ല.  ഇണയുടെ പ്രൈവസിയും ഓട്ടോണമിയും ആദരിക്കാത്ത ജീവിതപങ്കാളിയെ മതിൽ കെട്ടി അകറ്റി  നിർത്തേണ്ടി വരുന്നത് തികച്ചും നിവർത്തികേടുകൊണ്ടാണ്. 

 മാതാപിതാക്കളുടെ  അധീശ-ഉടമസ്ഥ മനോഭാവത്തോട് കുട്ടികൾ നിഷേധാത്മകമായി പ്രതികരിക്കാറുണ്ട്.  അവരുടെ സ്വാതന്ത്ര്യത്തെയും സ്വയ ഭരണാവകാശത്തെയും പറ്റി അവർക്ക് ബോധ്യം വന്നിരിക്കുന്നു എന്നാണ് അത്തരം പ്രതികരണത്തിന്റെ അർത്ഥം. അത് മാതാപിതാക്കൾ മനസ്സിലാക്കാതെ വരുമ്പോൾ നയം വ്യക്തമാക്കാൻ കുട്ടികൾ ബന്ധങ്ങൾക്കിടയിൽ മതിലുകൾ കെട്ടിപൊക്കും. നോട്ട് ദ പോയിന്റ്!

സുഹൃത്തുക്കളുമായി മനസ്സ് തുറന്നിടപെടുമ്പോൾ പരസ്പരം ബൗണ്ടറികൾ   ചാടിക്കടക്കാറുണ്ട്. രഹസ്യങ്ങൾ പങ്കുവെക്കുമ്പോഴും ലഹരിയിൽ ഹൃദയം തുറക്കുമ്പോഴും വിശ്വസ്തത പാലിക്കുവാൻ രണ്ടു കൂട്ടരും ശ്രദ്ധിക്കണം.  ഉറ്റ സുഹൃത്തുക്കൾക്ക് അനധികൃത കടന്നുകയറ്റത്തിന്  വാതിൽ തുറന്നു കൊടുക്കുന്നത് അഭിലക്ഷണിയമല്ല. നല്ല സുഹൃത്ത് അതിരുകളെ മാനിക്കുന്നവരായിരിക്കും. അതിർത്തി ലംഘിക്കുന്ന ടോക്സിക്  സുഹൃത്തുക്കളെ അതിർത്തിക്കു പുറത്ത് നിർത്തിയില്ലെങ്കിൽ പ്രശ്നമാകും.

ജോലിയിൽ  സഹപ്രവർത്തകരും അധികാരികളും  ചൂഷണം ചെയ്യുവാനും അമിതഭാരം ചുമപ്പിക്കാനും ശ്രമിക്കുമ്പോൾ അതൃപ്തി അറിയിക്കുകയും അതിർവരമ്പുകൾ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ചില മൂല്യങ്ങളിലും തത്വങ്ങളിലും നമ്മൾ ഉറച്ചുനിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ,  ക്രോസ് ബോർഡർ ടെററിസത്തിന് ആരും വരില്ല.  വന്നാൽ വകവച്ചു കൊടുക്കുകയും വേണ്ട.

യാത്രയിലും ഷോപ്പിംഗ് മാളുകളിലും പാർക്കിലും  മനപ്പൂർവം നമ്മുടെ ഫിസിക്കൽ ബൗണ്ടറി കടന്നുവരുന്ന അപരിചിതർക്ക്  അകന്നു നിൽക്കുവാൻ സഭ്യമായ മുന്നറിയിപ്പ് കൊടുക്കണം. അത്തരം മുന്നറിയിപ്പുകൾക്ക് നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മൾ സ്വയം പിന്മാറുന്നതും സേഫ് ഡിസ്റ്റൻസ് നിലനിർത്തുന്നതുമായിരിക്കും സുരക്ഷിതം. സംഗതി കേസുകെട്ടാണ്☠️

യാത്രയിലും പൊതു പരിപാടികളിലും കണ്ടുമുട്ടുന്ന അപരിചിതർക്ക് സൗഹൃദവാതിൽ തുറന്നു കൊടുത്തു നിരന്തരം പ്രതിസന്ധികളിൽ വീഴുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ മുഖംമൂടിയണിഞ്ഞു വരുന്നവരെ തുറന്ന മനസ്സോടെ വിശ്വസിക്കുന്നവരും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നവരും സാമ്പത്തിക ഇടപാടിലും പ്രണയബന്ധങ്ങളിലും ഏർപ്പെടുന്നവരും അനവധിയാണ്. അതിന്റെയൊക്കെ  അനന്തര ദുരന്തഫലങ്ങളാണ് മീഡിയയിലൂടെ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. കർട്ടന് പിറകിൽ  നിൽക്കുന്നവരുടേത് വിഷലിപ്ത മനസ്സും കറുത്ത കൈകളുമല്ലെന്ന് ഉറപ്പാക്കുന്നതുവരെ മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതാണ് സുരക്ഷിതം.

ദുഷ്ടരും കശ്മലരും ഫ്രോഡുകളും സ്വതന്ത്രമായി മേഞ്ഞു നടത്തുന്ന ലോകത്തും സൈബർ മിഡിയയിലും ചുവടുവെക്കുന്ന നമുക്ക് സുരക്ഷിത മതിലുകൾ അത്യാവശ്യമാണ്. സ്വാദിഷ്ടമായി സംസാരിക്കുന്നവർക്കും സാത്വിക വേഷധാരികൾക്കും മനസ്സിന്റെ വാതിൽ തുറന്നു കൊടുക്കുന്നത് വളരെ  ആലോചിച്ചു വേണം.

എൻഫോഴ്സ് യുവർ ബൗണ്ടറി!

- -ഫാ. ഡോ. ഏ. പി. ജോർജ്