Wednesday, May 1, 2019

ബാക്ക് ടു സ്കൂള്‍

അദ്ധ്യയന വര്‍ഷാരംഭം കുട്ടികളില്‍ ടെന്‍ഷനും ആകാംഷയുമുണ്ടാക്കാറുണ്ട്. ഓടിക്കളിച്ചു നടന്ന ഒഴിവുകാലത്തില്‍ നിന്ന് നിഷ്കര്‍ഷയുള്ള സ്കൂള്‍ കരിക്കുലത്തിലേക്കുള്ള ചുവടുവയ്പ് കുട്ടികള്‍ക്ക് വൈകാരിക വെല്ലുവിളികളും പ്രതിസന്ധികളുമുണ്ടാക്കിയേക്കാം. സ്കൂള്‍ തുറക്കുന്നതിനുമുമ്പുള്ള ചില തയ്യാറെടുപ്പുകള്‍ ഭയാശങ്കകളും സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ സഹായിക്കും.
അതിലൊന്നാമത്തേത് ഉറക്കസമയത്തിന്‍റെ പുനര്‍ക്രമീകരണമാണ് . ഒഴിവുകാലങ്ങളില്‍ വളരെ വൈകി കിടന്ന് വൈകി എഴുന്നേല്‍ക്കുന്ന ശീലമായിരിക്കും. സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും 11-7 ഉറക്കശീലമാക്കി ബയോളജിക്കല്‍ ക്ലോക്ക് റീ സെറ്റു ചെയ്താല്‍ ക്ലാസില്‍ ഉണര്‍വ്വോടിരിക്കാനാവും.
പുതിയ ക്ലസിലെ പുസ്തകങ്ങള്‍ ഒഴിവുസമയത്ത് പരിചയപ്പെടുന്നതും ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുന്നതും കോഴ്സ് സിലബസ് വായിച്ചു മനസ്സിലാക്കുന്നതുമൊക്കെ പുതിയ അദ്ധ്യയന വര്‍ഷത്തെ വര്‍ക്ക് ലോഡ് വിലയിരുത്താനും മനസ്സൊരുക്കുവാനും സഹായിക്കും.
കഴിഞ്ഞ വര്‍ഷത്തെ പഠനരീതികളിലെ പോരായ്മകള്‍ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗരേഖയുണ്ടാക്കുന്നത് നല്ലതാണ്. പഠന സമയം, കളി, വ്യായാമം എന്നിവയ്ക്ക് ടൈംടേബിളുണ്ടാക്കണം. പ്രയാസമുള്ള വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം നീക്കി വയ്ക്കണം. ക്ലാസുള്ള ദിവസങ്ങളില്‍ ടിവി-സൈബര്‍മീഡിയ ഉപയോഗത്തിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ വര്‍ഷത്തിലേക്കുള്ള ഗോള്‍ സെറ്റിംഗ് ആരംഭത്തില്‍ തന്നെ നടത്തണം. അലങ്കോലമായികിടക്കുന്ന പഠനമേശയില്‍ ടെക്സ്റ്റ് ബുക്കുകളും പഠനോപകരങ്ങളും കൃത്യമായി അടുക്കി വയ്ക്കുന്നത് പഠിക്കാനുള്ള മൂഡുണ്ടാക്കും.
കുട്ടികള്‍ക്ക് വിലകൂടിയ ഡ്രസ്സും, പഠനോപകരണങ്ങളും ഹൈടെക് സ്കൂള്‍ അഡ്മിഷനും വാങ്ങിsക്കmടുത്തു കഴിഞ്ഞാല്‍ തങ്ങളുടെ ചുമതല തീര്‍ന്നെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്. കുട്ടികള്‍ക്ക് പഠിക്കുവാന്‍ അനുകൂല അന്തരീക്ഷം വീട്ടിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പഠനസമയത്ത് കുട്ടികളുടെ ശ്രദ്ധ വ്യതി ചലിപ്പിക്കുന്ന ടിവിയും മീഡിയഗോസിപ്പും ഗെറ്റുഗദറുകളും മാതാപിതാക്കള്‍ ഒഴിവാക്കണം. മാതാപിതാക്കളുടെ വഴക്കും ലഹരിപിശാചിന്‍റെ വൈകാരികപ്രകടനങ്ങളുമൊക്കെ കുട്ടികളില്‍ അസ്വസ്ഥതയും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള ബുദ്ധിമുട്ടുമൊക്കെയുണ്ടാക്കും. വൈകാരിക സുരക്ഷിതത്വമുള്ള കുടുംബാന്തരീക്ഷത്തില്‍ മാത്രമേ കുട്ടിക്ക് സര്‍ഗ്ഗാത്മകഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുവാന്‍ കഴിയുകയുള്ളൂ.
വിതയ്ക്കപ്പെടുന്ന വിത്ത് മുള്ളിലും പാറയിലും പെരുവഴിയിലുംവീണാല്‍ ഫലം കായ്ക്കാന്‍ വിഷമമാണെന്ന് ക്രിസ്തു പറഞ്ഞത് എത്ര ശരിയാണ്. നൂറുമേനി വിളയാന്‍ സാദ്ധ്യതയുള്ള വിത്തുകളാകുന്ന കുട്ടികള്‍ ഏതു കുടുംബാന്തരീക്ഷത്തില്‍ വീഴുന്നു എന്നത് വളരെ പ്രധാനമാണ്.
പഠനമേഖലകളില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അനുഭാവപൂര്‍വ്വം കേള്‍ക്കാനും പരിഹാരമാര്‍ഗ്ഗങ്ങളിലേക്ക് അവരെ കൈപിടിച്ച് നടത്തുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം.
കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന 'സ്കൂള്‍ ഫോബിയ' മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രതിസന്ധിയുണ്ടാകാറുണ്ട്. കുട്ടിയുടെ കള്ളത്തരവും അടവുമാണെന്ന ധാരണയില്‍ ഭീഷണിപ്പെടുത്തുന്നതും കഠിനശിക്ഷകൊടുക്കുന്നതും പ്രശ്നം വഷളാക്കുകയേ ഉള്ളൂ. സ്കൂള്‍ ഫോബിയക്കു പിന്നില്‍ ആകാംഷ, ഡിപ്രഷന്‍, sസപ്പറേഷന്‍ ആങ്സൈറ്റി, പഠന വൈകല്യങ്ങള്‍ പോലുള്ള മാനസീകാരോഗ്യപ്രശ്നങ്ങളുണ്ടാകാം. സൈക്യാട്രിക്ടീമിന്‍റെ വിദഗ്ദ്ധവിലയിരുത്തലും മെഡിക്കല്‍ സപ്പോര്‍ട്ടും ഇക്കാര്യത്തില്‍ ആവശ്യമാണ്.
പുത്തന്‍ പ്രതീക്ഷകളോടെ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന കൂട്ടുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഹൃദയപൂര്‍വ്വമായ ശുഭാശംസകള്‍!