Wednesday, December 14, 2022

The trap of negative thoughts

 ജീവിതത്തിലെ പരാജയങ്ങളും വീഴ്ചകളും മനസ്സിൽ നിഷേധ ചിന്തകൾ ഉണർത്തും.  വിവേകം വികാരത്തിന് വഴിമാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന നിഷേധ ചിന്തകൾ ശരീരമനസ്സുകളിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാക്കും.


പ്രണയബന്ധങ്ങളിലും ദാമ്പത്യത്തിലും പ്രതിസന്ധികളുണ്ടാകുമ്പോൾ  പീഡനത്തിനും കൊലപാതകത്തിനും മുതിരുന്നവരുടെ പ്രധാന പ്രശ്നം മനസ്സിലെ നിഷേധ ചിന്തകളുടെ തേരോട്ടമാണ്.

നിഷേധ ചിന്തകളുണ്ടാക്കുന്ന  പ്രതികാരമനോഭാവമാണ്  കുടുംബത്തിലും മത രാഷ്ട്രീയത്തിലും സമൂഹത്തിലും ശിഥില പ്രവർത്തനങ്ങളും അക്രമങ്ങളും ഭിന്നതകളുമൊക്കെ ഉണ്ടാക്കുന്നത്.

ഏകാധിപതിയായ നേതാവിന്റെ മനസ്സിലെ രോഗബാധിതമായ സംശയങ്ങളും അതുണ്ടാക്കുന്ന തെറ്റ് ധാരണകളും വർഗിയ  കലാപങ്ങൾക്കും കൂട്ടക്കൊലക്കും യുദ്ധങ്ങൾക്കും വരെ കാരണമാകാറുണ്ട്. അതെ, മനസ്സിലെ നിഷേധ ചിന്ത സംഹാര സാധ്യതകളുള്ള ബോംബും മിസൈലും ആണ്.

പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന നെഗറ്റീവ് ചിന്താഗതി വച്ചുപുലർത്തുന്ന അനേകരുണ്ട്. അത് ബന്ധങ്ങളെ ശിഥിലമാക്കും.  സൗഹൃദ പൂർണ്ണമായിരുന്ന പല ദാമ്പത്യ ബന്ധങ്ങളും തകർന്നത് ചില നിസ്സാര കാരണങ്ങളാണ്. അത്തരം ദുരന്തങ്ങൾക്ക് പിന്നിൽ നിഷേധ ചിന്തകളുടെ സ്വാധീനം ചെറുതല്ല.
ആരോഗ്യകരമായ ബന്ധം മുന്നോട്ടു കൊണ്ടുപോകുവാൻ  അനാരോഗ്യകരമായ ചിന്തകളെയും സമീപന രീതികളെയും തിരിച്ചറിയണം.  സ്വയം തിരുത്തുവാൻ തയ്യാറാകണം.

എല്ലാ ബന്ധങ്ങളിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അത് സ്വാഭാവികവുമാണ്. രോഗബാധിതമായ സംശയവും   അശുഭ ചിന്തകളും സമാധാനപൂർണ്ണമായ ദാമ്പത്യ ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്.
ദാമ്പത്യ പ്രതിസന്ധികൾക്ക് പിന്നിലെ നിഷേധ ചിന്തകളുടെ അടിയൊഴുക്ക് ഒരു പക്ഷേ ദമ്പതികൾക്കും ബന്ധുക്കൾക്കും മനസ്സിലാകണമെന്നില്ല. അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുവാൻ വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.

നിഷേധ ചിന്തകൾ ദാമ്പത്യ ബന്ധത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ പലവിധത്തിലാണ്:
കാര്യങ്ങളെ പൂർണ്ണമായും നല്ലത് അല്ലെങ്കിൽ ചീത്ത എന്ന രീതിയിൽ   കാണുന്ന എക്സ്ട്രീം മനോഭാവക്കാരാണിവർ. ഇതിനിടയിലുള്ള കാര്യങ്ങളെ മനസ്സിലാക്കുവാൻ ഇവർ ശ്രമിക്കാറില്ല. ജീവിതപങ്കാളി തന്നെ സ്നേഹിക്കുന്നില്ല, വിശ്വസ്തരല്ല എന്നൊക്കെയുള്ള തീവ്ര ചിന്തകളിൽ നിഷേധ ചിന്തകളുടെ സ്വാധീനം ഉണ്ട്.
കഴിഞ്ഞ കാലങ്ങളിലെ മോശമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിലവിലെ കാര്യങ്ങളെ വീക്ഷിക്കുന്നതിന് പ്രേരണ ഉണ്ടാക്കുന്നത് നിഷേധ ചിന്തകളാണ്. മറ്റൊരാൾ ദോഷകരമായിട്ടാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് സ്വയം അനുമാനിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന ചിന്തകൾ നെഗറ്റീവ് ആണ്.

ജീവിതത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വം പങ്കാളിയുടെ മേൽ ആരോപിക്കുന്നതും നിഷേധ ചിന്തകളുടെ സ്വാധീനം കൊണ്ടാകാം. ഇത്‌ ജീവിതപങ്കാളിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം തിരുത്തുമ്പോൾ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. അതിനുപകരം കുറ്റപ്പെടുത്തലുകൾ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും.

വിഷാദാവസ്ഥയിൽ നിഷേധാ ചിന്തകളുടെ സ്വാധീനം മൂലം ചുറ്റുപാടുകളെ പ്രതികൂലമായി കാണുവാനുള്ള സാധ്യത കൂടുതലാണ്. വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ വസ്തുതകളെ നിഷ്പക്ഷമായി  വിലയിരുത്തുവാൻ കഴിയാതെ വരും.

നിഷേധ ചിന്തകൾ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോകാറുണ്ട്. എന്നാൽ ചിലരിൽ ഇത്തരം ചിന്തകൾ അപകടകരമായ ദുസ്വാധീനം ചെലുത്താറുണ്ട്. സഹനപൂർണ്ണമായ ബാല്യകാലം, വ്യക്തിത്വ വൈകല്യങ്ങൾ, മനോ -ശാരീരിക രോഗങ്ങൾ, ജീവിതത്തിലെ തോൽവിയും നഷ്ടങ്ങളും ഒറ്റപ്പെടലും ഒക്കെ നിഷേധമനോഭാവങ്ങൾക്ക് പിന്നിലെ കാരണങ്ങളാകാം.
നിഷേധ ചിന്തകളുടെ  വലിയേറ്റങ്ങൾ ഏകാഗ്രത നഷ്ടപ്പെടുത്തും.  ദൈനംദിന ജോലിയിൽ ശ്രദ്ധക്കുറവും ബന്ധങ്ങൾക്കിടയിൽ പ്രതിസന്ധിയും ഉണ്ടാക്കും. അപകടകരമായ തീരുമാനങ്ങളിലേക്ക് ചുവടുവെക്കാൻ പ്രേരണയുമുണ്ടാക്കും.

ദാമ്പത്യപങ്കാളിയുടെ കുറ്റവും കുറവുകളും അതിശയോക്തിപരമായി ചിന്തിച്ച്  പ്രതിസന്ധികളുണ്ടാക്കുന്നവരുടെ മനോഭാവങ്ങളെ തിരുത്തുവാൻ മനശാസ്ത്ര ചികിത്സ സഹായകരമാണ്.

ജീവിതപങ്കാളിയെ പരീശമനോഭാവത്തോടെ നിരന്തരം കുറ്റപ്പെടുത്തുന്നത്  ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകും. ആരും പൂർണ്ണരല്ല,  എല്ലാവരിലും പോരായ്മകളുണ്ട്. പരിമിതികളുള്ളവരെ കൂട്ടിച്ചേർത്താണ് ദൈവം കുടുംബം പണിയുന്നത്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭാര്യയെ സ്നേഹിക്കുവാനും ഉപാധികളില്ലാത്ത സ്നേഹത്തോടെ ഭർത്താവിനെ കരുതുവാനും ദമ്പതികൾ തയ്യാറാകുമ്പോൾ അവർക്കിടയിൽ നിഷേധ ചിന്തകൾക്ക് സ്ഥാനമില്ലാതാകും.

സ്നേഹം ദോഷത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് സ്നേഹത്തിന്റെ അപ്പോസ്തലനായ പൗലോസിന്റെ ഉപദേശം. ജീവിതപങ്കാളിയുടെ പരാജയത്തിന്റെയും വീഴ്ചയുടെയും ഫയലുകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് പരസ്പരം സ്നേഹിക്കുവാൻ പ്രയാസമാണ്. 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളോടും ക്ഷമിക്കണമെ'യെന്ന കണ്ടീഷണൽ പ്രാർത്ഥന ചൊല്ലുന്ന ദമ്പതികൾ പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കുവാനും അനുകൂല ചിന്തകളെ പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കണം.

തെറ്റുകൾ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നവർക്ക് ക്ഷമ നൽകുക. തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുക. ആ നിശബ്ദത നിങ്ങളുടെയും ദാമ്പത്യ ബന്ധത്തിന്റെയും വിജയമാവും.

ഇണങ്ങുവാൻ വരുന്നവർ നമ്മളോട് തോറ്റു വരുന്നതല്ല,
നമ്മൾ അവരെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ അവർ നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണെന്നറിയണം. അനുരഞ്ജനത്തിനുള്ള അത്തരം സുവർണ്ണാവസരങ്ങൾ നിഷേധ മനോഭാവം മൂലം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-ശുഭാശംസകൾ!
-ഫാ. ഡോ. ഏ. പി. ജോർജ്

Thursday, November 24, 2022

Don't be mean to yourself

 'മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.'

സദൃശ്യവാക്യങ്ങൾ 18:21 

മരണവും ജീവനും നാവിൽ നിന്ന് വരുന്നു എന്ന ശലോമോന്റെ കാഴ്ചപ്പാട് ഉദാത്തമാണ്. നമ്മൾ മറ്റുള്ളവരെപ്പറ്റി സംസാരിക്കുമ്പോഴും നമ്മെ പറ്റി ചിന്തിക്കുമ്പോഴും മരണത്തിനും ജീവനും,  പ്രത്യാശക്കും നിരാശക്കുമുള്ള  സാധ്യതകൾ ഉണ്ട്.

സംസാരിക്കേണ്ടതും സംസാരിക്കാതിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുവാനും നിയന്ത്രിക്കുവാനുമുള്ള  കഴിവും വിവേചനവരവും ദൈവം നമുക്ക് തന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും നമ്മൾ അത് പ്രയോജനപ്പെടുത്താറില്ലെന്ന് മാത്രം.

ഓരോ ദിവസത്തിന്റെ അവസാനവും നമ്മൾ ചിന്തിച്ചതും മറ്റുള്ളവരോടു സംസാരിച്ചതും എന്തൊക്കെയാണെന്ന് ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്. ആത്മവിശ്വാസം തകർക്കുന്നതും മുറിവേൽപ്പിക്കുന്നതുമായ ചിന്തകളാണ് നമ്മെ പറ്റി നമ്മൾ നിരാശയും പരാജയബോധവും വിഷാദവും മനസ്സിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടാക്കികൊണ്ടിരിക്കും. എന്നെ ആരും സ്നേഹിക്കുന്നില്ല, ഞാനൊരു പരാജയമാണ്, എന്റേത് നികൃഷ്ട ജന്മമാണെന്ന ചിന്തകളുടെ വേലിയേറ്റം ശക്തമാകുമ്പോഴാണ് പലരും നിരാശയിലേക്കും ആത്മഹത്യയിലേക്കും ചുവടുവെക്കുന്നത്. നമ്മിലെ നിഷേധ ചിന്തകൾക്ക് പ്രോത്സാഹനം കൊടുത്താൽ പിന്നീട് അത്‌ വാക്കുകളും പ്രവർത്തികളുമായിത്തീരും. അത്‌ നമുക്കും മറ്റുള്ളവർക്കും പ്രതിസന്ധി ഉണ്ടാകും.

അതെ, നിഷേധ ചിന്തകൾ സ്വയം നിറയൊഴിക്കലാണ്, സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കലുമാണ്.

നമ്മുടെ വാക്കുകളെയും പ്രവർത്തികളെയും മനോഭാവങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളാണ്. ഒരു ശരാശരി മനുഷ്യന്റെ മനസ്സിൽ ഒരു ദിവസം 54000ത്തോളം ചിന്തകൾ വിരിയുന്നുണ്ടത്രേ!

ഈ ചിന്തകളിൽ നമുക്കും മറ്റുള്ളവർക്കും ക്ഷതവും മരണവും ഉണ്ടാക്കുന്ന  നിഷേധചിന്തകളെ നാം നിരീക്ഷിച്ച്, തിരിച്ചറിയേണ്ടതാണ്.

ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി ഉയരുന്ന എല്ലാ ചിന്തകളെയും താൻ പിടിച്ചടക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത്:

'ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.

അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കുന്നു.' 2 കൊരിന്ത്യർ10:4-5

ചിന്തകൾ ക്രമേണ പ്രതികരണങ്ങളും പ്രവർത്തികളുമായി രൂപപ്പെടുമെന്നതുകൊണ്ട് ചിന്തകളുടെ മേൽ ഒരു നിയന്ത്രണവും ക്വാളിറ്റി കൺട്രോളും അത്യാവശ്യമാണ്.

നമ്മുടെ മനസ്സിൽ രൂപംകൊള്ളുന്ന പ്രതികാരം, സംശയം, തെറ്റുധാരണ തുടങ്ങിയ ചിന്തകൾ പല ദുരന്തങ്ങൾക്കും ബന്ധങ്ങളുടെ തകർച്ചക്കും കാരണമാകാറുണ്ട്.

നിഷേധ ശക്തികൾ നമ്മിൽ വിഷലിപ്ത ചിന്തകൾ ഉണർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് അപ്പോസ്തലൻ പത്രോസ് പറയുന്നത്:

'നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.'1 പത്രോസ് 5 : 7-8.

മനസ്സിലെ പ്രതികാര ചിന്തകൾമൂലം ആഞ്ഞടിച്ച വികാര കൊടുങ്കാറ്റിന്റെ വഴിയെ സഞ്ചരിച്ച എത്രയോ ആളുകളാണ് കൊലപാതകങ്ങളുടെയും വർഗീയ കലാപങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും കുറ്റക്കാരായി തീർന്നത്. 

നമ്മുടെ മനസ്സുപറയുന്ന പാഴ് വാക്കുകൾ മുഴുവനും വിശ്വസിക്കരുത്. നമ്മുടെ ചിന്തകൾ  എപ്പോഴും  ശരിയാകണമെന്നില്ല. ചിലത് തെറ്റുദ്ധാരണകളും സംശയവും ഭയവുംമൂലമുണ്ടാകുന്ന അബദ്ധ ചിന്തകൾ ആയിരിക്കാം. നമ്മുടെ ചിന്തകളിൽ ചിലതിനെ നമുക്ക് തള്ളേണ്ടിവരും, സ്വയം തിരുത്തേണ്ടി വരും.  നല്ല ചിന്തകളും  അധമ ചിന്തകളും വിരിയുന്ന വയലാണ് നമ്മുടെ മനസ്സ് .

എങ്ങനെയാണ് മനസ്സിൽ അധമ ചിന്തകൾ ഉണ്ടാകുന്നത്?

നമ്മുടെ കഴിഞ്ഞകാല ദുരനുഭവങ്ങൾ, ഇപ്പോഴത്തെ വൈകാരിക സംഘർഷങ്ങൾ, മത്തിഷ്കത്തിലെ രാസപ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ, മീഡിയ മനസ്സിൽ വിളമ്പുന്ന ഗോസിപ് ചിന്തകൾ അങ്ങനെ പലതും അധമ- നിഷേധ ചിന്തകൾക്ക് പിന്നിലെ കാരണങ്ങളാകാം.

നിഷേധ ചിന്തകൾ മനോ- ശാരീരിക മേഖലകളിൽ പിരിമുറുക്കങ്ങൾ ഉണ്ടാക്കും. ജീവിത മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന ജഡത്തിന്റെ  തന്ത്രങ്ങളാണ് അതൊക്കെ. ഈ നിഷേധ ചിന്തകളെ നേരിടുവാനുള്ള ഏക വഴി  ചിന്തകളിലെ സത്യവും മിഥ്യയും   തിരിച്ചറിയലാണ്. ക്രിസ്തു പറഞ്ഞു:  സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന്.

അബദ്ധ ചിന്തകളിൽ നിന്നുള്ള വിമോചനത്തിന് സഹായിക്കുന്നത് തിരുവചന സത്യങ്ങളാണ്.

'ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.'

എബ്രായർ 4:12.

ചിന്തകളെ ശ്രദ്ധിക്കുക,  നിഷേധ ചിന്തകളെ തിരിച്ചറിയുക,  വികല ചിന്തകൾ  മറ്റുള്ളവരോട് പങ്കിടാതിരിക്കുക... ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് 

Pay attention, identify the negative thoughts, And replace those lies with truth before you speak.

നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കുവാൻ കഴിയാതെ വരുമ്പോൾ സമാധാനവും സന്തോഷവും പ്രതിസന്ധിയിലാകും. മറ്റുള്ളവരെ സ്നേഹിക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെവരും . നിഷേധ ചിന്തകൾ മനസ്സിലുണ്ടാക്കുന്ന  വെറുപ്പും വിദ്വേഷവും നമ്മളോടും മറ്റുള്ളവരോടും പ്രകടിപ്പിക്കുവാൻ തുടങ്ങും. ദൈവസ്നേഹം ഹൃദയത്തിൽ നിറയുന്നതുകൊണ്ട്‌ മാത്രമേ ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ.

'പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.'

റോമാ 5 : 5

ദൈവസ്നേഹം നമ്മളിൽ നിറയ്ക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം. ഇതിന് ഹൃദയശുദ്ധിയോടെ പ്രാർത്ഥിച്ചാൽ മതി. കാനാവിലെ കല്യാണ വിരുന്നിൽ,  വെടിപ്പാക്കിയ കൽഭരണികളിലെ  വെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കി മാറ്റിയത് പോലെ നമ്മുടെ ഹൃദയത്തിൽ ദൈവം തന്റെ സ്നേഹവും സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കും.

ദൈവസ്നേഹം നമ്മിൽ നിറയുമ്പോൾ, നമുക്ക് നമ്മെയും മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിയും. ദൈവത്തിന്റെ മക്കളായ മറ്റുള്ളവരെ ആദരിക്കുവാനും സാധിക്കും. പ്രത്യാശയുടെയും ആത്മഹർഷത്തിന്റെയും ചിന്തകൾ മനസ്സിൽ സജ്ജിവമാകും.

ജീവിതത്തിൽ പല വീഴ്ചകളും വന്നിട്ടുണ്ടെങ്കിലും ദൈവം എന്നും എപ്പോഴും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുവാൻ നമുക്ക് കഴിയണം. വീഴ്ചകൾക്ക് മാപ്പ് ചോദിക്കണം. നമ്മിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ദൈവസ്നേഹത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയണം. ലോകം നമ്മെ വെറുക്കുമ്പോഴും, പഴി ദുഷികൾ പറയുമ്പോഴും ദൈവം നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം മറക്കരുത്. ദൈവം നമ്മെ സ്നേഹിക്കുമ്പോൾ നമ്മൾ നമ്മളെ വെറുക്കുന്നത് ദൈവനിഷേധമാണ്. അമ്മയുടെ ഉദരം മുതൽ ജീവിതത്തിലെ എല്ലാ വീഴ്ച താഴ്ചകളിലും തന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന ദൈവത്തോട് നന്ദിയും കടപ്പാടുമുള്ള ഹൃദയമായിരുന്നു ദാവീദിന്റെത് :

'അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.'

സങ്കീര്‍ത്തനങ്ങള്‍ 139 : 13-16

ദൈവം നമ്മെ പൂർണമായി അറിയുന്നു.  നമ്മുടെ കഴിഞ്ഞ കാലങ്ങളും ദൈവത്തിന് അറിയാം.  നമുക്ക് എന്തെല്ലാം വീഴ്ചകൾ വന്നാലും നമ്മൾ ദൈവത്തിന്റെ സ്വന്തം മകനും മകളുമാണ്.  തന്റെ ഏക പുത്രനെ ലോകത്തിലേക്ക് അയച്ചതും  ക്രൂരമായ യാതനകൾ സഹിച്ച് കുരിശിൽ മരിച്ചതും ദൈവത്തിന് വ്യക്തിപരമായി എന്നോടും നിങ്ങളോടുമുള്ള  ആത്യന്തിക  സ്നേഹം കൊണ്ടാണ്.

'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'

യോഹന്നാന്‍ 3 : 16

യാതൊരു ദുരന്തങ്ങൾക്കും നിഷേധ ശക്തികൾക്കും നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുവാൻ കഴിയില്ല :

'ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.'

റോമാ 8 : 39

ദൈവത്തിന്റെ ഈ അൽഭുത സ്നേഹം നമ്മുടെ സ്ഥാനമാനങ്ങളും ആത്മീയ അനുഷ്ഠാനങ്ങളും കൊണ്ടു നമ്മൾ നേടിയെടുത്തതല്ല. ദൈവത്തിന്റെ സൗജന്യ ദാനമാണ്.

അതുകൊണ്ട് ദൈവത്തിന്റെ വിസ്മയ സൃഷ്ടികളും മക്കളുമായ നമ്മൾ നമ്മളോടും മറ്റുള്ളവരോടും ക്രൂരമായി പെരുമാറരുത്.

Learn to speak kindly to yuorself andstop being so mean.

ജീവനും ചൈതന്യവും സ്നേഹവും നിറഞ്ഞ ചിന്തകൾ കൊണ്ട് നമ്മളെയും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. ദൈവത്തിന്റെ പ്രിയ സൃഷ്ടികളായ നമുക്കെതിരായി, നമ്മുടെ ആത്മ ശരീര മനസ്സുകൾക്കെതിരായി  ഒരു ദോഷവും നമ്മൾ ചെയ്യരുത്, ചിന്തിക്കരുത്, പ്രവർത്തിക്കരുത്. ദൈവത്തിന്റെ പ്രിയ മക്കളായ സഹോദരങ്ങളേ മുറിവേൽപ്പിക്കരുത്. ആരുടെയും ജീവന്റെ മേൽ കൈ വെക്കരുത്.

ഏറ്റവും ഭയാനകമായ രോഗങ്ങൾ ക്ഷയവും ക്യാൻസറും അല്ല,  ആർക്കും വേണ്ടാത്തവരായിരിക്കുകയും സ്നേഹിക്കപ്പെടാതിരിക്കുന്നതും ആണെന്ന്  മദർ തെരേസ ഒരിക്കൽ പറഞ്ഞു.

നമ്മൾ നമ്മളെ കൈവിട്ടാൽ, വെറുത്താൽ പിന്നെ നമുക്ക് ആരുണ്ട്? ആരെല്ലാം  തള്ളി പറഞ്ഞാലും നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ  ശരീരത്തെ നശിപ്പിക്കരുത്. രൂപാന്തരം പ്രാപിച്ച് നിത്യതയിൽ വിശുദ്ധരായി ദൈവത്തോടൊപ്പം വസിക്കുവാനുള്ള ഈ ശരീരത്തിന്റെ ഉത്തരവാദിത്വബോധമുള്ള കാര്യവിചാരകരാകണം നമ്മൾ. നോമ്പുകാലങ്ങളിൽ മാത്രമല്ല, ആത്മ ശരീര മനസ്സുകളെ അശുദ്ധമാക്കുന്ന ന്മകളെ എല്ലാം അകറ്റിനിർത്തി മാനസികാരോഗ്യം സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം.

  ദൈവ സൃഷ്ടികളെ നശിപ്പിക്കാൻ കരുനീക്കങ്ങൾ നടത്തുന്ന   സാത്താന്റെ കരങ്ങളിൽ നമ്മളെ ഒരിക്കലും ഏൽപ്പിച്ചു കൊടുക്കരുത്. ആസക്തികളും ദുരാഗ്രഹങ്ങളും ചിട്ടയില്ലാത്ത അനാരോഗ്യകരമായ ജീവിതശൈലികളും മൂലം ശരീരത്തെ നശിപ്പിക്കരുത്. ആത്മാവിനെ മലിനമാക്കരുത്. നമ്മളോടും മറ്റുള്ളവരോടും ഉള്ള വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ദൈവ സ്നേഹത്തെപ്പറ്റി നമ്മൾ ഓർക്കണം. കയീന്റെയും യൂദാസിന്റെയും  ജീവിതം ദുരന്തപൂർണ്ണമാക്കിയ വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ജാഗ്രത പുലർത്തണം. വെറുപ്പിന്റെ വൻകയങ്ങളിൽ നിന്ന് നമ്മെ കൈപിടിച്ചുയർത്തുവാൻ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ശക്തമായ കരങ്ങൾക്ക് കഴിയുമെന്ന്‌ ഉറച്ചു വിശ്വസിക്കണം.

-ശുഭാശംസകൾ!

 ഏ. പി. ജോർജച്ചൻ 



Thursday, October 13, 2022

മനസ്സിന്റെ പാഴ്ശ്രുതികൾ

 ഒക്ടോബർ പത്താം തീയതി ലോക മാനസിക ആരോഗ്യ ദിനമാണ്‌ .

ഒരു ദിനാചരണം കൊണ്ടും കുറെ സെമിനാറുകൾ കൊണ്ടും തീരുന്ന പ്രതിസന്ധികളല്ല മാനസികാരോഗ്യ പരിപാലന രംഗത്തുള്ളത്. മറ്റ് മെഡിക്കൽ ശാഖകളിലെ വിദഗ്ധർക്കില്ലാത്ത അനേകം വെല്ലുവിളികൾ മെന്റൽ ഹെൽത്ത് ടീമിന് നേരിടേണ്ടി വരുന്നുണ്ട്.

അതിൽ ഒന്നാമത്തെത് രോഗത്തെപറ്റിയുള്ള രോഗികളുടെയും ബന്ധുകളുടെയും ഭയമാണ്- ദുഷ്ക്കിർത്തി അഥവാ സോഷ്യൽ സ്റ്റിഗമ എന്നാണിതിനെ വിളിക്കുക.

സൈക്യാട്രിക് ടീമിനെ കൺസൾട്ട് ചെയ്യേണ്ടി വരുമ്പോൾ മറ്റു രോഗികൾക്കില്ലാത്ത ആകാംക്ഷയും ഭയവുമാണ് മനോരോഗികൾക്കുള്ളത്. അതിന്റെ പ്രധാന കാരണം മനോരോഗികളോടുള്ള സമൂഹത്തിന്റെ വിവേചനപരമായ പെരുമാറ്റമാണ്. സോഷ്യൽ ഡിസ്ക്രിമിനേഷൻ രോഗിയുടെ സാമൂഹ്യബന്ധത്തിലും ക്രെഡിബിലിറ്റിയിലും അപകടകരമായ സ്വാധീനം ഉണ്ടാക്കുന്നു എന്നതാണ് പ്രശ്നം.

ദൃശ്യ -പത്ര മാധ്യമങ്ങളിൽ മനോരോഗത്തെയും മാനസിക പ്രശ്നങ്ങളെയും വളരെ വികൃതമായും വികലമായും ചിത്രീകരിക്കുന്നത് സോഷ്യൽ സ്റ്റിഗ്മയ്ക്കുള്ള പ്രധാന കാരണമാണ്. വികാരക്ഷോഭത്തിൽ പറയുന്ന സഭ്യമല്ലാത്ത വാഗ്പ്രയോഗങ്ങളിൽ മനോരോഗത്തിന്റെ പര്യായങ്ങൾ ഉപയോഗിക്കുന്നതും ഒരു പൊതു ശീലമായിട്ടുണ്ട്. ഇതൊക്കെ മാനസിക പ്രതിസന്ധികൾ നേരിടുന്നവരോട് ചെയ്യുന്ന ക്രൂരതകളാണ്.

മത്തിഷ്കത്തിൽ ട്യൂമറും മറവി രോഗവുമുള്ള രോഗികളെ സഹാനുഭൂതിയോടെയാണ് സമൂഹം കാണുന്നത്. എന്നാൽ മത്തിഷ്ക്കത്തിലെ രാസപ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം ഭയവും നിസ്സംഗത്വവും കലർന്നതാണ്. മനോരോഗങ്ങളോടുള്ള ഇത്തരം വികല കാഴ്ചപ്പാടുകൾ മാറ്റുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. 

മനോരോഗങ്ങളെപ്പറ്റിയുള്ള അന്ധവിശ്വാസവും തെറ്റിദ്ധാരണകളും മാറ്റുവാൻ സ്കൂൾ -കോളേജ് തലങ്ങളിൽ ബോധവൽക്കരണം നൽകേണ്ടത് അടിയന്തര ആവശ്യമാണ്.

അമിത ആകാംക്ഷയും വിഷാദ രോഗങ്ങളും ഗുരുതര മനോ രോഗങ്ങളും മൂലം രോഗിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടാകും. ഇത്തരം രോഗലക്ഷണങ്ങളെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി വഴിതെറ്റിപ്പിക്കുന്ന വ്യാജ വൈദ്യന്മാർ സമൂഹത്തിൽ അനവധിയാണ്. രോഗികൾ ഇവരുടെ ഇരകളാകുന്നത് വളരെ ഖേദകരമാണ്.

എല്ലാ രോഗങ്ങൾക്കും ശാസ്ത്രീയ ചികിത്സയും മാർഗ്ഗനിർദ്ദേശവും നൽകുവാൻ തക്കവണ്ണം മെഡിക്കൽ സയൻസ് വളർന്നിരിക്കുന്ന കാലഘട്ടമാണിത്. എന്നാലും അശാസ്ത്രീയ ചികിത്സകൾക്കും ആഭിചാരക്രിയകൾക്കും പിറകെ പോകുന്നവർ അനവധിയാണ്. ഇങ്ങനെ വഴിതെറ്റുന്നവരിൽ വിദ്യാസമ്പന്നരും കുറവല്ല.

മനോരോഗങ്ങൾക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാൽ മാനസിക കഴിവുകളും പ്രവർത്തനശേഷിയും വികലമാവും. മറ്റുള്ളവർ അറിയുമെന്ന് കരുതി മറച്ചുവെക്കുന്ന മനോരോഗങ്ങളും മാനസിക പ്രശ്നങ്ങളും അനിയന്ത്രിത ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ് പലരും ചികിത്സയ്ക്ക് തയ്യാറാവുന്നത്. അപ്പോഴേക്കും വളരെ വളരെ വൈകി പോയിരിക്കും. മറ്റെല്ലാ രോഗികളും രോഗങ്ങളുടെ തുടക്കത്തിൽ തന്നെ ചികിത്സ തേടുമ്പോൾ മനോരോഗികളും ബന്ധുക്കളും കൺസൽട്ടേഷന് വിസമ്മതിക്കുന്നതിന്റെ ഒരു കാരണം സോഷ്യൽ സ്റ്റിഗ്മ തന്നെയാണ്.

 മനോരോഗങ്ങൾക്കുള്ള മരുന്നുകളെ പറ്റി വളരെയധികം തെറ്റ് ധാരണയും ഭയവും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ചില മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ട്. എന്നാൽ അത് നിയന്ത്രിക്കുവാൻ കഴിയുന്നതാണ്. 

കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും പ്രകടമാകുന്ന അസാധാരണ പെരുമാറ്റങ്ങൾ സ്വാഭാവികമായി കാണാതെ മെന്റൽ ഹെൽത്ത് ടീമുമായി യഥാസമയം ബന്ധപ്പെട്ട് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാകണം.

വ്യക്തിബന്ധങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പൂർണ്ണമായും ഉൾവലിയുവാൻ പ്രേരണയുണ്ടാക്കുന്ന മനോരോഗങ്ങൾക്കുള്ള മെഡിക്കൽ കയർ അധികം വൈകാതെ തന്നെ നൽകേണ്ടത് ആവശ്യമാണ്. സാമൂഹ്യബന്ധങ്ങൾ മാനസികാരോഗ്യത്തിന്റെ പ്രധാന ചേരുവയാണ്. സമൂഹത്തിൽനിന്ന് ഉൾവലിയുമ്പോൾ ഇതൊക്കെ നഷ്ടമാകും.

ഫാസ്റ്റ് ഫുഡ് സ്റ്റൈലും സമയ ക്ലിപ്തതയില്ലാത്ത ഉറക്ക ശീലവും വ്യായാമ കുറവും ലഹരി ആസക്തിയുമോക്കെ മനോ -ശാരീരിക മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാക്കും. ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുന്നതുകൊണ്ടുതന്നെ പല പ്രതിസന്ധികളും ഒഴിവാക്കുവാനും നിയന്ത്രിക്കുവാനും കഴിയും.

യാഥാർത്ഥ ലോകത്തിൽ നിന്നും സാമൂഹ്യബന്ധങ്ങളിൽ നിന്നും മനുഷ്യനെ ഒറ്റപ്പെടുത്തുന്നതാണ് ഡിജിറ്റൽ ലോകം. ഈ മാറ്റം മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന വെല്ലുവിളികളെ പറ്റി ഇനിയും പഠിച്ചു തുടങ്ങിയിട്ടില്ല. മെച്ചമായ ആശയവിനിമയത്തിനും ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ പുലർത്തുന്നതിനുമുള്ള കഴിവ് കുട്ടികൾക്കും യുവാക്കൾക്കും നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം നെറ്റ്‌വർക്കിന്റെ വലയിൽ ജീവിതം കുടുങ്ങി പോകുന്നതുകൊണ്ടാണ്.

പേഴ്സണൽ ഡിജിറ്റൽ വേൾഡിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് സാമൂഹ്യബന്ധങ്ങളിൽ നിന്നും ലഭിക്കേണ്ട ആരോഗ്യ ചേരുവകൾ നഷ്ടമാകും. കരുണ, നന്ദി, സഹാനുഭൂതി തുടങ്ങിയ വ്യക്തിഗുണങ്ങൾ മുളക്കാത്ത ഉഷര ഭൂമിയാക്കി മനസ്സിനെ മാറ്റുന്നതിൽ മീഡിയ അഡിക്ഷന്റെ സ്വാധീനം ചെറുതല്ല. കുട്ടികൾ സമൂഹത്തിൽനിന്ന് അകന്ന് മിനിസ്ക്രീനിൽ ജീവിതം പരിമിതപ്പെടുത്തുമ്പോൾ വ്യക്തിത്വവികാസം തടസ്സപ്പെടും.

പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുകൾ നഷ്ടപ്പെടും. നിരാശ സഹിഷ്ണുത അഥവാ ഫ്രസ്ട്രേഷൻ ടോളെറൻസ് കുറഞ്ഞു പോകുവാനും സാധ്യതയുണ്ട് 

ദൈവം മനുഷ്യനുവേണ്ടി നിർമ്മിച്ച പ്രകൃതിയും ജീവജാലങ്ങളും കടലും കരയും മണ്ണും ഒക്കെ നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. സൈബർ മീഡിയയും നഗരവൽക്കരണവും മനുഷ്യനെ പ്രകൃതിയിൽ നിന്നും സാമൂഹ്യ ബന്ധങ്ങളിൽ നിന്നും അകറ്റുമ്പോഴുണ്ടാക്കുന്ന ഒറ്റപ്പെടലും ശൂന്യതാബോധവും പല പ്രതിസന്ധികൾക്കും കാരണമാകും. മനുഷ്യാ നീ മണ്ണാണ്, മണ്ണിൽ നിന്നകന്നു പോകരുത്!

മമനസ്സിന്റെ പാഴ്രു ന്നും സൈക്കോതെറാപ്പിയും ആരോഗ്യകരമായ ജീവിതശൈലിയും ദൈവാശ്രയവും കൊണ്ട് മനോരോഗങ്ങളുടെ തീവ്രത കുറയ്ക്കുവാനും സൗഖ്യമാക്കുവാനും കഴിയും. ഇക്കാര്യത്തിൽ സമൂഹത്തിന് പുതിയ കാഴ്ചപ്പാടും അവബോധവും ഉണ്ടാക്കുവാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണ്.



സമുദ്രത്തിന്റെ ഭംഗി അതിന്റെ ആഴങ്ങളിലാണ്. മനസ്സിന്റെ ഭംഗി അതിലെ ശുഭ ചിന്തകളിലാണ്. വിശുദ്ധവും നിർമ്മലവും കളങ്കരഹിതവുമായ ചിന്തകളാൽ മനസ്സിനെ സമ്പുഷ്ടമാക്കുമ്പോൾ ആന്തരിയ ശാന്തിയും സമാധാനവും അനുഭവിക്കാൻ സാധിക്കും. അതിന് ശരീരത്തിന്റെ തുറക്കപ്പെട്ട അവയവങ്ങളാകുന്ന പഞ്ചേന്ദ്രിയങ്ങൾക്ക് കാവൽക്കാരെ നിയമിക്കാൻ മനസ്സിന്റെ ടെക്നീഷ്യനായ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം. 



Tuesday, September 13, 2022

വായനപ്പടി

 


                                    
                                    

നൂറ്റിപത്തിൽ  ചീറിപ്പാഞ്ഞു വന്ന കാർ ട്രാഫിക് പോലീസ് ഓഫീസർ കൈകാണിച്ചു നിർത്തി. കുഞ്ഞിട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഓഫീസറെ തൊഴുത് നിന്നു.

' എന്താ ഉദ്ദേശം, നൂറിന് മീതെ ആണല്ലോ നരിപ്പാച്ചിൽ ?'

'ഒരു സമാധാനവുമില്ല സാറേ,  ജീവിതം മടുത്തു' - കുഞ്ഞിട്ടൻ പറഞ്ഞു.

ഓഫീസർ കുഞ്ഞിട്ടനെ തൊട്ടടുത്തുള്ള ബദാം വൃക്ഷത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുപോയി.

' പറയ്, എന്താ തന്റെ പ്രശ്നം?'

'ദൈവത്തെ തേടി അലഞ്ഞ ജീവിതമാണ് സാറെ, എന്റേത്. ഓർമ്മവച്ച നാൾ മുതൽ 'ദൈവം എവിടെ'യെന്ന  ചോദ്യം എനിക്ക് സ്വസ്ഥത തന്നിട്ടില്ല. എന്റെ ഉള്ളിൽ അതെപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ കൂട്ടുകാർക്കൊന്നും  അത്തരം ഒരനുഭവമില്ലായിരുന്നു.

മാതാപിതാക്കൾക്ക് എന്റെ ചോദ്യത്തിന് ഉത്തരം തരാനുള്ള അറിവില്ലായിരുന്നു. നെറ്റിയിൽ കുരിശിട്ടു കിടന്നാൽ പേടീം മാറും ഉറക്കോം കിട്ടുമെന്ന് അവർ പറഞ്ഞു തന്നു. സൺഡേ സ്കൂളിൽ, യൂത്ത് ക്യാമ്പിൽ, പെരുന്നാളുകളിൽ, ധ്യാനകേന്ദ്രങ്ങളിൽ... എല്ലായിടവും അലഞ്ഞു നടന്നു. ഉത്തരം കിട്ടാത്ത ചോദ്യം മാത്രം അവശേഷിച്ചു:  'ദൈവം എവിടെ, എവിടെ ?'

പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞതോടെ ചോദ്യത്തിന്റെ വ്യാപ്തി വർദ്ധിച്ചു. ഉത്തരത്തിനു വേണ്ടിയുള്ള  ആന്തരിക സമ്മർദ്ദം കൂടി കൂടി വന്നു.
ഗവേഷണ വിദ്യാർത്ഥിയായപ്പോൾ  സെർച്ചും റീ സേർച്ചും നടത്തിയ പ്രധാന വിഷയവും   ഇതുതന്നെയായിരുന്നു. ഡോക്ടർ ബിരുദം കിട്ടിയപ്പോഴും  പ്രൂവ് ചെയ്യാത്ത ഹൈപോത്തെസിസ് ആയി 'ദൈവം' തുടർന്നു.

അകലെയുള്ള ഒരു വനത്തിൽ ഗുഹാവാസിയായ ഒരു സിദ്ധൻ ഉണ്ടെന്നും ദൈവത്തെ നേരിട്ട് കാണുന്ന മനുഷ്യനാണെന്നും കേട്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. ആൽമരത്തിന്റെ വേരുകൾ പോലെ നീണ്ട താടിയും മുടിയും ചോരക്കണ്ണുമുള്ള ഒരു ഗുഹാ മനുഷ്യൻ. ആവശ്യം പറഞ്ഞപ്പോൾ 'അടുത്ത ബുധനാഴ്ച രാത്രി മൂന്നരയ്ക്ക് കാണാം, കൂടെ താമസിച്ചോളൂ' എന്ന് പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെ അദ്ദേഹം രാത്രികളിൽ അലറുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്യുമായിരുന്നു.
ബുധനാഴ്ച രാത്രി രണ്ടു മണിയായപ്പോൾ' നോക്കിയിരുന്നോ, ഇപ്പോഴെത്തും' എന്ന്  പറഞ്ഞ് ഗുഹയിലെ എണ്ണതിരി കെടുത്തി. കൂരിരുട്ടായി. 'ദേ വന്നു, ദേ പോയി' എന്നദ്ദേഹം പറഞ്ഞപ്പോൾ, 'എവിടെ' എന്ന് ചോദിച്ചതും കല്ലുകൊണ്ട് എന്റെ തലക്കടിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

'പിന്നെന്തു ചെയ്തു?'

എന്റെ മനോനില തകരാറിലാണെന്ന് നാട്ടുകാർ പറഞ്ഞതുകേട്ട്  ബലമായി ചികിത്സിക്കാൻ വീട്ടുകാർ തീരുമാനിച്ചു. പിടികൊടുക്കാതെ ഞാൻ നാടുവിട്ടോടി.

അനേകം സഭകളിലും മതങ്ങളിലും അന്വേഷിച്ചു. നേർച്ച കാഴ്ചകളില്ലാതെ ദൈവത്തെ ഫ്രീയായിട്ടൊന്നും കാണാൻ പറ്റില്ലെന്നാണ് ദ്വാരപാലകരും ആത്മീയ വ്യവസായ ലോബികളും പറഞ്ഞത്.

ദൈവത്തെ വൈജ്ഞാനികവും  സയന്റിഫിക്കുമായി  യുക്തിസഹമാക്കാൻ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിൽ മിനിമം ബിരുദമെങ്കിലും വേണമെന്ന് ഒരു ജ്ഞാനി പറഞ്ഞു. അങ്ങനെ ബിഡിക്കും ചേർന്നു.
ബിബ്ളിക്കൽ, ഹിസ്റ്റോറിക്കൽ, ഡോഗ്മാറ്റിക്, സിസ്റ്റമാറ്റിക്, പ്രാക്ടിക്കൽ തുടങ്ങിയ തിയോളജികൾ പ്രൊഫ. ശാസ്ത്രിമാർ വച്ച് കാച്ചി. 'നോൺ ഡ്യൂവാലിറ്റി'യെപ്പറ്റി വാചാലമായി സംസാരിച്ച പ്രൊഫസറോട്, 'സംഗതി നേരിട്ട് കണ്ടിട്ടുണ്ടോ ' എന്ന് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. മേലിൽ ക്ലാസിൽ അൺപാർലമെന്ററി ചോദ്യങ്ങൾ ചോദിക്കില്ലെന്ന് അപ്പോളജി എഴുതിക്കൊടുക്കണമെന്ന് പറഞ്ഞു.
അവിടന്നും പോന്നു.

   ഓഡിയോ വിഷ്വൽ ഇഫെക്റ്റോടെ ചോദ്യം ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു : 'ദൈവം എവിടെ?'

പ്രാർത്ഥിച്ചു,  യാചിച്ചു,  ഉപവസിച്ചു.  പക്ഷേ മറുപടിയില്ല. ഉറങ്ങാനും വിശ്രമിക്കാനും കഴിയാതെ മുപ്പത്തിരണ്ട് നീണ്ട കൊല്ലങ്ങൾ ഒരേ ചോദ്യത്തിന്റെ ഉത്തരം തേടി അലയുന്ന പാപിയാണ് സാറെ ഞാൻ. അങ്ങനെ ഗതികിട്ടാത്ത ആത്മാവായി ഓടുന്നതിനിടയിലാണ് വണ്ടിയുടെ കൺട്രോളും നഷ്ടപ്പെട്ട് ഞാൻ സാറിന്റെ മുമ്പിൽ വന്നുപെട്ടത്. സോറി സർ.
കുഞ്ഞിട്ടൻ ഓഫീസറുടെ കാൽക്കൽ വീണു.

' ബൈബിൾ വായിച്ചിട്ടുണ്ടോ?' ഓഫീസർ ചോദിച്ചു.

'ഞങ്ങളുടെ വീട്ടിൽ ആരെങ്കിലും മരിക്കുമ്പോഴാണ് ആ ബുക്ക് വായിക്കാറുള്ളത്. സെമിനാരി പഠനത്തിനിടയ്ക്ക് രണ്ടുമൂന്ന് പ്രാവശ്യം റഫറൻസിന് മറിച്ചു നോക്കി. ഞാൻ അന്വേഷിച്ച ഉത്തരങ്ങളൊന്നും  അതിൽ കണ്ടില്ല. പിന്നെ അത് ഉപേക്ഷിച്ചു. അല്ലെങ്കിലും സെമിനാരി പഠനത്തിന് ആ പുസ്തകത്തിന്റെ  വലിയ ആവശ്യമില്ലായിരുന്നു.

അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബൈബിൾ എടുത്ത് കുഞ്ഞിട്ടന് കൊടുത്തുകൊണ്ട്‌ പറഞ്ഞു :
' നിന്റെ അന്വേഷണ യാത്രയുടെ പര്യവസാനദിവസമാണ് ഇന്ന്.
ഈ ബദാം വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ഇതു വായിക്കണം. വായിച്ചുകൊണ്ടേയിരിക്കണം. അന്വേഷിച്ചത് കണ്ടെത്തും വരെ കണ്ണ് തുറന്ന് വായിക്കണം.'

' കണ്ണ് തുറന്നോ?'

           'ഉം'

' ആരാണ് സാർ കണ്ണു തുറന്നു തരുന്നത് ?'

'വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം' - പുഞ്ചിരിച്ചുകൊണ്ട് ഓഫീസർ   കുഞ്ഞിട്ടനെ സ്നേഹപൂർവ്വം തലോടി.  പെട്ടെന്ന് അദ്ദേഹം ആടിഉലയുന്ന തരംഗിത രൂപമായി മാറി. പിന്നെ അപ്രത്യക്ഷനായി!

കുഞ്ഞിട്ടൻ മരച്ചുവട്ടിലിരുന്ന് വായന തുടങ്ങി. ഇതളിതളായി വിരിയുന്ന പൊരുളിൽ വിസ്മയഭരിതനായി അദ്ദേഹം ദിവസങ്ങളും മാസങ്ങളും വായന തുടർന്നു.
ബദാം വൃക്ഷം ഉൾപ്പെടുന്ന രണ്ടേക്കർ സ്ഥലം വിലയ്ക്കുവാങ്ങി. ചെറിയ കുടിൽകെട്ടി അതിനകത്തിരുന്നായി പിന്നെ വായന. ആളുകൾ വന്ന് കൗതുകത്തോടെ നോക്കി നിന്നു. പലരും പലതും ചോദിച്ചെങ്കിലും കുഞ്ഞിട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ സൈലന്റ് വ്യൂവേഴ്സ് മാത്രമായി.

വർഷം ഒന്നു കഴിഞ്ഞപ്പോൾ  ചിലർ ഒപ്പം വന്നിരുന്നു ബൈബിൾ വായന തുടങ്ങി. ക്രമേണ വായനക്കാരുടെ എണ്ണം കൂടി. രണ്ടേക്കർ സ്ഥലത്ത് ആളുകൾക്ക് സൗകര്യപ്രദമായിരുന്ന്   ബൈബിൾ വായിക്കുവാൻ ലളിതമായ കെട്ടിടം തീർത്തു. വളരെ പെട്ടെന്ന് അത് മുഴുവനും വായനക്കാരെക്കൊണ്ട് നിറഞ്ഞു. പിന്നെ എട്ടേക്കർ കൂടി വാങ്ങി.  രാവും പകലും അനേകായിരങ്ങൾക്ക് ബൈബിൾ വായിക്കാനുള്ള  ഇരിപ്പിടവും ഒരുക്കി. അവിടുത്തെ ബസ്റ്റോപ്പിന് 'വായനപ്പടി' എന്ന് പേരായി.

  ബൈബിൾ വായനയ്ക്ക് എല്ലാ പ്രായക്കാരും എത്തി. ഇന്തുപ്പിട്ട മല്ലി വെള്ളം സുലഭമായി ഒരുക്കിയിരുന്നു. വേദനിക്കുന്നവർ,  രോഗികൾ, സൗഖ്യം ലഭിച്ചവർ, ഒറ്റപ്പെട്ടു പോയവരൊഒക്കെ വായനാ സഹകാരികളായി.

യാചിക്കുന്നവരും മുട്ടുന്നവരും അന്വേഷിക്കുന്നവരുമായ ജനസഹസ്രങ്ങൾ തിരുവചനത്തിന്റെ വാതുക്കൽ ഒത്തുചേർന്നു.
വായനശാലയിൽ സമ്പൂർണ്ണ കർശന നിശബ്ദത നിർബന്ധമായിരുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കാനുമില്ല...

വായനക്കാരെ നിയന്ത്രിക്കുവാൻ ചേവകരില്ല. മാർഗ്ഗനിർദ്ദേശത്തിന് മൈക്ക് അനൗൺസ്മെന്റില്ല. രജിസ്ട്രേഷനില്ല, നേർച്ച വഴിപാടും ഭണ്ഡാരങ്ങളുമില്ല. സാക്ഷയുള്ള വാതിലുകളില്ല, സാക്ഷികളും സാക്ഷ്യങ്ങളുമില്ല. മറുഭാഷയും വെളിപാടും മിറക്കിൾ ക്യൂവറും ഏറ്റുപ്രസംഗങ്ങളുമില്ല.  ലൗഡ് സ്പീക്കർ, ഫീഡ്ബാക്ക്‌, ഗായകസംഘം, പശ്ചാത്തലസംഗീതം... ബിൽകുൽ നഹി!

പട്ടക്കാരും മേൽപ്പട്ടക്കാരും സന്നിന്ദ്രിം സംഘങ്ങളും അണികളുമില്ല.  ആൾദൈവങ്ങളും പരമാധികാരികളും നൊവെയർ ടു ഫൈന്റ് ഔട്ട് . ട്രസ്റ്റിയും മുതൽപ്പിടിയന്മാരും ആത്മീയത്തിലെ അഥർ ഡ്യൂട്ടിക്കാരുമില്ല. ആദിയിലുണ്ടായിരുന്ന അത്ഭുതവചനം ആയിരക്കണക്കിന്  രാജകിയ പുരോഹിത മനസ്സുകളെ സത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

മെമ്പർഷിപ്പ് ഫീസും പെരുന്നാൾ പിരിവും റാസയും ആത്മീയ ആർഭാടങ്ങളും മൃഗീയ വിരുന്നുകളും ഈ തിരുവചന വിരുന്നുശാലയിലില്ല

മാമോൻ സമാഹാരണവും നീക്കിയിരുപ്പുമില്ലാത്ത നുതന അത്മീയ ശൈലി! ' വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു '(ലൂക്കോസ് 9:3) എന്ന ഇടയന്റെ കല്പന അനുസരിക്കുന്ന കുഞ്ഞാടുകൾ.

വചന വിരുന്നുശാലയിലേക്ക് സർവ്വർക്കും സ്വാഗതം. സഭ-കക്ഷി-മത ഭേദമില്ലാതെ എല്ലാവർക്കും കടന്നുവരാം,  ബൈബിൾ വായിക്കാം. ക്രിസ്തുവിനോടു ചേർന്നുള്ള ആത്മീയ യാത്രയിൽ പങ്കാളികളാകാം.

ഒരു കൈക്കുമ്പിൾ വെള്ളവുമായി സമുദ്രതീരത്ത് നിൽക്കുന്നവന്റെ വിസ്മയഭാവമാണ് കുഞ്ഞിട്ടനിപ്പോൾ. അറിഞ്ഞതിനേക്കാൾ അറിയാനുള്ളതിനു വേണ്ടിയുള്ള ജിജ്ഞാസയോടെ കുഞ്ഞിട്ടൻ 24/7 വായന തുടരുന്നു. അവനോടൊപ്പം വചനത്തിന്റെ വഴിയെ ജനസഹസ്രങ്ങളും.
🙏
'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.'
യോഹന്നാന്‍ 1 : 1

    - ഫാദർജി

ജീവിതത്തിന്റെ ഋതുഭേദങ്ങൾ

                                  

                                 


നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ് മഹാത്മാഗാന്ധിയുടെ ഉപദേശം.

ധാർമിക മൂല്യങ്ങളിലും ദൈവീക പ്രമാണങ്ങളിലും എന്നും എപ്പോഴും ഉറച്ചു നിൽക്കണം. എന്നാൽ നമുക്കും മറ്റുള്ളവർക്കും പ്രയോജനകരമായ ജീവിത പരിണാമങ്ങളെ അംഗീകരിക്കുവാനും ഉൾകൊള്ളുവനും തയ്യാറകണം. അല്ലെങ്കിൽ കുടുംബ- ദാമ്പത്യ- സാമൂഹ്യ ബന്ധങ്ങളിൽ നമുക്കെന്നുമെപ്പോഴും പ്രതിസന്ധികളായിരിക്കും.

എന്തൊക്കെ മാറ്റങ്ങളാണ് നമ്മളിൽ ഉണ്ടാകേണ്ടത്?

ഏതെല്ലാം കാര്യങ്ങളിലാണ് വിട്ടുവീഴ്ചകൾ ആവശ്യമായിട്ടുള്ളത്?

-കഴിഞ്ഞകാല അനുഭവങ്ങളുടെ കുഴിമാടം തുറന്ന് നിരാശയും പ്രതികാര ചിന്തകളുമാകുന്ന ബാധകളെ ഉണർത്തി മനസ്സും വികാരങ്ങളും മുറിവേൽപ്പിക്കുന്നത് ഒഴിവാക്കണം. അതൊക്കെ മനസ്സിന്റെ ഹാർഡ്‌വെയർ ഫയലുകളിൽ നിത്യവിശ്രമം കൊള്ളട്ടെ.

-ഓരോ പ്രഭാതവും ഒരു പുതിയ ദിവസവും ഒരു പുതിയ ഭാവിയുടെ തുടക്കവുമായി കാണുവാൻ ശ്രമിക്കണം. പരാജയങ്ങളുടെ ആവർത്തനമായി നാളെകളെ കാണുമ്പോൾ പ്രത്യാശയും പ്രതീക്ഷയും മങ്ങി, മനസ്സ്  മേഘാവൃതമാകും. കഴിഞ്ഞതൊക്കെ ദുർദിനങ്ങളും ദുരനുഭവങ്ങളുമായിരുന്നെങ്കിലും ഒരു വസന്തകാലം ഇനിയും വന്നുകൂടെന്നില്ലല്ലോ? എപ്പോഴും ഒരു ശുഭാപ്തി വിശ്വാസിയായിരിക്കുന്നതാണ് നല്ലത്.

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.'യിരെമ്യ 29 : 11

- മറ്റുള്ളവരെ മാറ്റുവാൻ ശ്രമിക്കുന്നത് അവരുടെ മേലുള്ള കടന്നുകയറ്റവും ബലപ്രയോഗവുമാണ്. 

അതിന് ശക്തമായ പ്രതിരോധവും തിരിച്ചടികളും ഉണ്ടാകും. മാറുവാനും മാറാതിരിക്കുവാനുമുള്ള  മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ദൈവം മാനിക്കുന്നതുപോലെ നമ്മളും മാനിക്കണം.  അനുകമ്പയും സ്നേഹവും കൊണ്ട് മാത്രമേ മറ്റുള്ളവരെ തിരുത്തുവാനും അനുകൂല മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുവാനും കഴിയുകയുള്ളൂ.

- ബന്ധങ്ങൾക്കിടയിലെ പ്രതിസന്ധി നമ്മുടെ സൈക്കിക് എനർജി ചോർത്തികളയും. മനസ്സിൽ ഉണങ്ങാത്ത വൃണത്തിന്റെ ശമിക്കാത്ത വേദനയുണ്ടാക്കും. അനാവശ്യ സംശയങ്ങൾക്കും തെറ്റുദ്ധാരണകൾക്കും അത് കാരണമാകും. 

ക്രിസ്തുവിന്റെ സ്നേഹത്തിൽ മറക്കുവാനും മാപ്പു കൊടുക്കുവാനും  അനുരഞ്ജനത്തിനും ശ്രമിക്കുമ്പോൾ ആന്തരിയ സംഘട്ടനങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കുവാൻ സാധിക്കും. വഴിപാട് അൾത്താരയ്ക്ക് മുമ്പിൽ  വെച്ചിട്ടു പോയി അകന്നവരുമായി നിരപ്പായി വരുവാനുള്ള കർത്താവിന്റെ കൽപ്പന അനുസരിക്കുന്നത് അത്ര എളുപ്പമല്ല, അതിന് ശ്രമിക്കുമ്പോൾ മിഥ്യാഭിമാനത്തിന്റെ പ്രശ്നങ്ങളുണ്ടാകും. പക്ഷേ ദൈവം സ്തോത്രബലി സ്വീകരിക്കുവാനും അനുഗ്രഹങ്ങളും പാപക്ഷമയും ലഭിക്കുവാനും ഈ 'സറണ്ടർ' അത്യാവശ്യമാണ്.

-നമ്മളെ സന്തോഷിപ്പിക്കേണ്ടത് മറ്റുള്ളവരുടെ  ബാധ്യതയാണെന്ന്   ഒരിക്കലും ചിന്തിക്കരുത്;  പ്രതീക്ഷിക്കരുത്. അത് നമ്മുടെ ഉത്തരവാദിത്വമാണ്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൈവികസ്രോതസ്സുകൾ കണ്ടെത്തേണ്ടതും ആത്മാവിൽ അനുഭവമാക്കേണ്ടതുമൊക്കെ നമ്മുടെ ചുമതലയാണ്. 

- കായിക ശക്തിയും മനസ്സിന്റെ സമഗ്രതയും താളംതെറ്റിക്കുന്ന പ്രതിസന്ധി ഘട്ടമാണ് വാർദ്ധക്യം.  ആയാസ പൂർണ്ണമായ ചുവടുവെപ്പിന്റെ കാലഘട്ടമാണത്. ഒറ്റപ്പെടലും ഒഴിവാക്കപ്പെടലും ഈ ശൈത്യകലത്തിലെ അനിവാര്യതകളാണ്. ആയുസ്സിന്റെ തമ്പുരാൻ സെറ്റ് ചെയ്തിരിക്കുന്ന ഫൈനൽ ഡെസ്റ്റിനേഷൻ വരെ ഇടറും പാദങ്ങളുമായി സ്വയം നടന്നെത്തണം. അതാണ് പ്രകൃതിനിയമം. വാർദ്ധക്യത്തിന്റെ സഹനങ്ങൾക്ക് ജീവിതപങ്കാളിയോ മക്കളോ ഉത്തരവാദികളല്ല. പരിഭവവും പരാതിയും ഇല്ലാതെ ഈ അഗ്നിപരീക്ഷയും പാസായിട്ട് വേണം നിത്യ നാട്ടിലേക്കുള്ള പ്രമോഷൻ കിട്ടാൻ. ചലോ ബായ് ചലോ.

അതെ, മാറ്റങ്ങൾ ജീവിതത്തിലെ അനിവാര്യതയാണ്. ജീവിതത്തിന്റെ ഋതുഭേദങ്ങൾക്കനുസരിച്ച് നമ്മുടെ മനോഭാവവും മാറണം. സമൂഹവും പ്രകൃതിയും ജീവജാലങ്ങളും മാറ്റങ്ങളോട് സഹകരിക്കുമ്പോൾ നമുക്കു മാത്രം മാറാതെ നിൽക്കുവാനാകില്ല.

ജീവിതത്തിലെ മാറ്റങ്ങളെ പറ്റിയുള്ള ശലോമോന്റെ സമുന്നത കാഴ്ചപ്പാടിങ്ങനെയാണ് :

'എല്ലാറ്റിനും ഒരു സമയമുണ്ട്‌. ആകാശത്തിന്‍കീഴുള്ള സമസ്‌തകാര്യത്തിനും ഒരവസരമുണ്ട്‌.

ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം...

കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം,

വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം...

സമ്പാദിക്കാന്‍ ഒരു കാലം, നഷ്‌ടപ്പെടുത്താന്‍ ഒരു കാലം, 

മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം...

സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം,

യുദ്‌ധത്തിന്‌ ഒരു കാലം, സമാധാനത്തിന്‌ ഒരു കാലം.

സഭാപ്രസംഗി 3 : 1-15


സുഹൃത്തേ, ജീവിത കാലങ്ങൾ പലതാണ്. എല്ലാ കാലങ്ങളും ഒരുപോലെ ആയിരിക്കില്ല. സുഖ- ദുഃഖ കാലങ്ങളിൽ ഡിവൈൻ പ്രൊവിഡൻസിലുള്ള  പൊസിറ്റീവ് മെന്റൽ സെറ്റ് നിലനിർത്തുന്നവർക്ക് മാത്രമേ ശക്തമായി ചുവടുകൾ വെച്ച് മുന്നേറുവാൻ കഴിയുകയുള്ളൂ.

    -ഫാ. ഡോ. ഏ. പി. ജോർജ്‌ 



Thursday, August 4, 2022

എൻഫോഴ്സ് യുവർ ബൗണ്ടറി!

 

മനസ്സിന് ആരോഗ്യകരമായ ബൗണ്ടറി ആവശ്യമാണെന്നാണ്   സോഷ്യൽവർക്കറായ കാരൻ സലെർണോയുടെ അഭിപ്രായം.

മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളും  കടന്നുകയറ്റവും ഒഴിവാക്കാൻ മനസ്സിന്റെ ബൗണ്ടറി സഹായകമാണ്. നമ്മുടെ ഉറച്ച നിലപാടുകൾ വ്യക്തമാക്കുവാനും ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന് തടസ്സമുണ്ടാക്കുന്നവരെ അകറ്റി നിർത്തുവാനും ബൗണ്ടറി ഉപകരിക്കും.

മറ്റുള്ളവർ നമ്മോടും നമ്മൾ മറ്റുള്ളവരോടും എങ്ങനെ ഇടപെടണമെന്ന് തീരുമാനിക്കപ്പെടുന്നത് നാം നിലനിർത്തുന്ന ധാർമിക ബൗണ്ടറിയുടെ പേരിലാണ്. നമ്മുടെ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവർ ആദരിക്കണമെങ്കിൽ നമുക്ക്  ഉറച്ച നിലപാടും അതിർവരമ്പുകളും ആവശ്യമാണ്.

അധാർമികതയുടെയും പരദൂഷണത്തിന്റെയും മാലിന്യങ്ങൾ  മനസ്സിൽ വലിച്ചെറിയുവാൻ വരുന്നവരെ ബൗണ്ടറിക്ക് പുറത്തു നിർത്തിയില്ലെങ്കിൽ നമ്മുടെ മനസ്സമാധാനവും ശാന്തിയും പ്രതിസന്ധിയിലാകും. 

എന്താണ് ആരോഗ്യകരമായ ബൗണ്ടറിയുടെ പ്രത്യേകത?

മറ്റുള്ളവരുടെ മേൽ നിയന്ത്രണം ചെലുത്താത്തതും നമ്മുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നതും ആണ് ആരോഗ്യകരമായ ബൗണ്ടറി.

നമ്മുടെ മൂല്യബോധവും ഫിലോസഫിയും ഇഷ്ടാനിഷ്ടങ്ങളും എന്താണെന്നും,   നമുക്ക് സന്തോഷവും സുരക്ഷിത ബോധവും നൽകുന്നത് എന്തൊക്കെയാണെന്നും  സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ സ്വകാര്യതയുടെ അതിർത്തി നിശ്ചയിക്കുവാൻ സാധിക്കുകയുള്ളൂ.

വ്യക്തിത്വവികാസത്തിന്റെ ആദ്യഘട്ടങ്ങളിൽ ചെറിയ അതിർവരമ്പുകൾ പണിത് തുടങ്ങണം. ക്രമേണ സ്വന്തം വ്യക്തിത്വശൈലിയും അഭിരുചികളും താല്പര്യങ്ങളും ഒക്കെ തിരിച്ചറിഞ്ഞുവരുമ്പോൾ  ബൗണ്ടറി ശക്തവും സുദൃഡവുമാക്കാം.  ജീവിത സാഹചര്യങ്ങളും പ്രവർത്തന മേഖലയും നിയോഗങ്ങളും മാറുന്നതിനനുസരിച്ച് ബൗണ്ടറിയും പുതുക്കി പണിയേണ്ടി വരും.

ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും പ്രൈവസിയും ഒക്കെ നമ്മുടെ അവകാശമാണ്. അതിന് ചില ബൗണ്ടറികൾ നിലനിർത്തിയെ പറ്റു.   പക്ഷെ, ആളുകളെ പ്രസാദിപ്പിക്കുന്ന, അമിത ആശ്രയ മനോഭാവക്കാർ വിസമ്മതം പ്രകടിപ്പിക്കുവാൻ മടിയുള്ളവരാണ്. ഉറച്ച നിലപാടുകളുടെ ബൗണ്ടറി നിലനിർത്താൻ ഇവർക്ക് ബുദ്ധിമുട്ടാണ്. 

ആരോഗ്യകരമായ ബൗണ്ടറി ആവശ്യമുള്ള മേഖലകൾ ഏതൊക്കെയാണ്?

പ്രണയബന്ധങ്ങൾക്കിടയിലെ ബൗണ്ടറികൾ വളരെ പ്രധാനപ്പെട്ടതാണ്. കൗമാര പ്രണയ ബന്ധങ്ങൾ പരസ്പരം അടുത്തറിയാനുള്ളതാണ്. ഇണയുടെ അഭിരുചികളും കാഴ്ചപ്പാടുകളും മൂല്യബോധങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നുണ്ടോ എന്നു മനസ്സിലാക്കാനുള്ള സമയമാണ്. അടുപ്പത്തിനും മീഡിയ റിലേഷൻഷിപ്പിനും  അതിർത്തിയും   ആത്മസമയനവും നിഷ്കർഷയും പുലർത്തിയില്ലെങ്കിൽ അടുത്തറിയാനുള്ള ശ്രമം അതിരുകടന്ന ബന്ധങ്ങളായിത്തീരുവാൻ സാധ്യതയുണ്ട്.

വൈകാരിക പക്വതയില്ലാത്തവരും വ്യക്തിത്വ വൈകല്യമുള്ളവരും മറ്റുള്ളവരുടെ ബൗണ്ടറികളെയും അതിരുകളെയും മാനിക്കാത്തവരാണ്. ഉപായം, കൗശലം, ഭാവാഭിനയം, കാപട്യം, ഭീഷണി തുടങ്ങിയ തന്ത്രപരമായ നീക്കങ്ങളിലൂടെ ബൗണ്ടറി കടക്കാൻ ശ്രമിക്കുന്നവരെ തുടക്കത്തിൽ തന്നെ മതിൽക്കെട്ടിന് പുറത്ത് നിർത്തിയില്ലെങ്കിൽ വയ്യാവേലിയും ഒഴിയാബാധയുമാവും. ആളും തരവും അറിയുന്നതിന് മുമ്പ് വാതിൽ തുറന്നു കൊടുക്കുന്നത്  റിസ്കാണേ! ഒരാളെ കണ്ട്‌, ഒന്നു സംസാരിച്ചു കഴിയുമ്പോൾ നൂറുശതമാനവും  അയാളെ മനസ്സിലാക്കികഴിഞ്ഞു എന്ന് തീരുമാനിക്കരുത്.  മൾട്ടിപ്പിൾ റോൾ പ്രകടനത്തിൽ അപാര അഭിനയശേഷിയുള്ള മഹാനടീനടന്മാരാണ് 'ഫ്രോഡുകൾ'. ഇവരുടെ മനസ്സൊരു സമസ്യയാണ്.

കുടുംബ ബന്ധങ്ങളിൽ ഉപാധികളില്ലാത്ത സ്നേഹം പങ്കുവെക്കൽ  ആവശ്യമാണ്. എങ്കിലും  കുടുംബാംഗങ്ങളുടെ  പ്രൈവസിയും സ്വാതന്ത്ര്യവും പരസ്പരം ആദരിക്കേണ്ടതുണ്ട്. 

ദമ്പതികൾ പരസ്പരം ആദരവും ബഹുമാനവും നിലനിർത്തണം. എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസാണ് വിവാഹമെന്ന ചിന്ത ശരിയല്ല.  ഇണയുടെ പ്രൈവസിയും ഓട്ടോണമിയും ആദരിക്കാത്ത ജീവിതപങ്കാളിയെ മതിൽ കെട്ടി അകറ്റി  നിർത്തേണ്ടി വരുന്നത് തികച്ചും നിവർത്തികേടുകൊണ്ടാണ്. 

 മാതാപിതാക്കളുടെ  അധീശ-ഉടമസ്ഥ മനോഭാവത്തോട് കുട്ടികൾ നിഷേധാത്മകമായി പ്രതികരിക്കാറുണ്ട്.  അവരുടെ സ്വാതന്ത്ര്യത്തെയും സ്വയ ഭരണാവകാശത്തെയും പറ്റി അവർക്ക് ബോധ്യം വന്നിരിക്കുന്നു എന്നാണ് അത്തരം പ്രതികരണത്തിന്റെ അർത്ഥം. അത് മാതാപിതാക്കൾ മനസ്സിലാക്കാതെ വരുമ്പോൾ നയം വ്യക്തമാക്കാൻ കുട്ടികൾ ബന്ധങ്ങൾക്കിടയിൽ മതിലുകൾ കെട്ടിപൊക്കും. നോട്ട് ദ പോയിന്റ്!

സുഹൃത്തുക്കളുമായി മനസ്സ് തുറന്നിടപെടുമ്പോൾ പരസ്പരം ബൗണ്ടറികൾ   ചാടിക്കടക്കാറുണ്ട്. രഹസ്യങ്ങൾ പങ്കുവെക്കുമ്പോഴും ലഹരിയിൽ ഹൃദയം തുറക്കുമ്പോഴും വിശ്വസ്തത പാലിക്കുവാൻ രണ്ടു കൂട്ടരും ശ്രദ്ധിക്കണം.  ഉറ്റ സുഹൃത്തുക്കൾക്ക് അനധികൃത കടന്നുകയറ്റത്തിന്  വാതിൽ തുറന്നു കൊടുക്കുന്നത് അഭിലക്ഷണിയമല്ല. നല്ല സുഹൃത്ത് അതിരുകളെ മാനിക്കുന്നവരായിരിക്കും. അതിർത്തി ലംഘിക്കുന്ന ടോക്സിക്  സുഹൃത്തുക്കളെ അതിർത്തിക്കു പുറത്ത് നിർത്തിയില്ലെങ്കിൽ പ്രശ്നമാകും.

ജോലിയിൽ  സഹപ്രവർത്തകരും അധികാരികളും  ചൂഷണം ചെയ്യുവാനും അമിതഭാരം ചുമപ്പിക്കാനും ശ്രമിക്കുമ്പോൾ അതൃപ്തി അറിയിക്കുകയും അതിർവരമ്പുകൾ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ചില മൂല്യങ്ങളിലും തത്വങ്ങളിലും നമ്മൾ ഉറച്ചുനിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ,  ക്രോസ് ബോർഡർ ടെററിസത്തിന് ആരും വരില്ല.  വന്നാൽ വകവച്ചു കൊടുക്കുകയും വേണ്ട.

യാത്രയിലും ഷോപ്പിംഗ് മാളുകളിലും പാർക്കിലും  മനപ്പൂർവം നമ്മുടെ ഫിസിക്കൽ ബൗണ്ടറി കടന്നുവരുന്ന അപരിചിതർക്ക്  അകന്നു നിൽക്കുവാൻ സഭ്യമായ മുന്നറിയിപ്പ് കൊടുക്കണം. അത്തരം മുന്നറിയിപ്പുകൾക്ക് നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മൾ സ്വയം പിന്മാറുന്നതും സേഫ് ഡിസ്റ്റൻസ് നിലനിർത്തുന്നതുമായിരിക്കും സുരക്ഷിതം. സംഗതി കേസുകെട്ടാണ്☠️

യാത്രയിലും പൊതു പരിപാടികളിലും കണ്ടുമുട്ടുന്ന അപരിചിതർക്ക് സൗഹൃദവാതിൽ തുറന്നു കൊടുത്തു നിരന്തരം പ്രതിസന്ധികളിൽ വീഴുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ മുഖംമൂടിയണിഞ്ഞു വരുന്നവരെ തുറന്ന മനസ്സോടെ വിശ്വസിക്കുന്നവരും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നവരും സാമ്പത്തിക ഇടപാടിലും പ്രണയബന്ധങ്ങളിലും ഏർപ്പെടുന്നവരും അനവധിയാണ്. അതിന്റെയൊക്കെ  അനന്തര ദുരന്തഫലങ്ങളാണ് മീഡിയയിലൂടെ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. കർട്ടന് പിറകിൽ  നിൽക്കുന്നവരുടേത് വിഷലിപ്ത മനസ്സും കറുത്ത കൈകളുമല്ലെന്ന് ഉറപ്പാക്കുന്നതുവരെ മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതാണ് സുരക്ഷിതം.

ദുഷ്ടരും കശ്മലരും ഫ്രോഡുകളും സ്വതന്ത്രമായി മേഞ്ഞു നടത്തുന്ന ലോകത്തും സൈബർ മിഡിയയിലും ചുവടുവെക്കുന്ന നമുക്ക് സുരക്ഷിത മതിലുകൾ അത്യാവശ്യമാണ്. സ്വാദിഷ്ടമായി സംസാരിക്കുന്നവർക്കും സാത്വിക വേഷധാരികൾക്കും മനസ്സിന്റെ വാതിൽ തുറന്നു കൊടുക്കുന്നത് വളരെ  ആലോചിച്ചു വേണം.

എൻഫോഴ്സ് യുവർ ബൗണ്ടറി!

- -ഫാ. ഡോ. ഏ. പി. ജോർജ്



                     






Monday, June 20, 2022

ലൈഫ് ആഫ്റ്റർ ഡിവോഴ്സ്

വിവാഹമോചനവും വേർപിരിയലും വളരെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളാണ്.  വിവാഹമോചനത്തിന് ശേഷമുള്ള സഹനയാത്രയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ചില മുൻകരുതലുകളും മനസ്സൊരുക്കവും  സഹായകമാണ്.

പ്രത്യാഘാതങ്ങളായ നിരാശ, ദുഃഖം, വെറുപ്പ്, അപമാനം, വഞ്ചന തുടങ്ങിയ സമ്മിശ്ര നിഷേധ വികാരങ്ങളെ തിരിച്ചറിയുകയും അവയുടെ ആരോഗ്യകരമായ മാനേജ്മെന്റിനുള്ള മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യണം. ദാമ്പത്യ തകർച്ചയ്ക്കും വഴിപിരിയലിനും ശേഷം പുനരധിവാസത്തിനു വേണ്ടി  സ്വയം ചെയ്യേണ്ട  പലകാര്യങ്ങളുണ്ട് .

1. നിഷേധ വികാരങ്ങളെ അംഗീകരിക്കുകയും മനോ-ശാരീരിക മേഖലകളിലുണ്ടാകുന്ന അസ്വസ്ഥതകൾ അതിജീവിക്കുവാൻ തയ്യാറാകണം. ഇതൊക്കെ ദുരന്താനുഭവങ്ങളിൽ എല്ലാവരും നേരിടുന്ന വൈകാരിക പ്രതിസന്ധികളാണ്.  അത് ഒഴിവാക്കുവാൻ കഴിയില്ല. അതിൽ ശരിയുടെയും തെറ്റിന്റെയും പ്രശ്നമില്ല. പ്രതീക്ഷകൾ തകരുമ്പോൾ, ഇങ്ങനെ വരാതിരുന്നെങ്കിൽ,  അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്നൊക്കെ ഓർത്തുള്ള ദുഃഖവും ആത്മസംഘർഷവും  എല്ലാവർക്കും ഉണ്ടാകും. ഈ നിഷേധവികാരങ്ങളുടെ തീവ്രതയും അതുണ്ടാക്കുന്ന യാതനകളും ക്രമേണ കുറഞ്ഞുവരും. പതറാതെ ചുവടുവെച്ച് മുമ്പോട്ട് പോയേപറ്റു.

2.  വൈകാരിക പ്രതിസന്ധികളെ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്ന രണ്ടുകാര്യങ്ങളാണ്  സ്വയ പരിപാലനവും സ്വയ സാന്ത്വനവും.

വിവാഹമോചനത്തിന്റെ ആദ്യ ഘട്ടങ്ങളിലെ അമിത സംഘർഷ സമയങ്ങളിൽ സ്വന്തം ശരീര മനസ്സുകളെപ്പറ്റി പലരും ശ്രദ്ധിക്കാറില്ല. മനസ്സിന് സാന്ത്വനം ലഭിക്കുന്ന  ആത്മ സൗഹൃദം, ഈശ്വര ചിന്ത തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ടെൻഷനും പിരിമുറുക്കവും കുറയും.

മനസ്സ് നഷ്ടബോധങ്ങളിൽ തളർന്നുറങ്ങുമ്പോൾ അനാരോഗ്യകരമായ ജീവിതശൈലി ശീലമായി പോകും. അത് അതിജീവന ശക്തിയെ ദുർബലപ്പെടുത്തും. വ്യായാമം, ഉറക്കം, ഹെൽത്തി ഡയറ്റ്,  ലഹരിവസ്തുക്കളുടെ വർജ്ജനം, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക തുടങ്ങിയ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരവും മനസ്സും റിസിലിയൻസിന് അത്യാവശ്യ ഘടകങ്ങളാണ്.

3. മാതാപിതാക്കൾ വഴിപിരിയുമ്പോൾ അനാഥത്വത്തിന്റെയും ആത്മസംഘർഷത്തിന്റെയും തിരയിലും കൊടുങ്കാറ്റിലും കുട്ടികളുടെ മനസ്സ് ആടിയുലയും. അത് അവരുടെ വ്യക്തിത്വ വികാസത്തിലും വൈകാരിക വളർച്ചയിലും സാരമായ പ്രതിസന്ധികളും ക്ഷതങ്ങളും ഉണ്ടാക്കും. കുട്ടികളുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമായ ക്രമീകരണം എന്തായിരിക്കണമെന്ന കാര്യത്തിൽ വേർപിരിയുന്നതിന് മുമ്പും ശേഷവും രണ്ടുപേരും അനുകൂല തീരുമാനങ്ങൾ എടുക്കണം. പരസ്പരമുള്ള ഈഗോ യുദ്ധത്തിൽ കുട്ടികളെ വെച്ച് വിലപേശരുത്. അവരെ ബലിയാടുകൾ ആക്കരുത്.

4. ആകാംക്ഷയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന  പ്രതികാര ചിന്തകളും നിരാശയും ശൂന്യത ബോധവും മനസ്സിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ മെന്റൽ ഹെൽത്ത് ടീമിന്റെ സഹായം തേടുവാൻ മടിക്കരുത്. വിവാഹമോചനമുണ്ടാക്കുന്ന വൈകാരിക പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള  കഴിവും കരുത്തും എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല.  കുറ്റബോധം, അപമാനം, ശൂന്യതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ കയങ്ങളിലേക്ക് വീണുപോയാൽ കരകയറുവാൻ ബുദ്ധിമുട്ടായിരിക്കും. മനോ- ശാരീരിക പീഡന മുറിവുകളുടെ സൗഖ്യത്തിന് മരുന്നും മനസ്സും കൊണ്ടുള്ള ചികിത്സ ആവശ്യമാണ്.

5. കുട്ടികളുടെ ഭാവി, സാമ്പത്തികപ്രതിസന്ധി, പാർപ്പിടം തുടങ്ങിയ വെല്ലുവിളികളെ നേരിടുമ്പോൾ എങ്ങനെയും കോംപ്രമൈസ് ചെയ്യുവാനുള്ള  പ്രേരണയുണ്ടാകും. പീഡനങ്ങളും വൈകൃതങ്ങളും അപമാനങ്ങളും സഹിക്കാനും കീഴടങ്ങാനുമൊക്കെ പലരും തയ്യാറാകാറുണ്ട്. അത്‌ പലപ്പോഴും നിത്യ സഹനങ്ങൾക്ക് കാരണമാകാറുണ്ട്. ജീവിത പാതയിലെ റൂട്ടും മാപ്പും പ്ലാനും വിശദീകരിച്ചു തരുവാൻ കഴിയുന്ന മെഡിക്കൽ, ലീഗൽ, സ്പിരിച്വൽ  മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തണം. അവർ നൽകുന്ന തിരിച്ചറിവുകൾ  മുന്നോട്ടു പോകുവാനുള്ള ഉൾക്കാഴ്ചയും ചാലകശക്തിയും നൽകും. 

6. ഒരു ബന്ധത്തിലെ തകർച്ചയും മുറിവുകളും വൈകാരിക പ്രതിസന്ധികളും മാറ്റുവാൻ മറ്റൊരു ബന്ധത്തിലേക്ക് പെട്ടെന്ന് എടുത്തു ചാടുന്നത് നല്ല തീരുമാനം  ആയിരിക്കില്ല.  ബന്ധങ്ങളുടെ തകർച്ചയുടെ വേദന  സുഖമാകാൻ കുറെ സമയം വേണ്ടിവരും.

പുതിയ ബന്ധത്തിലേക്ക് ചുവടു വെക്കുമ്പോൾ കഴിഞ്ഞ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് വായിച്ചു പഠിക്കണം. സ്വയം വിശ്വസിക്കാൻ കഴിയുന്നുണ്ടോ? മറ്റൊരാളെ വിശ്വസിക്കാൻ പറ്റുമോ?  പരാജയത്തിന് സ്വന്തം മെന്റൽ സെറ്റും മനോഭാവങ്ങളും ആത്മനിയന്ത്രണമില്ലായ്മയുമൊക്കെ കാരണമായിരുന്നോ .... തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ചോദിച്ചു മനസ്സിലാക്കണം. അല്ലെങ്കിൽ ജീവിതം പഴയതിന്റെ ആവർത്തനമാകും. സ്വയനീതീകരണവും ന്യായീകരണവും സ്വയം തിരുത്തുന്നതിന് തടസ്സമാണ്‌. കാഴ്ചപ്പാടിലും മനോഭാവങ്ങളിലുമുള്ള  അടിസ്ഥാനപരമായ മാറ്റം  പരാജയ സാധ്യതകൾ കുറയ്ക്കുവാൻ സഹായകരമാകും.

7. Co- dependency, anger management, betrayal, grief and loss, self esteem തുടങ്ങിയവയെപ്പറ്റിയുള്ള ആരോഗ്യ വിദഗ്ധരുടെ പുസ്തകങ്ങൾ എല്ലാ ഭാഷയിലും ലഭ്യമാണ്. ഈ വായനയിലൂടെ സത്യം ഗ്രഹിക്കാനും  തെറ്റുദ്ധാരണയുടെ തടവിൽനിന്ന് സ്വതന്ത്രമാകാനും സാധിക്കും. Divocre recovery support group കളിൽ പങ്കെടുക്കുന്നത് നല്ലതാണ്. സമാന പ്രതിസന്ധികളിലായ അനേകരെ കണ്ടെത്തുവാനും ഉള്ളം പങ്കിടുവാനും സാധിക്കും

8. മുള്ളുകളിൽ ചവിട്ടിയും മുറിവുകൾ തുടച്ചും ഏകാന്ത പഥികരായി ചുവടുവെക്കാൻ മനസ്സിൽ പ്രത്യാശ നിലനിർത്തണം. താളംതെറ്റിയ ജീവിതം ശ്രുതിലയതാളത്തിലാകാൻ തീർച്ചയായും സമയമെടുക്കും. ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ അത് സാധ്യമായില്ലെന്നു വന്നേക്കാം. പ്രതികൂലതകളിലൂടെയുള്ള ഓരോ ചുവടുവയ്പിലും സന്തോഷിക്കണം. അത് വ്യക്തിപരമായ  വിജയവും നേട്ടവും ആയി കാണണം.

   പുതിയ അനുഭവങ്ങളും അനുഭൂതികളും ഉൾക്കൊണ്ട് ജീവിതകഥയിലെ പുതിയ ചാപ്റ്റർ എഴുതി തുടങ്ങണം. കഴിഞ്ഞകാല  ജീവിതാനുഭവങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ജീവിതത്തിന്റെ പുതിയ താളുകളിൽ ജീവിത ദിനവൃത്താന്തം കുറിക്കണം.

you can do it.

ആരോഗ്യകരമായ പുതിയ വ്യക്തിബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും തുടങ്ങുവാൻ നിങ്ങൾക്ക് സാധിക്കും. വീണ്ടും ജീവിതത്തിൽ വസന്തവും ഗ്രീഷ്മവും കടന്നുവരും. ദൈവം ഏൽപ്പിച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും.

എന്താണ് ഇതിനുള്ള തെളിവ്?

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കും...

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.'  ഫിലിപ്പി 1 : 6; 4 : 13


   - ഫാ. ഡോ. ഏ. പി. ജോർജ്


Tuesday, January 25, 2022

Impact of dysfunctional family

 വിതക്കാരന്റെ ഉപമയിൽ ദൈവവചനമാകുന്ന വിത്തു വീഴുന്ന മുള്ളും പാറയും പെരുവഴിയുമാകുന്ന നിലങ്ങളെപ്പറ്റി കർത്താവ് പറയുന്നുണ്ട്. സ്വർഗ്ഗീയ കൃഷിക്കാരൻ വിതയ്ക്കുന്ന കുട്ടികളാകുന്ന വിത്ത് ചെന്ന് വീഴുന്ന രോഗബാധിതമായ കുടുംബാന്തരീക്ഷങ്ങൾക്കും ഈ ഉപമ അനുയോജ്യമാണ്. ദൈവത്തിന്റെ വിലപ്പെട്ട പല കുഞ്ഞുങ്ങളും  നിർഭാഗ്യവശാൽ ജനിക്കുന്നത് മുള്ളുകൾക്കിടയിലും, പാറപോലെ ഹൃദയകാഠിന്യമുള്ള മാതാപിതാക്കളുടെ കൈകളിലുമൊക്കെയാണ് . നല്ല കുടുംബാന്തരീക്ഷത്തിൽ ജനിക്കുവാനും വളരുവാനും അവസരം ലഭിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യമുള്ളവരാണ്. 

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വീഴുന്ന കുട്ടികൾക്ക് നല്ല ഫലം കായ്ക്കുവാനും ദൈവനിയോഗം പൂർത്തിയാക്കാനും സാധിക്കാതെ വന്നേക്കാം.

കുട്ടിയുടെ അനുകൂല വ്യക്തിത്വ വികാസത്തിന് വൈകാരിക ഭദ്രതയുള്ള കുടുംബാന്തരീക്ഷവും കരുതലും സ്നേഹവും ഉള്ള പേരന്റിങ്ങും അനിവാര്യ ഘടകങ്ങളാണ്.

മാതാപിതാക്കളുടെ അവഗണന, അമിത നിയന്ത്രണം, ലഹരി ആസക്തി, പീഡനം തുടങ്ങിയ പ്രതികൂലതകൾ കുടുംബത്തിൽ തുടർച്ചയായ ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും ടെൻഷനും ഉണ്ടാകും. ഇത്തരം കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ അതൊക്കെ നോർമലാണെന്നു ചിന്തിക്കുകയും ഭാവിയിൽ അവരുടെ കുടുംബത്തിൽ അതൊക്കെ ആവർത്തിക്കുകയും ചെയ്യും.

എന്താണ് രോഗബാധിതമായ കുടുംബം?

സംഘട്ടനങ്ങളും സംഘർഷങ്ങളും അവഗണനയും നിരന്തരമായി അരങ്ങേറുന്ന കുടുംബാന്തരീക്ഷം ആണ് ഇത്.

രോഗബാധിതമായ കുടുംബത്തിൽ ബന്ധങ്ങൾക്കിടയിൽ അവിശ്വസ്തതയും വിരുദ്ധതയും, വികാര പ്രകടനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്തതും മാപ്പ് കൊടുക്കാത്തതും ക്ഷമാപണം സ്വീകരിക്കാൻ തയ്യാറാകാത്തതും  ഒക്കെ തകർന്ന കുടുംബത്തിലെ പ്രതിസന്ധികളാണ്.

കുടുംബം രോഗബാധിതമാകുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.

ലഹരി ആസക്തി ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലഹരി മരുന്ന്‌, മദ്യം, പോർണോഗ്രാഫി,  ചൂതുകളി ആധാർമിക കൂട്ടുകെട്ട് തുടങ്ങിയവക്ക് അടിമകളായ മാതാപിതാക്കൾ അവരുടെ ചുമതലകൾ  അവഗണിക്കുന്നവർ ആയിരിക്കും. ആസക്തരുടെ മനസ്സിൽ കുട്ടികളോടും ജീവിത പങ്കാളിയോടും കരുതലും സ്നേഹവും ഉണ്ടാവില്ല. എപ്പോഴും ആസക്തിക്ക് ആയിരിക്കും അവർ മുൻഗണന കൊടുക്കുന്നത്. അവർ യാഥാർത്ഥ്യത്തിന്റെ ലോകത്തു നിന്നും അകന്നു ആസക്തിയുടെ മായാലോകത്തിൽ ജീവിക്കുന്നവരാണ്.

ഒന്നോ അതിലധികമോ  കുടുംബാംഗങ്ങളുടെ അക്രമസ്വഭാവമാണ് കുടുംബത്തെ രോഗബാധിതമാക്കുന്ന മറ്റൊരു പ്രതിസന്ധി. ഇത്‌ കുടുംബ സമാധാനത്തിനന്റെ അടിത്തറ ഇളക്കും. കുടുംബാംഗങ്ങൾ  ശാരീരികമായും വൈകാരികമായും മുറിവേൽക്കും. പരസ്പരം ഭയന്ന് അകന്നു പോകും. കുടുംബത്തിലെ സ്‌നേഹ കൂട്ടായ്മയുടെ അഭാവം സംശയവും അവിശ്വസ്തതയും ഭയവും ഉണ്ടാകും

സാമ്പത്തിക പ്രതിസന്ധി ആണ് മൂന്നാമത്തെ കാരണം. സാമ്പത്തികാടിത്തറ സന്തുഷ്ട കുടുംബാന്തരീക്ഷത്തിന്  അത്യാവശ്യമാണ്. കുടുംബത്തിനു വേണ്ടി അധ്വാനിക്കാത്തവരും  സാമ്പത്തിക കടബാധ്യതകൾ വരുത്തുന്നവരുംമായ മാതാപിതാക്കൾ ദാരിദ്രവും അപര്യാപ്തതയും ഉണ്ടാക്കും.

കുടുംബത്തിലെ നേതൃത്വമില്ലായ്മയാണ് നാലാമത്തെ പ്രതിസന്ധി. പൊതുകാര്യങ്ങൾക്കും സ്ഥാനാമാനങ്ങൾക്കും സമ്പത്തിനും പിറകെ മാതാപിതാക്കൾ ഓടി അലയുമ്പോൾ കുടുംബത്തിന് നേതൃത്വം കൊടുക്കാൻ ആളില്ലാതാകും.  കുടുംബനേതൃത്വം കൊടുക്കുന്നവർ ഡിക്റ്റേറ്ററാകുന്നതും പ്രശ്നമാണ്.  മറ്റുള്ളവർ സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത അടിമകൾ ആകും. അത് വ്യക്തിബന്ധങ്ങൾ വികലമാക്കും.  ആരും നേതൃത്വം നൽകാനില്ലാത്ത  അവസ്ഥ അനാർക്കിയും ആശയക്കുഴപ്പവുമുണ്ടാക്കും. എല്ലാവരും അധികാരം കൈയാളുന്ന കുടുംബത്തിലെ അവനവൻ മനോഭാവവും മത്സരങ്ങളും നിരന്തരം അരങ്ങേറും.

മാതാപിതാക്കളിലെ ഗുരുതര മനോരോഗങ്ങൾ കുട്ടികളിൽ പ്രതികൂലമായ സ്വാധിനം ചെറുത്തും. രോഗലക്ഷണങ്ങളായ മിഥ്യാ ധാരണകളും ദർശനങ്ങളും സംശയം, pathological anger, അക്രമ സ്വഭാവം തുടങ്ങിയവയും കുടുംബത്തിലെ വൈകാരിക സന്തുലിതാവസ്ഥ താളംതെറ്റാനും കുട്ടികൾ അനുകരിക്കാനും ഇടയാകും. മനസികാരോഗ്യവിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഫാമിലി കൗൺസലിങ്ങും കുട്ടികൾക്ക്  ഉൽക്കഴ്ച്ചയും സ്വാന്തനവും നൽകാൻ സഹായകമാണ്.

റിലീജിയസ് ഫണ്ട് മെന്റ്റലിസം ആണ് കുടുംബത്തെ രോഗബാധിത മാക്കുന്ന അഞ്ചാമത്തെ ഘടകം.  മത രാഷ്ട്രീയ മൗലികവാദികളും കൾട്ടിസ്റ്റ് അനുഭവികളുമായ മാതാപിതാക്കൾ കുട്ടികളുടെ മേൽ കർക്കശമായ നിയമങ്ങളും സിദ്ധാന്തങ്ങളും ഉപസനാ ശൈലിയും അടിച്ചേൽപ്പിക്കും.  ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം കുട്ടികൾക്ക്  പരിചയപ്പെടുത്തുന്നതിന് പകരം കർക്കശമായ ആചാരാനുഷ്ഠാനങ്ങളുടെ മതിൽകെട്ടിനുള്ളിൽ അവരെ തളച്ചിടും.   മതിലുകൾ കെട്ടി സമൂഹത്തിൽനിന്ന് വേർതിരിക്കപ്പെടുന്ന കുട്ടികളുടെ സോഷ്യലൈസേഷനും ഓട്ടോണമിയും തടസ്സപ്പെടും. ഇത്തരം അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് അടഞ്ഞ മനസ്സും സങ്കുചിത വീക്ഷണവും ഉണ്ടാകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന  കുട്ടികളിൽ കണ്ടുവരുന്ന വ്യക്തിത്വ വൈകല്യങ്ങൾ  പലതാണ് :

ഇവർ എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരായിരിക്കും.

മറ്റുള്ളവരുടെ അവഗണനയും അപ്രീതിയും ഒഴിവാക്കുവാനും സ്നേഹം ലഭിക്കുവാനും വേണ്ടി എന്ത് ത്യാഗത്തിനും കീഴടങ്ങലിനും ഇവർ തയ്യാറാകും. അമിത ആശ്രയ ബോധമുള്ള ഇവർ സ്വന്തം താൽപര്യങ്ങൾ ഉപേക്ഷിച്ചും ''പീപ്പിൾ പ്ലീസേഴ്സ് ' ആയി പെരുമാറും.

അമിത കുറ്റബോധമാണ് രണ്ടാമത്തെ പ്രത്യേകത. മറ്റുള്ളവരുടെ വീഴ്ചക്കും ജീവിത പ്രതിസന്ധികൾക്കുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കുറ്റബോധത്തിന്റെ ഭാരം ചുമക്കും.

പെർഫെക്ഷനിസമാണ് മൂന്നാമത്തെ പ്രത്യേകത. അമിത വിമർശനത്തിൽ വളർന്നവർ തെറ്റുകളും വീഴ്ചകളും  ഒഴിവാക്കുവാൻ  പെർഫക്ഷനിസ്‌റ്റുകളാകും.

സ്വന്തം കാര്യങ്ങൾ അവഗണിച്ച്‌ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അവരുടെ ഗുഡ് ബുക്കിൽ  നിലനിൽക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ.

ചെറുപ്പത്തിൽ വളരെ വിമർശനം ഏറ്റുവാങ്ങിയ കൊണ്ട് ആത്മവിമർശന സ്വഭാവം കൂടുതലായിരിക്കും .. സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന സ്ഥിരം ലൂസേഴ്സ് ആണിവർ.

കാര്യങ്ങളെല്ലാം ഭംഗിയായി പോകുമ്പോഴും അതൃപ്തിയും എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന അമിത് ഉൽക്കണ്ഠയും ആൻന്റി സിപ്പേറ്ററി ഫിയറും ഇവരെ അസ്വസ്ഥരാക്കും.  ഈ ആകുല ചിന്തകൾ ഇവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും.

കാര്യങ്ങൾ തുറന്നു പറയുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവില്ല. ഏകാധിപതിയുടെ കാൽക്കീഴിൽ അടിമയായി വളർന്നതിന്റെ പ്രത്യാഘാതമാണ് ഇത്. ചെറുപ്പത്തിൽ മാതാപിതാക്കളുമായി  മെച്ചമായ ആശയവിനിമയം സാധ്യമാകാത്തതുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ കുറവായിരിക്കും.

അപര്യാപ്തതാ ബോധവും ആത്മവിശ്വാസക്കുറവും എപ്പോഴും ഇവരെ പിന്തുടരും.  അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത കൂടുതലായിരിക്കും.

വ്യക്തിബന്ധങ്ങൾ നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, മുൻകോപം, പിന്മാറ്റ പ്രവണത എന്നിവയും രോഗബാധിതമായ കുടുംബാന്തരീക്ഷം ഏൽപ്പിക്കുന്ന ക്ഷതങ്ങളാണ്.

ഇതിൽ ഒന്നോ രണ്ടോ പ്രതിസന്ധികൾ ഉള്ളതുകൊണ്ട് രോഗബാധിതമായ കുടുംബത്തിൽ വളർന്നവരായിരിക്കണമെന്നില്ല. എന്നാൽ വ്യാപകമായ വ്യക്തിത്വ - വൈകാരിക പ്രതിസന്ധികൾ രോഗബാധിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നേറ്റ മുള്ളുകളും മുറിവുകളും ആകാൻ സാധ്യതയുണ്ട്.

രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ പ്രതികുല സ്വാധീനത്തിൽ നിന്ന്  നിരന്തര പരിശ്രമംകൊണ്ട് കുറെയൊക്കെ    വിമുക്തമാകാൻ കുറെയൊക്കെ സാധിക്കും.

സ്വഭാവവൈകല്യങ്ങളും നിഷേധ വൈകാരിക പ്രതികരണ രീതികളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം ആണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പ്രതിസന്ധി നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ അതിജീവിക്കുവാൻ ശീലിച്ച പ്രതിരോധമാർഗങ്ങളും സ്വഭാവങ്ങളും പ്രതികരണ രീതികൾളും ഇന്ന്  ആവശ്യവുമില്ല പ്രസക്തിയുമില്ല.

കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ വൈകാരിക ബന്ധവും ആശയവിനിമയവും നിലനിർത്തുവാൻ ശ്രമിക്കണം.

കുടുംബത്തിൽ നിന്നേറ്റ ആന്തരിയ മുറിവുകൾ മറ്റുള്ളവരുമായി വിശ്വസ്തത പുലർത്തുന്നതിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. ചെറുപ്പത്തിൽ കുടുംബത്തിലുണ്ടായ ട്രസ്റ്റ് ഇഷ്യൂ സാമൂഹ്യ ബന്ധങ്ങളിൽ പ്രസക്തമല്ല എന്ന് സ്വയം തിരിച്ചറിയണം.  ക്ഷമയും പരിശ്രമവും കൊണ്ട്  വ്യക്തിബന്ധങ്ങളിൽ വിശ്വസ്തത പുലർത്തുവാൻ ശ്രമിക്കണം. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ക്രിസ്തീയ സ്നേഹം കൊണ്ട് ഹൃദയം നിറക്കാൻ പ്രാർത്ഥിക്കണം.

ബാല്യത്തിൽ മുറിവേൽപ്പിച്ചവർക്ക് മാപ്പു കൊടുക്കുന്നതാണ് അടുത്ത സമീപനം. വ്യക്തിത്വ വൈകല്യങ്ങൾ മൂലമായിരിക്കാം കുടുംബാംഗങ്ങളിൽ ചിലർ പീഡകരും മുറിവേൽപ്പിച്ചവരുമായത്.   അവർക്ക് മാപ്പ് കൊടുക്കുന്നത് സ്വന്തം മുറിവുണക്കാനും ശാന്തി ലഭിക്കാനും സഹായകമാകും.  ദൈവം ഇപ്പോൾ  തന്നിരിക്കുന്ന കുടുംബ ബന്ധങ്ങളിൽ നല്ല പേരൻന്റും ജീവിതപങ്കാളിയുമാകാൻ  ശ്രമിക്കുക.

ബാല്യത്തിലെ കോൺഫ്ലിക്റ്റ് കളും കോംപ്ലക്സുകളും വളരെ  പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്.

വ്യക്തിത്വ വികസത്തിനും സൈക്കിക് ഹീലിങ്ങിനുമുള്ള മിറക്കിൾ മാന്വലാണ് ആണ്  ബൈബിൾ. വിമോചകനും യഥാസ്ഥാനം പെടുത്തുന്നവനുമായ സ്വർഗ്ഗീയ വൈദ്യന്റെ സൗഖ്യദായക ഔഷധ വചനങ്ങളാണ് അതുമുഴുവൻ.  ദരിദ്രർക്ക് സുവിശേഷവും ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും വിവരിക്കുന്ന, ദൈവാത്മാവിനാൽ ആത്‌മാവിനാൽ എഴുതപ്പെട്ട വിശുദ്ധ തയ്യാറിപ്പാണ്  ഈ വിസ്മയ ഗ്രന്ഥം.

വ്യക്തിത്വവികാസത്തിനും സ്‌ട്രെസ്  മാനേജ്മെന്റിനും  സഹായകമായ ഒട്ടേറെ ബുക്കുകൾ ഇന്ന് ലഭ്യമാണ്. അതിൽ മെഡിക്കൽ വിദഗ്ധരുടെ ആധികാര്യ രചനകൾ തിരഞ്ഞെടുത്ത് വായിക്കുകയും ജീവിതശൈലിയും മനോഭാവവും ചിട്ടപ്പെടുത്തുവാൻ ശ്രമിക്കുന്നതുമൊക്കെ ദുരനുഭവങ്ങളുടെ വൈകാരിക ബന്ധനങ്ങളിൽ  നിന്ന് വിമോചിതരാകാൻ സഹായിക്കും.

മനസ്സിന്റെ ബിൽഡറും ടെക്നീഷ്യനുമായ ദൈവത്തിന് മുറിവുകൾ സൗഖ്യമാക്കാനും തകർന്ന മനസ്സിനെ പുതുക്കി പണിയുവാനും സാധിക്കും . തകർച്ചയിൽനിന്ന് സമർപ്പണത്തിലേക്കും, നിസ്സഹായതയിൽ നിന്ന് ധീരതയിലേക്കും, ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദൈവം കൈപിടിച്ച് നടത്തിയ ജനകോടികൾ സാക്ഷികളായി നമുക്ക് ചുറ്റുമുണ്ട്.  ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി ആകുമ്പോൾ പഴയത് മാറി പുതിയ മനസ്സും മനോഭാവവും തരാൻ ദൈവത്തിന് കഴിയും. സുഖമാക്കുവാൻ മനസ്സുണ്ടെങ്കിൽ സുഖമാക്കാൻ കർത്താവ് അടുത്തുണ്ട്. ഒന്നുവിളിച്ചാൽ മതി.

2 കൊരിന്ത്യർ 5:17-18

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ  പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ  നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

ദൈവത്തിന്റെ വിസ്മയ പദ്ധതിയാണ് കുടുംബം.  അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്ന മാതാപിതാക്കൾ ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരാണ്. പരസ്പരം സഹിച്ചും ക്ഷമിച്ചും മാപ്പുകൊടുത്തും ദൈവാശ്രയത്തോടെ നിഷേധ ശക്തികളോട് എതിർത്തുനിന്ന് നല്ല കുടുംബവും നന്മനിറഞ്ഞ മക്കളെയും വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് നിത്യതയിലെ പ്രതിഫലം വലുതാണ്. ദൈവം ഏൽപ്പിക്കുന്ന അമൂല്യ താലന്തുകൾ ആണ് മക്കൾ. അവരെ ദൈവസ്നേഹത്തിലും കരുതലിനും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് നന്മനിറഞ്ഞ മക്കളായി സമൂഹത്തിന് നൽകുമ്പോൾ ഏറ്റവും വലിയ ദൈവീക നിയോഗമാണ് മാതാപിതാക്കൾ പൂർത്തിയാക്കുന്നത്. അതിന് ഓരോ കുടുംബവും ദേവാലയങ്ങൾ ആകണം, കുടുംബം സുഖം ആകണം. മാതാപിതാക്കൾ ക്രിസ്തുവിൽ ആകണം.

സാമൂഹ്യവിരുദ്ധ പ്രവണതകളുള്ള മക്കൾ സമൂഹത്തിൽ വലിയ വിപത്തുകൾ വിതയ്ക്കുമ്പോൾ സമൂഹമനസാക്ഷി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട് : 'ഇവരെങ്ങനെ  ഇങ്ങനെയായി' ?

ആരാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്?

ദൈവമേ, അവിടുന്ന് അനുഗ്രഹിച്ചും ആശിർവദിച്ചും കൂട്ടിച്ചേർത്ത ദാമ്പത്യ സൗഹൃദത്തിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളും കുടുംബവും ദൈവ ഭക്തിയുടെയും പരസ്പര സ്നേഹത്തിന്റെ യും അനുഗ്രഹ കൂട്ടായ്മയായിത്തീരാൻ അവിടുന്ന് സഹായിക്കേണമേ. കുടുംബത്തെ തകർക്കുവാൻ അണിനിരക്കുന്ന നിക്ഷേധ ശക്തികളെ നിരോധിക്കണമേ. ഓരോ കുടുംബത്തിന്റെയും നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു :

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെപിതാവേ, അവിടുത്തെ ഇഷ്ടം ഓരോ കുടുംബത്തിനും യാഥാർത്ഥ്യം ആകേണമേ.  സ്വർഗ്ഗ രാജ്യത്തിന്റെ അനുഭവം ഓരോ ഭവനത്തിലും നിറയേണമേ. അന്നന്നത്തെ ആവശ്യത്തിനുള്ള അപ്പം നൽകേണമേ.  പരീക്ഷണങ്ങളെയും ദുഷ്ടനെയും ഭവനങ്ങളിൽ നിന്ന് അകറ്റേണമേ.  മഹാവ്യാധിയുടെ  കരാളഹസ്തങ്ങളിൽ ഞെരുക്കപ്പെടുന്ന ഭവനങ്ങളെ ശാശ്വത ഭൂജങ്ങളിൽ വഹിച്ച്‌ സൗഖ്യവും ആരോഗ്യവും ബലവും ശക്തിയും നൽകി താങ്ങി നിർത്തേണമേ. കുടുംബത്തിന്റെ വരുമാന മാർഗങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ജോലി സാധ്യതകളും തടയപ്പെട്ടിരിക്കുന്ന ഈ പ്രതികൂലസാഹചര്യങ്ങളിൽ, ദൈവമേ, അവിടുന്ന്  സൗഖ്യം അയച്ച് ലോകത്തിൽ സമാധാനവും ശാന്തിയും  പുനഃസ്ഥാപിക്കണമെന്ന് 


Sunday, January 16, 2022

Prayer for media detox

 


                      

ദൈവമേ, ആശയവിനിമയത്തിനും വിവരസാങ്കേതിക വളർച്ചയ്ക്കുംമായി അവിടുന്ന് നൽകിയ സോഷ്യൽ മീഡിയയ്ക്കും ഹൈടെക് സ്കില്ലുകൾക്കുമായി സ്തോത്രം!

മറ്റുള്ളവരിലെ നല്ല ഗുണങ്ങളെ ആദരിക്കാനും സത്യസന്ധമായ ആശയവിനിമയത്തിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മീഡിയയിൽ പ്രവേശിക്കുമ്പോൾ ചില തിരുവചന മാർഗ്ഗനിർദ്ദേശങ്ങൾ എന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കേണമേ :
'നാം ഓരോരുത്തരും അയല്‍ക്കാരന്റെ നന്‍മയെ ഉദ്‌ദേശിച്ച്‌ അവന്റെ ഉത്‌കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.'  റോമാ 15 : 2

ദൈവമേ,  മറ്റുള്ളവർക്ക് അവിടുന്ന് നൽകിയ സവിശേഷതകളെയും താലന്തുകളെയും  പരിപോഷിപ്പിച്ച്, അവർ നേടിയ നേട്ടങ്ങളെയും അനുഗ്രഹങ്ങളെയും അഭിനന്ദിക്കാനും ദൈവത്തിനു സ്തോത്രം ചെയ്യുവാനുള്ള വേദിയായി മീഡിയ  പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവരെ ആദരിക്കുവാൻ പൗലോസ് അപ്പോസ്തോലൻ നൽകിയ ഉപദേശം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിലനിർത്തേണമേ.

'മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.' ഫിലിപ്പി 2 : 3-5

ദൈവമേ, മീഡിയ പ്ലാറ്റ്ഫോമിൽ  നിൽക്കുമ്പോൾ  അസൂയ, പരിഹാസം, വെറുപ്പ് തുടങ്ങിയ ദൈവ തിരുനാമ മഹത്വത്തിന് കളങ്കം ഉണ്ടാക്കുന്ന നിഷേധ വികാരങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്തുവാൻ സഹായിക്കേണമേ. ദൈവത്തിന്റെ പ്രിയ സൃഷ്ടികളും ദൈവാത്മാവ് വസിക്കുന്നവരും ആയ സഹോദരങ്ങൾക്ക് അപകീർത്തിയും വേദനയുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും വിവേചനബുദ്ധിയും നൽകേണമേ. ദിവ്യസ്നേഹത്തിന്റെ തിരുവചന മർമ്മങ്ങളാൽ എന്റെ വികാരവിചാരങ്ങൾ നിയന്ത്രിക്കപ്പെടേണമെ.

ദൈവമേ, മീഡിയയിലെ ചപ്പുചവറുകൾ കൊണ്ട് മനസ്സു നിറയ്ക്കുന്നതുമുലം മാനസികാരോഗ്യത്തിലുണ്ടാകുന്ന പ്രതിസന്ധിയും പിരിമുറുക്കവും  ഒഴിവാക്കുവാൻ മീഡിയയിലെ നല്ല തിരഞ്ഞെടുപ്പിന് എനിക്ക് വിവേചന വരം തന്ന്‌ സഹായിക്കേണമെ.  പ്രാർത്ഥനയ്ക്കും തിരുവചന ധ്യാനത്തിനും കുടുംബ സൗഹൃദങ്ങൾക്കുമായി ഹൃദയം തുറക്കുവാനുള്ള താൽപര്യവും ദൃഢനിശ്ചയവും നൽകേണമേ. സോഷ്യൽ മീഡിയ, വിഗ്രഹവും ആസക്തിയും ആകുമ്പോൾ ഉറച്ച തീരുമാനത്തോടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും വ്യക്തിബന്ധങ്ങളിലേക്കും ദൈവ ബന്ധത്തിലേക്കും ശ്രദ്ധ തിരിപ്പിക്കുവാനുള്ള ഇച്ഛാശക്തി നൽകേണമേ .

സോഷ്യൽ മീഡിയ  എന്നിലുണ്ടാക്കിയ മുൻവിധികളും തെറ്റുദ്ധാരണകളും പാപമാലിന്യ ചിന്തകളും വികാരങ്ങളും എന്റെ ഹൃദയത്തിൽ നിന്ന് പുണ്യ രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. അനുകൂല കാഴ്ചപ്പാടും മനോഭാവവും പുനസ്ഥാപിക്കേണമേ.
'ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 51 : 10

മാനുഷികവും ജഡീകവും ലൗകികമായതു മാത്രം ചിന്തിക്കാതെ ദൈവീകമായതും കൂടെ ചിന്തിക്കുവാനുള്ള പരിശുദ്ധാത്മ പ്രേരണയും താല്പര്യവും നൽകേണമേ. ദൈവത്തോട് ചേർന്ന് നടക്കുവാനുള്ള തിരുവചന മാർഗ്ഗനിർദ്ദേശം സ്വീകരിക്കുവാൻ എന്നെ സഹായിക്കേണമേ.
'നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന റോമാലേഖനത്തിലെ ഉപദേശം എന്റെ ചിന്തകൾക്ക് വഴിയും വെളിച്ചവുമാകേണമേ

ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമാകുന്ന എന്റെ ശരീരവും അങ്ങയുടെ മഹത്വം കാണുവാനുള്ള എന്റെ കണ്ണുകളും സ്തുതി പാടുവാനും സ്തുതി കേൾക്കാനുമുള്ള അധരങ്ങളെയും കേൾവിശക്തിയെയും വിശുദ്ധമായി സൂക്ഷിക്കാനും എന്നെ തന്നെ  തിരുസന്നധിയിൽ തിരുമുൽ കാഴ്ചയായി സമർപ്പിക്കാനുമുള്ള കൃപ തന്ന് സഹായിക്കണമെ.

മാതാപിതാക്കൾ ചെയ്തു കാണുന്നത് മക്കളും അനുകരിക്കുമെന്ന് അരുളിച്ചെയ്ത കർത്താവേ, ഞങ്ങളിലെ മീഡിയ അഡിക്ഷനും അതുണ്ടാക്കിയ സ്വഭാവബലഹീനതകളും കുട്ടികളിൽ സ്വാധീനം ചെലുത്താതിരിക്കുവാൻ വിവേചനത്തോടും ആത്മനിയന്ത്രണത്തോടും കൂടെ മീഡിയ ഉപയോഗിക്കാനുള്ള പക്വത തന്ന് സഹായിക്കേണമേ.

   സോഷ്യൽ മീഡിയയിലൂടെ തിരുവചന സത്യങ്ങൾ പഠിക്കുവാനും സുവിശേഷം കേൾക്കുവാനും  ആരാധിക്കുവാനും കൂട്ടായ്മ ആചരിക്കുവാനും ക്രിസ്തു സമർപ്പിതരായ നല്ല മോഡലുകളെ കണ്ടെത്താനുമുള്ള അനന്ത സാധ്യതകളിലേക്ക് എന്നെ കൈപിടിച്ചു നടത്തേണമേ.

പാപഫലം പുറപ്പെടുവിക്കാൻ സാത്താൻ മീഡിയ ദുരുപയോഗപ്പെടുത്തുമ്പോൾ, ദൈവ തിരുനാമ മഹത്വത്തിനും ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനും തിരുവചന ഘോഷണത്തിനുമുള്ള വിശുദ്ധ പ്ലാറ്റ്ഫോം ആക്കി സോഷ്യൽ മീഡിയയെ  പ്രയോജനപ്പെടുത്തുവാൻ കൂടുതൽ സമർപ്പിത ദൈവ മക്കളെ അണിനിരത്തേണമേ.

ലഹരി മാഫിയകളും ലൈംഗിക വ്യവസായികളും വ്യക്തിത്വ വൈകല്യമുള്ള സാമൂഹ്യദ്രോഹികളും സോഷ്യൽ മീഡിയയിൽ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഞങ്ങളുടെ മക്കൾക്ക് ദിശാബോധവും  തിരിച്ചറിവും നൽകേണമേ. ദുരന്ത കെണിയിൽ വീണു പോയ ഇടംവലമറിയാത്ത കുഞ്ഞുങ്ങളെ അവിടുന്ന് മോചിപ്പിക്കണമേ.

ലോകം മുഴുവൻ വിരിച്ചിരിക്കുന്ന ഇന്റർനെറ്റ് ആകുന്ന വൻ വലയിൽ ബന്ദികളാക്കപെട്ടിരിക്കുന്ന ആത്മാക്കൾക്ക് തിരിച്ചറിവും പ്രതികരണശേഷിയും നൽകി രക്ഷപ്പെടുവാൻ വിമോചനത്തിന്റെ ആത്മാവിനെ നൽകേണമേ.

ആകെയല്പ നേരം മാത്രമുള്ള ഈ ഭൂമിയിലെ ജീവിതം ദൈവ നിയോഗങ്ങൾക്കും നിത്യതയ്ക്കുമായി ഒരുങ്ങുവാനും പ്രയോജനപ്പെടുത്തുവാനും സഹായിക്കേണമേ. എന്റെ ആയുസ്സിന്റെ കലണ്ടറിൽ അവിടുന്ന് അനുവദിച്ചിട്ടുള്ള വിലപ്പെട്ട സമയങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ചോദ്യത്തിന് തൃപ്തികരമായി കണക്കു പറയുവാൻ തക്കവണ്ണം സമയം തക്കത്തിലും പ്രയോജനകരമായും ഉപയോഗിക്കാനുള്ള ഉൾക്കാഴ്ച നൽകേണമേ.

  സോഷ്യൽ മീഡിയ അഡിക്ഷൻമൂലം തകർന്ന വ്യക്തികൾക്കും കുടുംബത്തിനും കുട്ടികൾക്കും ദാമ്പത്യ പങ്കാളികൾക്കും വേണ്ടി  അങ്ങ് ചൊല്ലിയ മഹാപുരോഹിത പ്രാർത്ഥന ഒരിക്കൽ കൂടി ആവർത്തിക്കുവാൻ എന്നെ അനുവദിക്കേണമേ:

'പരിശുദ്‌ധനായ പിതാവേ, ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, ഇവര്‍ ലോകത്തിലാണ്‌...
ലോകത്തില്‍നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.

-ഫാ. ഡോ. ഏ. പി. ജോർജ്
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
യോഹന്നാന്‍ 17 : 11-24