Saturday, June 3, 2023

പവർ ഓഫ് ഹോപ്പ്

                 

   പ്രതീക്ഷ ഒരു മിറക്കിൾ മെഡിസിനാണ്. പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാകുമെന്ന വിശ്വാസമാണ് പ്രതീക്ഷ. പ്രതിസന്ധികൾ മാറിയിരുന്നെങ്കിൽ എന്ന ആഗ്രഹമല്ല, അവ എത്ര വലുതാണെങ്കിലും മാറ്റം വരുമെന്ന ഉറച്ച വിശ്വാസമാണ് പ്രതീക്ഷ.

ജീവിതത്തിൽ നേടിയതെല്ലാം ദുരന്തങ്ങൾ കൊള്ളയടിച്ചാലും  അവയൊക്കെ വീണ്ടും നേടുവാൻ കഴിയുമെന്ന വിശ്വാസമാണ് പ്രതീക്ഷ. എല്ലാ സാധ്യതകളും അസ്തമിച്ചിടത്ത് പുതിയ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നതിനുള്ള ഡ്രൈവിംഗ് ഫോഴ്സിന്റെ ഉറവിടം  പ്രതീക്ഷയാണ്.

എല്ലാ വാതിലുകളും അടഞ്ഞാലും  സാധ്യതകളുടെ മറ്റു വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയോടെ പരിശ്രമവും അന്വേഷണങ്ങളും തുടരുന്നവരുടെ മുൻപിൽ തുറക്കാത്ത വാതിലും തുറക്കും. പാടാത്ത വീണയും പാടും.

പ്രതീക്ഷയ്ക്ക് യാതൊരു സാധ്യതകളും ഇല്ലെന്ന് വിദഗ്ധരും ഗോസിപ്പുകാരും പറഞ്ഞേക്കാം. അപ്പോഴും പ്രതീക്ഷയുടെ ഒരടി മണ്ണിൽ ചവിട്ടി നിന്ന് നല്ല നാളെയെ സ്വപ്നം കാണുന്നവർക്ക് യാത്ര തുടരാൻ ഒരു ഒറ്റയടിപ്പാത തുറക്കും. അത്തരം ഒറ്റയടിപ്പാതയിലൂടെ നടന്നു നടന്ന്, പ്രതികൂലതയുടെ അറ്റ്ലാന്റിക് കടന്നവർ ലക്ഷം ലക്ഷങ്ങളാണ്. നിരാശയുടെ കൂരിരുൾ ടണലിലൂടെ ബഹുദൂരം നടന്ന്‌, വെളിച്ചത്തിന്റെ വിശാല ലോകത്ത് എത്തിയ ധീരരാണിവർ.

കത്രീന, റീത്ത തുടങ്ങിയ ചുഴലി കൊടുങ്കാറ്റിന്റെ ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്കിടയിൽ മെഡിക്കൽ ടീമിനോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ഡോ. ഡയിൽ ആർച്ചറിന്റെ  നിരീക്ഷണത്തിൽ ദുരന്തബാധിതരിൽ രണ്ട് വിഭാഗങ്ങളെ കണ്ടുമുട്ടി:
ദുരന്തത്തിന്റെ ഇരകളും (psychological victims) ദുരന്തം അതിജീവിച്ചവരും ( psychological survivers).
ദുരന്തത്തിന്റെ ഇരകളായവർ അശുഭ ചിന്താഗതിക്കാരും നിഷ്ക്രിയരും ദുരന്തങ്ങളെയും നഷ്ടങ്ങളെയുംപ്പറ്റി മാത്രം  ചിന്തിച്ച് കഴിയുന്നവരും ആയിരുന്നു. ആരെങ്കിലും സഹായിക്കുമെന്നോ സ്വയം എന്തെങ്കിലും സാധിക്കുമെന്നൊ ചിന്തിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

  എന്നാൽ അതിജീവനക്കാർ പ്രവർത്തനനിരതരും ശുഭപ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരും ആയിരുന്നു. തകർച്ചകളെ അതിജീവിക്കാൻ സ്വയം എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്നാണ് അവർ ചിന്തിച്ചിരുന്നത്.

'ദുരന്ത ഇര'യുടെ മെന്റൽ സെറ്റിൽ നിന്ന് അതിജീവനത്തിന്റെ മെന്റൽ സെറ്റിലേക്ക് മനോഭാവങ്ങളെ രൂപപ്പെടുത്തുവാൻ അദ്ദേഹം നൽകിയ പരിശീലനം, ദുരന്ത ചിന്തകളിൽ കുടുങ്ങിപ്പോയവരിൽ അനുകൂല മാറ്റങ്ങളുണ്ടാക്കി.

ജീവിതത്തിൽ ശുഭപ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കുന്ന ചില കാര്യങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്:

-ദൈവത്തിലും ഉറ്റവരിലും അഭ്യുദയകാംക്ഷികളിലുമുള്ള  ഉറച്ച വിശ്വാസം പ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കും.

-നഷ്ടപ്പെട്ടതും നേടുവാൻ കഴിയാത്തതും ഓർത്തു വിഷമിക്കാതെ, ലഭിച്ച നന്മയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരാകുമ്പോൾ ശുഭപ്രതീക്ഷയിൽ മനസ്സുറയ്ക്കും.

-ജീവിതത്തിൽ നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങളെ സ്നേഹിക്കുന്നവരെയുംപ്പറ്റി ചിന്തിക്കുക. അവരുമായുള്ള സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തുക.  ഗോസിപ്പുകാരെയും അസൂയക്കാരെയും ഗൗനിക്കാതിരിക്കുക.

സഹന ദുരന്തങ്ങളുടെ കറുത്ത രാത്രി താൽക്കാലികം മാത്രമാണെന്നും പ്രഭാതം കടന്നു വരുമെന്നുമുള്ള ഉറച്ച വിശ്വാസം പ്രതീക്ഷ നൽകും.  ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനും പ്രത്യാശയുടെ  ചുവടുവെച്ച് മുന്നോട്ടു പോകുവാനും അത്തരമൊരു ശുഭ ചിന്ത മാത്രം മതി.

ബിസി 612 ൽ ജീവിച്ചിരുന്ന പഴയ നിയമത്തിലെ ഹബക്കുക്ക് പ്രവാചകന്റെ പ്രതികൂല സാഹചര്യങ്ങളിലെ പോസിറ്റിവിറ്റി വിസ്മയകരമാണ്. എല്ലാം നഷ്ടപ്പെട്ടപ്പോഴും സകലവും പ്രതികൂലമായപ്പോഴും ദൈവത്തിൽ പ്രതീക്ഷവയ്ക്കുന്ന പ്രവാചകന്റെ അതിജീവനശക്തി അപാരമാണ് :

'അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ്‌ എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു. '
ഹബക്കുക്ക്‌ 3 : 17-19

Hope is such an energy By which any dark part of life can be illuminated.
     -ഫാ. ഡോ. ഏ. പി. ജോർജ്‌