Monday, December 16, 2019

മുറിവേറ്റ ബാല്യങ്ങള്‍

ബാല്യത്തിലെ പീഡനങ്ങളും ദുരനുഭവങ്ങളും വ്യക്തിത്വത്തിലും വൈകാരികമേഖലകളിലും സൃഷ്ടിക്കുന്ന പ്രതികൂലതകളെപറ്റി കാലിഫോര്‍ണിയായിലെ ഡോ. റോബര്‍ട്ട് വെയില്‍സിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനം വളരെ ശ്രദ്ധേയമാണ്.

 വ്യക്തിപരമായ ആഘാതങ്ങളും രോഗബാധിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നേറ്റ ആഘാതങ്ങളും ഈ ചോദ്യാവലിയിലൂടെ വിലയിരുത്തി. ശാരീരിക പീഡനം, വാക്കുകള്‍കൊണ്ടള്ള മുറിവേല്‍പിക്കല്‍, ലൈംഗീക പീഡനം, ശാരീരികവും വൈകാരികവുമായ അവഗണന എന്നിവയാണ് വ്യക്തിപരമായ ആഘാതങ്ങള്‍.
ലഹരി ആസക്തി, ഗാര്‍ഹിക പീഡനം, മനോരോഗങ്ങള്‍, വിവാഹ മോചനം, നിയമപ്രശ്നങ്ങള്‍ തുടങ്ങിയവയാണ് രോഗബാധിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നുമേല്‍ക്കുന്ന ആഘാതങ്ങള്‍.
ചെറുപ്പത്തില്‍ പീഡനങ്ങളും മുറിവുകളുമേറ്റു വളരുന്നവര്‍ക്ക് പിന്നീട് മനോ-ശാരീരിക-വൈകാരികമേഖലകളിലും വ്യക്തിബന്ധങ്ങളിലും പ്രതിസന്ധികളുണ്ട?ാകുന്നുണ്ടെണ്ടന്നു കണ്ടണ്ടു. ഇവര്‍ക്ക് ഹൃദ്രോഗം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗസാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ചെറുപ്പത്തിലെ മാനസികാഘാതങ്ങളും ഭാവിയിലെ മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വ വൈകല്യങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന സത്യമാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.

ഈശ്വരന്‍റെ വിശിഷ്ട സൃഷ്ടിയായ ഓരോ കുഞ്ഞും വൈകാരിക സുരക്ഷിതത്വവും സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍, പീഡകരില്‍ നിന്ന് മുറിവേല്‍ക്കാതെ വളര്‍ന്നാല്‍ മാത്രമേ സമുന്നത വ്യക്തിത്വമായി വളര്‍ന്നു വരികയുള്ളൂ. മുറിവുകളേറ്റു വളരുന്ന കുട്ടികള്‍ മുറിവുകളേല്‍പിക്കുന്ന സാഡിസ്റ്റുകളും പ്രതികാരദാഹികളും സാമൂഹ്യവിരുദ്ധ പ്രവണതകളുള്ളവരുമായിത്തീരാനുള്ള സാധ്യത വളരെയധികമാണ്.

മാതാപിതാക്കളുടെ അമിതസ്നേഹവും ഉടമസ്ഥാവകാശവും പലപ്പോഴും പീഡനമായിത്തീരാറുണ്ടണ്ട. കുട്ടികളെപറ്റി അതിമോഹത്തിന്‍റെ ആകാശകൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുന്നതും അതിനുവേണ്ടണ്ടി അവരുടെ മേല്‍ കര്‍ക്കശനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതും പഠിത്തം തടസ്സപ്പെടാതിരിക്കാന്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്നും അകറ്റി വീട്ടുതടങ്കലിലാക്കുന്നതുമൊക്കെ പീഡനങ്ങള്‍ തന്നെയാണെന്ന് ഈ ഗവേഷകര്‍ ചൂണ്ടണ്ടിക്കാണിക്കുന്നു. കുട്ടിക്കുചുറ്റും കെട്ടിപൊക്കുന്ന അമിത സുരക്ഷാവേലികളും, ചുറ്റുമതിലും സ്വതന്ത്ര തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കാത്തതുമൊക്കെ മനപൂര്‍വ്വമല്ലാത്ത വ്യക്തിഹത്യകളും സ്നേഹപീഡനങ്ങളുമാണ്. കുപ്പിയിലിട്ടു വളര്‍ത്തുന്ന ഇത്തരം 'വൈറ്റ് ലഗോണ്‍ കുട്ടികള്‍' നിസ്സഹായതാ ബോധമുള്ളവരും പ്രതികൂലതകളെ നേരിടാന്‍ പ്രാപ്തിയില്ലാത്തവരുമായിത്തീരും. ഇവര്‍ ഭാവിയില്‍ ലഹരി ആസക്തിയിലും ലൈഗീകപ്രതിസന്ധിയിലുമൊക്കെ വീണുപോയാല്‍ സ്വയം രക്ഷപ്പെടാനും രക്ഷപ്പെടുത്താനും ബുദ്ധിമുട്ടായിരിക്കും. അടിച്ചേല്‍പ്പിക്കപ്പെട്ട നിസ്സഹായതാബോധവും ആത്മവിശ്വാസകുറവുമാണിതിന് കാരണം.
ബാല്യത്തിലേറ്റ മാനസികാഘാതങ്ങളുടെ വൈകാരിക പ്രതിസന്ധികളും വ്യക്തിത്വ വൈകല്യങ്ങളും തിരുത്തിയെഴുതുവാന്‍ മനഃശാസ്ത്രവിദഗ്ദ്ധരുടെ ദീര്‍ഘകാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്.

Sunday, November 24, 2019

പയ്യന്‍ സ്പൈസിയാണ്, സൂക്ഷിക്കണം




കുട്ടികള്‍ ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ അവരോടിടപെടുന്നരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നാലിലും പതിനാലിലും ഇരുപത്തിനാലിലും ഒരേപോലെ കുട്ടികളോട് ഇടപെട്ടാല്‍ അവരില്‍ നിന്ന് ശക്തമായ വൈകാരിക പ്രതികരണങ്ങളുണ്ടാകും. ചിലകുട്ടികള്‍ ഭയംകൊണ്ട് പ്രതികരിക്കാതെ വിദ്വേഷം മനസ്സില്‍ അടിച്ചമര്‍ത്തുമ്പോള്‍ പല സ്വഭാവ പെരുമാറ്റപ്രശ്നങ്ങള്‍ക്ക് കാരണമാകും.
കൗമാരത്തിലെ ഹോര്‍മോണ്‍ വേലിയേറ്റങ്ങളുണ്ടാക്കുന്ന വൈകാരിക ആന്ദോളനങ്ങള്‍ കൗമാരക്കാരുടെ പ്രതികരണരീതിയിലും വ്യക്തിബന്ധങ്ങളിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടാക്കും. ഇവരുടെ ക്ഷിപ്രകോപവും മിഥ്യാഭിമാനവും സംശയവും ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങളുമൊക്കെ വീട്ടിലും പഠനമേഖലകളിലുമൊക്കെ പ്രതിസന്ധികളുണ്ടാക്കും. കുട്ടികളുമായി അര്‍ത്ഥപൂര്‍ണ്ണമായ ആശയവിനിമയം നടത്തുവാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും.
കൗമാരക്കാരോട് ഇടപെടുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പ്രയോജനപ്രദമാണ്:
കൗമാരക്കോരോടുള്ള സുദീര്‍ഘമായ ഉപദേശപ്രസംഗങ്ങള്‍ ഒഴിവാക്കണം. 'ഞാനങ്ങനെയായിരുന്നു','എന്‍റെ കാലത്ത് അങ്ങനെയായിരുന്നു','നീയായിട്ടെല്ലാം നശിപ്പിച്ചു' എന്ന സ്ഥിരം അനുപല്ലവി കൗമാരക്കാര്‍ക്ക് ആവര്‍ത്തന വിരസതയും ഈര്‍ഷ്യയുമുണ്ടാക്കും. മിനിമം വാക്കുകളില്‍ വ്യക്തമായും ചുരുക്കമായും പറയുന്നതാണ് കൗമാരക്കാര്‍ക്കിഷ്ടം. അല്‍പം പറഞ്ഞാല്‍ അധികം മനസ്സിലാകുന്ന സ്മാര്‍ട്ട് ഗൈസാണ് ഹൈടെക് യുഗത്തിലെ കുട്ടികള്‍.
എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം എനിക്കറിയാം, പറയുന്നത് കേട്ട് അനുസരിച്ചാല്‍ മതിയെന്ന മാതാപിതാക്കളുടെ അധീശമനോഭാവം അംഗീകരിക്കാന്‍ കൗമാരക്കാര്‍ തയ്യാറല്ല. പ്രതിസന്ധി പരിഹരിക്കാനുള്ള അഭിപ്രായങ്ങള്‍ കുട്ടികളോട് ചോദിക്കുന്നത് അവരുടെ കോമണ്‍സെന്‍സിന് അംഗീകാരം നല്‍കലാണ്. 'ആര്‍ട്ടിക്കിള്‍ 30 എ' മൈനോരിറ്റി റൈറ്റ്സിനുവേണ്ടി ഈ കാന്താരികള്‍ വാദിച്ചുകളയും. 
മാതാപിതാക്കള്‍ എടുത്തുചാടി വിധിപ്രസ്താവിച്ച് ശിക്ഷ നടപ്പിലാക്കുന്നത് അനീതിയും അപകടകരവുമാണ്. കുട്ടികള്‍ കുട്ടികളാണ്, മാതാപിതാക്കളുടെ പക്വതയിലെത്താന്‍ ഇനിയും അനേക വര്‍ഷങ്ങള്‍ അവര്‍ വളരണം. സഹിക്കുകയും ക്ഷമിക്കുകയും വീണ്ടും വീണ്ടും അവസരങ്ങള്‍ കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് 'പ്രൈമാഫേസി' വിധിപ്രസ്താവിക്കുന്നതിനേക്കാള്‍ നല്ലത്. സുപ്രീംകോര്‍ട്ട് വിധിയായാല്‍ പോലും ദയാഹര്‍ജി സാധ്യതയുണ്ടെന്ന് ഫാദര്‍ ഡാഡി മനസ്സിലാക്കണം.
പ്രതിസന്ധികളുടെ അടിയൊഴുക്കുകളെപ്പറ്റി കൗമാരക്കാരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം കൊടുക്കണം. അവര്‍ പറയുമ്പോള്‍ ഇടയ്ക്ക് ഇടിച്ചുകേറി തടസ്സപ്പെടുത്താതെ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കണം.നിയസഭയിലും ഔദ്യോഗികമേഖലകളിലും ആത്മീയത്തിലും ഒച്ചവച്ച് പ്രതിയോഗികളെ അടിച്ചമര്‍ത്തിയ മാതാപിതാക്കള്‍ക്ക് മക്കളുടെ മുമ്പില്‍ വായടച്ച് തോറ്റുകൊടുക്കേണ്ടി വരുമ്പോള്‍ ബേജാറായിട്ടു കാര്യമില്ല. 
കുട്ടികളുടെ അഭിപ്രായം അപക്വവും അതിനോട് പൂര്‍ണ്ണ വിയോജിപ്പുമാണെങ്കിലും ഒച്ചവയ്ക്കാതെ  അവരുടെ അഭിപ്രായത്തെ ആദരിച്ചാല്‍ വൈകാരിക ഏറ്റുമുട്ടല്‍ ഒഴിവാക്കാനും അനുരജ്ഞനസാധ്യതകള്‍ ഉരുത്തിരിയാനും സഹായിക്കും. 
കൗമാരക്കാരുടെ വൈകാരിക പ്രതികരണരീതികള്‍ അതിരുകടക്കുകയും ഗുരുതരനിയമപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുമ്പോള്‍ അവരോട് ഏറ്റുമുട്ടാതെ മാനസികാരോഗ്യവിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ് ഉചിതം.

മാതാപിതാക്കള്‍ ഒരിക്കല്‍ നടന്ന പ്രതിസന്ധി നിറഞ്ഞ കൗമാരപാതയിലൂടെയാണ് ഇന്ന് മക്കള്‍ നടക്കുന്നതെന്ന ഓര്‍മ്മയുണ്ടായിരിക്കണം. അന്ന് നിങ്ങള്‍ ഇടറിയതും പതറിയതും തട്ടിവീണതും ഓവര്‍സ്പീഡില്‍ ഓടി ചെയ്തതൊന്നും മറക്കരുത്.
പേരന്‍റിംഗിന്‍റെ ഏറ്റവും വിഷമമുള്ള കാലഘട്ടമാണ് കൗമാരം. ഈശ്വരചിന്തയോടും ആത്മസംയമനത്തോടും സഹനമനോഭാവത്തോടും കൂടെ കുട്ടികളോടൊപ്പം നടന്നില്ലെങ്കില്‍ അവര്‍ ഡെബിള്‍ബെല്ലുകൊടുത്ത് നോണ്‍സ്റ്റോപ്പായി സ്റ്റാന്‍റ് വിട്ടുപോകും.

നമ്മുടെയല്ലേ മക്കള്‍?

Friday, September 20, 2019

മനസ്സേ ഉറങ്ങു

വൈകി കിടന്ന് വൈകി എഴുന്നേല്‍ക്കുന്ന ശൈലിയാണ് ന്യൂജെന്‍ യുവാക്കളുടേത്. രാവേറുന്നതു വരെ സൈബര്‍ സൈറ്റുകളിലും ലഹരി സദസുകളിലും വിഹരിക്കുന്നവര്‍ ചുരുക്കം മണിക്കൂറുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ശരീരമനസ്സുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മെയിന്‍റനന്‍സിനും അത്യാവശ്യ ഘടകമായ ഉറക്കം തടസ്സപ്പെടുത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഉറക്കകുറവുമൂലമുണ്ടാകുന്ന ആലസ്യം വളരെയധികം മോട്ടോര്‍ ആക്സിഡന്‍റിന് കാരണമാകാറുണ്ട്. 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ ഡ്രൈവിങ് സമയത്ത് ഉറങ്ങി പോകുന്നത് കൊണ്ട് അമേരിക്കയില്‍ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അപകടമുണ്ടാകുന്നുണ്ടത്രേ.
ഉറക്കകുറവ് ജോലിയിലെ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിദ്രാവിഹീനര്‍ ഗുരുതരമായ പബ്ലിക് സേഫ്ടി പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ദീര്‍ഘകാല ഉറക്കകുറവ് ഏകാഗ്രത, ഉണര്‍വ്വ്, സൃഷ്ടിപരമായ ചിന്ത, തീരുമാനമെടുക്കല്‍ എന്നിവയെ വികലമാക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മെമ്മറി ഫയലില്‍ മെച്ചമായി ആലേഖനം ചെയ്യപ്പെടാന്‍ ഉറക്കം അത്യാവശ്യമാണ.് രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പഠിക്കുന്ന പഠിപ്പിസ്റ്റുകള്‍ ജാഗ്രതൈ!
ഹൃദ്രോഗം, ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കു പിന്നില്‍ ഉറക്കകുറവും കാരണമാകാമെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 
ശ്വസനതകരാറുമൂലം ഉണ്ടാകുന്ന 'ആപ്നിയ' എന്ന ഉറക്ക തടസ്സം പുരുഷډാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ലവല്‍ കുറയാനും ലൈംഗിക താല്‍പര്യം മന്ദീഭവിക്കാനും കാരണമാകുമെന്ന് ക്ലിനിക്കല്‍ എന്‍റോക്രൈനോളജി ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലതരത്തിലുള്ള ഉറക്കകുറവ് വിഷാദാവസ്ഥക്ക് കാരണമാകാറുണ്ട്. വിഷാദവും ആകാംഷയും അധികമായ രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ ഉറക്കം 6 മണിക്കൂറില്‍ താഴെയാണെന്നു കണ്ടിട്ടുണ്ട്. വിഷാദരോഗത്തിന്‍റെ പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് ഉറക്കകുറവ്. 
ഉറക്കകുറവ് ചര്‍മ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിളറിയചര്‍മ്മം, വിങ്ങിവീര്‍ത്ത കണ്‍തടങ്ങള്‍, ചര്‍മ്മത്തിലെ ചുളിവുകള്‍ എന്നിവയ്ക്കു പിന്നില്‍ ഉറക്കകുറവും കാരണമാകാമത്രേ. ഉറക്കകുറവുമൂലം ശരീരം പുറപ്പെടുവിക്കുന്ന 'കോര്‍ട്ടിസോള്‍' എന്ന സ്ട്രെസ്സ് ഹോര്‍മോണുകളുടെ ആധിക്യവും ഗ്രോത്ത  ് ഹോര്‍മോണുകളുടെ അപര്യാപ്തതയും ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് തടസ്സമാകുമെന്നാണ് നിദ്രാരോഗങ്ങളെപറ്റി പഠിപ്പിക്കുന്ന ഡോ. ഫില്‍ശിഹര്‍മാന്‍റെ അഭിപ്രായം.
ദീര്‍ഘകാല ഉറക്കകുറവ് ഓര്‍മ്മശക്തിയെ വികലമാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഉറക്കകുറവു മൂലം ശരീരത്തിലെ പെപ്ടൈഡുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം മൂലം അമിത ഭക്ഷണം കഴിക്കാനും ശരീരഭാരം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ടത്രേ.
ഉറക്കം വച്ചുനേടുന്ന നേട്ടങ്ങള്‍ക്കും വിനോദങ്ങള്‍ക്കും കനത്ത വിലകൊടുക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിദ്രാഭംഗം ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മനോ-ശാരീരിക രോഗങ്ങള്‍ നിയന്ത്രിക്കുവാനും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം. ലഹരി സദസ്സുകള്‍ക്കും മീഡിയ എന്‍റര്‍ടെയിന്‍റ്മെന്‍റിനും വേണ്ടി ഉറക്കം നഷ്ടപ്പെടുത്തുമ്പോള്‍ ബയോളജിക്കല്‍ ക്ലോക്ക് താളം തെറ്റുകയും ശരീര മനസ്സുകള്‍ രോഗബാധിതമാവുകയും ചെയ്യും. 
ജീവിത സംഘര്‍ഷങ്ങളില്‍ മനസ്സ് ആടിയുലഞ്ഞപ്പോള്‍ ശാന്തമായുറങ്ങാന്‍ ബൈബിളിലെ ദാവീദിനെ സഹായിച്ചിരുന്നത് ദൈവത്തിലുള്ള ഉറച്ച വിശ്വാസവും സമര്‍പ്പണവുമായിരുന്നു. നമ്മുടെ നിയന്ത്രണത്തിന് അതീതമായ പ്രതിസന്ധികളുടെ നിയന്ത്രണം സര്‍വ്വേശ്വരനില്‍ ഭരമേല്‍പിച്ചാല്‍ സമാധാനമായുറങ്ങാന്‍ കഴിയുമെന്നാണ് ദാവീദിന്‍റെ സാക്ഷ്യം: 
ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും. നീയല്ലോ യഹോവെ എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത് (സങ്കീര്‍ത്തനം : 4:8)

Wednesday, May 1, 2019

ബാക്ക് ടു സ്കൂള്‍

അദ്ധ്യയന വര്‍ഷാരംഭം കുട്ടികളില്‍ ടെന്‍ഷനും ആകാംഷയുമുണ്ടാക്കാറുണ്ട്. ഓടിക്കളിച്ചു നടന്ന ഒഴിവുകാലത്തില്‍ നിന്ന് നിഷ്കര്‍ഷയുള്ള സ്കൂള്‍ കരിക്കുലത്തിലേക്കുള്ള ചുവടുവയ്പ് കുട്ടികള്‍ക്ക് വൈകാരിക വെല്ലുവിളികളും പ്രതിസന്ധികളുമുണ്ടാക്കിയേക്കാം. സ്കൂള്‍ തുറക്കുന്നതിനുമുമ്പുള്ള ചില തയ്യാറെടുപ്പുകള്‍ ഭയാശങ്കകളും സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ സഹായിക്കും.
അതിലൊന്നാമത്തേത് ഉറക്കസമയത്തിന്‍റെ പുനര്‍ക്രമീകരണമാണ് . ഒഴിവുകാലങ്ങളില്‍ വളരെ വൈകി കിടന്ന് വൈകി എഴുന്നേല്‍ക്കുന്ന ശീലമായിരിക്കും. സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും 11-7 ഉറക്കശീലമാക്കി ബയോളജിക്കല്‍ ക്ലോക്ക് റീ സെറ്റു ചെയ്താല്‍ ക്ലാസില്‍ ഉണര്‍വ്വോടിരിക്കാനാവും.
പുതിയ ക്ലസിലെ പുസ്തകങ്ങള്‍ ഒഴിവുസമയത്ത് പരിചയപ്പെടുന്നതും ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുന്നതും കോഴ്സ് സിലബസ് വായിച്ചു മനസ്സിലാക്കുന്നതുമൊക്കെ പുതിയ അദ്ധ്യയന വര്‍ഷത്തെ വര്‍ക്ക് ലോഡ് വിലയിരുത്താനും മനസ്സൊരുക്കുവാനും സഹായിക്കും.
കഴിഞ്ഞ വര്‍ഷത്തെ പഠനരീതികളിലെ പോരായ്മകള്‍ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗരേഖയുണ്ടാക്കുന്നത് നല്ലതാണ്. പഠന സമയം, കളി, വ്യായാമം എന്നിവയ്ക്ക് ടൈംടേബിളുണ്ടാക്കണം. പ്രയാസമുള്ള വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം നീക്കി വയ്ക്കണം. ക്ലാസുള്ള ദിവസങ്ങളില്‍ ടിവി-സൈബര്‍മീഡിയ ഉപയോഗത്തിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ വര്‍ഷത്തിലേക്കുള്ള ഗോള്‍ സെറ്റിംഗ് ആരംഭത്തില്‍ തന്നെ നടത്തണം. അലങ്കോലമായികിടക്കുന്ന പഠനമേശയില്‍ ടെക്സ്റ്റ് ബുക്കുകളും പഠനോപകരങ്ങളും കൃത്യമായി അടുക്കി വയ്ക്കുന്നത് പഠിക്കാനുള്ള മൂഡുണ്ടാക്കും.
കുട്ടികള്‍ക്ക് വിലകൂടിയ ഡ്രസ്സും, പഠനോപകരണങ്ങളും ഹൈടെക് സ്കൂള്‍ അഡ്മിഷനും വാങ്ങിsക്കmടുത്തു കഴിഞ്ഞാല്‍ തങ്ങളുടെ ചുമതല തീര്‍ന്നെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്. കുട്ടികള്‍ക്ക് പഠിക്കുവാന്‍ അനുകൂല അന്തരീക്ഷം വീട്ടിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പഠനസമയത്ത് കുട്ടികളുടെ ശ്രദ്ധ വ്യതി ചലിപ്പിക്കുന്ന ടിവിയും മീഡിയഗോസിപ്പും ഗെറ്റുഗദറുകളും മാതാപിതാക്കള്‍ ഒഴിവാക്കണം. മാതാപിതാക്കളുടെ വഴക്കും ലഹരിപിശാചിന്‍റെ വൈകാരികപ്രകടനങ്ങളുമൊക്കെ കുട്ടികളില്‍ അസ്വസ്ഥതയും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള ബുദ്ധിമുട്ടുമൊക്കെയുണ്ടാക്കും. വൈകാരിക സുരക്ഷിതത്വമുള്ള കുടുംബാന്തരീക്ഷത്തില്‍ മാത്രമേ കുട്ടിക്ക് സര്‍ഗ്ഗാത്മകഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുവാന്‍ കഴിയുകയുള്ളൂ.
വിതയ്ക്കപ്പെടുന്ന വിത്ത് മുള്ളിലും പാറയിലും പെരുവഴിയിലുംവീണാല്‍ ഫലം കായ്ക്കാന്‍ വിഷമമാണെന്ന് ക്രിസ്തു പറഞ്ഞത് എത്ര ശരിയാണ്. നൂറുമേനി വിളയാന്‍ സാദ്ധ്യതയുള്ള വിത്തുകളാകുന്ന കുട്ടികള്‍ ഏതു കുടുംബാന്തരീക്ഷത്തില്‍ വീഴുന്നു എന്നത് വളരെ പ്രധാനമാണ്.
പഠനമേഖലകളില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അനുഭാവപൂര്‍വ്വം കേള്‍ക്കാനും പരിഹാരമാര്‍ഗ്ഗങ്ങളിലേക്ക് അവരെ കൈപിടിച്ച് നടത്തുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം.
കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന 'സ്കൂള്‍ ഫോബിയ' മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രതിസന്ധിയുണ്ടാകാറുണ്ട്. കുട്ടിയുടെ കള്ളത്തരവും അടവുമാണെന്ന ധാരണയില്‍ ഭീഷണിപ്പെടുത്തുന്നതും കഠിനശിക്ഷകൊടുക്കുന്നതും പ്രശ്നം വഷളാക്കുകയേ ഉള്ളൂ. സ്കൂള്‍ ഫോബിയക്കു പിന്നില്‍ ആകാംഷ, ഡിപ്രഷന്‍, sസപ്പറേഷന്‍ ആങ്സൈറ്റി, പഠന വൈകല്യങ്ങള്‍ പോലുള്ള മാനസീകാരോഗ്യപ്രശ്നങ്ങളുണ്ടാകാം. സൈക്യാട്രിക്ടീമിന്‍റെ വിദഗ്ദ്ധവിലയിരുത്തലും മെഡിക്കല്‍ സപ്പോര്‍ട്ടും ഇക്കാര്യത്തില്‍ ആവശ്യമാണ്.
പുത്തന്‍ പ്രതീക്ഷകളോടെ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന കൂട്ടുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഹൃദയപൂര്‍വ്വമായ ശുഭാശംസകള്‍!

Wednesday, March 20, 2019

ആബ്സെന്‍റ് മൈന്‍ഡ്നെസ്സ്

'ആബ്സെന്‍റ്മൈന്‍റ്നെസچ' അഥവാ അശ്രദ്ധയുണ്ടാക്കുന്ന  അസൗകര്യങ്ങള്‍ അനവധിയാണ്. കണ്ണട കാണാനില്ല, കീചെയിന്‍ എവിടെ? പേഴ്സ് കളഞ്ഞുപോയി, കാറ് പാര്‍ക്ക് ചെയ്തിരുന്നത് എവിടെ? എവിടെ?... വീട്ടുകാരെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളാണിതൊക്കെ. അശ്രദ്ധമൂലമുണ്ടാകുന്ന മറവി ആള്‍സൈമേഴ്സ്  പോലുള്ള മറവി രോഗത്തിന്‍റെ അത്ര ഗുരുതരമല്ലെങ്കിലും അനുദിന ജീവിതത്തില്‍ വളരെയധികം അസൗകര്യമുണ്ടാക്കുന്നതാണ്.
ഏര്‍പ്പെട്ടിരിക്കുന്ന ജോലിയില്‍ നിന്നും മനസിന്‍റെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വ്യതിചലിക്കുന്നതാണ് ആബ്സെന്‍റ് മൈന്‍റ്നെസ്സിന്‍റെ പ്രധാനകാരണമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ദാനിയേല്‍ ഫാക്ടറിന്‍റെ അഭിപ്രായം. ഒരു കാര്യത്തില്‍ ഗഹനമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ കടന്നുവരുന്ന മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
വണ്‍ അറ്റേ ടൈം പ്ലീസ്!
ജീവിതം തിരക്കുള്ളതും ഫാസ്റ്റ്ട്രാക്കിലോടുകയുംചെയ്യുമ്പോള്‍ ആബ്സെന്‍റ്മൈന്‍റ്നെസിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഒരു സമയത്ത് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന മള്‍ട്ടി ടാസ്കിംഗ്ജീവിതശൈലിയിലാണ് ആധുനിക ലോകം. സെന്‍സറി ലോഡ് വര്‍ദ്ധിക്കുമ്പോള്‍ ആബ്സെന്‍റ് മൈന്‍റ്നെസ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ജെറിയാട്രിക് സൈക്യാട്രി പ്രൊഫസര്‍ ജോര്‍ജ്ജ് റ്റി.ഗ്രോസ് ബെര്‍ഗ്ഗിന്‍റെ അഭിപ്രായം. പ്രായം വര്‍ദ്ധിക്കുകയും ചുമതലകള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുമ്പോള്‍ ശ്രദ്ധക്കുറവിന്‍റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് എല്ലാവരിലും ഓരേ പോലെ ആകണമെന്നില്ല.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സും ആള്‍സൈമേഴ്സ് എന്ന മറവിരോഗവും തമ്മില്‍ വ്യത്യാസമുണ്ട്. ഓര്‍മ്മയിലുണ്ടായിരുന്ന ഒരു കാര്യം ഓര്‍മ്മിക്കാന്‍ ശ്രമിച്ചിട്ട് തല്‍ക്കാലം സാധിക്കുന്നില്ലെങ്കിലും പിന്നീട് ഓര്‍മ്മിക്കാന്‍ കഴിയുന്നത് ആബ്സെന്‍റ് മൈന്‍ഡ്നെസിന്‍റെ ലക്ഷണമാണ്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മിക്കുവാനേ കഴിയാതിരിക്കുന്നത് മറവിരോഗവുമാണ്. മറന്നുവച്ച താക്കോല്‍ അന്വേഷിച്ചു നടക്കുന്നത് അശ്രദ്ധയും താക്കോല്‍ നഷ്ടപ്പെട്ടു എന്നുപോലും അറിയാത്തത് ഓര്‍മ്മകുറവുമാണ്. ആള്‍സൈമേഴ്സ് രോഗികള്‍ക്ക് മറവിയോടൊപ്പം സംസാരിക്കുവാനും എഴുതുവാനും നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ബുദ്ധിമുട്ടുണ്ടാകാം. പ്ലാനിങിനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവില്ലായ്മയും ഇവരുടെ പ്രതിസന്ധികളാണ്. ഇതൊക്കെ ആള്‍സൈമേഴ്സ് രോഗികളുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കും. ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് ചില അസൗകര്യങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും സാധാരണ ജീവിതത്തെ അത്രയധികം തടസ്സപ്പെടുത്താറില്ല. 
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് പരിഹരിക്കുവാന്‍ ചില സമീപനങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
1. ജീവിതം അസങ്കീര്‍ണ്ണമാക്കുക - എല്ലാ ഭാരങ്ങളും തലയില്‍ ചുമന്ന് ഓവര്‍ലോഡ്, ഹെഡ്ലോഡ് വര്‍ക്കറാകാതെ ലോഡ്ഷെഡ്ഡിങ് നടത്തുക. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ മാഷെ.
2. നല്ല വിശ്രമവും പോഷകാഹാരവും ശീലമാക്കുക - ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന് അത്യാവശ്യം വിശ്രമം കൊടുക്കുക. 7/24 ഉം നോണ്‍ സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റായി  ഓടിയാല്‍ ഹാര്‍ഡ്വെയറും സോഫ്റ്റ് വെയറും ഡാമേജാകും. മെയിന്‍റ്നന്‍സും റീപ്ലെയ്സ്മെന്‍റും ഹ്യൂമന്‍ കമ്പ്യൂട്ടറില്‍ സാദ്ധ്യമല്ലാട്ടോ.
3. ദൈനംദിന പരിപാടികള്‍ക്ക് പ്ലാനും പദ്ധതികളും ഉണ്ടാക്കുക. മായയാം മാരീചനെ പിടിക്കുവാനുള്ള മനസ്സിന്‍റെ ഓട്ടപ്പാച്ചിലിനൊപ്പം ഓടിയെത്താന്‍ പാവം ശരീരത്തിനാവില്ല, ബ്രേക്ക്ഡൗണാകും!
4. ശാരീരികവും മാനസികവുമായ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ആവര്‍ത്തന ജീവിതശൈലി മാറ്റി സൃഷ്ടിപരമായ ചിന്തകളും അഭിരുചികളും കൊണ്ട് മസ്തിഷ്കത്തെ ചലഞ്ച് ചെയ്ത് ചലനാത്മകമാക്കുക.
5. നിത്യോപയോഗ സാധനങ്ങള്‍ വയ്ക്കാന്‍ ഓരോ കൃത്യസ്ഥലം തീരുമാനിക്കുക. പേഴ്സ്, കണ്ണട, ഫോണ്‍, താക്കോല്‍ തുടങ്ങിയവ തോന്നിയയിടത്ത് എറിഞ്ഞിടുന്ന സ്വഭാവം മാറ്റുക. പവര്‍കട്ടില്‍ തപ്പിയാലും സാധനം അവിടെക്കാണും.
6. കലണ്ടറിലും സ്റ്റിക്കിനോട്സിലും ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ക്കുക. സെല്‍ഫോണില്‍ റിമൈന്‍റേഴ്സ് ചേര്‍ക്കുക. അടുപ്പത്ത് സാധനങ്ങള്‍ വച്ചാല്‍ ടൈമര്‍ സെറ്റ് ചെയ്യുക. മറവിയെ മിറകടക്കാന്‍ ടെക്നോളജി നല്‍കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
7. ക്ലിപ്ത സമയത്ത് 79 മണിക്കൂര്‍ വരെയുള്ള ശാന്തമായ ഉറക്കം മെമ്മറി ഹെല്‍ത്തിന് വളരെ ആവശ്യമാണ്.
8.  ലഹരി ആസക്തി ഓര്‍മ്മകളുടെ ഫയലുകളെ വികലമാക്കും.
9. സംഘര്‍ഷം, ആകാംഷ, വിഷാദം തുടങ്ങിയ പ്രഷുബ്ദ മാനസികാവസ്ഥ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനശേഷി നശിപ്പിക്കും. വിട്ടുകൊടുക്കാനും തോറ്റുകൊടുക്കാനും മാപ്പുകൊടുക്കാനും ചില്ലറ നഷ്ടങ്ങള്‍ സഹിക്കാനും തയ്യാറായാല്‍ ശാന്തിയും സമാധാനവും നേടാം. മെഡിക്കല്‍കെയറിലൂടെ സംഘര്‍ഷം ലഘൂകരിക്കുന്നത് മസ്തിഷ്കത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
10. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക് തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്കുള്ള ചികിത്സയും ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
ആബ്സെന്‍റ് മൈന്‍ഡ്നെസ്സ് സമയനഷ്ടവും ആകാംഷയുമുണ്ടാക്കും. മുന്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുമൂലമുണ്ടാകാവുന്ന പ്രതിസന്ധികള്‍  ലഘൂകരിക്കാവുന്നതാണ്. 
യെന്തിര് കാര്യങ്ങള്?
ചുമക്കാവുന്നതിലും അധികം ഭാരങ്ങള്‍ തലയില്‍ കെട്ടിവയ്ക്കാതിരിക്കുക. . എല്ലാം എന്‍റെ തലയിലൂടെ ഓടിയാല്‍ മാത്രമേ ശരിയാകൂ എന്ന അപ്രമാദിത്യചിന്തകള്‍ ഒഴിവാക്കുക. ഭാരങ്ങള്‍ പങ്കിടുക. കഴിയുന്നതും സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. അത്യാവശ്യമുള്ളപ്പോള്‍ മാത്രം ഫാസ്റ്റ് ട്രാക്കിലോടുക, ആവശ്യം കഴിഞ്ഞാല്‍ എക്സിറ്റെടുത്ത് ലോക്കലിലോടുക. ജീവിതം ആസ്വദിക്കാനുള്ളതാണ്, ആയിരം ഓള്‍ട്ടേജില്‍ കത്തിയെരിയാനുള്ളതല്ല. 
ഈശ്വരന്‍റെ അമൂല്യദാനമായ ബ്രെയിനെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും  കേടാകാതെ സൂക്ഷിക്കാന്‍ തൃപ്തിയും ശാന്തിയും സമാധാനവുമൊക്കെ ജീവിതശൈലിയാക്കുക.
ډ                          *                            *                       *
മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ട; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍. (യെശയ്യ. 35:4)

Monday, February 18, 2019

സ്റ്റേജ് ഫോര്‍ ചര്‍ച്ചസ്

തട്ടേമ്മേ പള്ളിവികാരി സൈമണച്ചന്‍ കാര്യവിചാരകത്വവും നീതിബോധവും കര്‍ത്താവിനോട് സമര്‍പ്പണവുമുള്ള വ്യത്യസ്തനായ ഒരു ഇടയനാണ്. 
ഇടയത്വ ശുശ്രൂഷ തുടങ്ങി വര്‍ഷം ഒന്നു കഴിയുമ്പോഴേക്കും ഹൃദയം കടുകട്ടി ഗ്രാനൈറ്റ് ആകുന്ന ചടങ്ങ് അച്ചന്‍മരില്‍ നിന്നും വ്യത്യസ്തനാണ് ഈ റവറന്‍റ്.
വളരെയധികം പള്ളി പ്രമാണികളും വെള്ളിക്കട്ടന്‍മډാരുമുള്ള തട്ടേമ്മേ പള്ളിയിലെ ആടുകളേയും മുട്ടാടുകളേയും അനുസരണത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി നടത്തുന്ന സമര്‍പ്പിത ഇടയനാണീ പാതിരി.

സംഭവ ദിവസം ലൂക്കോസ് 18:18 മുതലുള്ള വേദഭാഗത്തില്‍ നിന്ന് വചനശുശ്രൂഷ നടത്തുകയായിരുന്നു അച്ചന്‍. 'നിനക്കുള്ളതൊക്കെ വിറ്റ് ദരിദ്രര്‍ക്ക് പങ്കിട്ടുകൊടുത്ത് എന്നെ അനുഗമിക്ക' എന്ന ഭാഗം വായിച്ച് അച്ചന്‍ വികാരാധീനനായി. എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും താളടിയായി കുഴഞ്ഞു വീണു. അബോധതലങ്ങളുടെ അഗാധങ്ങളിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്ന അച്ചനെ രണ്ടു കരങ്ങള്‍ പിടിച്ചുയര്‍ത്തി. കണ്ണു തുറന്നപ്പോള്‍ സ്നിഗ്ദ്ധ സുന്ദരമായ പുഞ്ചിരിയോടെ നില്‍ക്കുന്ന ആണിപ്പാടുള്ള കര്‍ത്താവിന്‍റെ കരങ്ങളിലാണച്ചന്‍.
 
'എന്താ ഫാദറെ വല്ലാതെ സെന്‍റിയായി പോയല്ലോ, ക്യാ ഹുവാ?'

'ക്ഷമിക്കണം കര്‍ത്താവേ, അങ്ങയുടെ തിരുവചനത്തിന്‍റെ മര്‍മ്മം ഹൃദയത്തില്‍ ശൂലമായി വന്നു തറച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.'

'കൊള്ളാം, വചനം ഹൃദയത്തെ തൊടാതെ പാടുകയും പറയുകയും ചെയ്യുന്ന ജനകോടികള്‍ക്കിടയില്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കുന്നവരുമുണ്ടാകുന്നത് സന്തോഷമാണ്. ഐസിയുവിന് പുറത്തിരുന്ന് അപ്സെറ്റായി കൂട്ടംകൂടിയിരിക്കയാണ.'

'അല്ല ഞാന്‍ വിട്ടു പിരിഞ്ഞ് കര്‍ത്താവിനോട് കൂടെ ആയോ?'

'ഡോണ്‍ഡ് വറി, യു ആര്‍ സ്റ്റില്‍ എലൈവ്. വാട്സ് യുവര്‍ കണ്‍സേണ്‍?'

'ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ നിത്യതയും ഉപേക്ഷിച്ച് അങ്ങയുടെ മുമ്പില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങിയ ധനവാനെപ്പോലെയാണ് ഇന്ന് സഭകള്‍. അതോര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവരാജ്യം പ്രസംഗിക്കാനും രോഗികള്‍ക്ക് സൗഖ്യം വരുത്തുവാനും ശിഷ്യരെ അയച്ചപ്പോള്‍ വഴിക്ക് വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്, രണ്ടുടുപ്പും അരുത് എന്നു പറഞ്ഞ് വിട്ടതല്ലെ ഞങ്ങളെ? '

'യെസ്, യു ആര്‍ റൈറ്റ്'

'കര്‍ത്താവിനറിയാലോ ന്‍റെ സഭയുടെ ഇപ്പോഴത്തെ ആസ്തി. റിലയന്‍സിനും ടാറ്റയ്ക്കും മേലെ രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലാണ് എന്‍റെ സഭ. സ്ഥാപനങ്ങളുടെ ആസ്തി മാത്രം 3 ലക്ഷം കോടിക്കു മുകളില്‍. സഭയ്ക്ക് കീഴിലുള്ളത് പതിനൊന്നായിരം സ്ഥാപനങ്ങള്‍. രാജ്യത്തിനകത്തും പുറത്തും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സഭയുടെ ഭൂമിയുടെ വിപണി മൂല്യം പോലും ശതകോടികള്‍ വരും. വിശ്വാസം എന്നത് ദൈവവിശ്വാസമോ വിശ്വാസികളുടെ ഉന്നമനമോ അല്ല. പുരോഹിത-പള്ളിപ്രമാണി വര്‍ഗ്ഗത്തിന്‍റെ സമാന്തര ഭരണകൂടമാണ്. ഇത് ഒരു സഭയുടെ മാത്രം കാര്യം. ആയിരക്കണക്കിനാണ് സഭകള്‍. ശവമുള്ളേടത്ത് ഓടിക്കൂടുന്ന കാപാലകഴുകന്‍മാര്‍ പണത്തിനും പദവിക്കും സ്വത്തിനും വേണ്ടി പരസ്പരം കൊത്തിക്കീറുകയാണ്. കേസുപറഞ്ഞും അടിപിടി നടത്തിയും അങ്ങയുടെ നാമം അപഹാസ്യമാക്കുകയാണ് വയ്യ കര്‍ത്താവേ! എനിക്കു വയ്യ.'
'പറഞ്ഞോളൂ.'
'ഇത്രയും സമ്പന്നമായ സഭകളില്‍ വീടില്ലാത്തവരും ഡെയ്ലിബ്രഡിനു വകയില്ലാത്തവരും പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടാന്‍ കഴിവില്ലാത്തവരും നിത്യരോഗികളും ദരിദ്രരും വിധവമാരും കോടിക്കണക്കിനുണ്ട്. അവരിന്നും വഴിപാടിടുന്ന സമര്‍പ്പിതരുമാണ്. ഒരിക്കലും വഴിപാടിടാത്തവര്‍ അതുകൊണ്ടു ധൂര്‍ത്തടിക്കുമ്പോള്‍ ഈ ചെറിയവരെ ഓര്‍ക്കുന്നില്ല. ആര്‍ത്തിപണ്ടാരങ്ങളായ സാദൂക്യരും പരീശ-ശാസ്ത്രിമാരും പുരോഹിതډാരും ഒത്തു ചേര്‍ന്നു വിശുദ്ധസ്ഥലത്ത് മ്ലേച്ഛത സൃഷ്ടിക്കുന്നുٹ മനുഷ്യഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ട സഭ, കല്ലിലും മരത്തിലും പണത്തിലും പദവിയിലും പാരമ്പര്യത്തിലും ആള്‍ദൈവങ്ങളിലും പുതുക്കിപണിതതിന്‍റെ ദുരന്തങ്ങളാണിതൊക്കെ. സ്റ്റേജ് ഫോര്‍ രോഗാവസ്ഥയിലായ സഭയെ സൗഖ്യമാക്കാന്‍ സ്വര്‍ഗ്ഗീയ വൈദ്യനായ അങ്ങേയ്ക്കു മാത്രമേ കഴിയൂ.' 
'ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടം ഇപ്പോഴുമുള്ളത് സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷമാണ്. ഡിവൈന്‍ ഗവണ്‍മെന്‍റ് കാലത്തികവില്‍ കാര്യങ്ങളൊക്കെ യഥാസ്ഥാനപ്പെടുത്തും. റവറെന്‍റ് സമാധാനത്താലെ പോയി ദൈവരാജ്യത്തിന്‍റെ സുവേശേഷം ധൈര്യമായി പ്രസംഗിച്ചോളൂ.  കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഞാനെന്നും കൂടെയുണ്ടാകും. ടേക്ക് കെയര്‍, ഓള്‍ ദി ബെസ്റ്റ്!'

Tuesday, February 12, 2019

സ്വപ്നം വിരിയും മനസ്സ്



ഉല്‍പത്തി പുസ്തകം 37-ാം അദ്ധ്യായത്തില്‍ പ്രതീകാത്മകങ്ങളായ സ്വപ്നങ്ങളിലൂടെ തന്‍റെ ജീവിതത്തില്‍  ദൈവം നിവര്‍ത്തിക്കാന്‍ പോകുന്ന കാര്യങ്ങളെപറ്റിയും മഹത്വത്തിലേക്ക് ചുവടുവയ്ക്കുന്നതിനെപറ്റിയും  വെളിപ്പെടുത്തികൊടുത്തു.
തന്‍റെ കുടുംബത്തേയും ജനങ്ങളെയും കഠിന ക്ഷാമങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നിയോഗം ബാലനായ ജോസഫിനെ ഭരമേല്‍പിക്കുന്നതിനെപറ്റിയുള്ള ദര്‍ശനമായിരുന്നു ആ സ്വപ്നം.
    ജോസഫ് കണ്ട കൗതുകസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ചില കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ ചുവടുവയ്ക്കേണ്ടി വന്നു. സഹോദരന്‍മരുടെ അസൂയ, വഞ്ചന, ഈജിപ്റ്റിലെ അടിമ ജീവിതം, കാരാഗ്രഹവാസം..അങ്ങനെയങ്ങനെ തന്‍റെ സ്വപ്ന ദ്വീപിലെത്താന്‍ ജോസഫ് നീന്തിക്കടന്ന അഗ്നിക്കടലുകളനവധി.

എല്ലാ കഠിന സഹനങ്ങള്‍ക്കു പിന്നിലും ഒരു മഹത്വം ഒളിച്ചു വച്ചിട്ടുണ്ടെന്നും തളരാതെ മുന്നോട്ടു പോകണമെന്നുമൊക്കെ സ്വപ്നങ്ങള്‍ കണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മനസ്സിലാക്കിയത്. ജോസഫിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഈജിപ്റ്റിലെ രണ്ടാമത്തെ പവര്‍ഫുള്‍ സെലിബ്രിറ്റിയുമായി.
 തന്നെ പൊട്ടകുഴിയിലെറിഞ്ഞ ് അടിമയായി വിറ്റ ചേട്ടന്‍ മരുടെ മുമ്പില്‍ ജോസഫ് ഉന്നതാധികാരിയായി നിന്നപ്പോള്‍ അവര്‍ ഭയന്നു വിറച്ചു. തങ്ങളുടെ കഥ കഴിഞ്ഞെന്ന് അവര്‍ തീരുമാനിച്ചു.
ജോസഫ് പറഞ്ഞു 'ഹലോ ചേട്ടന്‍സ്, നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെ ശിക്ഷിക്കാന്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്തൊന്നുമല്ലല്ലോ. നിങ്ങള്‍ എന്‍റെ നേരെ ദോഷം വിചാരിച്ചു. ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീര്‍ത്തു.'
തന്‍റെ ജീവിതത്തിലെ സഹനങ്ങളെല്ലാം ദൈവം നന്‍മയായി രൂപാന്തരപ്പെടുത്തി എന്നാണ് ജോസഫിന്‍റെ 'തിയോളജി ഓഫ് സഫറിംഗ് തിയറി'.

 കഠിനപ്രയത്നം കൊണ്ട് വിദ്യാര്‍ത്ഥി വിജയം നേടുന്നതും തളരാതെ ഓടി ഓട്ടക്കാരന്‍ ആദ്യം ഫിനിഷിംഗ്പോയിന്‍റിലെത്തുന്നതും മണിക്കൂറുകളുടെ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ സര്‍ജന്‍ ജീവന്‍ രക്ഷിക്കുന്നതും വേദനയുടെ അഗ്നിക്കടല്‍ നീന്തി അമ്മ കുഞ്ഞിന് ജന്‍മo കൊടുക്കുന്നതുമൊക്കെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമുമ്പുള്ള കഠിന സഹനങ്ങളാണ്. സഹനത്തിന്‍റെ തീച്ചൂളയിലാണ് സ്വപ്നങ്ങള്‍ അഗ്നിപുഷ്പങ്ങളായി  വിരിയുന്നത്.
ദൈവത്തിന് ഓരോരുത്തരെപറ്റിയും ഓരോ പദ്ധതികളുണ്ട്. അത് നമ്മുടെ ജീവിതത്തെ പറ്റി നാം കാണുന്ന മോഹസ്വപ്നങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
എഫെ. 2:10 'നാം അവന്‍റെ കൈപ്പത്തിയായി സല്‍പ്രവൃത്തികള്‍ക്കായിട്ട് ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.'

1 പത്രോ. 4:10 'ദൈവകൃപയുടെ നല്ല ഗൃഹവിചാരകനായിരിപ്പാന്‍ ഓരോരുത്തനും വരം ലഭിച്ചിരിക്കുന്നു.'

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജോസഫിനെപ്പോലെ മുള്ളും കല്ലും നിറഞ്ഞ വഴിയിലൂടെ ആദ്യം നടക്കേണ്ടി വരും. പ്രതികൂലതകള്‍ കണ്ടു പിന്‍തിരിഞ്ഞോടുന്നവര്‍ക്കും വഴിമാറിപ്പോകുന്നവര്‍ക്കും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റില്ല. മനസ്സിന്‍റെ മെഗാസ്ക്രീനില്‍ കണ്ടു രസിക്കുവാനുള്ളതല്ല, യാഥാര്‍ത്ഥ്യമാക്കുവാനുള്ളതാണ് സ്വപ്നങ്ങള്‍. അതിന് ഫീല്‍ഡില്‍ ഇറങ്ങണം. ദൈവം സെറ്റു ചെയ്തിരിക്കുന്ന ഇടുങ്ങിയ വഴിയെത്തന്നെ നടക്കണം. കുറുക്കുവഴികളും ഷോര്‍ട്ട്കട്ടും അനുവദനീയമല്ല സുഹൃത്തെ.

കുട്ടികളെ പറ്റി വ്യാമോഹ സ്വപ്നങ്ങള്‍ കാണുവാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിനുള്ള അഭിരുചി അവര്‍ക്കുണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം. മാതാപിതാക്കളുടെ അതിമോഹസ്വപ്ന സാക്ഷാത്ക്കാരത്തിനായി മരുഭൂയാത്ര നടത്തുന്ന കുട്ടികള്‍ ഒടുവില്‍ നിരാശരായി, നിഷേധികളായി എങ്ങും എത്താതെ പോകാറുണ്ട്. സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കുട്ടികളെ അനുവദിക്കൂ, പേരന്‍സേ!

മാതാപിതാക്കളുടെ സ്വാര്‍ത്ഥ സ്വപ്നങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിചിത്രവുമായ സ്വപ്നം കാണുന്ന കുട്ടികളെ അടിച്ചമര്‍ത്തരുത് . സാധാരണക്കാര്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്ഥമായ സ്വപ്നങ്ങള്‍ കാണാനും അത് കഠിന പ്രയത്നങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കാനും ചില കുസൃതിക്കുരുന്നുകള്‍ പരിശ്രമിച്ചതുകൊണ്ടും അതിനവരെ മാതാപിതാക്കള്‍ അനുവദിച്ചതുകൊണ്ടുമാണ് കലാസാംസ്കാരിക ശാസ്ത്രസാങ്കേതികമേഖലകളില്‍ പല അത്ഭുതങ്ങള്‍ വിരിയാനും വിടരാനും ഇടയായത്. കുട്ടികള്‍ ദൈവത്തിന്‍റെ സ്വപ്നങ്ങളാണ്. നോട്ട് ദ പോയിന്‍റ്.

സ്വയവും സ്വന്തവും സ്വത്തും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുവാന്‍ തയ്യാറായ സമര്‍പ്പിതരുടെ രക്തവും വിയര്‍പ്പുമാണ് സഭയുടെ പണിക്ക് മുതല്‍ക്കൂട്ടായത്. അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു വേണ്ടി കണ്ട ഭൗതീക സ്വപ്നങ്ങളേക്കാള്‍ വിഭിന്നമായി സ്വര്‍ഗ്ഗരാജ്യത്തെ പറ്റിയുള്ള അനന്ത സ്വപ്നങ്ങള്‍ കാണാനും അതിനായി സഹനത്തിന്‍റെ വഴിയേ നടക്കാനും അവര്‍ തയ്യാറായപ്പോള്‍ സമര്‍പ്പിത സഹദേന്‍മാരായി. കംഫര്‍ട്ട് സോണില്‍ പരമസുഖജീവിതം അനുഭവിക്കുന്ന ഇന്നത്ത കുട്ടികള്‍ ഇതുപോലെ റിസ്കുള്ള സ്വപ്നം കാണുമെന്നു തോന്നുന്നില്ല. അവര്‍ക്ക് ത്യാഗസ്വപ്നങ്ങള്‍ കാണുവാനുള്ള ആത്മീയ മോഡലുകളും അന്യംനിന്നുപോയിരിക്കുന്നു!

ജീവിത പങ്കാളിയെപറ്റി സ്വാര്‍ത്ഥവും അപ്രായോഗികവുമായ സ്വപ്നങ്ങള്‍ കാണുന്നവരും അത് യാഥാര്‍ത്ഥ്യമാക്കാന്‍ പടവെട്ടുന്നവരും ശ്രദ്ധിക്കുക: അവരെപറ്റി ദൈവത്തിന് ചില സ്വപ്നങ്ങളുണ്ട്. അതിനുള്ള വ്യക്തിത്വ പ്രത്യേകതകളോടെയാണ് അവരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. അവരെ അവരായി അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ ദാമ്പത്യം സൗഹൃദപൂര്‍ണ്ണമാകും. അവരിലൂടെ വിരിയുന്ന ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ കുടുംബത്തിനും തലമുറയ്ക്കും മുതല്‍ക്കൂട്ടാകും.

'നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെ ക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു. അവ തിന്‍മക്കല്ല നന്‍മക്കത്രെയുള്ള നിരൂപണങ്ങള്‍ എന്നു യെഹോവയുടെ അരുളപ്പാട് - യിരെമ്യ. 29:11

Friday, January 18, 2019

ഓര്‍മ്മയുണ്ടോ സാര്‍ ഈ മുഖം?

പേഴ്സണാലിറ്റി ഡിസോര്‍ഡറുകളുടെ ലിസ്റ്റില്‍ ഷോക്കിംഗ് വ്യക്തിത്വ ശൈലിയാണ് നാര്‍സിസ്റ്റുകാരുടേത്.
ആരിവര്‍?
സ്വന്തം വ്യക്തിഗുണങ്ങളില്‍ മതിമറക്കുന്ന, ആത്മരതിപരമായ അഡിക്ഷന്‍ മനോഭാവക്കാരാണിവര്‍. 
പ്രശംസയില്‍ മതിമയങ്ങുന്ന, നിഗൂഢഭാവമുള്ള സമസൃഷ്ടി സ്നേഹമില്ലാത്ത, സ്നേഹപ്രവാഹം വറ്റിവരണ്ട വ്യക്തിത്വ ശൈലിയാണിവരുടേത്. ധാര്‍ഷ്യഭാവവും, സ്വയകേന്ദ്രീകൃത പ്രകൃതവും ഡിമാന്‍റിംഗ് നേച്വറുമൊക്കെ ഇവരുടെ വ്യക്തിത്വത്തിലെ മുഖ്യചേരുവകളാണ്. 
സ്വന്തം കഴിവിലും ശരീരസൗന്ദര്യത്തിലും വ്യക്തിപ്രഭാവത്തിലും അയഥാര്‍ത്ഥ്യമായി, അതിശയോക്തിപരമായി ചിന്തിക്കുന്ന നാര്‍സിസ്റ്റുകള്‍ എപ്പോഴും എവിടെയും സ്പെഷ്യല്‍ ട്രീറ്റ്മെന്‍റ് ആഗ്രഹിക്കുന്ന, ക്രിസ്തുവിന്‍റെ ശൈലിയില്‍, അങ്ങാടിയില്‍ വന്ദനവും 'ഗുരു' വിളിയും ഇഷ്ടപ്പെട്ടവരാണ.് സിംഹാസനത്തിലേ ഇരിക്കൂ, ചതുരാക്ഷരത്തിലേ സംസാരിക്കൂ.
ഇവര്‍ സെലിബ്രിറ്റികളുടെ പാരസൈറ്റുകളായി പറ്റിക്കൂടി അവരുടെ മഹത്വം ഷെയര്‍ ചെയ്യും. സെലിബ്രിറ്റികള്‍ക്ക് സ്പെഷ്യല്‍ ട്രീറ്റ് കൊടുത്ത്, അവരെ പ്ലീസ് ചെയ്യ്തു അവരോടൊപ്പം ഇടിച്ചുകേറി, മീഡിയയില്‍ തിളങ്ങി സായൂജ്യമടയുന്നവരാണിവര്‍. മതരാഷ്ട്രീയ സെലിബ്രിറ്റികളുടെ എര്‍ത്തായി നടക്കുന്ന ഇവര്‍ റ്റൈറ്റിലുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പണമെത്രമുടക്കാനും മടിയില്ലാത്തവരാണ്.
ഇവര്‍ക്ക് വിമര്‍ശനം തീരെ ഇഷ്ടമല്ല. വിമര്‍ശനത്തിന്‍റെ പിന്നിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ വ്യക്തിപരമായ കടന്നുകയറ്റമായെടുക്കും. വിമര്‍ശകരെ നേരിട്ടും വളഞ്ഞവഴിയിലൂടെയും കൈകാര്യം ചെയ്തിരിക്കും.

കുടുംബം, ജീവിതപങ്കാളി, കുഞ്ഞുങ്ങള്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് ലീസ്റ്റ് പ്രിയോറിട്ടി ശല്യങ്ങളാണ്. സ്വന്തം കാര്യം ആന്‍റ് സ്വന്തം കംഫര്‍ട്ട് സിന്ദാബാദ്! ഇവരോടൊപ്പം കൂട്ടുകൂടുന്നവരുടെ കാര്യം അയ്യോ കഷ്ടം! അധോഗതി!

മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍, യാതനകള്‍, നിസ്സഹായത എന്നിവയൊക്കെ അറിയാനും അംഗീകരിക്കാനും താദാത്മ്യപ്പെടുവാനും സഹായിക്കുന്ന, ഇവരുടെ 'എംപതി' ഡിപ്പാര്‍ട്ട്മെന്‍റ് പ്രവര്‍ത്തനക്ഷമമല്ല. ഫാക്ടറി ഡിഫാള്‍ട്ട് സെറ്റിംഗ്സ് അങ്ങനാണ്. 
ഏതെങ്കിലും പ്രശ്നങ്ങളില്‍ കോംപ്രമൈസും അനുരജ്ഞനവും  ഉണ്ടാകുന്നത് ബലഹീനതയായി കാണുന്നവരാണ് നാര്‍സിസ്റ്റുകാരെന്നാണ് പോളീഷ് മനശാസ്ത്രജ്ഞ മാര്‍ത്ത മാര്‍ലേശ്വയുടെ അഭിപ്രായം. അതുകൊണ്ട് ഇക്കൂട്ടരുമായി സന്ധിസംഭാഷണം നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഒരു മദ്ധ്യസ്ഥനും വ്യാമോഹിക്കണ്ട. താന്‍ പിടിച്ച മുയലിന് കൊമ്പ് പത്ത്!

താനൊരു മഹാസംഭവമാണെന്നു സ്വയം ചിന്തിക്കുന്ന ഇവരെ സ്വാഗതപ്രസംഗകരും ബെനഫിഷറീസും ചേര്‍ന്ന് ഗ്ലോറിഫൈ ചെയ്ത് നശിപ്പിക്കും. സ്വന്തം സൗന്ദര്യം, ശക്തി, ജീവിത വിജയം,ഐഡിയല്‍ റൊമാന്‍സ് തുടങ്ങിയ ഫാന്‍റസി പട്ടത്തില്‍ നീലാകാശത്തു പറക്കുന്ന പാവം പാവം രാജകുമാരډാരാണിവര്‍.
തന്‍റെ മഹത്വം മറ്റുള്ളവര്‍ അംഗീകരിച്ചിരിക്കണം, ആദരിക്കണം എന്നൊക്കെ നിര്‍ബന്ധമുള്ള ഇവര്‍ വേദിയില്‍ സ്പെക്ടേറ്റര്‍ഷിപ്പും ജോലിയില്‍ 'സാര്‍' വിളിയും ആത്മീയവേദികളില്‍ 'പരിശുദ്ധന്‍ നീ പരിശുദ്ധന്‍' എന്ന മംഗളസ്തുതിയും കീഴാളډാരുടെ പാദപൂജയും റൊമ്പം ഇഷ്ടപ്പെടുന്നു.

ആരുടെ മുതുകിലും ചവുട്ട ികയറി സ്വന്തം ലക്ഷ്യത്തിലെത്തുകയും അതുകഴിഞ്ഞ് തിരിഞ്ഞ് ചവിട്ടുകയും ചെയ്യും. വിഭാഗീയ ചിന്തയും വിഘടനവാദവും ചേരിപ്പോരും നടത്തി കലക്കവെള്ളത്തില്‍ ഫിഷിംഗ് നടത്തും.
സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാത്ത ഇവര്‍ അല്പം സംശയത്തോടുകൂടെ മാത്രമേ മറ്റുള്ളവരെ കാണുകയുള്ളൂ.
 
സ്ത്രീകളെക്കാള്‍ പുരുഷډാരില്‍ കാണുന്ന ഈ വ്യക്തിത്വശൈലി രൂപപ്പെടുന്നതിന്‍റെ  പിന്നിലെ ജനറ്റിക്, ന്യൂറോ ഫിസിയോളജിക്കല്‍, പേരന്‍റിംഗ് കാരണങ്ങള്‍ ഇനിയും പഠിച്ചു തീര്‍ന്നിട്ടില്ല.

ഇവരുടെ വ്യക്തത്വശൈലി മോഡിഫൈ ചെയ്യുവാന്‍ Mentalization based therapy, transference focused psycho therapy, schema focused psycho therapy തുടങ്ങിയ പലസമീപനങ്ങളുണ്ടെങ്കിലും പിടിതരാത്ത പിടികിട്ടാപ്പുള്ളിയായി ഒഴിഞ്ഞുമാറുന്ന നാര്‍സിസ്റ്റുകള്‍ മനശാസ്ത്രജ്ഞര്‍ക്ക് വെല്ലുവിളിയാണ്. 


       *              *                *               *               *              *

 'You will recognize them by their fruits. Are grapes gathered from thorn bushes, or figs from thistles?'- Mathew 7:16