Wednesday, August 22, 2018

'ഓ യെസ്സ്' കാരുടെ മനശാസ്ത്രം.


മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവരുടെ അംഗീകാരവും അഭിനന്ദനങ്ങളും നേടുവാനും  വേണ്ടി സ്വയം കത്തിയെരിയുന്ന 'യെസ്മാന്‍മാ'രുണ്ട്. ജോലിയിലും ദാമ്പത്യത്തിലും ആത്മീയത്തിലും സാമൂഹ്യസേവന രംഗങ്ങളിലുമൊക്കെ വെല്‍ഡണ്‍ കോംപ്ലിമെന്‍റ് കിട്ടാന്‍ സ്വന്തം വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും അടിയറ വെച്ച് അടിയാരാകുന്ന അടിമത്ത മനോഭാവത്തെപ്പറ്റി, സൈക്കോതെറാപ്പിസ്റ്റായ ഡോ.കോഹന്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്.
 മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും അവരുടെ വിമര്‍ശനം ഒഴിവാക്കുവാനും അനുമോദനങ്ങള്‍ നേടുവാനുമായി ഇവര്‍ കഴുത ചുമട് ചുമന്ന് നടുവൊടിക്കും. മതരാഷ്ട്രീയ ഔദ്യോഗികമേഖലകളിലെ മാടമ്പിമാര്‍ ഇത്തരക്കാരെ ചൂഷണം ചെയ്ത്. ടേണോവര്‍ വര്‍ദ്ധിപ്പിക്കും. ഇവര്‍ക്ക് അവാര്‍ഡും വീരചക്രമെഡലുകളും പ്രശംസാപത്രങ്ങളും കൊടുത്ത് കോടികള്‍ കീശേലാക്കുന്ന സെലിബ്രിറ്റികളുമുണ്ട്. പെറ്റിഫേവര്‍ കൊടുത്ത് നിയമപാലകരെകൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്ന യേമാന്‍മാരെ അടുത്ത കാലത്ത് മീഡിയ തുറന്ന് കാട്ടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ചൂഷണത്തിന്‍റെ കഥയല്ലെ പുറത്തു വന്നത്. ദൈവകോപത്തിന്‍റെയും ശാപത്തിന്‍റെയും സാദ്ധ്യതകള്‍ പറഞ്ഞു വിരട്ടി അഭിമാനവും ചാരിത്ര്യവും സറണ്ടര്‍ ചെയ്യിക്കപ്പെടുന്ന സ്ത്രീകളെത്രയാണ്? അടിമവ്യാപാരം നിര്‍ത്തല്‍ ചെയ്ത മി.എബ്രഹാം ലിങ്കണ്‍ സാര്‍, മതരാഷ്ട്രീയ ഔദ്യോഗിക മേഖലകളില്‍ ചവുട്ടി മെതിക്കപ്പെടുന്ന അടിമകള്‍ ഇന്നും ലക്ഷം ലക്ഷം സീയാറുകളാണ്. സംഗതി ഹോട്ടാണ്!
'പീപ്പിള്‍ പ്ലീസിംഗ്' വ്യക്തിത്വശൈലി രൂപപ്പെടുന്നതിനു പിന്നിലുള്ള കാരണങ്ങളെന്തൊക്കെയാണ്?
അധീശത്വവും അമിത വിനയവും കലര്‍ന്ന പേരന്‍റല്‍ മോഡലിംഗും,  കുട്ടികളെ കുപ്പിയിലിട്ടുവളര്‍ത്തുന്ന പേരന്‍റിംഗും, തിയറിയും ഫോര്‍മുലയും ഓവര്‍ഫീഡ് ചെയ്ത് എന്‍ട്രന്‍സ് കടമ്പ കടത്തുന്ന വിദ്യാഭ്യാസ പദ്ധതികളുമൊക്കെ പ്രതികരണശേഷിയില്ലാത്ത ദുര്‍ബല വ്യക്തിത്വം രൂപപ്പെടുന്നതിന്‍റെ പിന്നിലെ കാരണങ്ങളാണ്.
മറ്റുള്ളവരെ പ്ലീസുചെയ്യാന്‍ സ്വയം കീഴടങ്ങുന്ന വ്യക്തിത്വ ശൈലിക്കുള്ള ദോഷങ്ങളെന്തൊക്കെയാണ്?
സ്വയത്തിന്‍റെ താല്‍പര്യങ്ങളും അഭിരുചികളും ബലികഴിച്ചുകൊണ്ടുള്ള കീഴടങ്ങല്‍ ആത്മവഞ്ചനയും ആന്തരീക സംഘര്‍ഷങ്ങളുണര്‍ത്തുന്നതുമാണ്. നമ്മുടെ ശരിക്കും തെറ്റിനും ആവിഷ്കാരസ്വാതന്ത്ര്യമുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് എന്തു തോന്നുമെന്ന ഭയം മൂലം സ്വതന്ത്രമായി ഒന്നും ചെയ്യാനുള്ള ധൈര്യമുണ്ടാവില്ല. എന്തുചെയ്യുമ്പോഴും ആകാംക്ഷയും ഭയവും പരാജയബോധവുമുണ്ടാക്കും. ആത്മവിശ്വാസത്തിന്‍റെ അടിത്തറ ഇളകും. ആജ്ഞാനുവര്‍ത്തികളാകുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതു കൊണ്ട് 'ആജ്ഞാനുസരണം' ജീവിതശൈലിയാകും, സര്‍ഗ്ഗാത്മപ്രതിഭ മരവിച്ചുപോകും. ചൂഷണത്തിനും പീഢനത്തിനും പ്രതികരിക്കാത്തതുമൂലമുണ്ടാകുന്ന സാമ്പത്തികവും ആരോഗ്യകരവുമായ നഷ്ടങ്ങള്‍ അനവധിയാണ്.
ഈ സഫറിംഗ് ഹീറോമാരെ എങ്ങിനെ രക്ഷപ്പെടുത്താം?
ഇത്തരക്കാര്‍ക്കുള്ള മനഃശാസ്ത്രചികിത്സ 'അസേര്‍ട്ടീവ് ട്രെയിനിംഗ്' എന്നാണറിയപ്പെടുന്നത്.
എന്താണീ ചികിത്സയിലെ കാര്യപരിപാടി?
'നോ', 'സോറി, ബുദ്ധിമുട്ടാണ' എന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയുവാന്‍ ഇവരെ പഠിപ്പിക്കുന്നതാണ് ആദ്യഘട്ടം. മറ്റുള്ളവരുടെ അഭിപ്രായങ്ങളും തിരുത്തലുകളും പ്രസക്തിയുള്ളവയാണെങ്കില്‍ ചെവികൊടുക്കുകയും, അസൂയയും വെറുപ്പും കൊണ്ടു പറയുന്ന പരാതികളാണെങ്കില്‍ അവഗണിക്കാനും കരുത്തുനേടണം 'അദര്‍ സെന്‍റേര്‍്ഡ്' കാഴ്ചപ്പാട് മാറ്റാന്‍ പരിശീലിപ്പിക്കുന്നതാണ് മറ്റൊരു സമീപനം. മറ്റുള്ളവര്‍ നമ്മുടെ തലയില്‍ കയറിയിരുന്ന് സ്റ്റിയറിംഗില്‍ പിടിച്ച് വണ്ടി ഓടിക്കണ്ട. സ്വയം ആക്സിലേറ്ററില്‍ കാല്‍കൊടുത്ത് സ്റ്റിയറിംഗില്‍ പിടിച്ച്, മുന്നോട്ട് നോക്കി, വണ്ടിയോടിക്ക് മാഷേ.
ജോലിതിരഞ്ഞെടുക്കുമ്പോള്‍ ശമ്പളം അല്‍പം കുറഞ്ഞാലും, ഡെസിഗ്നേഷന്‍ ചെറുതാണെങ്കിലും ഒട്ടോണമിയും, സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുള്ള ജോലിയാണ് നല്ലത്. സംഘര്‍ഷം കുറക്കാന്‍ സഹായിക്കും.

മറ്റുള്ളവരുടെ റിമോട്ടില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന നിശ്ചലചിത്രങ്ങളാകാതെ നമുക്കു ശരിയെന്നു തോന്നുന്നതുമായി മുന്നോട്ടു പോകണം. തോറ്റേക്കാം, അബദ്ധം സംഭവിച്ചേക്കാം, ടേക്ക്കിറ്റ് ഈസി. എത്രയോ പ്രാവശ്യം വീണാണ് വീഴാതെ നടക്കാന്‍ പഠിച്ചത്. നീതിമാന്‍ വീണാലും എഴുന്നേല്‍ക്കുമെന്നാണല്ലോ കിംഗ് ഡേവിഡിന്‍റെ സാക്ഷ്യം.
മറ്റുള്ളവരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റുകളും പ്രശംസകളും കിട്ടുന്നതു മാത്രമാണ് വിജയമെന്ന ധാരണ മാറ്റണം. നമ്മുടെ കാഴ്ചപ്പാടും പദ്ധതികളുമനുസരിച്ച് മുന്നോട്ടു പോകുന്നതും വിജയമാണ്. അതില്‍ ഓഡിയന്‍സിന്‍റെ കയ്യടി കിട്ടിയില്ലെങ്കില്‍ സ്വയം കയ്യടിച്ച ്  സ്വന്തം വിജയം സ്വയം സെലിബ്രേറ്റ് ചെയ്യണം.
നിങ്ങളുടെ പുതിയ സംരംഭത്തിനും ഫിലോസഫിക്കും അംഗീകാരം കിട്ടിയില്ലെന്നു വരാം. സമൂഹമനോഭാവത്തില്‍ തിരുത്തലുകള്‍ വരുത്തിയ ഹീറോമാരായ ഗെലീലിയോ, യേശുക്രിസ്തു, മാര്‍ട്ടിന്‍ലൂഥര്‍ തുടങ്ങിയവര്‍ക്ക് ആദ്യം കണ്‍സര്‍വേറ്റീവ്സ് 'എന്നോസി' കൊടുത്തില്ല. പച്ചമരങ്ങളോട് ഇതാണ് ചെയ്തതെങ്കില്‍ ഉണങ്ങിയതിനെ വെച്ചേക്ക്വോ?
എനിക്കാരുടേം ഉപദേശം ആവശ്യമില്ല, യാതൊരു നിയമങ്ങളും എനിക്ക് ബാധകമല്ല, ആരേയും അനുസരിക്കാനും ബഹുമാനിക്കാനും എന്നെ കിട്ടില്ല, എനിക്കെന്‍റെ വഴി, തുടങ്ങിയ അപക്വമായ നിഷേധ മനോഭാവങ്ങള്‍ തെറ്റാണെന്നു പഠിപ്പിക്കുന്നതും അസേര്‍ട്ടീവ് ട്രെയിനിംഗിന്‍റെ ഭാഗമാണ്.
മക്കള്‍ സപ്തതിയിലെത്തിയാലും ഉപദേശവുമായി അവരുടെ പിറകെ നടക്കുന്ന കാര്‍ന്നോന്‍മാരും, യുവതലമുറയെ തങ്ങളുടെ പഴഞ്ചന്‍ ഫിലോസഫി പഠിപ്പിച്ചേ അടങ്ങൂ എന്ന ചിന്താഗതിക്കാരായ സൂപ്പര്‍ ബോസുമാരും, വിദ്യാര്‍ത്ഥികളെ കൊണ്ട് ബാലഅടിമവേല ചെയ്യിക്കുന്ന ഗുരുക്കന്മാരും, ഒന്നു വച്ച് ഒരു ലക്ഷം ലാഭമുണ്ടാക്കണമെന്ന് നിര്‍ബന്ധമുള്ള കോര്‍പ്പറേറ്റ് മുതലാളിമാരും, പാപികളെ ട്രാപ്പിലാക്കാന്‍ എവിഡന്‍സ് തേടി നടക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥനായി ദൈവത്തെ പരിചയപ്പെടുത്തുന്ന ഇടയന്മാരും, സ്വയം ദൈവമായി നിത്യപ്രതിഷ്ഠനടത്തുന്ന ആള്‍ ദൈവങ്ങളും ദയവായി ശ്രദ്ധിക്കണേ:
 പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കുക, പൂവും മൊട്ടും കായും തല്ലിതകര്‍ക്കരുത,് പ്ലീസ്!