Tuesday, August 16, 2016

തോല്‍ക്കാന്‍ മനസ്സില്ലെങ്കിലോ ?

പ്രതികൂല ജീവിതാനഭവങ്ങളില്‍ തളര്‍ന്നുപോകാതെ ലക്ഷ്യത്തിലേക്കു മുന്നേറുവാനുള്ള കഴിവിനാണ് അതിജീവനശക്തി (resilience)യെന്നു പറയുന്നത്. അതിജീവനശക്തിയും മാനസികാരോഗ്യവും തമ്മില്‍ വളരെ ബന്ധമുണ്ടെന്നാണ് വിദക്ധരുടെ അഭിപ്രായം. അനിഷ്ടസംഭവങ്ങളില്‍ വൈകാരിക സഘര്‍ഷവും തളര്‍ച്ചയും തോന്നുക സ്വഭാവികമാണ്. മാനസികാരോഗ്യമുള്ള വ്യക്തി അധികം താമസിക്കാതെ ഈ ഷോക്കില്‍ നിന്ന് വിമുക്തമായി ജീവിതം ചലനാത്മകമാക്കും. വൈകാരികബുദ്ധി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, സഹനശക്തി, സാമുഹ്യബന്ധങ്ങള്‍, ആത്മീയശക്തി  തുടങ്ങിയ അനുകുല ഘടങ്ങള്‍ സമന്വയിപ്പിച്ചാണ് ഇക്കുട്ടര്‍ ആരോഗ്യകരമായ മുന്നേറ്റം  സാദ്ധ്യമാക്കുന്നത്. ഈ കഴിവുകള്‍ കുറഞ്ഞവര്‍ ദുരന്തജീവിതാനഭവങ്ങളുടെ തേരില്‍ അര്‍ജുനനെപോലെ വാടിതളര്‍ന്നു പോകും.

അതിജീവനശക്തി എങ്ങിനെയാണ് വളര്‍ത്തിയെടുക്കുക?

ശ്രദ്ധാപൂര്‍വമായ പരിശീലനങ്ങളും മനോഭാവങ്ങളുടെ തിരുത്തിയെഴുതലും കൊണ്ടു സാധ്യമാകുമെന്നാണ് വിദക്ധാഭിപ്രായം.

 എന്താ ഒരു കൈ നോക്കുന്നോ?

1. ദുരന്തങ്ങളില്‍ തട്ടി വീണു കഴിഞ്ഞാല്‍ വീണിടത്തു തന്നെ കിടക്കാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സപ്പോര്‍ട്ട്ഗ്രൂപ്പൂo ഉള്‍പ്പെടുന്ന സാമുഹ്യബന്ധങ്ങളില്‍ ഷെല്‍ട്ടര്‍ കണ്ടെത്തണo. പിടിച്ചതു കൈവിട്ടു പോകുബോള്‍  കാല്‍ചവുട്ടി നില്‍ക്കാനും വിതക്കാനും കൊയ്യാനും കിളിയെ,  നമുക്കും വേണം ഒരു പിടി ഉറച്ചമണ്ണ്.

2. ഒരിക്കല്‍ അനുഭവിച്ച പ്രതിസന്ധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേതെങ്കില്‍  പണ്ട് സ്വീകരിച്ച ആരോഗ്യകരമായ സമീപനങ്ങള്‍ സ്വീകരിക്കുക. പരാജയപ്പെട്ട സമീപന മാര്‍ഗങ്ങള്‍ ഒഴിവാക്കുക.

3. മാറ്റം ജീവിതത്തിന്‍റെ യാഥാര്‍ത്ഥൃമാണെന്ന് അoഗീകരിക്കുക. നമ്മള്‍ വിഭാവനം ചെയ്യുന്നത് എപ്പോഴും സാധ്യമാക്കിത്തരാമെന്ന ഗ്യാരണ്ടിയൊന്നും ജീവിത മര്‍ക്കറ്റിലെ പ്രോഡക്റ്റിനില്ല. ദൌര്‍ഭാഗ്യങ്ങളെ ഓര്‍ത്ത് ദുഖിക്കാതെ വന്നതിനെ വന്നതുപോലെ  വന്നിടത്തുവച്ച് വരുന്നത്പോലെ നേരിടുക. ദാറ്റ്‌സ്‌ ററ്,  പിന്നല്ലാതെ.

4. പ്രതിസന്ധി കുറച്ചുകാലം തുടര്‍ന്നേക്കാം. അതുവരെ കരിംപട്ടിണിയും കണ്ണുനീരുമായി ചത്തുജീവിച്ചിട്ടൊന്നും  കാര്യമില്ല. നമ്മുടെ ശരീരമനസ്സിന്‍റെ  ഉന്നമനത്തിന് ആവശ്യമായ ഭക്ഷണം, വ്യായാമം, വിശ്രമo, വിനോദം, സൌഹൃദം തുടങ്ങിയ ആരോഗ്യചേരുവകള്‍ ഒന്നും ഒഴിവാക്കരുത്. റോം കത്തുമ്പോഴുo ചിലപ്പോള്‍ വീണ വായിക്കേണ്ടി വരും. ശൈത്യവും വസന്തവും ജീവിത യഥാര്‍ത്ഥങ്ങളാണ്. അതിന്‍റെ മേല്‍ നമുക്കു നിയന്ത്രണമില്ല. അത് അതിന്‍റെ വഴിക്ക് വരട്ട്, പോകട്ട്.

5. മറ്റുള്ളവരുമായി താരതമ്യ പഠനങ്ങള്‍ നടത്തിയും നഷ്ട്ടസ്വപ്നങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചുo മനസ്സിലുണര്‍ത്തുന്ന നിഷേധ ചിന്തകള്‍ ആല്‍മപീഡനവും സ്വയപീഡനവുമാണ്. ബി പോസിറ്റീവ്, എല്ലാകാര്യങ്ങള്‍ക്കും പ്രതികൂല വശങ്ങള്‍ മാത്രമല്ല, അനുകൂല വശങ്ങളുമുണ്ട്. പെട്ടെന്ന് വായിക്കാന്‍ എളുപ്പം പ്രതികൂല വശങ്ങളാണ്. അനുകൂല വശങ്ങള്‍ വരികള്‍ക്കിടയിലും ചിന്തയുടെ ആഴത്തില്‍ വലയിറക്കിയാല്‍ മാത്രം കിട്ടുന്നതുമാണ്. പടകിന്റെ വലത്തുവശത്തു വലയിറക്കു, നിങ്ങളുടെ വല നിറയും.

6. ഒരു നല്ല നാളെക്കുള്ള മോഹം നല്ലതുതന്നെ. പക്ഷെ, അത് ഒറ്റച്ചാട്ടത്തിന് സാധ്യമാവില്ല. നമ്മള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിയവരുമായി സംസാരിക്കുക, മാര്‍ഗങ്ങള്‍ അന്വഷിച്ചു കണ്ടുപിടിക്കുക. മനസ്സൊരുക്കി  ലക്ഷ്യത്തിലേക്കു ചുവടുവക്കുക. ഒടുവില്‍ ചിറകുവിരിച്ചു നീലാകാശത്തിലേക്കു പറക്കുക. ആര്‍ക്കാണ് നിങ്ങളെ തടയുവാന്‍ കഴിയുക?

7. ജീവിതത്തില്‍ ഒറ്റപ്പെടല്‍ പലര്‍ക്കും ഒരു ഞെട്ടലാണ്. മീഡിയ-ഗോസിപ്പുകളിലൂടെ മറ്റുള്ളവരുടെ കാര്യങ്ങളും കാര്യക്കേടുകളും കണ്ടും കേട്ടും തളര്‍ന്ന നമുക്ക് നമ്മെപ്പറ്റി എന്തറിയാം? നിങ്ങളിലെ നിങ്ങളാരെന്നറിയുവാനുള്ള വിലപ്പെട്ട സമയങ്ങളാണ് ഏകാന്ത നിമിഷങ്ങള്‍. നിങ്ങളെപറ്റി നിങ്ങളെഴുതു-നിങ്ങളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, അറിവുകള്‍, കാഴ്ചപ്പാടുകള്‍, വികൃതികള്‍ ... എല്ലാം എഴുതു, എഴുതികൊണ്ടേയിരിക്കു. പത്തും, അറുപതും കൊല്ലം ജീവിച്ചിട്ടും നിങ്ങളെ നിങ്ങള്‍ക്ക്‌ അപരിചിതമായിരിക്കുന്നത് എത്ര വിചിത്രമാണ്. ഒരു കപ്പു കാപ്പിയുമായി, ഫോണും ടീവിയും മാറ്റിവച്ച്, സുഹൃത്തുക്കളില്ലാതെ, നിങ്ങള്‍  നിങ്ങളോടോപ്പം തനിച്ചിരിക്കു- ഇതില്‍പ്പരം ശാന്തിയും സമാധാനവും അനുഭവിക്കുന്ന നിമിഷങ്ങളുണ്ടോ? എന്‍ജോയ് ദ പവര്‍ ഓഫ് ലോണ്‍ലിനെസ്സ്!

8. ആത്മീയനുഭവങ്ങള്‍ക്കായി മനസ്സുതുറക്കുക. ആചാരാനുഷ്ഠാനങ്ങളും ആള്‍ദൈവങ്ങളും ഇഷ്ടമല്ലെങ്കില്‍ അതിനുമപ്പുറത്തെ അപരിമേയനും കരുണാമയനുമായ ആത്യന്തികശക്തിയില്‍ വിശ്വസിക്കുക, ആശ്രയിക്കുക. മനസ്സിനെ മടുപ്പിക്കുന്ന മീഡിയയില്‍ നിന്നു ധ്യാനത്തിലേക്കും സര്‍ഗസംഗീതത്തിലേക്കും ജീവനുണര്‍ത്തുന്ന വചനങ്ങളിലേക്കും മനസ്സിനെ തിരിപ്പിക്കുക.

  ഡണ്‍!
 ഗുഡ് ലക്ക് ബഡി !!




   

Sunday, August 7, 2016

സൂക്ഷിക്കുക, ഞാന്‍ കൊത്തും

വിമര്‍ശനം വേദനാപൂര്‍ണമായ ഒരനുഭവമാണ് . ദേഷ്യം,ഭയം, ലജ്ജ, സുരക്ഷിത ബോധക്കുറവ് തുടങ്ങിയ മിശ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ദുരനുഭവം.

വിമര്ശനം വ്യക്തിത്വവളര്‍ച്ചക്ക് സഹായകമാണന്നാണ് വിന്‍സ്ടന്‍ ചര്‍ച്ചില്‍ പറയുന്നത്. ആയിക്കോട്ടെ ചര്‍ച്ചില്‍ സാര്‍.

മറ്റുള്ളവരുടെ വിമര്‍ശനത്തിന്റെ പിന്നിലെ അടിയൊഴുക്കുകള്‍ മനസിലാക്കിയാല്‍ സ്വയം തിരുത്തുവാനും വായില്‍ വാക്കത്തിയുമായി വരുന്നവരില്‍നിന്നു സുരക്ഷിത ദൂരം പാലിക്കുവാനും കഴിയും.

അറ്റന്‍ഷന്‍ ! വിമര്‍ശനത്തിന്റെ പിന്നിലെ വിവിധ ഉദ്ദേശ്യ താല്പര്യങ്ങള്‍ ഇതൊക്കെയാണ്:

നിങ്ങളുടെ കഴിവിലും വ്യക്തിത്വ സവിശേഷതകളിലും അപകര്‍ഷത തോന്നി ഫണം വിടര്‍ത്തുകയാണ് വിമര്ശകന്‍ -
  കൂള്‍ ഡൌണ്‍.

ടീം വര്‍ക്കില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാത്തതിന്റെ പ്രതികരണമാണ് ചില  വിമര്ശനങ്ങള്‍ -
വായടച്ചു പണിയെടുക്കു മിസ്റ്റര്‍.
ബഹുമാനവും കരുതലും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു, കിട്ടുന്നില്ല- അല്പം കൊടുത്തേക്കെന്നേ, നതിംഗ് ടു ലൂസ്
മത്സരഓട്ടത്തില്‍ നിങ്ങളെ പിന്നിലാക്കി മുന്നേറാന്‍ ബോസിന്റെ മുന്പില്‍  കളിക്കുന്ന കള്ളകളിയാണ് വിമര്‍ശനം  - 
കരുക്കള്‍ സുക്ഷിച്ചു നീക്കണമിഷ്ടാ.
വിമര്‍ശകന്‍ അധീശ മനോഭാവക്കാരനാണ്, പക്ഷെ അത് നിങ്ങളുടെ അടുത്ത് നടക്കുന്നില്ല- 
ഓര്‍ഡര്‍, ഓര്‍ഡര്‍!
സുരക്ഷിത ബോധമില്ലാത്ത , സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാത്ത സംശയ രോഗി- 
ടൈം ബോംബാണ്, ബി കെയര്‍ഫുള്‍.
നിങ്ങളുടെ ഫലിതവും നര്‍മവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അരസികന്‍- 
ബീ സീരിയസ്, നോ കോമഡി പ്ലീസ്‌! 
തങ്ങളുടെ അറിവിന്റെ ഓഹരി നിങ്ങള്‍ക്കു പകര്‍ന്നുതന്നു നിങ്ങളെ ധന്യരാക്കുവാന്‍ ശ്രമിക്കുന്നു, പക്ഷേ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല - 
സെ, ആമ്മീന്‍.
നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള എളിയ ശ്രമമാണ്- 
വിജയിച്ചില്ലെ ങ്കില്‍  എറിഞ്ഞു വീഴ്ത്തും( കൌമാരക്കാരും മിഡിലേജുകാരുമാണ് പ്രതികള്‍ )
വിമര്‍ശകന്റെ ലക്ഷ്യത്തിലെത്താന്‍ നിങ്ങള്‍ തടസ്സമാണ്- 
സൈഡ് പ്ലീസ്സ്.

നിങ്ങളുടെ ധിക്കാരമനോഭാവത്തിനു ബൌണ്ടറി ഇടുവാനുള്ള  ശ്രമമാണ്  വിമര്‍ശനം- 
ഉരുക്കുമുഷ്ട്ടി കൊണ്ടു തിരിച്ചടിച്ചിരിക്കും, കട്ടായം.

നിങ്ങളുടെ പെരുമാറ്റങ്ങള്‍ അസഹ്യമായതു കൊണ്ടുള്ള  വിമര്‍ശനം - 
ലീവ് മി എലോണ്‍.
അവരുടെ തെറ്റുകള്‍ മറച്ചുവക്കാന്‍ നിങ്ങളുടെ ബലഹീനതകളെ ഉയര്‍ത്തി ക്കാണിക്കുകയാണ്- 
ആളു സീബീഐ ആണ് കെട്ടോ, സൂക്ഷിക്കണം.
മെച്ചമായ ആശയവിനിമയത്തിനുള്ള കഴിവ് കുറഞവര്‍, ചക്കെന്നു പറയുന്നത് കൊക്കെന്നായിപ്പോകും-  
അയ്യോ പാവം, പ്രോഡക്റ്റ് ഡിഫെകറ്റ്.  
        
എല്ലാവരാലും ആദരിക്കപ്പെടണമെന്നു നിര്‍ബന്ധമുള്ള കാരണവന്‍മാര്‍- വൃദ്ധന്‍മാരെ സൂക്ഷിക്കുക!
സ്വന്തം മുറിവുകള്‍ വിമര്‍ശനം കൊണ്ടു മറയ്ക്കുന്നവര്‍- 
ഒട്ടിക്കു, സാന്ത്വനത്തിന്റെ   രണ്ടു മൂന്ന് ബാന്‍റെജുകള്‍.

സ്വയം ദൈവമായി കാണുന്ന, വിമര്‍ശനം സഹിക്കാത്ത, നാര്‍സിസ്റ്റുകള്‍ - പ്രേയ്സ്  ദ  ബോസ്!

 ലഹരി പോലുള്ള ദുശീലങ്ങള്‍ കൊണ്ടു സ്വന്തം ജീവിതം നശിപ്പിച്ച,  ഉപദേശം അലെര്‍ജിയായവരുടെ തിരിച്ചടി - 
ഞാന്‍ നന്നാവില്ലമ്മാവാ...

അധികാര കസേരയ്ക്കു വേണ്ടിയുള്ള പക്കാ പവ്വര്‍ പ്ലേ വിമര്‍ശനങ്ങള്‍-  
ധിം തരികിടകള്‍,  ജീവനുംകൊണ്ടോടിക്കോ....

                                                       ~~~~~~~~~~~~~~~~          

നീതിനിമിത്തം ഉപ്ദ്രവിക്കപ്പെട്ട ഒരു ദൈവത്തിന്റെ കഥയുണ്ട് ബൈബിളില്‍. ആ  ദൈവത്തിന്റെ പേര്‍ യേശുക്രിസ്തു എന്നായിരുന്നു. അദ്ദേഹത്തിനു ചുറ്റും എപ്പോഴും  ശത്രുക്കളും വിമര്‍ശകരും പീഡകരും ആയിരുന്നു. വിമര്‍ശനത്തിന്‍റെ മുള്ളുകളില്‍ ചവുട്ടി നിര്‍ഭയം നടന്ന അദ്ദേഹം വിമര്‍ശനത്തിന്‍റെ മുറിവേറ്റു പിടയുന്നവര്‍ക്ക് അനുകരിക്കാവുന്ന സമുന്നത മോഡലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാന്ത്വനവുംമാണ്.