Wednesday, August 23, 2017

വാക്കുകള്‍ തോക്കുകളാകുരുത്


വാക്കുകള്‍ തോക്കുകളാകുരുത്


തന്‍റെ മക്കളുടെ അധരഫലങ്ങളെപ്പറ്റി ദൈവത്തിന്‍റെ താല്‍പര്യം എഫെസ്യലേഖനത്തില്‍ ഭാഗ്യവാനായ പൗലോസ് പറയുന്നതിങ്ങനെയാണ്:

'നിങ്ങളുടെ അധരങ്ങളില്‍ നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയ ചൈതന്യം പ്രധാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകും നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍' - 4: 29

വികാരാവേശത്തോടെ, പ്രഹരശേഷിയുള്ള വാക്കുകളുമായി ഏറ്റുമുട്ടുമ്പോള്‍ ശേഷിക്കുന്നത് തകര്‍ന്ന സ്നേഹബന്ധങ്ങളുടെ അവശിഷ്ടക്കൂമ്പാരമായിരിക്കും. കരുണയില്ലാത്ത കന്‍മഷവാക്കുകള്‍ സ്നേഹബന്ധങ്ങള്‍ക്ക് ഭീഷണിയാണ്.

ദൈവത്തിന്‍റെ അമൂല്യ ദാനമായ നാവിന്‍റെ ശക്തിയെപ്പറ്റി മനുഷ്യര്‍ അജ്ഞരാണ്. അശ്രദ്ധമായി തൊടുത്തുവിടുന്ന വിഷംപുരട്ടിയ വാക്കുകളാകുന്ന അമ്പുകളുണ്ടാക്കുന്ന നിത്യമുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല, വേദന ശമിക്കുകയുമില്ല.  ചെറുപ്പകാലംമുതലുള്ള ഹൃദയമുറിവുകള്‍ നമുക്കിപ്പോഴും ഭാരവും വേദനയുമല്ലെ? അതുപോലെയാണ് നമ്മള്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന മുറിവുകളും.

തകര്‍ക്കാനും തളര്‍ത്താനും പ്രത്യാശയില്‍ ആത്മ വിശ്വാസത്തോടെ ഉറപ്പിച്ചു നിര്‍ത്തുവാനും നമ്മുടെ വാക്കുകള്‍ക്കു കഴിയും. ഓരോ വാക്കിലും ശ്രദ്ധയും ജാഗ്രതയും വേണം.

വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന അറക്കവാളിന്‍റെ കമ്പനി മാനുവലില്‍ എഴുതിയിരിക്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്:

വളരെ അപകട സാദ്ധ്യതയുള്ളതുകൊണ്ടു സൂക്ഷിച്ച് ഉപയോഗിക്കണം. കുട്ടികള്‍ക്ക് കയ്യെത്താത്തിടത്ത് സൂക്ഷിക്കണം. സ്പോടന സാദ്ധ്യതയുള്ളിടത്ത് ഒരിക്കലും ഉപയോഗിക്കരുത്.

ബന്ധങ്ങളെ തകര്‍ക്കുവാനും മുറിവേല്‍പ്പിക്കുവാനും സാദ്ധ്യതയുള്ള നാവിന്‍റെ ഉപയോഗത്തിലും ഈ നിര്‍ദ്ദേശം ബാധകമാണ്.

ക്രൂരമായ വാക്കുകള്‍കൊണ്ട് ഒരാളുടെ ഹൃദയം തകര്‍ത്തതിനുശേഷം, 'ക്ഷമിക്കണം, ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല', 'വെറുതെയൊരു തമാശ പറഞ്ഞതാണ്' എന്നൊക്കെയുള്ള കുറ്റസമ്മതങ്ങളില്‍ വലിയ കാര്യമില്ല. പരുഷവാക്കുകളുണ്ടാക്കിയ ക്ഷതങ്ങളും ആത്മനൊമ്പരങ്ങളും ക്ഷമാപണംകൊണ്ടു മാറ്റുവാന്‍ കഴിയില്ല. വാക്കുകളുണ്ടാക്കുന്ന മുറിവുണക്കുവാനും വേദനകളകറ്റുവാനും ഫാര്‍മക്കോളജിയില്‍ മരുന്നില്ല.

സ്പോടനാത്മകമായ വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തുവാനും കരയിപ്പിക്കാനും അനുസരിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുന്നത് കഴിവല്ല, കഴിവുകേടാണ്.  വ്യക്തിത്വ വൈകല്യത്തിന്‍റെ ലക്ഷണമാണ്. നിയമ നടപടിക്ക് വിധേയമാകാവുന്ന കുറ്റമാണ് 'വെര്‍ബല്‍ എബ്യൂസ്'.

എപ്പോള്‍ വായടക്കണം, തുറക്കണമെന്ന കാര്യത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നവര്‍ ഘാതക ധിക്കാരികളാവുകയും ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുകയും ചെയ്യും.

നാവിന്‍റെ ഉപയോഗത്തില്‍ ചില നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ വാക്കുകള്‍ പ്രസാദാത്മകവും സാന്ത്വനപൂര്‍ണ്ണവുമാക്കുവാനും കഴിയും:

- സംസാരിക്കുമ്പോള്‍ എന്താണ് സുഹൃത്തിന്‍റെ ആവശ്യമെന്ന് കേള്‍ക്കുവാന്‍ ചെവിയുള്ളവരും ക്ഷമയുള്ളവരുമാവുക.

- കേള്‍വിക്കാര്‍ക്ക്  ആത്മീയ ചൈതന്യം പ്രധാനം ചെയ്യുന്നതും അവരുടെ ഉന്നതിക്ക് സഹായമാവുകയും ചെയ്യുന്ന നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസിരിച്ച് സംസാരിക്കണം.

- അമിത സംസാരം ആവര്‍ത്തനവിരസതയും ആശയക്കുഴപ്പവും മടുപ്പുമുണ്ടാക്കും. മിതഭാഷണമാണ് ശ്രേയസ്ക്കരം. നമ്മുടേയും മറ്റുള്ളവരുടേയും സമയം വിലപ്പെട്ടതാണ്.

- മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതുമെല്ലാം നമ്മുടെ ഹൃദയത്തിന്‍റെ വിശുദ്ധിയും അശുദ്ധിയും, വ്യക്തിത്വത്തിന്‍റെ പക്വതയും അപക്വതയും വെളിപ്പെടുത്തുന്ന സ്വന്തം കയ്യൊപ്പുള്ള നിശബ്ദ വാക്കുകളാണെന്നോര്‍ക്കണം. അതുകൊണ്ട് 'തിങ്ക് ബിഫോര്‍ ക്ലിക്'

സംസാരശൈലി കുട്ടികള്‍ പഠിക്കുന്നത് മാപിതാക്കളില്‍ നിന്നാണ്. നല്ല വൃക്ഷത്തിനു മാത്രമേ നല്ല ഫലം പുറപ്പെടുവിക്കുവാന്‍ കഴിയു.