Tuesday, February 20, 2018

ക്രേസി ഷൂട്ടേഴ്സ്

കൂട്ടകൊല നടത്തി  സ്വയം മരിക്കുന്ന ഘാതക ധിക്കാരികളുടെ മനസ്സിന്‍റെ പിന്നാമ്പുറം സ്വഭാവ ശാസ്ത്രജ്ഞര്‍ക്ക് ഇന്നും സമസ്യയാണ്.

2015-ല്‍ അമേരിക്കയില്‍ 375 കൂട്ടക്കൊലകളാണ് നടന്നത്. ഇതില്‍ 475 പേര്‍ മരിക്കുകയും 1870 പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ലോകത്താകമാനമുള്ള കൂട്ടക്കൊലകളുടെ കണക്ക് ഭ്രമജനകമാണ്.

ആത്മഹത്യാ പ്രവണതകളുള്ള കൊലയാളികള്‍ കൂട്ടകൊലപാതകങ്ങളിലൂടെ തന്നോടൊപ്പം മരണത്തിലേക്ക് സഹയാത്രികരെ കണ്ടെത്തുകയാണെന്നു ചിന്തിക്കുന്ന വിദഗ്ദ്ധരുണ്ട്. പക്ഷെ കൂട്ടകൊലയാളിയുടെ താളം തെറ്റിയ മനസ്സ് പൂര്‍ണ്ണമായി വായിച്ചറിയുവാന്‍ മനശ്ശാസ്ത്ര ലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

അമേരിക്കയിലെ കഴിഞ്ഞ വര്‍ഷത്തിലെ  മൂന്ന് കൂട്ടകൊലപാതകങ്ങള്‍ സ്വഭാവശാസ്ത്രജ്ഞര്‍ പഠനവിഷയമാക്കി. ഫ്ളോറിഡയിലെ ജോലിസ്ഥലത്ത് അഞ്ചു സഹപ്രവര്‍ത്തകരെ കൊന്നശേഷമാണ് ഘാതകന്‍ സ്വയം വെടിവച്ച് മരിച്ചത്. സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതിന് ഇദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

മിസ്സിസിപ്പിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ എട്ടുപേരെയാണ് ഘാതകന്‍ കൊന്നൊടുക്കിയത്. പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഭാര്യയേയും മക്കളേയും വീട്ടുകാരേയും സഹായത്തിനെത്തിയ അയല്‍ക്കാരേയും പോലീസുകാരനേയും പ്രതികാരദാഹി വകവരുത്തി.

ഇന്ത്യാനയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് സ്വയം മരിച്ച ഘാതകന്‍റെ പ്രകോപനം കുടുംബപ്രശ്നമായിരുന്നു.

ഒരാള്‍ ഇടം തിരിഞ്ഞ ഒറ്റയാന്‍ കൊലയാളിയാകുന്നതിന്‍റെ പിന്നിലെ അടിയൊഴുക്കുകള്‍ അനവധിയാണ്:

വ്യക്തിത്വ വൈകല്യങ്ങളും മനോരോഗങ്ങളുമായി സഹനയാത്ര തുടങ്ങുന്നവര്‍ക്ക്  അപകര്‍ഷതാബോധവും സംശയരോഗവും  യാതനാപൂര്‍ണ്ണമായ ബാല്യവും മറ്റുള്ളവരില്‍ നിന്നും അവഗണനയും മുറിവും ഉണ്ടാകുക സ്വാഭാവികമാണ്. അതൊക്കെ പ്രതികാരാഗ്നിയായി ആളിക്കത്തുവാന്‍ പെട്ടെന്നുണ്ടാകുന്ന ഏതെങ്കിലും പ്രകോപനം കാരണമാകും.

നിഷേധവികാരങ്ങളുടെ വേലിയേറ്റത്തില്‍ യുക്തിബോധവും വിവേകവും ആത്മനിയന്ത്രണവും നഷ്ടപ്പെട്ട് താല്‍ക്കാലികമായി സൈക്കോട്ടിക് മാനസികാവസ്ഥയിലാകുന്നവരില്‍ ചിലര്‍ ചാവേറായി മാറുന്നു. ഇപ്പോള്‍ മനശ്ശാസ്ത്രത്തില്‍ അധികം ഉപയോഗിക്കാത്ത څഇമമേവ്യോശമچ എന്ന വിഭ്രമ മാനസികാവസ്ഥയാണിത്. ഈ അപകടകര മാനസികാവസ്ഥയില്‍ മൂന്നു തരത്തില്‍ മനസ്സ് പാളം തെറ്റാം:

ഒന്ന്, നിഷേധവികാരങ്ങള്‍ അഗ്നി പര്‍വ്വതംപോലെ ഉള്ളില്‍ തിങ്ങിവിങ്ങി തിളച്ചുമറിഞ്ഞ് സഹനത്തിന്‍റെ ബ്രേക്കിംങ് പോയിന്‍റിലെത്തുമ്പോള്‍ അക്രമമല്ലാതെ മറ്റു വഴികളില്ലെന്ന് ചിന്തിക്കുന്ന ഘാതകന്‍ കാഞ്ചി വലിക്കുന്നു. നിരപരാധികള്‍ ചത്തു വീഴുമ്പോള്‍ സാഡിസ്റ്റായ ഘാതകന്‍റെ ആന്തരീയ സംഘര്‍ഷത്തിന്‍റെ തിരകള്‍ ശാന്തമാകുന്നു.

രണ്ടാമത്, അനേകനാളുകള്‍കൊണ്ട് രൂപപ്പെടുന്ന നഷ്ടബോധത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പകയുടെയും ന്യൂനമര്‍ദ്ദത്തിന്‍റെ ദുസ്സഹമായ ടെന്‍ഷനും വികാരവേലിയേറ്റവുമായി നടക്കുന്ന ഘാതകന്‍ തന്‍റെ ദുരവസ്ഥയ്ക്കുള്ള കാരണക്കാരെ കണ്ടെത്തുമ്പോള്‍ മനോനിയന്ത്രണം കൈവിട്ടു പോകുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യുന്നു.

മൂന്നാമത്, മനസ്സില്‍ പ്രതികാരത്തിന്‍റെ പകയുമായി നടക്കുന്നവരുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരുന്ന അപരിചിതര്‍ ഇരകളാകാറുണ്ട്. ചെറിയ ട്രാഫിക് തര്‍ക്കങ്ങളും ഓഫീസിലെ പരുഷസംസാരവുമൊക്കെ നിഗൂഢകൊലയാളികളിലെ സംഹാര ജ്വാല ആളിക്കത്തിക്കാം.

ജീവനില്‍ കൊതിയുള്ളവരുടെ സത്വര ശ്രദ്ധയ്ക്ക്:

സ്വന്തം ജീവന് വില കല്‍പിക്കാത്ത, മനസ്സില്‍ സ്ഫോടനാത്മകമായ ടൈംബോംബുമായി നടക്കുന്ന ചാവേര്‍ ഘാതകര്‍ സമൂഹത്തിന് വന്‍ഭീഷണിയാണ് . മിഥ്യാഭിമാനികളും ക്ഷിപ്രകോപികളും ബാല്യത്തില്‍ മുള്ളും മുറിവുമേറ്റു വളര്‍ന്നവരുമായുള്ള വൈകാരിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക. നയപരമായി ഇടപെട്ട് ശാന്തമായി പ്രശ്നം പരിഹരിക്കണം. ഇവരുടെ ഉള്ളിലുറങ്ങുന്ന ക്രൂരമൃഗത്തെ ഉണര്‍ത്തരുത്. എത്ര പ്രകോപനമുണ്ടായാലും അപരിചിതരോട് ഏറ്റുമുട്ടാതിരിക്കുക. ക്ഷമാപൂര്‍വ്വം ഇടപെടുക. മനുഷ്യര്‍ ചില നേരങ്ങളില്‍ വല്ലാത്ത ഇബലീസുകളായി മാറുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് സാമൂഹ്യ ഇടപെടലുകളില്‍, ഓഫീസ് കാര്യ നിര്‍വ്വഹണങ്ങളില്‍, ദാമ്പത്യകലഹങ്ങളില്‍ ആത്മസംയമനം പാലിക്കുക. അല്ലെങ്കില്‍ ചാവേറിനൊപ്പം നിങ്ങളും "റസ്റ്റിന്‍ പീസാകും."

ചിലരുടെ പ്രതികാര സൂചനകളെ നിസ്സാരമായെടുക്കാതെ അവരെ മനോരോഗനിദഗ്ദ്ധരുടെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും വിധേയരാക്കുക.

കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ സ്ട്രെസ്സ് മാനേജ്മെന്‍റില്‍ പരിശീലനം കൊടുക്കുക. മാതാപിതാക്കള്‍ വികാരപക്വതയ്ക്ക് നല്ല മാതൃകകളാകണം. പരസ്പരം അടിപിടി കൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികള്‍ ആത്മനിയന്ത്രണത്തിന്‍റെ സമീപനങ്ങളും ആവശ്യങ്ങളും പഠിച്ചിട്ടുണ്ടാവില്ല.

അസുരജന്മങ്ങളെ കൂട്ടകശാപ്പ് ചെയ്ത് സ്വയം നീതി നടത്തുന്ന അഭ്രപാളിയിലെ ഉലകനായകന്‍മാര്‍ ഫാന്‍സിന്‍റെ കയ്യടി വാങ്ങുമെങ്കിലും അവരുടെ നരഹത്യപ്രകടനം പ്രതികാരദാഹികളായ  വികലമനസ്കര്‍ക്ക് ദുഷ്പ്രേരണയാകുമോ എന്നും സംവിധായകര്‍ ചിന്തിക്കേണ്ടതാണ്. കലാകാരന്‍റെ അഭിയന സിദ്ധിയെ അനാദരിക്കുകയല്ല കേട്ടോ.

മതരാഷ്ട്രീയ നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിനായി വികാരപക്വതയില്ലാത്തവരെക്കൊണ്ട് ചാവേര്‍കൊലനടത്തിക്കുമ്പോള്‍ പ്രതികളെ മാത്രമല്ല അവ"ര്‍ക്ക് ദുഷ്പ്രേരണ കൊടുക്കുന്ന പിന്നണിയിലെ അധമനേതാക്കളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവ'രണം.

സത്യവും ധര്‍മ്മവും ഇല്ലാത്ത മനസ്സാക്ഷി മരവിച്ച സാമൂഹ്യവിരുദ്ധരോടിടപെടുമ്പോള്‍ ക്രിസ്തുവിന്‍റെ ഉപദേശം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നതു നല്ലതാണ്:

"ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടുക" - ലൂക്കോസ് 21:19