Thursday, June 21, 2018

നിദ്രനീരാഴിയിലെ സ്വപ്നദ്വീപ്

സ്വപ്നവും കവിതയും ഒരേ കമ്പനി പ്രോഡക്ടുകളാണെന്നാണ് മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത്. രണ്ടിലും വാക്കുകള്‍ക്ക് അപ്രാപ്യമായ സമസ്യകളായ ആന്തരീയ അനുഭവങ്ങളെ പ്രതിബിംബങ്ങളിലൂടെ കൂട്ടിച്ചേര്‍ത്ത് വൈകാരിക ഭാവമുണര്‍ത്തുന്ന സൃഷ്ടികളുണ്ടാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്വപ്നം കാണുന്നവരൊക്കെ കവികളാണെന്ന് അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രായാസമുള്ള ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ തുടങ്ങിയവയുടെ സാക്ഷാത്ക്കാരം സാധ്യമാക്കുന്ന, സെന്‍സറിംഗ് ഇല്ലാത്ത അബോധതലത്തിലെ ചലച്ചിത്രാവിഷ്കാരമാണ് സ്വപ്നമെന്ന കാഴ്ചപ്പാടാണ് സൈക്കോ അനലിസ്റ്റുകളുടേത്. കരുണയില്ലാത്തവനും കര്‍ക്കശക്കാരനുമായ സൂപ്പര്‍വൈസറോട് കയര്‍ത്ത് സംസാരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജോലി നഷ്ടപ്പെടുമെന്നതു കൊണ്ട് നിഷേധ വികാരം ഉള്ളിലൊതുക്കി ആദരവു കാണിക്കുന്ന ഉദ്യോഗസ്ഥന്‍, സൂപ്പര്‍വൈസര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായോ, മാരകരോഗം പിടിപെട്ട് മരണാസന്നനായോ കിടക്കുന്നതു സ്വപ്നം കണ്ട് കെട്ടപ്പെട്ട വികാരങ്ങളുടെ പ്രസരണം സാധ്യമാക്കുന്നു.
സ്വപ്നങ്ങള്‍ അബോധമനസ്സിന്‍റെ ആഗ്രഹ സാക്ഷാത്ക്കാരമാണെന്ന് ഫ്രോയിഡ് പറയുന്നുണ്ടെങ്കിലും വിരസവും ഭീഭത്സവുമായ അന്തര്‍ നാടകങ്ങള്‍ക്കു പിന്നിലെ കാരണമെന്തെന്ന് പൂര്‍ണ്ണമായും വിശദീകരിക്കുവാന്‍ ഫ്രോയിഡിയന്‍ ചിന്താഗതിക്ക് കഴിഞ്ഞിട്ടില്ല. ഫ്രോയിഡിനു ശേഷം സ്വപ്ന സമസ്യകളെപറ്റി നടത്തിയ നിരന്തര പഠനങ്ങള്‍ നിരത്തുന്ന തിയറികള്‍ ശ്രദ്ധേയങ്ങളാണ്:
1. സ്വപ്നം ഫയര്‍ഡ്രില്ലാണ്
പ്രതിസന്ധി തരണം ചെയ്യുവാനുള്ള പരീശീലനമാണ് സ്വപ്നമെന്നാണ് കൊഗ്നിറ്റീവ് സയന്‍റിസ്റ്റായ റിമോണ്‍ സുമോയുടെ അഭിപ്രായം. അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ അമിഗ്ഡാല, ഉറക്കത്തില്‍ (ഞലാ ഹെലലു) അമിതമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ കൈകാലുകള്‍ ചലിക്കുന്നില്ലെങ്കിലും താനൊരു ആക്ഷന്‍ ഹീറോയായി അരങ്ങു തകര്‍ക്കുന്നതായി അനുഭവപ്പെടും. കാട്ടുമൃഗങ്ങള്‍ ഓടിക്കുന്നതായും, ശത്രു പിന്തുടരുന്നതായും, വെള്ളത്തില്‍ മുങ്ങുന്നതായുമൊക്കെ കാണുന്ന ത്രില്ലര്‍ സ്വപ്നങ്ങള്‍ അപകടസാഹചര്യങ്ങളില്‍ പ്രതിരോധ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന റിഹേഴ്സലും ഫയര്‍ഡ്രില്ലുകളുമാണത്രേ! സ്വപ്നത്തിലെ ഈ റിഹേഴ്സല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സ്വയരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദഗ്ദ്ധ്യവും കഴിവും നല്‍കുമെന്നാണ് പരിണാമവാദികളായ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.
2. ഓര്‍മ്മഫയലുകളുടെ ക്രമപ്പെടുത്തലാണ് സ്വപ്നം
ദൈനംദിന അനുഭവങ്ങള്‍ മുഴുവനും ബ്രയിനിലെ ഡേറ്റാബേസില്‍ സൂക്ഷിച്ചാല്‍ ഒരാഴ്ചകൊണ്ട് മെമ്മറി ഫുള്ളാകും. അതുകൊണ്ട് ജീവിതാനുഭവങ്ങളുടെ ഫയലുകളില്‍ പ്രസക്തവും അപ്രസക്തവുമായവയെ വേര്‍തിരിച്ച് പ്രയോജനമുള്ളവയെ ദീര്‍ഘകാല ഫയലുകളായി സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്വപ്നമെന്നാണ് മാറ്റ്വില്‍സന്‍ എന്ന ന്യൂറോ സയന്‍റിസ്റ്റിന്‍റ അഭിപ്രായം. നമ്മളുറങ്ങുമ്പോഴും മസ്തിഷ്കത്തിലെ നൈറ്റ് ഷിഫ്റ്റ്കാര്‍ ഓവര്‍ടൈം ജോലിത്തിരക്കിലാണ്.
3. ഹാര്‍ഡ്വെയര്‍ ഡീ ഫ്രാഗ്മെന്‍റേഷന്‍
ഡി.എന്‍.എ ഘടന കണ്ടുപിടിച്ച ടീമംഗമായ ഫ്രാന്‍സിസ് കിര്‍ക്കിന്‍റെ തിയറി പ്രകാരം മറക്കുവാനാണ് നാം സ്വപ്നം കാണുന്നതത്രേ! ഉറങ്ങുമ്പോള്‍ ന്യൂറോണുകള്‍ക്കിടയിലെ സഞ്ചാര പദങ്ങളുടെ തിരുത്തിയെഴുതലാണത്രേ സ്വപ്നങ്ങള്‍. ഉപയോഗപ്രദമല്ലാത്തതും നിരന്തര ഉപയോഗത്തിലില്ലാത്തതുമായ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പാതകള്‍ തിരുത്തി പുതിയവ സൃഷ്ടിക്കപ്പെടുന്നു. കമ്പ്യൂട്ടറിലെ ഫയലുകള്‍ ഡിഫ്രാഗ്മെന്‍റ് ചെയ്യുന്നതുപോലൊരു ഹൈടെക് പരിപാടി!
4. സ്വപ്നം നിശാസൈക്കോ തെറാപ്പിയാണ്.
ഏണസ്റ്റ് ഹാര്‍ട്ടമാന്‍റെ അഭിപ്രായത്തില്‍ വൈകാരിക ഉള്‍ക്കാഴ്ച ലഭിക്കുന്ന തെറാപ്പി സെക്ഷനാണ് സ്വപ്നം. പ്രതിസന്ധികളും വെല്ലുവിളികളുമുള്ള വികാരങ്ങളുടെ ഓര്‍മ്മ ഫയലുകളുടെ റിപ്ലേ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ടെന്‍ഷനും ആകാംഷയും ലഘൂകരിക്കപ്പെടുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അവയെ അഭിമുഖീകരിക്കുവാനുള്ള ഉറപ്പും ആത്മവിശ്വാസവും ലഭിക്കുന്നു. സ്വപ്നമെന്ന څപ്രീ ഓഫ് കോസ്റ്റ് നിശാ സൈക്കോതെറാപ്പിچയിലൂടെ കോണ്‍ഫ്ളിക്ടുകളുടെ ടണ്‍കണക്കിന് കടുംകെട്ടുകളാണ് ഓരോ രാത്രിയും ഡ്രീം ക്ലിനിക്കുകളില്‍ അഴിക്കപ്പെടുന്നത്.
5. എനര്‍ജി സേവിംഗ് മോഡ്
അഞ്ചാമതൊരു വിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ സ്വപ്നത്തിന ്  പ്രത്യേകിച്ചൊരു അര്‍ത്ഥമില്ലെന്നും ബോധമനസ്സ് പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തില്‍ നടത്തുന്ന വെറും ന്യൂറോണല്‍ ഫയറിംഗ് മാത്രമാണെന്നുമാണ്. ഉറങ്ങുമ്പോള്‍ എനര്‍ജി സേവിംഗ് മോഡില്‍ ചില ഇമേജുകളിലൂടെ മനസ്സ് ഉറങ്ങാത്ത കാവല്‍ക്കാരനായിരിക്കുന്നതിന്‍റെ ഡിഫാള്‍ട്ട് സെററിംഗ് ആണത്രേ സ്വപ്നം!
അതെ, കിനാവുകളെപറ്റിയുള്ള തര്‍ക്കം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 25 ലക്ഷം ജി.ബി. കപ്പാസിറ്റിയുള്ള  മനുഷ്യ മസ്തിഷ്കത്തില്‍ നൂറുനൂറായിരം ന്യൂറോണുകളുടെ വ്യന്യാസത്തിലൂടെ, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ന്യൂറോ ട്രാന്‍സിമിറ്ററുകളുടെ പ്രയാണത്തിലൂടെ വിരിയുന്ന സര്‍ഗ്ഗാത്മക ചിന്തകളും ഭാവനകളും അനുകൂല-പ്രതികൂലവികാരവേലിയേറ്റങ്ങളും അനന്തമജ്ഞാതമവര്‍ണ്ണനീയം പ്രഭോ! മസ്തിഷ്കത്തിലെ ത്രിഡി, ഓഡിയോ വിഷ്വല്‍ തീയേറ്ററില്‍ ഓരോ രാത്രിയും അരങ്ങേറുന്ന സ്വപ്ന ചലച്ചിത്രോത്സവങ്ങളുടെ സ്ക്രിപ്റ്റും തിരക്കഥയും കഥാപാത്രങ്ങളും ഔട്ട്ഡോര്‍ ചിത്രീകരണങ്ങളും നിയന്ത്രിക്കുന്ന ഡയറക്ടര്‍ ആരാണ് മാഷേ? പകല്‍കിനാവിന്‍റെ മോഹത്തേരിലേറിയുള്ള മനസ്സിന്‍റെ ജൈത്രയാത്രയ്ക്കുള്ള  സഞ്ചാരപഥമൊരുക്കുന്ന സൂപ്പര്‍ടെക ്നീഷ്യന്‍  ആരാണ്?
ജഗദീശ്വരന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് വിരിഞ്ഞ മനുഷ്യ മസ്തിഷ്കമെന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ മായാജാലങ്ങളുടെ വിസ്മയ രഹസ്യങ്ങളുടെ ആദ്യപേജുപോലും ന്യൂറോസയന്‍റിസ്റ്റുകള്‍ വായിച്ചു തീര്‍ന്നിട്ടില്ല. ഘനശ്യാമസുന്ദരമായ ബോധ-അബോധ തലങ്ങളുടെ സമസ്യ മനസ്സിലാക്കാന്‍ നമുക്ക് ഇനിയുമെത്ര യുഗങ്ങള്‍ വേണ്ടി വരും?