Monday, April 16, 2018

മനസ്സിന്‍റെ രസതന്ത്രം

മനസ്സിന്‍റെ രസതന്ത്രം
ഫാ.ഡോ. ഏ.പി.ജോര്‍ജ്ജ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ബെത്സാദാ മെന്‍റല്‍ ഹെല്‍ത്ത് സെന്‍റര്‍

മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ക്കിടയില്‍ ഇലക്ട്രിക് സിഗ്നലുകള്‍ വഹിക്കുന്ന കെമിക്കല്‍ മെസഞ്ചേഴ്സാണ് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍. ബ്രെയിനിലെ അനേകം ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ മാനസികാരോഗ്യവുമായി ഏറ്റവും ബന്ധപ്പെട്ടവ ഡോപമൈനും സെറോട്ടോണിനുമാണ്. ഓര്‍മ്മശക്തി, വിശപ്പ്, സെക്സ്, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന  ഈ ഘടകങ്ങളുടെ അസന്തുലിതാവസ്ഥ ആസക്തി, ഏകാഗ്രത കുറവ്, ഓര്‍മ്മശക്തി തകരാറുകള്‍, വൈകാരിക ക്രമക്കേടുകള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഫാര്‍മക്കോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുള്ളതുകൊണ്ട് മരുന്ന് ഒഴിവാക്കി മറ്റുവഴികളിലൂടെ പരിഹാരം തേടുന്ന രോഗികള്‍ അനവധിയാണ്. അവരെ ചൂഷണം ചെയ്യുന്ന സിദ്ധൗഷധലോബികള്‍ മെഡിക്കല്‍ വിദഗ്ദ്ധരെക്കാള്‍ നൂറിരട്ടിയാണ് മാര്‍ക്കറ്റില്‍.

മസ്തിഷ്കത്തിലെ ഡോപമൈന്‍, സെറോട്ടോണിന്‍ ഉല്‍പാദനവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ചില സ്വാഭാവിക ഉപാധികള്‍ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. എല്ലാവര്‍ക്കും പ്രത്യേകിച്ച് മാനസികപ്രതിസന്ധിയുള്ളവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന കാര്യങ്ങളാണിവ. ഗുണം മെച്ചം, വില സീറോ.

വ്യായാമം
ദിവസം മുപ്പതുമിനിട്ടെങ്കിലുമുള്ള വ്യായാമം മസ്തിഷ്കത്തിലെ സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുമെന്നും വിഷാദവികാരങ്ങളേയും നിഷേധചിന്തകളേയും ലഘൂകരിക്കുമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ചലോ ഭായ്, ചലോ...

മദര്‍ നേച്വറിനോടൊപ്പം
മനുഷ്യന്‍ 24 മണിക്കൂറും പ്രകൃതിയില്‍ നിന്നകന്ന് അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കൃത്രിമവൈദ്യുതി വെളിച്ചത്തിലാണ്. സൂര്യപ്രകാശപ്രഷാളനം വൈകാരിക സ്ഥിതിയും മനസ്സിന്‍റെ ഉന്‍ഷമെഷവും വര്‍ദ്ധിപ്പിക്കുമെന്നും സെറോട്ടോണിന്‍ ഡോപമൈന്‍ ഘടകങ്ങളുടെ സമന്വയത്തില്‍ സഹായകമാകുമെന്നും ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രകൃതം മാറ്റാന്‍ പ്രകൃതിയിലേക്ക് മടങ്ങൂ.

മൈന്‍റ് യുവര്‍ മെനു
കഫീന്‍ സെറോട്ടോണി ഡോപമൈന്‍ ലവല്‍ ഉയര്‍ത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ കഫീന്‍ അമിതമാകുമ്പോഴും നിര്‍ത്തുമ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളില്‍ കാണുന്ന ഓമേഗ -3 സെറോട്ടോണിന്‍ നിലവാരം ഉയര്‍ത്തുന്നതായും വിഷാദാവസ്ഥ ലഘൂകരിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങ്, തവിടുകളയാത്ത ഗോതമ്പ്ബ്രഡ്, ചോളം എന്നിവയിലെ ട്രിപ്റ്റോഫാന്‍ സെറോട്ടോണിന്‍ ഉറവകളെ സജീവമാക്കുമത്രേ. ഓമേഗ -3 ആളു പുലിയാണുകേട്ടോ.

ധന്യമാണ് ധ്യാനം
ധ്യാനവും ബ്രീത്തിംഗ് എക്സര്‍സൈസും ഡോപമൈന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതായും സംഘര്‍ഷം ലഘൂകരിച്ച് ആന്തരീക സമാധാനം വര്‍ദ്ധിപ്പിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മനസ്സിനെ ഇളക്കി മറിക്കുന്ന ഉപാസനാരീതികളല്ല ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

നന്ദി നമസ്കാരം!
ഉപകാരസ്മരണ മസ്തിഷ്കത്തിലെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കുന്നതായും കൂടുതല്‍ ഡോപമൈനും സെറോട്ടോണിനും ഉദ്ദീപിപ്പിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓരോ ദിവസവും പരിഭവങ്ങളും പരാതിയും പറയുന്നതിനു പകരം ദൈവത്തോടും മനുഷ്യരോടും നന്ദി പറയാനുള്ള മൂന്നു കാര്യങ്ങളെങ്കിലും ഡയറിയില്‍ എഴുതുമെങ്കില്‍ സന്തോഷം വര്‍ദ്ധിക്കുകയും വിഷാദം കുറയുകയും ചെയ്യുമത്രേ! ഇതിനെ' three blessing exercise' എന്നാണ് പറയുന്നത്. ബി താങ്ക്ഫുള്‍ ആന്‍റ് ഗ്രേറ്റ്ഫുള്‍!

റോള്‍ സെറ്റിംഗ്
മനസ്സില്‍ ലക്ഷ്യങ്ങളുണ്ടാവുകയും ലക്ഷ്യത്തിലെത്തുവാന്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്കം ഡോപമൈന്‍ റിലീസ് ചെയ്യുമത്രേ! കയ്യെത്തിപ്പിടിക്കുവാന്‍ കഴിയുന്ന ലക്ഷ്യങ്ങളുമായി ജീവിതയാത്ര തുടങ്ങൂ...

മധുരിക്കുന്നോര്‍മ്മകള്‍
ദുഃഖസ്മരണകളേക്കാള്‍ ആത്മഹര്‍ഷത്തിന്‍റെപഴയ ഫയലുകള്‍ മറിച്ച് വായിക്കുമ്പോള്‍ സെറോട്ടോണിന്‍ ഫാക്ടറി പ്രവര്‍ത്തന ക്ഷമമാകുമത്രേ. 'മധുരിക്കുന്നോര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടു വരൂ കൊണ്ടുപോ ഞങ്ങളെയാ മാഞ്ചുവട്ടില്‍...'

ഹാവ് സം നോവല്‍ ഐഡിയാസ്
പുത്തന്‍ അനുഭവങ്ങളോട് മസ്തിഷ്കം പ്രതികരിക്കുന്നത് കൂടുതല്‍ ഡോപമൈന്‍ ചുരത്തിയാണ്. ആവര്‍ത്തനവിരസതയുടെ തടവറവിട്ട് പുത്തന്‍ അനുഭവങ്ങളിലേക്കും അഭിരുചികളിലേക്കും പഠനങ്ങളിലേക്കും കടന്നു ചെല്ലൂ.

സൈക്കോതെറാപ്പി
സൈക്കോ തെറാപ്പിയിലൂടെ വൈകാരികാവസ്ഥ ക്രമപ്പെടുത്തി മനോഭാവങ്ങള്‍ അനുകൂലമാക്കി മാറ്റുമ്പോള്‍ സെറോട്ടോണിന്‍റെ സംസ്ലേഷണം മസ്തിഷ്കത്തില്‍ നടക്കുകയും വിഷാദമേഘങ്ങള്‍ പറന്നകലുകയും ചെയ്യും. മരുന്നുപോലെ പ്രധാനമാണ് മനശ്ശാസ്ത്ര ചികിത്സയും.

ഈ സമീപനങ്ങളൊക്കെ മസ്തിഷ്കത്തിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉദ്ദീപിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ അത് മെഡിക്കല്‍ കെയറിന് പകരമല്ല. മനോരോഗ വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടൊപ്പം ഈ ഉപാധികളും പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണ്.

മരുന്നുകഴിക്കുന്നതിലും സൈക്കോതെറാപ്പി സ്വീകരിക്കുന്നതിലും ലജ്ജിക്കേണ്ട കാര്യമില്ല. ശരീരത്തിലെ മറ്റവയവങ്ങളുടെ ചികിത്സപോലെ സാധാരണവും അത്യന്താപേക്ഷിതവുമാണ് മസ്തിഷ്കത്തിലെ രാസഘടകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കുള്ള ചികിത്സയും.
reference:
Young, S.N. (2007). How to increase serotonin in the human brain without drugs. Journal of Psychiatry and Neuroscience, 32(6), 394-399.

Monday, April 9, 2018

വീട്ടിലെ കൊച്ചു കള്ളന്‍മാര്‍

കുട്ടികളില്‍ കാണുന്ന മോഷണ സ്വഭാവം മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. അപമാനം ഭയന്ന് സ്വഭാവ വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സേവനം നല്‍കുന്നതില്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കാറുണ്ട്. കുടുംബാന്തരീക്ഷവും മാതാപിതാക്കളുടെ സമീപന രീതികളും മാറുന്നതിലൂടെ കുട്ടികളിലെ മോഷണ സ്വഭാവ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

കമോണ്‍ പേരന്‍സ്!

കാണുന്നതും കയ്യെത്തുന്നതുമെല്ലാം തനിക്കവകാശപ്പെട്ടതാണെന്ന് ചിന്തിക്കുന്ന നേഴ്സറി പ്രായത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും കൗതുക വസ്തുക്കള്‍ എടുത്താല്‍ കുട്ടിയിലൊരു പെരുങ്കള്ളനുണ്ടെന്ന ധാരണയില്‍ വികാരപ്രകടനങ്ങളും കൊടുംശിക്ഷകളും കൊണ്ട് കുട്ടിയെ ഭയപ്പെടുത്തരുത്. മറ്റുള്ളവരുടെ സാധനങ്ങളോട് ബഹുമാനവും ആഗ്രഹസാക്ഷാത്ക്കാരത്തിന് സാവകാശ വും വേണമെന്നും കുട്ടികളെ പഠിപ്പിക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം സാഹചര്യങ്ങള്‍.
ഉടമസ്ഥാവകാശത്തെപറ്റിയുള്ള ധാരണ കുട്ടിയില്‍ ഉറയ്ക്കുന്നത് നാലുവയസിന് ശേഷമാണ്. കാണുന്നതെല്ലാം എന്‍റേത്, എനിക്കെല്ലാം സ്വന്തമാക്കാമെന്നൊക്കെയുള്ള രണ്ടുവയസ്സുകാരന്‍റെ അപക്വചിന്താഗതിയെ ഗര്‍ജ്ജിച്ചും അടിച്ചും തിരുത്തുവാന്‍ ശ്രമിക്കരുത്. എന്‍റേത്, നിന്‍റേത്, അവരുടേത്, മേരിയുടേത് തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഭാഷയില്‍ കുഞ്ഞിനെ പഠിപ്പിക്കണം. ഫാദര്‍ ഡാഡി ഹോട്ടാകരുത്.

മോഷ്ടിച്ച വസ്തുക്കള്‍ കുട്ടിയെകൊണ്ട് ഉടമസ്ഥന് തിരിച്ചേല്‍പിച്ചു മാപ്പു പറയിക്കുമ്പോള്‍ മോഷണം തെറ്റാണെന്ന മൂല്യ ബോധം കുട്ടിയുടെ മനസ്സിലെഴുതപ്പെടുകയാണ്. ആളുകള്‍ എന്തു വിചാരിക്കും, കുട്ടിയുടെ മനസ്സില്‍ മുറിവുണ്ടാകുമോ തുടങ്ങിയ മിഥ്യാഭിമാന ചിന്തകള്‍ മൂലം കൊള്ളമുതല്‍ ഒതുക്കുവാന്‍ കൂട്ടുനില്‍ക്കരുത്. കുട്ടിയെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നത് മോഷണത്തിനുള്ള കഠിന ശിക്ഷയായി ചിത്രീകരിക്കാതെ ചെയ്ത തെറ്റ് തിരുത്തുകയാണെന്ന ധാരണ കുട്ടികളിലുണ്ടാക്കുന്ന വിധമായിരിക്കണം തിരുത്തുന്നത്. അല്ലെങ്കില്‍ കുഞ്ഞു മനസ്സില്‍ പ്രതികാര മനോഭാവം രൂപപ്പെടും.

മാതാപിതാക്കളുമായി ഊഷ്മള വൈകാരിക ബന്ധം പുലര്‍ത്തുന്ന കുട്ടികളില്‍(connected children)ധാര്‍മ്മീക ബോധത്തിന്‍റെയും മനസ്സാക്ഷിയുടെയും അതിര്‍ വരമ്പുകള്‍ ശക്തമായിരിക്കും. തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും വിശ്വസ്തതയും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന നുണ, ചതി, മോഷണം തുടങ്ങിയ സ്വഭാവ ബലഹീനതകള്‍ ഒഴിവാക്കാന്‍ ഈ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുമത്രേ. ഇവര്‍ മാതാപിതാക്കളുടെ തിരുത്തലും ഉപദേശങ്ങളും സ്വീകരിക്കുന്നവരുമായിരിക്കും. കുഞ്ഞുങ്ങളുമായി ഉള്ളുതുറന്ന് ഉള്ളം പങ്കിടുന്ന മാതാപിതാക്കള്‍ക്ക് നല്ല നമസ്കാരം!

എത്ര ഉപദേശിച്ചിട്ടും വീണ്ടും മോഷണ സ്വഭാവം ആവര്‍ത്തിക്കപ്പെടുമ്പോള്‍ മോഷണത്തിനു പിന്നിലെ പ്രേരക ശക്തികള്‍ (triggers) എന്തൊക്കെയാണന്നന്വേഷിക്കണം. ആവശ്യങ്ങള്‍ നേരേ ചൊവ്വേ മാതാപിതാക്കളോട് ചോദിച്ചാല്‍ മുറിവേല്‍പിക്കുന്ന പരുഷമായ മറുപടിയാണ്, മോഷ്ടിക്കാതെ കാര്യം നടത്താന്‍ മറ്റുവഴികളില്ല എന്നതാണോ വീട്ടിലെ സ്ഥിതി? ചോദിക്കുന്നതെല്ലാം കുട്ടിക്കു കൊടുക്കണമെന്നല്ല, എന്തുകൊണ്ടു കൊടുക്കുന്നില്ല, എപ്പോള്‍ കൊടുക്കും തുടങ്ങിയ പ്രസാദാത്മകമായ വാക്കുകളാണ് 'ഇല്ല, സാദ്ധ്യമല്ല' തുടങ്ങിയ അന്ത്യ ശാസനങ്ങളേക്കാള്‍ നല്ലത്. വിവരാവകാശ സ്വാതന്ത്ര്യമുള്ള, ലീഗല്‍ റൈറ്റുള്ള ഇന്ത്യന്‍ പൗരനാണ് വീട്ടിലെ പയ്യനെന്ന ഓര്‍മ്മവേണം.

ഇനിയുമുണ്ട് പ്രേരകഘടകങ്ങള്‍: വികാരനിയന്ത്രണം കുറഞ്ഞവര്‍, കോപിഷ്ട സ്വഭാവക്കാര്‍, മറ്റുള്ളവരുടെ വികാരങ്ങളോട് നിര്‍വ്വികാരത്വമുള്ളവര്‍, വിലപിടിച്ച മോഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആത്മവിശ്വാസം കുറഞ്ഞവര്‍, ആഡംബര ജീവിത ഭ്രമമുള്ളവര്‍, ലഹരി ആസക്തര്‍ തുടങ്ങിയവര്‍ വികാര പ്രസരണത്തിനും കാര്യ സാദ്ധ്യത്തിനും മോഷണത്തിന്‍റെ കുറുക്കുവഴി ചാടാറുണ്ട്.

മാതാപിതാക്കളുടെ കലഹം, ലഹരി ആസക്തി, വിവാഹമോചനം തുടങ്ങിയ സംഘര്‍ഷങ്ങളോട് ചില കുട്ടികള്‍ പ്രതികരിക്കുന്നത് മോഷണം, ദുഷിച്ച സുഹൃദ്ബന്ധം, സമൂഹ്യ വിരുദ്ധപ്രവര്‍ത്തനം തുടങ്ങിയവയിലൂടെയാണ്.  കുടുംബത്തിലെ ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ കഠിന ശിക്ഷയും ആവര്‍ത്തന വിരസതയുമുള്ള ഉപദേശങ്ങളും തുടര്‍ന്നാല്‍ മനസാക്ഷി മരവിച്ച കുറ്റബോധമില്ലാത്ത ലക്ഷണമൊത്ത ക്രിമിനല്‍ വളര്‍ന്നുവരും. കുടുംബം സുഖമായാല്‍ കുട്ടികളും സുഖമാകും.

ജനിതകവൈകല്യങ്ങളും ചില മനോ-ശാരീരിക രോഗങ്ങളും വ്യക്തിത്വവൈകല്യങ്ങളും മസ്തിഷ്കത്തിലെ സെറോട്ടോണിന്‍, ഡോപമൈന്‍, ഓപ്പിയോയിഡ് സിസ്റ്റം തുടങ്ങിയ രാസപ്രക്രിയകളിലെ അസന്തുലിതാവസ്ഥയും ഈ സ്വഭാവ വൈകല്യങ്ങള്‍ക്കു പിന്നാമ്പുറത്തെ താളം തെറ്റലുകളാണ്. 

അനിയന്ത്രിതമായ മോഷണാഭിരുചിക്കു(kleptomania)പിന്നില്‍ മോഷണവസ്തുക്കളോടുള്ള താല്‍പര്യത്തേക്കാള്‍ മോഷണം എന്ന പ്രവൃത്തിയിലൂടെ ആകാംഷയും ടെന്‍ഷനും ലഘൂകരിക്കപ്പെടുന്നതിനാണ് പ്രാധാന്യം.

മനോ-ശാരീരിക വൈകല്യങ്ങള്‍ മൂലം സ്വഭാവവൈകല്യങ്ങളില്‍ ഇടറിവീഴുന്നവര്‍ക്ക് വേണ്ടത് ഇരുമ്പഴികളും 'തേഡ് ഡിഗ്രി' പീഡനങ്ങളും കൈവിലങ്ങുകളും സദാചാര പോലീസ് ക്രിമിനലുകളുടെ നീതി നടപ്പാക്കലുമല്ല, മെഡിക്കല്‍ വിദഗ്ദ്ധരുടെ ഗഹനമായ വിലയിരുത്തലും ചികിത്സയുമാണ്. അനശ്വര കവിയായ അയ്യപ്പപണിക്കരുടെ സാമൂഹ്യനീതിയുടെ വാക്കുകള്‍ ഓര്‍ക്കണം: "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ, നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ?"

സഹസ്രകോടികള്‍ മോഷ്ടിക്കുന്ന വൈറ്റ്കോളര്‍ ക്രിമിനലുകള്‍ മതത്തിലും രാഷ്ട്രീയത്തിലുമുണ്ടാകുന്നതെന്തുകൊണ്ട്?

 മനുഷ്യന്‍റെ ഭക്ഷണത്തിലും മരുന്നിലും മായം ചേര്‍ത്ത് കോടികള്‍ ലാഭമുണ്ടാക്കുന്ന നിഷ്ഠൂരരായ ഫ്രോഡുകളുടെ അധഃപതിച്ച സമൂഹമായി കേരളം മാറിയതെന്തുകൊണ്ടാണ്?
 
ഉത്തരം പറയാമോ നാട്ടുകാരെ?

ലക്ഷണമൊത്ത വ്യാജന്‍മാരായ മതരാഷ്ട്രീയ നേതാക്കന്‍മാരെ പത്രദൃശ്യമാധ്യമങ്ങളിലും നേരിലും കണ്ട് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നതു കൊണ്ട്,
 മോഷ്ടിച്ച് ചതിച്ച് വീട്ടിലേക്ക് കോടികള്‍ കൊണ്ടു വരുന്ന മാതാപിതാക്കളെ ഹീറോ മോഡലുകളായി കണ്ട് കുട്ടികള്‍ വളരുന്നതുകൊണ്ട്,
ഏതു വഴിയിലൂടെയും നാലു തുട്ടുണ്ടാക്കുന്നതാണ് ജീവിത വിജയമെന്നു നമ്മുടെ കുട്ടികളെ  നാം പഠിപ്പിച്ചതുകൊണ്ട്,
അതുകൊണ്ട്??
മനസാക്ഷിയില്‍ സ്റ്റേജ് ഫോര്‍ കാപട്യരോഗം ബാധിച്ച് അത്യാസന്ന നിലയിലായി നമ്മുടെ 'ഗോഡ്സ് ഓണ്‍കണ്‍ട്രി'.

'പിതാവും മാതാവും ചെയ്തു കാണുന്നതുപോലെയല്ലാതെ മക്കള്‍ക്ക് സ്വതവേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. നല്ലവൃക്ഷം ഒക്കെ നല്ല ഫലം കായ്ക്കുന്നു, ആകാത്തവൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. മുള്ളുകളില്‍ നിന്ന് മുന്തിരിപഴങ്ങളും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ?' (കടപ്പാട്: യേശുക്രിസ്തു)