Friday, September 21, 2018

കുട്ടികള്‍ മുറിവേല്‍ക്കട്ട


ഡോ.കെവിന്‍ ലിമാന്‍റെ 'when your child is hurting’ എന്ന പുസ്തകം മാതാപിതാക്കള്‍ക്കുള്ള വിലപ്പെട്ട മാര്‍ഗ്ഗരേഖയാണ്.
മാതാപിതാക്കള്‍വളര്‍ന്നു വന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലും ജീവിതവീക്ഷണത്തിലുമാണ് കുട്ടികള്‍ വളര്‍ന്ന് വരുന്നത്. അവരുടെ ചിന്താഗതികളും മനോഭാവങ്ങളും മാതാപിതാക്കള്‍ക്ക് തികച്ചും അപരിചിതവും അജ്ഞാതവുമാണ്. അതുകൊണ്ട് കുട്ടികളുടെ പ്രതിസന്ധികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്.
സംഘര്‍ഷങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകുമ്പോള്‍ അവരുടെ വൈകാരിക പ്രതികരണങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് വായിക്കുവാന്‍ കഴിയുന്ന അനേകം സന്ദേശങ്ങളുണ്ട്. ഇതൊക്കെ ക്ഷമാപൂര്‍വ്വം വായിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയിലെ ആന്തരീകസംഘര്‍ഷത്തിന്‍റെ അടിയൊഴുക്കും സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കുവാന്‍ കഴിയും.
എന്തൊക്കെയാണത്?
ഉള്‍വലിയുകയും അധികം സംസാരിക്കാതിരിക്കുകയും ചെയ്യുക. സ്കൂളിലും കോളേജിലും കുട്ടി ഒറ്റപ്പെടുകയോ ഒറ്റപ്പെടുത്തപ്പെടുകയോ ചെയ്യുന്നു. വഴിതെറ്റുന്ന ലൈംഗീക താല്‍പര്യങ്ങളും പ്രതികരണ രീതികളും. കുട്ടിയെപറ്റി സുഹൃത്തുക്കള്‍ മീഡിയയില്‍ മോശമായ കമന്‍റുകള്‍ ഇടുന്നു. മാതാപിതാക്കളോടുള്ള നിഷേധാത്മകമായ സംസാരവും പെരുമാറ്റവും... ഈ പ്രതികരണങ്ങളൊക്കെ കുട്ടി ഉള്ളിലൊതുക്കുന്ന വികാരപ്രതിസന്ധികളുടെ ബാഹ്യ ലക്ഷണങ്ങളുമാകാം.
അതെ കുട്ടി ഏതോ പ്രതിസന്ധിയിലാണ്, മുറിവേറ്റിരിക്കയാണ്.
മുറിവേറ്റകുട്ടി മാതാപിതാക്കളെ മുറിവേല്‍പിക്കുമ്പോള്‍ കുട്ടിയോട് വൈകാരികമായി പ്രതികരിക്കരുത്. ശാപവും ശിക്ഷണ നടപടികളുമായി മാതാപിതാക്കള്‍ ആഭ്യന്തരയുദ്ധത്തിന് ഇറങ്ങിത്തിരിക്കരുത്. അവരുടെ മുറിവുകളുടെ വേദന ആരോടാണ് പറയുക?
 മാതാപിതാക്കള്‍ ഈ സമയത്ത് എങ്ങിനെയാണ് പ്രതികരിക്കേണ്ടത്?
 കുട്ടിപറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ ചെവിയുള്ളവരാവുക. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കാലുള്ള മറുപടിയോ മൗനമോ ഒക്കെ ആയിരിക്കും പ്രതികരണം. ധിക്കാരി, അഹങ്കാരി എന്നൊക്കെ വിളിച്ച് കുട്ടിയുമായി പടവെട്ടിനിറങ്ങരുത്.
'എന്താണ് പ്രശ്നം, പറയ് പെട്ടെന്ന് പറയ്' എന്നു പറഞ്ഞ് കുട്ടിയെ ദേഷ്യം പിടിപ്പിക്കരുത്.
കുട്ടിയുടെ പ്രശ്നമെന്താണെന്ന് ഊഹിച്ച് പ്രശ്നപരിഹാര ഉപദേശപ്രസംഗം തുടങ്ങുന്നതും നല്ലതല്ല. ചിലഉടമസ്ഥവകാശക്കാരായ മാതാപിതാക്കള്‍ കുട്ടിയുടെ അനുവാദം ചോദിക്കാതെ പ്രശ്നങ്ങളെല്ലാം ഇടിച്ചുകേറിയങ്ങു പരിഹരിക്കും. അത് കുട്ടിയുടെ ആന്തരീയ സംഘര്‍ഷങ്ങളും വികാരവേലിയേറ്റങ്ങളും അറിയാതെയുള്ള ബലപ്രയോഗവും കടന്നുകയറ്റവുമായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള കുട്ടിയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കുട്ടിക്ക് അനിഷ്ടമായ രീതിയില്‍ മാതാപിതാക്കള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കുട്ടിയുടെ പ്രശ്നങ്ങള്‍ തീരില്ല. മാതാപിതാക്കളറിയാതെ കുട്ടികള്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ അപക്വവും അപകടകരമാകാനും ഇടയുണ്ട്.  
'സ്കൂളില്‍ ഒറ്റപ്പെടുന്നു' എന്ന് പരാതി പറയുന്ന കുട്ടിയോട് 'ഒറ്റപ്പെട്ടാല്‍ നിനക്കെന്താണ്, സ്കൂളില്‍ പോയി പഠിച്ച് തിരിച്ചു പോന്നാല്‍ മതി' എന്നു പറയുന്നത് സാന്ത്വന മറുപടിയല്ല. എന്തുകൊണ്ട,് ഏതെല്ലാം സാഹചര്യങ്ങളില്‍ കുട്ടി ഒറ്റപ്പെടുന്നു എന്ന് സ്നേഹത്തോടും ക്ഷമയോടും കൂടി ചോദിച്ചറിയണം. പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് ആവശ്യമായ തിരുത്തലുകളോടെ പ്രയോഗമാക്കാന്‍ സഹായിക്കണം.
മനുഷ്യത്വമില്ലാത്തവരും കശ്മലരുമായവരുടെ ലോകത്ത് രണ്ടുകാലില്‍ ഉറച്ചുചവുട്ടിനില്‍ക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. പട്ടില്‍പൊതിഞ്ഞ്, കുപ്പിയിലിട്ട് അമുല്‍ബേബികളായി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് ഇതിനുള്ള ആത്മധൈര്യമുണ്ടാവില്ല. അവര്‍ തൊട്ടാവാടിപാവങ്ങളായിരിക്കും.
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക എന്നാണ് ബൈബിള്‍ പറയുന്നത്. തലയില്‍ വച്ചും ഏപ്രണ്‍തുമ്പില്‍ കെട്ടിയിട്ടും വളര്‍ത്തുന്ന കുട്ടികള്‍ സ്വയം പര്യാപ്തതയും പ്രാപ്തിയും അഭ്യസിപ്പിക്കപ്പെടാത്ത ദുര്‍ബലജന്മങ്ങളായിരിക്കും. വീണും എഴുന്നേറ്റും വീണ്ടും വീണും പഠിക്കാന്‍ അവസരം നല്‍കുന്നതാണ് അഭ്യാസം. ജീവിതകളരിയില്‍ പ്രശ്നങ്ങളും പ്രശ്നക്കാരുമായി ഏറ്റുമുട്ടുന്നവര്‍ക്കുമാത്രമേ സ്വയം പര്യാപ്തതയും മനക്കരുത്തും ചെറുത്തുനില്‍പും പഠിക്കാനാവും. എം.ടെക് കാരന് ചോറുവാരിക്കൊടുക്കുന്ന അമ്മ സ്നേഹവതിയാണെന്നു തോന്നും, പക്ഷേ ഈ സ്നേഹം പയ്യന്‍റെ സ്വാശ്രയ മനോഭാവത്തെ നശിപ്പിക്കുന്ന രോഗബാധിതമായ ഉടമസ്ഥാവകാശ പ്രകടനമാണ്. വിവാഹിതനായാലും അമ്മയെ വിട്ട് ഭാര്യയോട് ചേരാന്‍ പയ്യന് ബുദ്ധിമുട്ടുണ്ടാകും. അമ്മ വിടുകയുമില്ല, പയ്യന്‍ വിട്ടുപോവുകയുമില്ല.
ജീവിതപാതയിലെ മുള്ളുകളില്‍ ചവുട്ടി മുറിവുകള്‍ തുടച്ച് മുന്നോട്ട് പോകുവാന്‍ കുട്ടികളെ അനുവദിക്കണം. അവരുടെ മുമ്പിലെ എല്ലാ പ്രശ്നങ്ങളും മാതാപിതാക്കള്‍ പരിഹരിച്ച് പ്രശ്നരഹിതമായ പാതയൊരുക്കുന്നതിനേക്കാള്‍ പ്രശ്നച്ചുഴികളില്‍ ചാടുവാനും സ്വയം നീന്തിക്കയറുവാനും അവരെ അനുവദിക്കുന്നതാണ് ആരോഗ്യകരമായ പേരന്‍റിംഗ്. മുങ്ങിത്താഴുമ്പോള്‍ മാത്രം കൈകൊടുത്താല്‍ മതി.
മുറിവിന്‍റെ വേദന അറിയാനും മറ്റുള്ളവരെ മുറിവേല്‍പിക്കാതിരിക്കാനും മുറിവേല്‍ക്കുന്നവരോട് സഹതപിക്കാനുമൊക്കെ പഠിക്കാന്‍ കുട്ടികള്‍ മുറിവേല്‍ക്കുന്നത് നല്ലതാണ്. മാത്രവുമല്ല, മുറിവേല്‍പിക്കുന്നവരില്‍നിന്ന് വിദഗ്ദ്ധമായി ഒഴിഞ്ഞുമാറാനും അവരെ സെയിഫ് ഡിസ്റ്റന്‍സില്‍ അകറ്റി നിര്‍ത്താനും മുറിവേല്‍ക്കുന്ന കുട്ടികള്‍ പഠിക്കും.
മുറിവുകള്‍ തരുന്ന മുന്നറിവുകള്‍ അതിജീവനത്തിനുള്ള ശക്തിസ്രോതസ്സുകളാണ്.