Monday, July 9, 2018

നിങ്ങളെങ്ങനെ നിങ്ങളായി?

കുറ്റവാളികളുടെ മനശാസ്ത്രം പഠിച്ചിട്ടും പഠിച്ചിട്ടും സമസ്യയായി തുടരുന്ന വിഷയമാണ്. ലോകത്താകമാനം പത്തുമില്യണ്‍ (ദശകോടി) കുറ്റവാളികള്‍ ജയിലിലുണ്ടെന്ന കണക്ക് പൂര്‍ണ്ണമാണെന്നു തോന്നുന്നില്ല.
ഒരാള്‍ കുറ്റാവളിയാകുന്നതിന്‍റെ പിന്നിലെ കാരണങ്ങള്‍ പലരാജ്യങ്ങളിലും സംസ്കാരങ്ങളിലും പലതാണ് ഒന്നിലധികം കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം:
അപമാനവും പീഢനവും നിറഞ്ഞ ബാല്യകാലം, ചികിത്സിക്കപ്പെടാത്ത മനോരോഗങ്ങള്‍, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പരിമിതികള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനിതകഘടകങ്ങള്‍ അങ്ങനെ മനുഷ്യരെ ക്രിമിനലുകളാക്കുന്നതിന്‍റെ പിന്നിലെ കാരണങ്ങള്‍ അനവധിയാണ്. മസ്തിഷകത്തിന്‍റെ ഘടനയും അതിനേല്‍ക്കുന്ന ആഘാതവും അതിന്‍റെ കെമിസ്ട്രിയുമൊക്കെ ക്രിമിനല്‍ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നു പുറത്തു വന്ന സ്റ്റീഫന്‍ എന്ന കുറ്റവാളിയുടെ ജീവിത ദിനവൃത്താന്തം ഇങ്ങനെ: 'മദ്യപാനിയായ പിതാവിന്‍റെ ക്രൂരപീഢനമേറ്റാണ് ഞാന്‍ വളര്‍ന്നത.് സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടില്ല. ഭയന്നു വിറച്ചാണ് വീട്ടില്‍ ഓരോ നിമിഷവും കഴിഞ്ഞിരുന്നത്. വളര്‍ന്നപ്പോള്‍ അപ്പനേപ്പോലെ മദ്യപാനിയായി. പിന്നെ ലഹരി മരുന്നുകള്‍ക്ക് പിറകേ ഓടി. ഇരുപത്തഞ്ചു വയസ്സില്‍ ഹിറോയിന്‍ വില്‍പന നടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്.'

ജയിലുകളിലെ കുറ്റവാളികളുടെ ദീര്‍ഘകാലവാസം സ്വാഭാവത്തില്‍ അനുകൂലമാറ്റമുണ്ടാക്കില്ലെന്നാണ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിന്‍റെ വിദഗ്ദ്ധര്‍ പറയുന്നത്. ജയിലുകളിലെ അതി തിക്തമായ കയ്പുനിറഞ്ഞ അനുഭവങ്ങളും കൊടും ക്രിമിനലുകളുടെ സ്വാധീനവും മൂലം പ്രതികാരദാഹികളും ഹൃദയശൂന്യരും കുറ്റകൃത്യങ്ങളില്‍ വിദഗ്ദധരുമായാണ് പലരും പുറത്തുവരുന്നത്.
ജയില്‍ വിമുക്തരായവരോടുള്ള സമൂഹത്തിന്‍റെ നിഷേധ നിലപാടും വെറുപ്പും വീണ്ടും കുറ്റകൃത്യങ്ങളുടെ വിഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നതും വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജയിലില്‍ നിന്നിറങ്ങി വീട്ടിലെത്തിയപ്പോള്‍ കുടുംബം വാതിലടച്ചു മുഖം തിരിച്ചു. അദ്ദേഹത്തിന്‍റെ ആത്മഹത്യ കുറിപ്പ:്
'എന്‍റെ കുടുംബം എന്‍റെ നേരേ വാതിലടച്ചു, ഇനി എനിക്കാരുമില്ല, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു'.
മാതാപിതാക്കള്‍ കുറ്റവാളികളാകുമ്പോള്‍ ഏറ്റവും ദുരന്തഫലം അനുഭവിക്കുന്നത് കുട്ടികളാണ്. ഇത്തരം 14 മില്യണ്‍ കുട്ടികള്‍ ലോകത്താകെയുണ്ടത്രേ! ഈ കുട്ടികളെ ലൈംഗീക പീഢനത്തിനും ലഹരി കച്ചവടത്തിനും ദുരുപയോഗപ്പെടുത്തുന്നു. ഇവരുടെ പഠനം നിന്നു പോവുന്നു.
ചില ഭവനങ്ങളില്‍ കുടുംബനാഥന്‍ ജയിലിലാകുമ്പോള്‍ അമ്മ കുട്ടികളെ ഉപേക്ഷിച്ച്  പുനര്‍വിവാഹം ചെയ്യുമ്പോള്‍ കുട്ടികള്‍ പൂര്‍ണ്ണ അനാഥരാകുന്നു.
കുറ്റവാളികളുടെ കുടുംബത്തോട് സമൂഹം കാണിക്കുന്ന അയിത്തവും അവഗണനയും അതുണ്ടാക്കുന്ന ലജ്ജയും അഭിമാനക്ഷതവും അതിക്രൂരമാണ്.

ബൈബിള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ 'restorative justice' പ്രോഗ്രാം കുറ്റവാളികളുടെ സ്വാഭാവ രൂപീകരണത്തില്‍ വലിയ സംഭാവനകള്‍ ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനും കുറ്റകൃത്യങ്ങളുടെ വഴിവിട്ട് നീതിബോധത്തിന്‍റെയും മൂല്യപ്രതിബദ്ധതയുടെയും  വഴിയിലൂടെ യാത്ര തുടങ്ങുവാനുള്ള പ്രേരണയാണ് വിദേശരാജ്യങ്ങളിലുള്ള ഈ സംഘടന കൊടുക്കുന്നത്. വളരെയധികം വോളന്‍റിയേഴ്സിന്‍റെയും സ്വഭാവ ശാസ്ത്രജ്ഞരുടെയും പിന്തുണ ആവശ്യമുള്ള പരിശീലനമാണിത്.

മത-രാഷ്ട്രീയ-സാമൂഹ്യസംഘടനകളില്‍ നിന്ന് വോളന്‍റിയേഴ്സിനെ പരിശീലിപ്പിച്ചാല്‍ കുറ്റവാളികളേയും അവരുടെ കുടുംബത്തെയും പുനരധിവസിപ്പിക്കാന്‍ കഴിയും. ഇതുമൂലം കുടുംബത്തിനും രാജ്യത്തിനും ലഭിക്കുന്ന മാനവശേഷി വളരെയധികമാണ്.

മനോ-ശാരീരിക മേഖലകളില്‍ ക്ഷതവും വൈകല്യവും ബാധിച്ച രോഗികളാണ് കുറ്റവാളികള്‍ എന്ന തിരിച്ചറിവ് നീതിന്യായ പാലകര്‍ക്കും പൊതു ജനത്തിനും ഇന്നും ഉണ്ടായിട്ടില്ല. ആരോഗ്യമുള്ള ശരീരവും മനസ്സും ആരോഗ്യകരമായ കുടുംബം സാമൂഹ്യപശ്ചാത്തലവും ഭാഗ്യവശാല്‍ ലഭിച്ചതുകൊണ്ടാണ് പലര്‍ക്കും ശ്രേഷ്ഠരും മാന്യതയുമുള്ളവരാകുവാന്‍ കഴിഞ്ഞത്. ഈ അനുകൂല ഘടകങ്ങള്‍ പലതും കിട്ടാതെപോയവരെ കുറ്റവാളികളെന്നു വിളിച്ച് കല്ലെറിയുന്നത് ചോദ്യം ചെയ്ത് അനുഗ്രഹീത കവി അയ്യപ്പപണിക്കര്‍ പാടി:
പശുവിനെ മോഷ്ടിച്ചതു പാലുകുടിക്കാനായിരുന്നു..
വസ്ത്രം മോഷ്ടിച്ചതു നാണം മറയ്ക്കാനായിരുന്നു..
അരി മോഷ്ടിച്ചത് കഞ്ഞികുടിക്കാനായിരുന്നു..
വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലെ
നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ???