Sunday, July 18, 2021

സങ്കടക്കടലിൽ മുങ്ങിപ്പോയവർക്ക്‌

 പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല. ഈ സങ്കീർണമായ  വിയോഗദുഃഖത്തെ  കോംപ്ലികേറ്റഡ് ഗ്രീഫ് / പെർസിസ്റ്റന്റ് കോംപ്ലക്സ് ബിറീവ്മെന്റ് ഡിസോർഡർ എന്നാണ് പറയുക. സാധാരണ ജീവിതത്തിൽ വൈകാരിക പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥയാണിത്.

വേർപാടിന്റെ ദുഃഖത്തിൽ നിന്ന് സാധാരണ നാല് സമീപനങ്ങളിലൂടെ ആണ് അധികംപേരും കരകയറുന്നത്:നഷ്ടം യാഥാർത്ഥ്യമാണെന്ന സത്യം ക്രമേണ അംഗീകരിക്കും.നഷ്ട ബോധത്തിന്റെ വേദനയും സംഘർഷവുംഅതിജീവിക്കുവാനുള്ള മനക്കരുത്ത് സാവധാനം നേടിയെടുക്കും. നഷ്ടപ്പെട്ട വ്യക്തിയില്ലാത്ത ജീവിതത്തെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് നേടും. സാമൂഹ്യ ഇടപെടലുകളിലൂടെ സാധാരണ ജീവിതശൈലി സ്വായത്തമാക്കും.

ഇത്തരം ആരോഗ്യകരമായ  ചുവടുവയ്പ്പുകളിലൂടെയാണ്‌ അധികം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്.

എന്നാൽ വളരെക്കാലം  കഴിഞ്ഞിട്ടും മനസ്സിലെ വൈകാരിക മരവിപ്പും നിസ്സഹായതയുമായി ഉൾവലിഞ്ഞു കഴിയുന്നവരുണ്ട്. ഇത് രോഗബാധിതമായ വിരഹാവസ്ഥയുടെ ലക്ഷണങ്ങളാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന വിയോഗ ദുഃഖത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം :

നഷ്ടത്തെപറ്റിയുള്ള  ചിന്തകളുടെ ശക്തമായ അടിയൊഴുക്ക് മനസ്സിനെ സദാ വിഷാദ പൂർണമാക്കും. വേർപെട്ടുപോയ വ്യക്തിയെയും മരണ സാഹചര്യങ്ങളെയുംപറ്റിയുള്ള ചിന്തകളായിരിക്കും എപ്പോഴും മനസ്സിൽ. വേർപാട് യാഥാർത്ഥ്യമായി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് നഷ്ടപ്പെട്ട വ്യക്തിയുമായി ആത്മബന്ധത്തിനുള്ള ശക്തമായ ആഗ്രഹം തുടർന്നു കൊണ്ടിരിക്കും. വൈകാരിക മരവിപ്പും സാമൂഹ്യ ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ ഏകാന്തത സൃഷ്ടിക്കും. 

ജീവിതത്തിലെ സന്തോഷവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും ആസ്വദിക്കാൻ കഴിയാതെ വരും.

ദൈനംദിന കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യക്കുറവ്, അമിത വിഷാദം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മനോ-ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടിരിക്കും.

ദുരന്തം സംഭവിച്ചത് തന്റെ ശ്രദ്ധക്കുറവു കൊണ്ടാണെന്നകുറ്റബോധവും ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലും ശക്തമാകും. 

വേർപാടിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാവർക്കും തന്നെ അനുഭവപ്പെടുന്ന പ്രതിസന്ധികളാണ് ഇതൊക്കെ. ക്രമേണ  ഇവയുടെ  കാഠിന്യം കുറയുകയും സാധാരണ അവസ്ഥയിലേക്ക് അധികംപേരും തിരിച്ചു വരികയും ചെയ്യും.

എന്നാൽ ഒരു വർഷത്തിനു ശേഷവും വിയോഗ ദുഃഖവും നിസ്സഹായതയും ആത്മഹത്യാപ്രവണതയും ഒക്കെ തുടരുന്നുണ്ടെങ്കിൽ അടിയന്തര മെഡിക്കൽ കെയർ നൽകേണ്ടതുണ്ട്.

ജീവിത ദുരന്തങ്ങളിൽ  അടിപതറി വീഴുന്നവരിൽ ചിലർക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വരുന്നതിന്റെ പിന്നിൽ പല കാരണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് :

വേർപാട് ഉണ്ടാക്കുന്ന ആഘാതത്തിന്റെ കാഠിന്യം, നിലവിലുള്ള മനോരോഗങ്ങൾ,  ലഹരി ആസക്തി,  വ്യക്തിത്വ വൈകല്യങ്ങൾ, സംഘർഷ സാഹചര്യങ്ങളോടുള്ള അനാരോഗ്യകരമായ പ്രതികരണ രീതി, അത്യാഹിത മരണം,  കുട്ടികളുടെ വേർപാട്, സാമ്പത്തികപ്രതിസന്ധി,  വാർദ്ധക്യം തുടങ്ങിയവയൊക്കെ ചിലരെ നിത്യ ദുഃഖതിലാക്കുന്ന ഘടകങ്ങളാണ്.

വിയോഗ ദുഃഖത്തിലായിരിക്കുന്ന വ്യക്തിയെ സാന്ത്വനിപ്പിക്കാൻ   വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇടയന്മാർക്കും പലതും ചെയ്യുവാൻ കഴിയും :

നഷ്ടബോധവും നിരാശയും  പങ്കുവെക്കാനും  കരയുവാനും രോഗിയെ  അനുവദിക്കുക. പറയുന്ന വികാരങ്ങൾക്ക് പാതി ഘനമേ ഉള്ളൂ എന്നതാണ് സത്യം. വളരെയധികം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.

ദുരന്തങ്ങളിൽ തട്ടിവീണ് ചിതറിപ്പോയ ജീവിതം കൂട്ടി ചേർക്കുവാൻ സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുവാൻ ഫെയ്ത് കമ്മ്യൂണിറ്റിയും അയൽക്കാരും സുഹൃത്തുക്കൾക്കും തയ്യാറാകുന്നത് ദുഃഖത്തിൻറെ കാഠിന്യം ലഘൂകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും  സഹായിക്കും.

ബിറീവ്മെന്റ് കൗൺസിലിങ്ങിനും മെഡിക്കൽ കെയറിനുമായി ആരോഗ്യ വിദഗ്ധരും പരിശീലനം ലഭിച്ച ക്രിസ്ത്യൻ കൗൺസിലേഴ്സുമായി  ബന്ധപ്പെടുന്നത് വളരെ  സഹായകമാണ്.

തീച്ചൂളയിൽ ഡാനിയേലിന്റെ കൂട്ടുകാരോടൊപ്പം നടന്ന ദൈവത്തിൽ പ്രത്യാശ ഉറപ്പിക്കാൻ സ്നേഹപൂർവ്വം തിരുവചനം പങ്കുവെക്കുന്നത് സാന്ത്വന പ്രദവും സൗഖ്യദായകവുമാണ്. ദൈവകോപം, ശാപദോഷം, പാപത്തിന്റെ ദുരന്തഫലം തുടങ്ങിയ വാക്ക് മിസൈലുകൾ കൊണ്ട് തകർന്ന മനസ്സിനെ വീണ്ടും ചിതറിച്ചു കളയാതെ, കണ്ണുനീരിലും കഷ്ടതയിലും കൈവിടാത്ത കർത്താവിലുള്ള പ്രത്യാശയിൽ സ്നേഹപൂർവ്വം മനസ്സിന്റെ അടിസ്ഥാനമുറപ്പിക്കണം .

യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. -ആവർത്തനം 31:8

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ  രക്ഷിക്കുന്നു.-സങ്കീർത്തനങ്ങൾ 34:18

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും -യോഹന്നാൻ14:1-3