Sunday, January 16, 2022

Prayer for media detox

 


                      

ദൈവമേ, ആശയവിനിമയത്തിനും വിവരസാങ്കേതിക വളർച്ചയ്ക്കുംമായി അവിടുന്ന് നൽകിയ സോഷ്യൽ മീഡിയയ്ക്കും ഹൈടെക് സ്കില്ലുകൾക്കുമായി സ്തോത്രം!

മറ്റുള്ളവരിലെ നല്ല ഗുണങ്ങളെ ആദരിക്കാനും സത്യസന്ധമായ ആശയവിനിമയത്തിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മീഡിയയിൽ പ്രവേശിക്കുമ്പോൾ ചില തിരുവചന മാർഗ്ഗനിർദ്ദേശങ്ങൾ എന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കേണമേ :
'നാം ഓരോരുത്തരും അയല്‍ക്കാരന്റെ നന്‍മയെ ഉദ്‌ദേശിച്ച്‌ അവന്റെ ഉത്‌കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.'  റോമാ 15 : 2

ദൈവമേ,  മറ്റുള്ളവർക്ക് അവിടുന്ന് നൽകിയ സവിശേഷതകളെയും താലന്തുകളെയും  പരിപോഷിപ്പിച്ച്, അവർ നേടിയ നേട്ടങ്ങളെയും അനുഗ്രഹങ്ങളെയും അഭിനന്ദിക്കാനും ദൈവത്തിനു സ്തോത്രം ചെയ്യുവാനുള്ള വേദിയായി മീഡിയ  പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവരെ ആദരിക്കുവാൻ പൗലോസ് അപ്പോസ്തോലൻ നൽകിയ ഉപദേശം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിലനിർത്തേണമേ.

'മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.' ഫിലിപ്പി 2 : 3-5

ദൈവമേ, മീഡിയ പ്ലാറ്റ്ഫോമിൽ  നിൽക്കുമ്പോൾ  അസൂയ, പരിഹാസം, വെറുപ്പ് തുടങ്ങിയ ദൈവ തിരുനാമ മഹത്വത്തിന് കളങ്കം ഉണ്ടാക്കുന്ന നിഷേധ വികാരങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്തുവാൻ സഹായിക്കേണമേ. ദൈവത്തിന്റെ പ്രിയ സൃഷ്ടികളും ദൈവാത്മാവ് വസിക്കുന്നവരും ആയ സഹോദരങ്ങൾക്ക് അപകീർത്തിയും വേദനയുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും വിവേചനബുദ്ധിയും നൽകേണമേ. ദിവ്യസ്നേഹത്തിന്റെ തിരുവചന മർമ്മങ്ങളാൽ എന്റെ വികാരവിചാരങ്ങൾ നിയന്ത്രിക്കപ്പെടേണമെ.

ദൈവമേ, മീഡിയയിലെ ചപ്പുചവറുകൾ കൊണ്ട് മനസ്സു നിറയ്ക്കുന്നതുമുലം മാനസികാരോഗ്യത്തിലുണ്ടാകുന്ന പ്രതിസന്ധിയും പിരിമുറുക്കവും  ഒഴിവാക്കുവാൻ മീഡിയയിലെ നല്ല തിരഞ്ഞെടുപ്പിന് എനിക്ക് വിവേചന വരം തന്ന്‌ സഹായിക്കേണമെ.  പ്രാർത്ഥനയ്ക്കും തിരുവചന ധ്യാനത്തിനും കുടുംബ സൗഹൃദങ്ങൾക്കുമായി ഹൃദയം തുറക്കുവാനുള്ള താൽപര്യവും ദൃഢനിശ്ചയവും നൽകേണമേ. സോഷ്യൽ മീഡിയ, വിഗ്രഹവും ആസക്തിയും ആകുമ്പോൾ ഉറച്ച തീരുമാനത്തോടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും വ്യക്തിബന്ധങ്ങളിലേക്കും ദൈവ ബന്ധത്തിലേക്കും ശ്രദ്ധ തിരിപ്പിക്കുവാനുള്ള ഇച്ഛാശക്തി നൽകേണമേ .

സോഷ്യൽ മീഡിയ  എന്നിലുണ്ടാക്കിയ മുൻവിധികളും തെറ്റുദ്ധാരണകളും പാപമാലിന്യ ചിന്തകളും വികാരങ്ങളും എന്റെ ഹൃദയത്തിൽ നിന്ന് പുണ്യ രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. അനുകൂല കാഴ്ചപ്പാടും മനോഭാവവും പുനസ്ഥാപിക്കേണമേ.
'ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 51 : 10

മാനുഷികവും ജഡീകവും ലൗകികമായതു മാത്രം ചിന്തിക്കാതെ ദൈവീകമായതും കൂടെ ചിന്തിക്കുവാനുള്ള പരിശുദ്ധാത്മ പ്രേരണയും താല്പര്യവും നൽകേണമേ. ദൈവത്തോട് ചേർന്ന് നടക്കുവാനുള്ള തിരുവചന മാർഗ്ഗനിർദ്ദേശം സ്വീകരിക്കുവാൻ എന്നെ സഹായിക്കേണമേ.
'നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന റോമാലേഖനത്തിലെ ഉപദേശം എന്റെ ചിന്തകൾക്ക് വഴിയും വെളിച്ചവുമാകേണമേ

ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമാകുന്ന എന്റെ ശരീരവും അങ്ങയുടെ മഹത്വം കാണുവാനുള്ള എന്റെ കണ്ണുകളും സ്തുതി പാടുവാനും സ്തുതി കേൾക്കാനുമുള്ള അധരങ്ങളെയും കേൾവിശക്തിയെയും വിശുദ്ധമായി സൂക്ഷിക്കാനും എന്നെ തന്നെ  തിരുസന്നധിയിൽ തിരുമുൽ കാഴ്ചയായി സമർപ്പിക്കാനുമുള്ള കൃപ തന്ന് സഹായിക്കണമെ.

മാതാപിതാക്കൾ ചെയ്തു കാണുന്നത് മക്കളും അനുകരിക്കുമെന്ന് അരുളിച്ചെയ്ത കർത്താവേ, ഞങ്ങളിലെ മീഡിയ അഡിക്ഷനും അതുണ്ടാക്കിയ സ്വഭാവബലഹീനതകളും കുട്ടികളിൽ സ്വാധീനം ചെലുത്താതിരിക്കുവാൻ വിവേചനത്തോടും ആത്മനിയന്ത്രണത്തോടും കൂടെ മീഡിയ ഉപയോഗിക്കാനുള്ള പക്വത തന്ന് സഹായിക്കേണമേ.

   സോഷ്യൽ മീഡിയയിലൂടെ തിരുവചന സത്യങ്ങൾ പഠിക്കുവാനും സുവിശേഷം കേൾക്കുവാനും  ആരാധിക്കുവാനും കൂട്ടായ്മ ആചരിക്കുവാനും ക്രിസ്തു സമർപ്പിതരായ നല്ല മോഡലുകളെ കണ്ടെത്താനുമുള്ള അനന്ത സാധ്യതകളിലേക്ക് എന്നെ കൈപിടിച്ചു നടത്തേണമേ.

പാപഫലം പുറപ്പെടുവിക്കാൻ സാത്താൻ മീഡിയ ദുരുപയോഗപ്പെടുത്തുമ്പോൾ, ദൈവ തിരുനാമ മഹത്വത്തിനും ആരാധനയ്ക്കും സ്തോത്ര സമർപ്പണത്തിനും തിരുവചന ഘോഷണത്തിനുമുള്ള വിശുദ്ധ പ്ലാറ്റ്ഫോം ആക്കി സോഷ്യൽ മീഡിയയെ  പ്രയോജനപ്പെടുത്തുവാൻ കൂടുതൽ സമർപ്പിത ദൈവ മക്കളെ അണിനിരത്തേണമേ.

ലഹരി മാഫിയകളും ലൈംഗിക വ്യവസായികളും വ്യക്തിത്വ വൈകല്യമുള്ള സാമൂഹ്യദ്രോഹികളും സോഷ്യൽ മീഡിയയിൽ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഞങ്ങളുടെ മക്കൾക്ക് ദിശാബോധവും  തിരിച്ചറിവും നൽകേണമേ. ദുരന്ത കെണിയിൽ വീണു പോയ ഇടംവലമറിയാത്ത കുഞ്ഞുങ്ങളെ അവിടുന്ന് മോചിപ്പിക്കണമേ.

ലോകം മുഴുവൻ വിരിച്ചിരിക്കുന്ന ഇന്റർനെറ്റ് ആകുന്ന വൻ വലയിൽ ബന്ദികളാക്കപെട്ടിരിക്കുന്ന ആത്മാക്കൾക്ക് തിരിച്ചറിവും പ്രതികരണശേഷിയും നൽകി രക്ഷപ്പെടുവാൻ വിമോചനത്തിന്റെ ആത്മാവിനെ നൽകേണമേ.

ആകെയല്പ നേരം മാത്രമുള്ള ഈ ഭൂമിയിലെ ജീവിതം ദൈവ നിയോഗങ്ങൾക്കും നിത്യതയ്ക്കുമായി ഒരുങ്ങുവാനും പ്രയോജനപ്പെടുത്തുവാനും സഹായിക്കേണമേ. എന്റെ ആയുസ്സിന്റെ കലണ്ടറിൽ അവിടുന്ന് അനുവദിച്ചിട്ടുള്ള വിലപ്പെട്ട സമയങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ചോദ്യത്തിന് തൃപ്തികരമായി കണക്കു പറയുവാൻ തക്കവണ്ണം സമയം തക്കത്തിലും പ്രയോജനകരമായും ഉപയോഗിക്കാനുള്ള ഉൾക്കാഴ്ച നൽകേണമേ.

  സോഷ്യൽ മീഡിയ അഡിക്ഷൻമൂലം തകർന്ന വ്യക്തികൾക്കും കുടുംബത്തിനും കുട്ടികൾക്കും ദാമ്പത്യ പങ്കാളികൾക്കും വേണ്ടി  അങ്ങ് ചൊല്ലിയ മഹാപുരോഹിത പ്രാർത്ഥന ഒരിക്കൽ കൂടി ആവർത്തിക്കുവാൻ എന്നെ അനുവദിക്കേണമേ:

'പരിശുദ്‌ധനായ പിതാവേ, ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, ഇവര്‍ ലോകത്തിലാണ്‌...
ലോകത്തില്‍നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.

-ഫാ. ഡോ. ഏ. പി. ജോർജ്
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
യോഹന്നാന്‍ 17 : 11-24







No comments:

Post a Comment