Thursday, November 24, 2022

Don't be mean to yourself

 'മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.'

സദൃശ്യവാക്യങ്ങൾ 18:21 

മരണവും ജീവനും നാവിൽ നിന്ന് വരുന്നു എന്ന ശലോമോന്റെ കാഴ്ചപ്പാട് ഉദാത്തമാണ്. നമ്മൾ മറ്റുള്ളവരെപ്പറ്റി സംസാരിക്കുമ്പോഴും നമ്മെ പറ്റി ചിന്തിക്കുമ്പോഴും മരണത്തിനും ജീവനും,  പ്രത്യാശക്കും നിരാശക്കുമുള്ള  സാധ്യതകൾ ഉണ്ട്.

സംസാരിക്കേണ്ടതും സംസാരിക്കാതിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുവാനും നിയന്ത്രിക്കുവാനുമുള്ള  കഴിവും വിവേചനവരവും ദൈവം നമുക്ക് തന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും നമ്മൾ അത് പ്രയോജനപ്പെടുത്താറില്ലെന്ന് മാത്രം.

ഓരോ ദിവസത്തിന്റെ അവസാനവും നമ്മൾ ചിന്തിച്ചതും മറ്റുള്ളവരോടു സംസാരിച്ചതും എന്തൊക്കെയാണെന്ന് ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്. ആത്മവിശ്വാസം തകർക്കുന്നതും മുറിവേൽപ്പിക്കുന്നതുമായ ചിന്തകളാണ് നമ്മെ പറ്റി നമ്മൾ നിരാശയും പരാജയബോധവും വിഷാദവും മനസ്സിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടാക്കികൊണ്ടിരിക്കും. എന്നെ ആരും സ്നേഹിക്കുന്നില്ല, ഞാനൊരു പരാജയമാണ്, എന്റേത് നികൃഷ്ട ജന്മമാണെന്ന ചിന്തകളുടെ വേലിയേറ്റം ശക്തമാകുമ്പോഴാണ് പലരും നിരാശയിലേക്കും ആത്മഹത്യയിലേക്കും ചുവടുവെക്കുന്നത്. നമ്മിലെ നിഷേധ ചിന്തകൾക്ക് പ്രോത്സാഹനം കൊടുത്താൽ പിന്നീട് അത്‌ വാക്കുകളും പ്രവർത്തികളുമായിത്തീരും. അത്‌ നമുക്കും മറ്റുള്ളവർക്കും പ്രതിസന്ധി ഉണ്ടാകും.

അതെ, നിഷേധ ചിന്തകൾ സ്വയം നിറയൊഴിക്കലാണ്, സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കലുമാണ്.

നമ്മുടെ വാക്കുകളെയും പ്രവർത്തികളെയും മനോഭാവങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളാണ്. ഒരു ശരാശരി മനുഷ്യന്റെ മനസ്സിൽ ഒരു ദിവസം 54000ത്തോളം ചിന്തകൾ വിരിയുന്നുണ്ടത്രേ!

ഈ ചിന്തകളിൽ നമുക്കും മറ്റുള്ളവർക്കും ക്ഷതവും മരണവും ഉണ്ടാക്കുന്ന  നിഷേധചിന്തകളെ നാം നിരീക്ഷിച്ച്, തിരിച്ചറിയേണ്ടതാണ്.

ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി ഉയരുന്ന എല്ലാ ചിന്തകളെയും താൻ പിടിച്ചടക്കുന്നു എന്നാണ് പൗലോസ് അപ്പോസ്തോലൻ പറയുന്നത്:

'ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.

അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കുന്നു.' 2 കൊരിന്ത്യർ10:4-5

ചിന്തകൾ ക്രമേണ പ്രതികരണങ്ങളും പ്രവർത്തികളുമായി രൂപപ്പെടുമെന്നതുകൊണ്ട് ചിന്തകളുടെ മേൽ ഒരു നിയന്ത്രണവും ക്വാളിറ്റി കൺട്രോളും അത്യാവശ്യമാണ്.

നമ്മുടെ മനസ്സിൽ രൂപംകൊള്ളുന്ന പ്രതികാരം, സംശയം, തെറ്റുധാരണ തുടങ്ങിയ ചിന്തകൾ പല ദുരന്തങ്ങൾക്കും ബന്ധങ്ങളുടെ തകർച്ചക്കും കാരണമാകാറുണ്ട്.

നിഷേധ ശക്തികൾ നമ്മിൽ വിഷലിപ്ത ചിന്തകൾ ഉണർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് അപ്പോസ്തലൻ പത്രോസ് പറയുന്നത്:

'നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.'1 പത്രോസ് 5 : 7-8.

മനസ്സിലെ പ്രതികാര ചിന്തകൾമൂലം ആഞ്ഞടിച്ച വികാര കൊടുങ്കാറ്റിന്റെ വഴിയെ സഞ്ചരിച്ച എത്രയോ ആളുകളാണ് കൊലപാതകങ്ങളുടെയും വർഗീയ കലാപങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും കുറ്റക്കാരായി തീർന്നത്. 

നമ്മുടെ മനസ്സുപറയുന്ന പാഴ് വാക്കുകൾ മുഴുവനും വിശ്വസിക്കരുത്. നമ്മുടെ ചിന്തകൾ  എപ്പോഴും  ശരിയാകണമെന്നില്ല. ചിലത് തെറ്റുദ്ധാരണകളും സംശയവും ഭയവുംമൂലമുണ്ടാകുന്ന അബദ്ധ ചിന്തകൾ ആയിരിക്കാം. നമ്മുടെ ചിന്തകളിൽ ചിലതിനെ നമുക്ക് തള്ളേണ്ടിവരും, സ്വയം തിരുത്തേണ്ടി വരും.  നല്ല ചിന്തകളും  അധമ ചിന്തകളും വിരിയുന്ന വയലാണ് നമ്മുടെ മനസ്സ് .

എങ്ങനെയാണ് മനസ്സിൽ അധമ ചിന്തകൾ ഉണ്ടാകുന്നത്?

നമ്മുടെ കഴിഞ്ഞകാല ദുരനുഭവങ്ങൾ, ഇപ്പോഴത്തെ വൈകാരിക സംഘർഷങ്ങൾ, മത്തിഷ്കത്തിലെ രാസപ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ, മീഡിയ മനസ്സിൽ വിളമ്പുന്ന ഗോസിപ് ചിന്തകൾ അങ്ങനെ പലതും അധമ- നിഷേധ ചിന്തകൾക്ക് പിന്നിലെ കാരണങ്ങളാകാം.

നിഷേധ ചിന്തകൾ മനോ- ശാരീരിക മേഖലകളിൽ പിരിമുറുക്കങ്ങൾ ഉണ്ടാക്കും. ജീവിത മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന ജഡത്തിന്റെ  തന്ത്രങ്ങളാണ് അതൊക്കെ. ഈ നിഷേധ ചിന്തകളെ നേരിടുവാനുള്ള ഏക വഴി  ചിന്തകളിലെ സത്യവും മിഥ്യയും   തിരിച്ചറിയലാണ്. ക്രിസ്തു പറഞ്ഞു:  സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന്.

അബദ്ധ ചിന്തകളിൽ നിന്നുള്ള വിമോചനത്തിന് സഹായിക്കുന്നത് തിരുവചന സത്യങ്ങളാണ്.

'ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.'

എബ്രായർ 4:12.

ചിന്തകളെ ശ്രദ്ധിക്കുക,  നിഷേധ ചിന്തകളെ തിരിച്ചറിയുക,  വികല ചിന്തകൾ  മറ്റുള്ളവരോട് പങ്കിടാതിരിക്കുക... ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് 

Pay attention, identify the negative thoughts, And replace those lies with truth before you speak.

നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കുവാൻ കഴിയാതെ വരുമ്പോൾ സമാധാനവും സന്തോഷവും പ്രതിസന്ധിയിലാകും. മറ്റുള്ളവരെ സ്നേഹിക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെവരും . നിഷേധ ചിന്തകൾ മനസ്സിലുണ്ടാക്കുന്ന  വെറുപ്പും വിദ്വേഷവും നമ്മളോടും മറ്റുള്ളവരോടും പ്രകടിപ്പിക്കുവാൻ തുടങ്ങും. ദൈവസ്നേഹം ഹൃദയത്തിൽ നിറയുന്നതുകൊണ്ട്‌ മാത്രമേ ഈ പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ.

'പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.'

റോമാ 5 : 5

ദൈവസ്നേഹം നമ്മളിൽ നിറയ്ക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം. ഇതിന് ഹൃദയശുദ്ധിയോടെ പ്രാർത്ഥിച്ചാൽ മതി. കാനാവിലെ കല്യാണ വിരുന്നിൽ,  വെടിപ്പാക്കിയ കൽഭരണികളിലെ  വെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കി മാറ്റിയത് പോലെ നമ്മുടെ ഹൃദയത്തിൽ ദൈവം തന്റെ സ്നേഹവും സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കും.

ദൈവസ്നേഹം നമ്മിൽ നിറയുമ്പോൾ, നമുക്ക് നമ്മെയും മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിയും. ദൈവത്തിന്റെ മക്കളായ മറ്റുള്ളവരെ ആദരിക്കുവാനും സാധിക്കും. പ്രത്യാശയുടെയും ആത്മഹർഷത്തിന്റെയും ചിന്തകൾ മനസ്സിൽ സജ്ജിവമാകും.

ജീവിതത്തിൽ പല വീഴ്ചകളും വന്നിട്ടുണ്ടെങ്കിലും ദൈവം എന്നും എപ്പോഴും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുവാൻ നമുക്ക് കഴിയണം. വീഴ്ചകൾക്ക് മാപ്പ് ചോദിക്കണം. നമ്മിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ദൈവസ്നേഹത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയണം. ലോകം നമ്മെ വെറുക്കുമ്പോഴും, പഴി ദുഷികൾ പറയുമ്പോഴും ദൈവം നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം മറക്കരുത്. ദൈവം നമ്മെ സ്നേഹിക്കുമ്പോൾ നമ്മൾ നമ്മളെ വെറുക്കുന്നത് ദൈവനിഷേധമാണ്. അമ്മയുടെ ഉദരം മുതൽ ജീവിതത്തിലെ എല്ലാ വീഴ്ച താഴ്ചകളിലും തന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന ദൈവത്തോട് നന്ദിയും കടപ്പാടുമുള്ള ഹൃദയമായിരുന്നു ദാവീദിന്റെത് :

'അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.

ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.

എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.'

സങ്കീര്‍ത്തനങ്ങള്‍ 139 : 13-16

ദൈവം നമ്മെ പൂർണമായി അറിയുന്നു.  നമ്മുടെ കഴിഞ്ഞ കാലങ്ങളും ദൈവത്തിന് അറിയാം.  നമുക്ക് എന്തെല്ലാം വീഴ്ചകൾ വന്നാലും നമ്മൾ ദൈവത്തിന്റെ സ്വന്തം മകനും മകളുമാണ്.  തന്റെ ഏക പുത്രനെ ലോകത്തിലേക്ക് അയച്ചതും  ക്രൂരമായ യാതനകൾ സഹിച്ച് കുരിശിൽ മരിച്ചതും ദൈവത്തിന് വ്യക്തിപരമായി എന്നോടും നിങ്ങളോടുമുള്ള  ആത്യന്തിക  സ്നേഹം കൊണ്ടാണ്.

'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'

യോഹന്നാന്‍ 3 : 16

യാതൊരു ദുരന്തങ്ങൾക്കും നിഷേധ ശക്തികൾക്കും നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുവാൻ കഴിയില്ല :

'ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.'

റോമാ 8 : 39

ദൈവത്തിന്റെ ഈ അൽഭുത സ്നേഹം നമ്മുടെ സ്ഥാനമാനങ്ങളും ആത്മീയ അനുഷ്ഠാനങ്ങളും കൊണ്ടു നമ്മൾ നേടിയെടുത്തതല്ല. ദൈവത്തിന്റെ സൗജന്യ ദാനമാണ്.

അതുകൊണ്ട് ദൈവത്തിന്റെ വിസ്മയ സൃഷ്ടികളും മക്കളുമായ നമ്മൾ നമ്മളോടും മറ്റുള്ളവരോടും ക്രൂരമായി പെരുമാറരുത്.

Learn to speak kindly to yuorself andstop being so mean.

ജീവനും ചൈതന്യവും സ്നേഹവും നിറഞ്ഞ ചിന്തകൾ കൊണ്ട് നമ്മളെയും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. ദൈവത്തിന്റെ പ്രിയ സൃഷ്ടികളായ നമുക്കെതിരായി, നമ്മുടെ ആത്മ ശരീര മനസ്സുകൾക്കെതിരായി  ഒരു ദോഷവും നമ്മൾ ചെയ്യരുത്, ചിന്തിക്കരുത്, പ്രവർത്തിക്കരുത്. ദൈവത്തിന്റെ പ്രിയ മക്കളായ സഹോദരങ്ങളേ മുറിവേൽപ്പിക്കരുത്. ആരുടെയും ജീവന്റെ മേൽ കൈ വെക്കരുത്.

ഏറ്റവും ഭയാനകമായ രോഗങ്ങൾ ക്ഷയവും ക്യാൻസറും അല്ല,  ആർക്കും വേണ്ടാത്തവരായിരിക്കുകയും സ്നേഹിക്കപ്പെടാതിരിക്കുന്നതും ആണെന്ന്  മദർ തെരേസ ഒരിക്കൽ പറഞ്ഞു.

നമ്മൾ നമ്മളെ കൈവിട്ടാൽ, വെറുത്താൽ പിന്നെ നമുക്ക് ആരുണ്ട്? ആരെല്ലാം  തള്ളി പറഞ്ഞാലും നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ  ശരീരത്തെ നശിപ്പിക്കരുത്. രൂപാന്തരം പ്രാപിച്ച് നിത്യതയിൽ വിശുദ്ധരായി ദൈവത്തോടൊപ്പം വസിക്കുവാനുള്ള ഈ ശരീരത്തിന്റെ ഉത്തരവാദിത്വബോധമുള്ള കാര്യവിചാരകരാകണം നമ്മൾ. നോമ്പുകാലങ്ങളിൽ മാത്രമല്ല, ആത്മ ശരീര മനസ്സുകളെ അശുദ്ധമാക്കുന്ന ന്മകളെ എല്ലാം അകറ്റിനിർത്തി മാനസികാരോഗ്യം സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം.

  ദൈവ സൃഷ്ടികളെ നശിപ്പിക്കാൻ കരുനീക്കങ്ങൾ നടത്തുന്ന   സാത്താന്റെ കരങ്ങളിൽ നമ്മളെ ഒരിക്കലും ഏൽപ്പിച്ചു കൊടുക്കരുത്. ആസക്തികളും ദുരാഗ്രഹങ്ങളും ചിട്ടയില്ലാത്ത അനാരോഗ്യകരമായ ജീവിതശൈലികളും മൂലം ശരീരത്തെ നശിപ്പിക്കരുത്. ആത്മാവിനെ മലിനമാക്കരുത്. നമ്മളോടും മറ്റുള്ളവരോടും ഉള്ള വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ദൈവ സ്നേഹത്തെപ്പറ്റി നമ്മൾ ഓർക്കണം. കയീന്റെയും യൂദാസിന്റെയും  ജീവിതം ദുരന്തപൂർണ്ണമാക്കിയ വെറുപ്പ് മനസ്സിൽ കടന്നുവരുമ്പോൾ ജാഗ്രത പുലർത്തണം. വെറുപ്പിന്റെ വൻകയങ്ങളിൽ നിന്ന് നമ്മെ കൈപിടിച്ചുയർത്തുവാൻ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ശക്തമായ കരങ്ങൾക്ക് കഴിയുമെന്ന്‌ ഉറച്ചു വിശ്വസിക്കണം.

-ശുഭാശംസകൾ!

 ഏ. പി. ജോർജച്ചൻ 



No comments:

Post a Comment