Wednesday, May 3, 2017

ന്‍റെ അമ്മക്കുട്ടി

                                            ന്‍റെ അമ്മക്കുട്ടി


എന്നുംജോലികഴിഞ്ഞ് അമ്മയെ കാണാന്‍ അവള്‍ നേനഴ്സിംഗ്ഹോമില്‍ പോകും. മിക്കപ്പോഴും റെസ്ട്രയിന്‍ ചെയ്തവീല്‍ചെയറില്‍ അസ്വസ്ഥയായി അമ്മ ബഹളംവയ്ക്കുകയായിരിക്കും. 'അമ്മേ' എന്നു വിളിയ്ക്കുമ്പോള്‍ത്തന്നെ ശാന്തമാകും.  കണ്ണുതുറക്കാതെ അമ്മ ചോദിക്കും:
അമ്മയോ, ആരുടെ അമ്മ?

  • രജനി മോളുടെ അമ്മ.എന്നെ ഓര്‍ക്കുന്നില്ലെ?

രജനിയോ, അതാരാപോലും? നീ ഏതാടീമോളെ?

  • ഞാന്‍ അമ്മേടെ മോളാണ്.  ഓര്‍ത്തു നേനാക്ക്യേഎന്നെ ഓര്‍ക്കുന്നില്ലെ?

എനിക്കറിയാന്‍ മേലാ.  എവിട്യാ നിന്‍റെ വീട്?

  • അമ്മേടെ വീടുതന്ന്യാഎന്‍റെവീടും.  അമ്മേടെ വീടെവിട്യാന്നു പറഞ്ഞേ.

ഓ അതങ്ങുവടക്കാ, കൊറെ പോണം.

  • വടക്ക ്സ്ഥലപ്പേരില്ലെ? അങ്കമാലി, തൃശ്ശൂര്‍, ചാലക്കുടി.. ഏതാസ്ഥലപ്പേര്?

വീടെവിട്യാന്നറിഞ്ഞിട്ട് എന്താ നിനക്ക്?

  • അമ്മയെല്ലാം ഓര്‍ക്കുന്നുണ്ടോന്നറിയാനാ, പറയമ്മേ.

ഇതെന്നാ ഓര്‍മ്മപ്പരീക്ഷ്യാണോ?

  • അതെ ഓര്‍മ്മപ്പരീക്ഷ തന്നെ.  ഈ കുട്ടിയ്ക്ക് എത്ര മാര്‍ക്കുകിട്ടുമെന്നറിയാലോ.  പറയ്, എവിട്യാ അമ്മേടെ വീട്?

ഒരുപാട്തട്ടിപ്പുകാരു നടക്കണണ്ട്.  മോനാ മോളാന്നു പറഞ്ഞുവരും.  എല്ലാംകട്ടോണ്ടുപോകും.

  • ഞാന്‍ അമ്മേടെ മോള് രജന്യാ. മോട്ടിക്കാന്‍ വന്നതൊന്നുമല്ല. കണ്ണുതൊറന്നു നോക്യേ.  രജനിമോളെ കണ്ടാല്‍ മനസ്സിലാകും.

അതിനൊന്നും ഇപ്പോ പറ്റില്ല.

  • ദേ, ഈ കാപ്പി ഞാന്‍ അമ്മയ്ക്ക് വാങ്ങിക്കൊണ്ടുവന്നതാ. കണ്ണുതുറന്ന് ഒന്നുകുടിച്ചേ.

എനിക്കുവേണ്ട, ആരാ എന്താന്നറിയാതെ വല്ലതുംകഴിച്ചാല്‍ വെഷമാണെങ്കിലോ?

  • എന്താമ്മേ ഇതൊക്കെ.  അമ്മേടെ രജനിമോള്‍ അമ്മക്ക് വെഷംതര്വോ?

ആര്‍ക്കറിയാം?

  • അമ്മയെന്താ അപ്പയെപ്പറ്റിചോദിക്കാത്തെ?

അതാരാ?

  • ആരാന്നോ, നമ്മുടെ അപ്പ.  അമ്മേടെ ആളെ  ഓര്‍ക്കണില്ലെ?

എങ്ങിനെ ഓര്‍ക്കാനാ, എന്തോരുംആളുകളെകാണണു.

  • അതുപോലെയാണോ നമ്മുടെ അപ്പ? കഴിഞ്ഞ ദിവസം അപ്പ വന്നപ്പോ എന്താ അമ്മ മിണ്ടാതിരുന്നത്.  അപ്പയ്ക്ക് വല്യ വെഷമമായി.

അതുവ്വ്വോ?

  • അമ്മയെന്താ മിണ്ടാതിരുന്നത്?  അമ്മയല്ലെ അപ്പയ്ക്ക്ചോറു വിളമ്പിക്കൊടുക്കാറ്?  അപ്പ ഓഫീസില്‍ നിന്നു വരുന്നതും നോക്കി ഇറയത്ത് ഇരിക്കാറുള്ളത് ഓര്‍ക്കണില്ലെ?  മാതാവിന്‍റെ പള്ളീല് രണ്ടുപേരും ഒരുമിച്ച് പോകാറില്ലെ?

ആര്‍ക്കറിയാം?.

  • അപ്പയ്ക്ക് ഇപ്പോ നല്ല സുഖമില്ല.  നടക്കാന്‍ ബുദ്ധിമുട്ടാണ്.  കെടപ്പിലായി.     

മരണോണ്ടാവ്വോ?

  • എന്താമ്മേ ഇപ്പറയണത്? അപ്പ മരിക്കണതില്‍ അമ്മയ്ക്കു വെഷമോ ല്ലെ?  എന്തുസ്നേഹായിരുന്നു അപ്പയ്ക്ക് അമ്മയെ.  അമ്മേടെ കടലക്കറീം പുട്ടുംഅപ്പയ്ക്ക് എന്തിഷ്ടായിരുന്നു.

കടലക്കറീംമാങ്ങാക്കറീം, ഈ പെങ്കൊച്ചു പറേണതൊന്നും എനിക്കു മനനസ്സിലാവണില്ല, നീ ഏതാടീകൊച്ചേ?

  • ഞാന്‍ രജനിയല്ലേ അമ്മേ.  അമ്മേടെ മൂന്നാമത്തെ പുന്നാരമോള്.

ഓഹോ അങ്ങനേം ഒരെണ്ണമുണ്ടോ?

  • ഉണ്ടല്ലോ.രണ്ടാണ്‍കുഞ്ഞുങ്ങളുണ്ടായപ്പോള്‍ മാതാവിന്‍റെ പള്ളീല് നേര്‍ച്ച നേര്‍ന്നല്ലെ അമ്മയ്ക്ക് ഞാനുണ്ടായത?്. എന്നെ മോളൂട്ടീന്നല്ലെ അമ്മ വിളിക്കാറുള്ളത?്.  എനിയ്ക്കിഷ്ടമുള്ള ഉള്ളിവട ഞാന്‍ എപ്പോള്‍ പറഞ്ഞാലും അമ്മ ഉണ്ടാക്കിതരുമായിരുന്നല്ലോ?

അപ്പോ നീ ആളുചില്ലറക്കാരിയല്ല.

  • അതെ, എന്നിട്ടിപ്പോ എന്നെ ഓര്‍ക്കുന്നില്ലപോലും.  ഈ കയ്യിലെ പാടുകണ്ടോ, അമ്മ പൊള്ളിച്ചതാ.

ഞാനത്തരക്കാരിയൊന്നുമല്ല.

  • അമ്മ വെളിച്ചെണ്ണ പലഹാരം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോ കൈതട്ടി തിളച്ച എണ്ണ എന്‍റെ കയ്യില്‍വീണ പാട്.  അമ്മ എപ്പോഴും തടവി നോക്കുമായിരു  ന്നല്ലോ.

അതിനിപ്പോ എന്നാവേണം?

  • എന്‍റെകൈ പൊള്ളിച്ചതിന് ഞാന്‍ പോലീസിനെ വിളിക്കാന്‍ പോവ്വാ.  ഹലോ, ഹലോ, ഇതു പോലീസ്സ്റ്റേഷനല്ലെ?  പിള്ളേരുടെ കൈ പൊള്ളിക്കുന്ന ഒരു അമ്മച്ചി ഇവിടുണ്ട്.

വേണ്ട, പോലീസിനെ ഒന്നുംവിളിക്കണ്ട,  അവരുവന്നാല്‍ ആകെ കൊഴപ്പാകും.  ഇനി കൈ പൊള്ളിക്കില്ല, അതുപോരെ?

  • ആഹാ, കൊച്ചുകള്ളി, എല്ലാം ഓര്‍ക്കണണ്ട്അല്ലെ?  ദേ, ഈ കാപ്പികുടിച്ചേ, കുളിച്ച് നല്ല കുട്ടിയായിട്ട് നമുക്ക് മാതാവിന്‍റെ പള്ളീപ്പോകാം.

മാതാ.വിന്‍റെ പള്ളീലോ?

  • പിന്നല്ലാണ്ട്, ഈ മമ്മിക്കുട്ടിയെ കാണാഞ്ഞിട്ട് മാതാവു വെഷമിച്ചിരിക്യാ.  ഞാന്‍ ചെല്ലുമ്പോഴൊക്കെ ചോദിക്കും എന്‍റെ മറിയപ്പെണ്ണെന്ത്യേന്ന്.

അതുവ്വ്വോ ?

  • ഉവ്വെന്നെ.  കൃപനിറഞ്ഞ അമ്മേടെ കൃപനിറഞ്ഞ മോളല്ലെ ഈ അമ്മുക്കുട്ടി.  കന്യാസ്ല്രീ അമ്മേടെ കനിവും അനുഗ്രഹവും എന്തോര്വാ എന്‍റെ അമ്മുക്കുട്ടി വാരിക്കൂട്ടിയിരിക്കണത്. അതുകൊണ്ടല്ലെ അമ്മേടെ മോളും എന്‍റെ ഏട്ടന്‍മാരും അനുഗ്രഹത്തോടെ കഴിയണത്. ഇന്ന് നമ്മള്‍ മാതാവിന്‍റെ അടുത്തു ചെല്ലുമ്പോള്‍  അമ്മയെന്താ ചോദിക്കാന്‍ പോണത്?

"ഞങ്ങളെ അങ്ങട് കൊണ്ടു പോവ്വാന്‍...

No comments:

Post a Comment