Thursday, November 9, 2017

കുട്ടികളെ തോല്‍ക്കാനും അനുവദിക്കു


തങ്ങളുടെ കുട്ടികള്‍ എല്ലാക്കാര്യത്തിലും വിജയിച്ചും ഒന്നാമനായും കാണുവാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് നല്ലത്. പക്ഷെ എന്നും വിജയിക്കുന്ന കുട്ടികള്‍ക്ക് തോല്‍ക്കുമ്പോള്‍ മാത്രം പഠിക്കുവാന്‍ കഴിയുന്ന പാല പാഠങ്ങളും പഠിക്കാനാവില്ലെന്നോര്‍ക്കണം.
ഓ, അതെന്താണ് തോല്‍ക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങള്‍?
പരാജയപ്പെടുമ്പോള്‍ സുരക്ഷിതബോധക്കുറവ്, ഭയം,  നിരാശ, അപകര്‍ഷതാബോധം തുടങ്ങിയ നിഷേധ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാകും. അതിനെ അതിജീവിക്കുവാനുള്ള പ്രാപ്തിയും കരുത്തും നേടാന്‍ വല്ലപ്പോഴും തോല്‍ക്കുന്നതും തോറ്റു കൊടുക്കുന്നതും നല്ലതാണ്.
അമിത മോഹങ്ങളുള്ള പെര്‍ഫെക്ഷനിസ്റ്റുകളായ മാതാപിതാക്കള്‍ പെര്‍ഫെക്ഷനിസ്റ്റുകളായി കുട്ടികളെ വളര്‍ത്തുമ്പോള്‍ പഠനത്തില്‍ അവരെ ജീനിയസ്സുകളാക്കുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ എന്നെങ്കിലും ജീവിതത്തില്‍ പരാജയപ്പെട്ടല്ലേ മതിയാകു. അപ്പോള്‍ പെര്‍ഫെക്ഷനിസ്റ്റ് കുട്ടികള്‍ക്ക് അമിത മിഥ്യാഭിമാനവും നിരാശയുമൊക്കെ വലിയ പ്രശ്നങ്ങളാകും. കാരണം അവര്‍ ഒരിക്കലും തോറ്റിട്ടില്ല, തോല്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചിട്ടുമില്ല. ഗ്രേഡു കുറഞ്ഞാല്‍ മരിച്ചുകളയുമെന്നു ഭീഷണി മുഴക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് തോല്‍ക്കുവാന്‍ സ്വാതന്ത്ര്യമില്ലല്ലോ?
ജീവിത പരീക്ഷയില്‍ തോറ്റാല്‍ ഗുണങ്ങള്‍ പലതാണ്.
(1) സഹിഷ്ണുത, ക്ഷമ, സഹനശക്തി തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ പരാജയം സഹായിക്കും.
പരാജയം നിസ്സഹായതയും നിരാശയുമുണ്ടാക്കും. പക്ഷെ പരാജയത്തെ പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയുമെന്നും പരാജയപ്പെടുന്നതുകൊണ്ട് ജീവിതം മുഴുവന്‍ പ്രതിസന്ധിയിലാവില്ലെന്നുമുള്ള പ്രായോഗിക ജ്ഞാനം സ്കൂള്‍ സിലബസ്സില്‍നിന്നും പഠിക്കാനാവില്ല. പരാജയത്തെ കഠിന പരിശ്രമംകൊണ്ട് വിജയമാക്കാന്‍ കഴിയും, തോറ്റു പിډാറേണ്ട കാര്യമില്ല, പരിശ്രമിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും വീഴ്ചകളും വിജയമാക്കാന്‍ കഴിയുമെന്നു പഠിക്കുന്നത് പരാജയപ്പെടുമ്പോഴാണ്.
തങ്ങളുടെ കുട്ടിയെ കുട്ടിദൈവമാക്കി ആരാധിക്കുന്ന മാതാപിതാക്കള്‍ കുട്ടി തോല്‍ക്കുമ്പോള്‍ അതിന്‍റെ കാരണം അദ്ധ്യാപകരിലും സ്കൂള്‍ കരിക്കുലത്തിലും ചാരി കുട്ടിയുടെ പരാജയത്തെ മൂടിവയ്ക്കാറുണ്ട്. കുട്ടിയുടെ പരാജയത്തിനു മൂടുപടമിടുന്നതിനു പകരം പരാജയ കാരണങ്ങളും വിജയത്തിനുള്ള വഴികളും കുട്ടികളുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
(2) ആരോഗ്യകരമായ സാഹസിക മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ തോല്‍വി സഹായിക്കും.
റിസ്ക്കും ചാന്‍സും എടുക്കുവാനുള്ള ധൈര്യം കിട്ടുന്നത് ജയപരാജയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. വരുന്നിടത്തുവച്ചു കാണാം, ഏറ്റവും കൂടിയാല്‍ ഒന്നു തോല്‍ക്കുകയല്ലെയുള്ളു, തോറ്റാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല തുടങ്ങിയ സ്വയപ്രതിരോധചിന്തകള്‍ ആരോഗ്യകരമാണ്, തോല്‍വിയെ വിജയമാക്കുമ്പോള്‍ പഠിക്കുന്ന പാഠങ്ങളാണ്.
(3) പരാജയം ഈശ്വരാശ്രയ മനോഭാവമുണ്ടാക്കും.
ജീവിതത്തില്‍ ചില കനത്ത പരാജയങ്ങളും  വൈകാരിക പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ലോകം ആദരിക്കുന്ന പല സെലിബ്രിറ്റികളും ആത്മഹത്യ ചെയ്യാറുണ്ട്. വഴിമുട്ടിയ ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കുവാന്‍ തന്‍റെ കഴിവുകൊണ്ടാവില്ല, സഹായത്തിന് ആരുമില്ല തുടങ്ങിയ നിസ്സഹായ ചിന്തകളാണ് അവരെ മരണചുഴിയിലേക്കു തള്ളിയിടുന്നത്. സര്‍ഗ്ഗാത്മ ജീവശക്തിയുടെ ഉറവിടമായ ഈശ്വരനില്‍ മനസ്സുറപ്പിക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ മുന്നോട്ടു പോകുവാന്‍ കഴിയും. തന്‍റെ ജഡത്തിലെ തീരാവ്യാധി മാറ്റാന്‍ സെന്‍റ്പോള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം നല്‍കിയ മറുപടി: 'എന്‍റെ കൃപ നിനക്കുമതി, എന്‍റെ ശക്തി ബലഹീനതയില്‍  തികഞ്ഞു വരുന്നു' എന്നായിരുന്നു.  ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റുവാന്‍ കഴിഞ്ഞില്ലെങ്കിലും ദൈവത്തെ ആശ്രയിച്ച്, യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ സെന്‍റ് പോള്‍ പഠിച്ചു.
സ്വാശ്രയബോധം നല്ലതാണ്, പക്ഷെ താന്‍പാതി ദൈവംപാതിയെന്ന ചിന്ത കൂടുതല്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്.
പരാജയം ജീവിതത്തിലെ അനിവാര്യതയാണ്. പരാജയങ്ങളെ സൃഷ്ടിപരമായി അഭിമുഖീകരിക്കുവാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കണം. കുട്ടിയൊന്നു തോറ്റുപോയാല്‍, പിറകിലായിപ്പോയാല്‍ എല്ലാം തകര്‍ന്നു,
ഇനി ജീവിച്ചിട്ടു കാര്യമില്ല എന്നു പറഞ്ഞ് മാതാപിതാക്കള്‍ ബഹളം വയ്ക്കരുത്. കുട്ടികളെ കുപ്പിയിലിട്ടു വളര്‍ത്താതെ, കംഫര്‍ട്ട്സോണില്‍ പൂട്ടിയിടാതെ, പുറംലോകത്തേക്കിറങ്ങുവാനും, വീഴുവാനും തോല്‍ക്കുവാനും അനുവദിക്കണം. അപ്പോള്‍ ആരോഗ്യകരമായ റിസ്ക്കെടുക്കാനും, നിരാശയെ അതിജീവിക്കാനുമുള്ള കഴിവ് കുട്ടികള്‍ നേടും. വന്‍വിജയം നേടുന്നതിലും  വെട്ടിപ്പിടിക്കുന്നതിലും ഓടി മുമ്പില്‍ കയറുന്നതിലും മാത്രമല്ല ജീവിതവിജയം, വീഴ്ചകളില്‍, തോല്‍വികളില്‍ തളര്‍ന്നുപോകാതെ ദൈവാശ്രയത്തോടെ വിജയം നേടുന്നതും ദൈവീക മൂല്യങ്ങളില്‍  ചുവടുറപ്പിച്ചു മുന്നോട്ടുപോകുന്നതും ജീവിതഓട്ടക്കളത്തിലെ വിജയത്തിന് ആവശ്യമാണെന്ന് കുട്ടികളെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം.

No comments:

Post a Comment