Thursday, November 16, 2017

വിഷാദനിഴല്‍ താഴ്വരയില്‍



വികാരങ്ങള്‍ക്കുമേല്‍ കനത്ത സാഷയും കടുംകെട്ടുമിടുന്ന വിഷാദ രോഗ ത്തിന്‍റെ പിടിയിലായവര്‍ക്കും അവരോട് അടുത്തിടപെടുന്നവര്‍ക്കും സങ്കീര്‍ണ്ണ വൈകാരിക പ്രതിസന്ധികളാണ് അനുഭവപ്പെടുന്നത്.
തന്‍റെ വൈകാരിക പ്രതിസന്ധികളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് വിഷാദരോഗിയുടേത്.
വിഷാദരോഗിയുടെ പരിചരണത്തില്‍ സുഹൃത്തുക്കളും ഉറ്റവരും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്:
അകാരണമായി പ്രിയപ്പെട്ടവരില്‍ വൈകാരിക പ്രതിസന്ധിയും പിډാറ്റവും നിഷ്ക്രിയത്വവും നിരാശയുമൊക്കെ കാണുമ്പോള്‍ വഴിതെറ്റിയ അന്വേഷണങ്ങള്‍ നടത്താതെ ഒരു വിദഗ്ദ്ധ സൈക്യാട്രിക് ടീമിന്‍റെ വിലയിരുത്തലിനും മെഡിക്കല്‍ കെയറിനും സൗകര്യമുണ്ടാക്കുവാന്‍ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മസ്തിഷ്കത്തിലെ ന്യൂറോ കെമിക്കല്‍ തലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഷാദരോഗത്തിന്‍റെ പിന്നിലെ കാരണങ്ങള്‍. ശരീരശാസ്ത്രത്തിന്‍റെ പ്രാഥമിക അറിവുപോലുമില്ലാത്ത വ്യാജസിദ്ധന്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വഴികളിലൂടെ ഒരിക്കലും പോകാതിരിക്കുക. നിങ്ങളുടെ പണവും ആരോഗ്യവും സമയവും വിലപ്പെട്ടതാണ്.
 വിഷാദരോഗിയോട് അടുത്തിടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
രോഗിയുടെ പ്രതിസന്ധികളില്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഈ ലോകത്ത് താന്‍ തനിച്ചാണെന്നും തന്‍റെ ദു:ഖവും പ്രതിസന്ധിയും തന്‍റേതു മാത്രമാണെന്നും അതിനൊക്കെ താന്‍തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള പ്രതികൂല ചിന്തകളുടെ തടവറയിലാണ് വിഷാദരോഗികള്‍.  ആര്‍ക്കും തന്‍റെ ദു:ഖം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല, തന്നെ സഹായിക്കുവാന്‍ ആര്‍ക്കും കഴിയില്ല തുടങ്ങിയ നിസ്സഹായ ചിന്തയുടെ വന്‍ ചുഴിയിലായ രോഗിക്ക് ഉറപ്പ് കൊടുക്കുക:
'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'.
അടുത്തവരുടെ സ്നേഹസ്പര്‍ശവും ആശ്ലേഷവുമൊക്കെ സുരക്ഷിബോധവും ഉറഞ്ഞുപോയ വികാരങ്ങളില്‍ ഊഷ്മള ഉറവുകള്‍ തുറക്കുന്ന സൗഖ്യദായക അനുഭവങ്ങളുമാണ്.
ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യശരങ്ങളെയ്ത് രോഗിയെ ഭാരപ്പെടുത്തരുത്. എന്തിനാണിങ്ങനെ  ജീവിതം പാഴാക്കുന്നത്, വിഷാദത്തിന്‍റെ കാരണമെന്താണ്, എന്തിനാണ് പ്രിയപ്പെട്ടവരെ വിഷമിപ്പിക്കുന്നത്, ജോലിക്കുപോകാത്തതെന്ത്, പഠിക്കാത്തതെന്ത്, തുടങ്ങിയ ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക. കുറച്ചു പറയാനും കൂടുതല്‍ കേള്‍ക്കുവാനും തയ്യാറാവുക.
രോഗം വന്നതുകൊണ്ട് നിങ്ങളുടെ പ്രസക്തിയും വ്യക്തിത്വത്തിന്‍റെ  മൂല്യവും കുറഞ്ഞുപോയിട്ടില്ലെന്നും ഈശ്വരനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍തന്നെയെന്നും രോഗം ആരുടേയും കുറ്റമല്ലെന്നും മാന്യത നഷ്ടപ്പെടുത്തുന്നതല്ലെന്നും പറഞ്ഞു മനസ്സിലാക്കുക. സാന്ത്വനപ്രദവും ശാന്തിപ്രദാനവുമായ ആത്മീയാനുഷ്ഠാനങ്ങള്‍ക്ക് ഹീലിംഗ് ഇഫക്ട് ഉണ്ട്. എന്നാല്‍ മനസ്സിനെ ഇളക്കിമറിക്കുന്ന തീവ്രവും സുദീര്‍ഘവുമായ ആത്മീയ അനുഭവങ്ങളും അമിത കുറ്റബോധം അടിച്ചേല്‍പ്പിക്കുന്ന പീഢനാത്മകമായ പ്രഭാഷണങ്ങളും നിസ്സഹായതയുടെ കയത്തില്‍ മുങ്ങിത്താഴുന്ന മനസ്സിനെ ചവിട്ടിത്താഴ്ത്തും. ഈ ചെറിയവരില്‍ ഒരുവനു ഇടര്‍ച്ചയുണ്ടാക്കുന്നവന്‍റെ കഴുത്തില്‍ തിരികല്ലു കെട്ടി ആഴത്തില്‍ ചവുട്ടിത്താഴ്ത്തണമെന്ന് ക്രിസ്തു പറഞ്ഞതിന്‍റെ  അര്‍ത്ഥവും ആഴവും ശ്രദ്ധേയമാണ്. മുറിവേറ്റവരോടും തകര്‍ന്നവരോടും ദൈവസ്നേഹത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്.
രോഗത്തിന്‍റെ പ്രതിസന്ധികള്‍ തികച്ചും താല്‍ക്കാലികമാണെന്നും കുടുംബത്തിലും സമൂഹത്തിലും ആത്മീയമേഖലയിലുമൊക്കെ ചെയ്തുവരുന്ന ചുമതലകള്‍ തുടര്‍ന്നും നിറവേറ്റേണ്ടതുണ്ടെന്നും ലോകത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.
എന്താവശ്യമുണ്ടെങ്കിലും തുറന്നു പറയണമെന്നും അതു ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു എന്നും രോഗിയെ ഓര്‍മ്മപ്പെടുത്തുക. 'എനിക്ക് ഒരാവശ്യവുമില്ല, എന്നെ ശല്യപ്പെടുത്താതെ ഒന്നുപോയി തന്നാല്‍ മതി' എന്നൊക്കെയുള്ള നിഷേധാത്മകമായ മറുപടിയില്‍ മടുത്തുപോകാതെ, ഉപാധികളില്ലാത്ത സ്നേഹവുമായി ചേര്‍ന്നു നടന്നുകൊണ്ടേയിരിക്കുക.
സാക്ഷയിട്ട മനസ്സിന്‍റെ വാതില്‍തുറന്ന് സഹായവും സാന്ത്വനവും രോഗി ആവശ്യപ്പെടുന്നത് രോഗിയുടെ മാനസീകാരോഗ്യ നില മെച്ചപ്പെടുന്നതിന്‍റെ ലക്ഷണമാകാം. രോഗിക്കു കൊടുക്കുന്ന പ്രോമിസ് നിറവേറ്റുവാന്‍ എപ്പോഴും ശ്രമിക്കണം. സഹായങ്ങള്‍ ചെയ്തുതരുന്നത് ഭാരമല്ലെന്നും സന്തോഷമാണെന്നുമുള്ള അടിക്കുറിപ്പ് രോഗിയുടെ മിഥ്യാഭിമാനചിന്ത ലഘൂകരിക്കുവാന്‍ സഹായിക്കും. രോഗിയോടൊപ്പം പ്രാര്‍ത്ഥിക്കുന്നത് രോഗിക്ക് പ്രത്യാശയും ആത്മഹര്‍ഷവും ഉണ്ടാക്കുവാന്‍ സഹായിക്കും.

No comments:

Post a Comment