Thursday, May 29, 2025

വിടപറയും മുമ്പേ

 പ്രിയമുള്ളവളെ,

മരുന്നിന്റെയും മരണത്തിന്റെയും ഗന്ധമുള്ള ഈ തീവ്ര പരിചരണ വിഭാഗത്തിലെ കൊച്ചു മുറിയിൽ നമ്മൾ ഒരുമിച്ചുള്ള അവസാന നിമിഷങ്ങളാണിപ്പോൾ. അല്പസമയത്തിനുള്ളിൽ എന്റെ ജീവിത നൗക കടവിൽ നിന്ന് യാത്രയാകും, കരയിൽ നീ മാത്രമാകും...

നമ്മുടെ സൗഹൃദയാത്രയുടെ തുടക്കത്തിൽ പരസ്പരം  കൈമാറിയ സ്നേഹസ്പന്ദനത്തിന്റെ ഊഷ്മള വികാരസ്പർശം ഇപ്പോഴും നിന്റെ കരങ്ങളിൽ സജീവമാണ്.

  നിന്റെ സ്നേഹവും കരുതലും  എന്നിലുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ,  നിന്റെ ആത്മാവിന്റെ ക്യാൻവാസിൽ,  ഉഷസ്സിന്റെ സങ്കീർത്തനമായി  ഞാൻ എഴുതുകയാണ്...

നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം നീ ഓർക്കുന്നുണ്ടോ? എന്തു പറയണമെന്ന് അറിയാതെ വാക്കുകൾക്കായി ഞാൻ തപ്പി തടഞ്ഞു.  പക്ഷേ, ആത്മഹർഷം തുളുമ്പുന്ന  സാത്വികഭാവമായിരുന്നു അപ്പോൾ നിനക്ക്.

അതുവരെ ഞാൻ എന്നിൽ കാണാത്ത എന്തൊക്കെയോ നന്മകൾ നീ എന്നിൽ കണ്ടു. സ്നേഹത്തിന്റെ ബാലപാഠങ്ങൾ നീയാണ് എന്നെ പഠിപ്പിച്ചത് - വാക്കുകൾ കൊണ്ടല്ല,  കരുണയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും പെരുമാറ്റത്തിലൂടെ എന്നെ പഠിപ്പിച്ചു. നീ മൂലം ഞാൻ അനുഗ്രഹീതനായി. നമ്മൾ ഒരുമിച്ച് വിതെച്ച ആത്മഹർഷങ്ങൾ നൂറുമേനിയായി നമ്മൾ കൊയ്തെടുത്തു.

പ്രിയമുള്ളവളെ,  നിന്റെ അനന്തമായ കരുതലിന് നന്ദി!  മരുഭൂമിയിലും പുഷ്പങ്ങൾ നിറഞ്ഞ മേച്ചിൽ പുറങ്ങളിലും പരിഭവമില്ലാതെ,  പ്രസന്നവതിയായി എന്നോടൊപ്പം നടന്നതിനും എന്റെ സുരക്ഷിത സങ്കേതം ആയിരുന്നതിനും നന്ദി!  എനിക്കുവേണ്ടി ഒരുക്കിയ സ്നേഹവിരുന്നുകൾക്കും  ഉരുവിട്ട രഹസ്യ പ്രാർത്ഥനകൾക്കും  ഉറക്കം ഇല്ലാത്ത എന്റെ രാത്രികളിൽ ഉറങ്ങാത്ത കാവൽക്കാരിയായി ഉണർന്നിരുന്നതിനും ഓരോ കണ്ണുനീർത്തുള്ളികളും സ്നേഹതൽപം കൊണ്ട് തുടച്ചതിനും നന്ദി! ഹൃദയപൂർവ്വം നന്ദി!

എനിക്ക് നിന്നോട് ഒരുപാട് മാപ്പ് ചോദിക്കുവാനുണ്ട്.  വൈകാരിക കൊടുങ്കാറ്റുകളും പിണക്കങ്ങളും കൊണ്ട് ഞാൻ നിന്നെ മുറിവേൽപ്പിച്ചതിനും  എന്റെ അഹങ്കാരം മൂലം നിന്റെ ഹൃദയത്തിന്റെ തിങ്ങലും വിങ്ങലും മനസ്സിലാക്കാതെ പോയതിനും ക്ഷമാപണം!  വളരെയധികം  പരിമിതികളും ബലഹീനതകളും ഉള്ളവനാണ് ഞാൻ. ദാമ്പത്യ ഉടമ്പടി ബന്ധത്തിലും സൗഹൃദത്തിലും ഞാൻ ഇടറി പോയപ്പോൾ ഉപാധികളില്ലാത്ത ക്രിസ്തുവിന്റെ സ്നേഹത്തോടെ നീയെല്ലാം ക്ഷമിച്ചു.  എല്ലാം പൊറുക്കുന്ന, എല്ലാം സഹിക്കുന്ന, എല്ലാം വിശ്വസിക്കുന്ന, ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത സ്നേഹം നീ എനിക്ക് ഔദാര്യമായി പങ്കുവെച്ചു. ആഗ്രഹിക്കുന്ന പലതും വേണ്ടെന്നു വയ്ക്കുന്നതും സ്നേഹമാണെന്ന് നീയെന്നെ പഠിപ്പിച്ചു.

ക്രിസ്തുവിന്റെ സ്നേഹം എന്താണെന്ന് രുചിച്ചറിയുവാൻ സഹായിച്ച,  ഈ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് നീ. ഞാനെന്നും നന്ദിയുള്ളവനാണ്.

ഈ സമയരഥത്തിലെ നമ്മുടെ യാത്രയിൽ, എന്റെ ഡെസ്റ്റിനേഷനും ഞാനിറങ്ങേണ്ട സ്റ്റോപ്പും വളരെ അടുത്താണ്.  അത്,  ഡോക്ടർ സന്ദീപ് ഇന്നലെ എന്നോട്  പറഞ്ഞു. മരണത്തെ തോൽപ്പിച്ച നിത്യവിസ്മയ ചൈതന്യം നമ്മോട് കൂടെയുള്ളപ്പോൾ, മരണത്തിന് നമ്മെ വേർപിരിക്കുവാൻ കഴിയില്ല.

വളരെ വിഷമത്തോടെയാണ് ഞാൻ വിടപറയുന്നത്. കണ്ണുനീരും നെടുവീർപ്പും ഇല്ലാത്ത നിത്യ സന്തോഷത്തിന്റെ നാട്ടിൽ ഞാൻ നിനക്കായി കാത്തിരിക്കും...
  നിരാശയിലും വിരഹ ദുഃഖത്തിലുമല്ല,  നിത്യതയുടെ പ്രത്യാശയിൽ പ്രസന്നവതിയായി നീ ജീവിക്കണം. നമ്മൾ പങ്കുവെച്ച സ്നേഹം  നമുക്കിടയിൽ എന്നും സജീവമായിരിക്കും. ആ സ്നേഹത്തിന് മരണമില്ല.
  നിന്റെ ജീവിതയാത്രയിൽ തിരുവചനം പാതക്ക് ദീപവും വെളിച്ചവും ആയിരിക്കട്ടെ! ക്രിസ്തുവിന്റെ സന്തോഷം ചാലക ശക്തിയാകട്ടെ!

നഷ്ടബോധം മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ, നമ്മൾ പങ്കുവെച്ച സ്നേഹത്തിന്റെ ദിനവൃത്താന്ത പേജുകൾ മറിച്ചു വായിച്ച്, മനസ്സിനെ സാന്ത്വനപ്പെടുത്തണം. നമുക്ക് ആഹ്ലാദകരമായ തുടക്കവും വിശുദ്ധമായ സായാഹ്നവും ദൈവം തന്നു. അത് ഒരു വലിയ ഭാഗ്യമല്ലേ?    ഈ അനന്ത സ്നേഹ സൗഹൃദയാത്ര നിത്യതയിൽ നമ്മൾ വീണ്ടും തുടരും.

നമ്മെ ദൈവം ഏൽപ്പിച്ച പേരന്റിങ്  നിയോഗത്തിന്റെ എല്ലാ ചുമതലകളും ഇനി നിന്റെ ചുമലിൽ ആണ്.  ഭയപ്പെടരുത്.  സർവ്വശക്തൻ കൂടെയുണ്ട്.  നമ്മൾ രണ്ടുപേരെയും ചേർത്ത് നമ്മുടെ ദാമ്പത്യ ജീവിതത്തിന്റെ തിരക്കഥ എഴുതിയവൻ, നീ മാത്രമുള്ള അവസാന രംഗത്തിലെ തിരക്കഥയും എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. കഥ ഇതുവരെ എഴുതി സംവിധാനം ചെയ്ത ഡിവൈൻ ഡയറക്ടർ,   ബാക്കിയുള്ളതും അനുഗ്രഹകരമായി പൂർത്തിയാക്കും, നിവൃത്തിയാക്കും.

പ്രിയമുള്ളവളെ,  നീ ചിന്തിക്കുന്നതിനേക്കാൾ ശക്തയും ധന്യവതിയുമാണ് നീ. വിശുദ്ധ കൂദാശകളാൽ  മുദ്രയിട്ട്‌, നിത്യ സൗഹൃദത്തിനായി   കൂട്ടിച്ചേർത്ത ദൈവം,  വിസ്മയ സ്നേഹത്തിൽ തുടർന്നും നമ്മെ ചേർത്തു നിർത്തും. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ വേർപിരിക്കുവാൻ ആർക്കും കഴിയില്ല,  മരണത്തിന് പോലും. എന്നെന്നും നമ്മൾ നമുക്ക് സ്വന്തമായിരിക്കും.

Live bravely, love deeply—I’ll be beside you, just unseen!

-ഫാ. ഡോ. ഏ. പി. ജോർജ്

Thursday, November 30, 2023

ബീ അമേസിങ്...

 

                              ജീവിതത്തിലെ വിസ്മയ അനുഭവങ്ങളും വികാരങ്ങളും മാനസികാരോഗ്യത്തിന്റെ അനുകൂല ചേരുവകളാണെന്നാണ് ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹെഷ്മാറ്റിന്റെ നിരീക്ഷണം.

ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കുവാനും നമ്മിലെ 'ഇന്നർ ക്രിട്ടിക്കി'നെ ശാന്തമാക്കാനും സ്‌നേഹ മനോഭാവങ്ങൾ ഉദ്ദിപിപ്പിക്കുവാനും  വിസ്മയ വികാരങ്ങൾക്കു കഴിയുമെന്നാണ് കെൽറ്റ്നർ എന്ന മനശാസ്ത്രജ്ഞന്റെ അഭിപ്രായം.

വാക്കുകൾക്ക് വിവരിക്കുവാൻ കഴിയാത്തതും ധാരണകൾക്ക് അതീതവുമായ പ്രകൃതിയിലെ വിസ്മയങ്ങൾ നമ്മളിൽ വിനയഭാവം  ഉണർത്തും.

  സാഹസികത, സഹാനുഭൂതി,  അതിജീവനശക്തി,  ദൈവ ചൈതന്യം തുടങ്ങിയ സവിശേഷതകളാൽ അനുഗ്രഹീതരായവർ നമ്മളിൽ വിസ്മയവും ആദരവും ഉണ്ടാക്കാറുണ്ട്. മദർ തെരേസയെപ്പോലെ ദൈവോന്മുഖതയുള്ള മനുഷ്യരുടെ നിസ്വാർത്ഥ സേവനങ്ങളും ആർദ്രമനോഭാവവും  അനേകരെ സേവനത്തിലേക്ക് വഴി നടത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിച്ചിരുന്ന ശൗൽ   സ്നേഹത്തിന്റെ അപ്പോസ്തലനായി മാറിയതിന്റെ പിന്നിൽ  ചില വിസ്മയ അനുഭവങ്ങളുടെ സ്വാധീനത്തെപ്പറ്റി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അഹങ്കാരം, ആത്മപ്രശംസ, പൊങ്ങച്ചം തുടങ്ങിയ അപക്വ മനോഭാവങ്ങളെ തിരുത്തിയെഴുതുവാനും കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കുവാനും  ജീവിതത്തിലെ ദുരന്താനുഭവങ്ങളും തീവ്രവികാരങ്ങളും പലർക്കും കാരണമായിട്ടുണ്ട്. 

നിഷേധ വികാരങ്ങളുടെ തീവ്രത കുറയ്ക്കുവാനും മാനസികാരോഗ്യത്തിൽ അനുകൂല മാറ്റങ്ങളുണ്ടാക്കുവാനും സമുന്നത ചിന്തയിലേക്കും ധാരണയിലേക്കും ചുവടുവെക്കാനും വിസ്മയ വികാരങ്ങൾ സഹായകമാകാറുണ്ട്.

ആത്മാവിലും സത്യത്തിലും ദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക്

ദൈവമഹത്വത്തെപറ്റിയുള്ള തിരിച്ചറിവുകൾ  ദിശാബോധവും സുരക്ഷിതത്വവും പോസിറ്റിവിറ്റിയും സന്തോഷവും സംതൃപ്തിയും നൽകുമെന്നാണ് സങ്കിർത്തനക്കാരന്റെ സാക്ഷ്യം :

'ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം;അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌.

അവിടുന്നു മാത്രമാണ്‌ എന്റെ അഭയശിലയും കോട്ടയും.എനിക്കു കുലുക്കം തട്ടുകയില്ല.

എന്റെ മോചനവും മഹിമയും ദൈവത്തിലാണ്‌,എന്റെ രക്‌ഷാശിലയും അഭയവും ദൈവമാണ്‌.

മര്‍ത്യന്‍ ഒരു നിശ്വാസംമാത്രം,വലിയവനും ചെറിയവനും ഒന്നുപോലെ മിഥ്യയാണ്‌;തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും;അവര്‍ മുഴുവന്‍ ചേര്‍ന്നാലും ശ്വാസത്തെക്കാള്‍ ലഘുവാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 62 : 1-9

'അത്യുന്നതനായ യഹോവ വിസ്മയനീയൻ ; അവൻ  സർവ്വഭൂമിക്കും മഹാരാജാവാകുന്നു.' സങ്കീർത്തനങ്ങൾ 47:2 

പ്രകൃതിയിലെ വിസ്മയങ്ങളും സൗന്ദര്യവും ആസ്വദിക്കുന്നവരിൽ  സംഘർഷങ്ങൾ കുറവും അനുകൂല വികാരങ്ങൾ കൂടുതലും ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സ്വയകേന്ദ്രീകരണത്തിൽ നിന്നു  സാമൂഹ്യ ബന്ധങ്ങളിലേക്കും ഹൃദയ വിശാലതയിലേക്കും ചിന്തകളെ നയിക്കുവാൻ വിസ്മയ വികാരങ്ങൾ സഹായിക്കുമത്രേ. പ്രകൃതിയിലെയും  മനുഷ്യരിലെയും വിസ്മയങ്ങൾ തേടിയുള്ള യാത്ര മനസ്സിന്റെ തുറവിയും സിദ്ധതയും ആസ്വാദന നിലവാരവും വർദ്ധിപ്പിക്കും. 

വിസ്മയങ്ങളിൽ വിസ്മയിക്കപ്പെടുമ്പോൾ സ്വയത്തിൽ അധിഷ്ഠിതമായ അപക്വ കാഴ്ചപ്പാടുകൾ നിഷ്പ്രഭമാകും. മനസ്സിനെ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ നമ്മിലെ അഹംഭാവത്തെ നിഷ്പ്രഭമാക്കും. 

കല, സാഹിത്യം,  സംഗീതം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ പ്രതിഭാധനരായവരുടെ സർഗ്ഗ പ്രതിഭ  ആസ്വദിക്കുമ്പോൾ നമ്മളിൽ  ഉണരുന്ന വിസ്മയവികാരങ്ങൾ നിഷേധ ചിന്തകളുടെ തീവ്രത കുറക്കുവാൻ സഹായിക്കും. 

വിസ്മയിപ്പിക്കുന്ന നിമിഷങ്ങളും അനുഭവങ്ങളും തേടിയുള്ള ജീവിതയാത്ര ആത്മശരീര മനസ്സുകളിൽ പുത്തൻ ഉന്മേഷം പകരും. ഇതിന് നമ്മൾ, നമ്മളിൽ നിന്ന് പുറത്തു കടക്കണം. സർവ്വശക്തനിലേക്കും അവന്റെ വിസ്മയ സൃഷ്ടികളായ പ്രകൃതിയിലേക്കും  മനുഷ്യരിലേക്കും ജീവിതാനുഭവങ്ങളിലേക്കും ആദരപൂർവ്വം  കടന്നു ചെന്ന് 'വിസ്മയിക്കുവാൻ' തയ്യാറാകണം. 

Awesome people do awesome things awesomely. So step up connect, share the love, stay positive and be amazingly awesome. 

(Anonymous)


Thursday, November 9, 2023

തടവറക്കുള്ളിലെ നിഷേധവികാരങ്ങൾ

കെട്ടപ്പെട്ട നിഷേധ വികാരങ്ങൾ ( trapped emotions) മനോ -ശാരീരിക മേഖലകളിൽ അനേകം പ്രതിസന്ധികളുണ്ടാക്കും. തെറ്റായ നിഗമനങ്ങൾ, സംശയം, അമിത വൈകാരിക പ്രതികരണ സ്വഭാവം, വിഷാദം, ആകാംക്ഷ തുടങ്ങിയവയൊക്കെ അനന്തര ദുരന്ത ഫലങ്ങളാണ്. വിവിധ മനോ -ശാരീരിക രോഗങ്ങൾക്കും ഇത്‌ കാരണമായേക്കാം. ഇതിന്റെ പിന്നിലെ പ്രധാന പ്രതികളായ കെട്ടപ്പെട്ട വികാരങ്ങളെ മെഡിക്കൽ ടെക്നോളജിയിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.

ശരീരത്തെ രോഗബാധിതമാക്കുന്നതും സമാധാനം നഷ്ടപ്പെടുത്തുന്നതും ആന്തരിക വൈകാരിക സംഘർഷങ്ങൾ ഉണ്ടാക്കുന്നതുമായ കെട്ടപ്പെട്ട വികാരങ്ങൾ മോചിപ്പിക്കപ്പെടാതെ വൈകാരിക പ്രതിസന്ധികൾ തീരില്ല. രോഗലക്ഷണങ്ങളെ താൽക്കാലികമായി ശാന്തമാക്കാൻ മരുന്നുകൾക്ക് കഴിഞ്ഞേക്കാം. പക്ഷേ, നിഷേധ വികാരങ്ങൾ മോചിപ്പിക്കപെടുന്നതുവരെ സഹനവും സംഘർഷവും തുടർന്നുകൊണ്ടിരിക്കും. വിമോചനം വൈകുന്തോറും പിരിമുറുക്കവും മനോഭാരങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കും.

 ജീവിതത്തിലെ ദുരനുഭവങ്ങളും മുറിവുകളും വൈകാരിക പ്രതിസന്ധികളുമൊക്കെ കാലം സുഖമാക്കും എന്ന് പറയാറുണ്ട്. അത് പൂർണ്ണമായും ശരിയല്ല. ഓർമ്മയുടെ ഫയലിൽ വൈകാരിക തീവ്രതയോടെ അവയെന്നും ഉണ്ടായിരിക്കും. വേദനിപ്പിച്ചു കൊണ്ടിരിക്കും. ഇത്തരം നിഷേധ വികാരങ്ങളുടെ ലോഡ് ഷെഡ്ഡിങ്ങിലൂടെ മാത്രമേ ആശ്വാസവും ആന്തരിക സൗഖ്യവും ലഭിക്കുകയുള്ളൂ. മാത്രവുമല്ല, പുതിയ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കപ്പെടാനും ഇത് ആവശ്യമാണ്.
 'കടക്കാരോട് ക്ഷമിക്കുന്നത് ' വിസ്മയകരമായ മനസ്ശാസ്ത്ര ചികിത്സയും ആത്മ വിശുദ്ധികരണത്തിനുള്ള വഴിയുമാണ്. വഞ്ചന, അപമാനം, പീഡനം തുടങ്ങിയ മുറിവുകളുണ്ടാക്കിയവർക്ക് ക്രിസ്തുവിന്റെ നാമത്തിൽ മാപ്പ് കൊടുക്കുവാനും മറക്കുവാനും തയ്യാറാകുമ്പോൾ തടവറയിലെ നിഷേധ വികാരത്തിന്റെ മേലുള്ള കെട്ടുകൾ അഴിയും. ആന്തരിക തിരമാലകളും കൊടുങ്കാറ്റുകളും ശാന്തമാകും.

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”. ലൂക്കോസ് 4:18-19/ യെശയ്യ 61:1

 ' We never recover until we forgive, forgiveness is the only Healer...' - Alan PatonPaton
✳️
-ഫാ. ഡോ. ഏ. പി. ജോർജ്.

Wednesday, September 27, 2023

മനസ്സ് മേഘാവൃതമാകുമ്പോൾ

 നിരാശയുടെയും നിസ്സഹായതയുടെയും വൻ തിരകൾ ആഞ്ഞടിച്ചുകൊണ്ടാണ്  വിഷാദരോഗത്തിന്റെ ആഗമനം.

വിഷാദരോഗ വേലിയേറ്റത്തിന്റെ ആഘാതവും കാഠിന്യവും കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ആദം ബോർലാൻഡ് എന്ന മനശാസ്ത്രജ്ഞന്റെ അഭിപ്രായം.

1.  ശൂന്യതാ ബോധം, നിരാശ, അമിത കുറ്റബോധം, ഭക്ഷണത്തോടുള്ള വിരക്തി, ഉൾവലിയിൽ,  ആത്മഹത്യാ ചിന്തകൾ, ഉറക്കക്കുറവ് തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചില മുൻകരുതലുകൾ എടുക്കുമെങ്കിൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കും.

2. സമൂഹത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഉൾവലിയുവാനുള്ള താൽപര്യം രോഗത്തിന്റെ ലക്ഷണമാണ്.  അത്  രോഗം ഉണ്ടാക്കുന്ന നിസ്സഹായതയും നിർവികാരതയും മൂലമാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുമായി വൈകാരിക പ്രതിസന്ധികൾ പങ്കുവെക്കണം. മാനസികാരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ ഒറ്റപ്പെട്ടുപോകും. അത്‌ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

3. വിഷാദരോഗം ഉറക്കത്തിന്റെ ശൈലിയിലും  ദൈർഘ്യത്തിലും മാറ്റങ്ങൾ വരുത്തും. ഉണർന്നതിനുശേഷം വളരെ സമയം കിടക്കുന്നതും പകൽ ദീർഘസമയം ഉറങ്ങുന്നതും രാത്രിയിലെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. കാപ്പിയും ചായയും   സ്ക്രീൻ സമയവും നിയന്ത്രിക്കുന്നത്  ഉറക്കത്തിന് സഹായകമാകും.

4. വിഷാദരോഗം ആരോഗ്യകരമായ ഭക്ഷണരീതിയെ തകിടം മറിക്കാറുണ്ട്.  ചിലർക്ക് ഭക്ഷണത്തോട് വിരക്തി തോന്നും. പതിവു ഭക്ഷണം താൽപര്യമില്ലെങ്കിൽ എളുപ്പത്തിൽ കഴിക്കാവുന്ന ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പരീക്ഷിക്കാവുന്നതാണ്. ചിലരിൽ വിഷാദരോഗം അമിത ഭക്ഷണ താൽപര്യവും ഉണ്ടാക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണം അധികം കഴിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.  വിഷാദരോഗത്തിന്റെ ആലസ്യത്തിൽ നിന്നുള്ള അതിജീവനത്തിന്  ശരീരമനസ്സുകളെ  ശക്തമാക്കാൻ സന്തുലിതമായ ഭക്ഷണശൈലി അത്യാവശ്യമാണ്.

5.വിഷാദരോഗവും മദ്യവും തമ്മിൽ കൂട്ടിക്കലർത്തുന്നത് രോഗ പ്രതിസന്ധികൾ വർദ്ധിപ്പിക്കും. എല്ലാത്തരം ലഹരിയും വൈകാരിക അവസ്ഥയെ ദോഷകരമായി സ്വാധീനിക്കും.  ഉറക്കം തടസ്സപ്പെടുത്തും.

6. വൈകാരിക പ്രതിസന്ധികളും തളർച്ചയും ലഘുകരിക്കുവാനും ഉറക്കം മെച്ച പ്പെടുത്താനും വ്യായാമം സഹായകമാണ്. വിഷാദ അവസ്ഥയിലെ നിഷ്ക്രിയമായിരിക്കുവാനുള്ള താൽപര്യത്തെ മറികടക്കുവാൻ ശ്രമിക്കണം.  ഇതിന് വലിയ ശ്രമകരമായ വ്യായാമം വേണമെന്നില്ല. ദിവസവും കുറച്ച് സമയം നടക്കുന്നതുതന്നെ വലിയ പ്രയോജനം ചെയ്യും. ചലനം ചാലക ശക്തിയുടെ ഉറവിടമാണ്.

7. ദൈനംദിനം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിലുള്ള വിരക്തി വിഷാദരോഗത്തിന്റെ പ്രത്യേകതയാണ്. താല്പര്യമൊന്നും തോന്നുന്നില്ലെങ്കിലും ദിനചര്യകളും മറ്റു ദൈനംദിന കാര്യങ്ങളും  ചെയ്യുമ്പോൾ വിഷാദത്തിന്റെ നിഷ്ക്രിയ തടവറയിൽ  നിന്ന് പുറത്തിറങ്ങുവാൻ കഴിയും. സാധാരണ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായ പുതിയ കാര്യങ്ങളും ചെയ്യുന്നത് മനസ്സിനെ സജീവമാക്കാൻ സഹായിക്കും. വായന, പെയിന്റിങ്, സംഗീതം,  പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക... തുടങ്ങിയവ മനസ്സിനെ സജീവമാക്കാൻ സഹായിക്കുന്ന  ഉണർത്തു പാട്ടുകളാണ്. വിഷാദ മാനസികാവസ്ഥയിൽ, എപ്പോഴും നിഷേധ ചിന്തകളുടെ ഫാസ്റ്റ് ട്രാക്കിലോടുന്ന മനസ്സിന്റെ ശ്രദ്ധ തിരിപ്പിക്കാൻ ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയർ സർവീസ് ചെയ്യുന്നതും നല്ലതാണ്.
മേൽപ്പറഞ്ഞ സമീപനങ്ങൾ വിഷാദ രോഗത്തിന്റെ ആഘാതം കുറയ്ക്കാനും മനസ്സിനെ കൂടുതൽ പ്രവർത്തനക്ഷമാക്കാനും  സഹായിക്കും.

വിഷാദ രോഗിയാകുന്നത് ലജ്ജാകരമായ കാര്യമായി ഒരിക്കലും കാണരുത്. മത്തിഷ്ക്കത്തിലെ രാസ ഘടകങ്ങളിലും ഹോർമോണുകളിലും വരുന്ന വ്യതിയാനങ്ങൾ മറ്റ് ശാരീരിക രോഗങ്ങൾ പോലെ സ്വാഭാവിക പരിണാമങ്ങളാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ നിരീക്ഷണത്തിൽ സമൂഹത്തിലെ പ്രായപൂർത്തിയായവരിൽ 6.7 ശതമാനം പേരിൽ വിഷാദരോഗം കണ്ടുവരുന്നുണ്ടത്രെ. മരുന്നുകൊണ്ടും കൗൺസിലിംഗ് കൊണ്ടും ഈ രോഗത്തെ നിയന്ത്രിക്കുവാൻ ആധുനിക മെഡിക്കൽ സയൻസ് സജ്ജമാണ്.

മരുന്നുകളോടൊപ്പം ദൈവാശ്രയവും പ്രാർത്ഥനയും അതിജീവന ശക്തിക്ക് സഹായകമാണ്. കഠിനജീവന ജീവിതസഹനങ്ങളിലൂടെ കടന്നുപോയ അനേകരുടെ പ്രാർത്ഥനകളും അവർക്ക് ദൈവം കൊടുത്ത സാന്ത്വന വചനങ്ങളും കൊണ്ട് സമ്പന്നമാണ് ബൈബിൾ.

നിങ്ങളുടെ വിഷാദരോഗം അതികഠിനമാണെങ്കിലും ഭാവി ഇരുളടഞ്ഞതായി തോന്നുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും നിങ്ങളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്ന സത്യം മറക്കരുത്.

മനസ്സിന്റെ സൃഷ്ടാവും ടെക്നീഷ്യനുമായ ദൈവത്തിന് തകർന്നും തളർന്നുംപോയ മനസ്സിനെ സൗഖ്യമാക്കാനും സജീവമാക്കാനും കഴിയും. വിശ്വസിക്കൂ, പ്രത്യാശിക്കു, ദൈവത്തിന്റെ മഹത്വം കാണുവാനും സൗഖ്യം അനുഭവിക്കുവാനും സാധിക്കും.

'യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.'
ആവർത്തനം 31:8

'നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.'
യിരേമ്യാവു 29:11

' അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.'
മത്തായി 11:28

'നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.'
യോഹന്നാൻ 16:33

'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.'
ഫിലിപ്പിയർ 4:13

ഈ വചനങ്ങളാൽ ദൈവം നിങ്ങളുടെ മനസ്സിനെ പ്രത്യാശയിൽ ഉറപ്പിക്കട്ടെ!
🔆
-ഫാ. ഡോ. ഏ. പി. ജോർജ്.

Saturday, June 3, 2023

പവർ ഓഫ് ഹോപ്പ്

                 

   പ്രതീക്ഷ ഒരു മിറക്കിൾ മെഡിസിനാണ്. പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാകുമെന്ന വിശ്വാസമാണ് പ്രതീക്ഷ. പ്രതിസന്ധികൾ മാറിയിരുന്നെങ്കിൽ എന്ന ആഗ്രഹമല്ല, അവ എത്ര വലുതാണെങ്കിലും മാറ്റം വരുമെന്ന ഉറച്ച വിശ്വാസമാണ് പ്രതീക്ഷ.

ജീവിതത്തിൽ നേടിയതെല്ലാം ദുരന്തങ്ങൾ കൊള്ളയടിച്ചാലും  അവയൊക്കെ വീണ്ടും നേടുവാൻ കഴിയുമെന്ന വിശ്വാസമാണ് പ്രതീക്ഷ. എല്ലാ സാധ്യതകളും അസ്തമിച്ചിടത്ത് പുതിയ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നതിനുള്ള ഡ്രൈവിംഗ് ഫോഴ്സിന്റെ ഉറവിടം  പ്രതീക്ഷയാണ്.

എല്ലാ വാതിലുകളും അടഞ്ഞാലും  സാധ്യതകളുടെ മറ്റു വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയോടെ പരിശ്രമവും അന്വേഷണങ്ങളും തുടരുന്നവരുടെ മുൻപിൽ തുറക്കാത്ത വാതിലും തുറക്കും. പാടാത്ത വീണയും പാടും.

പ്രതീക്ഷയ്ക്ക് യാതൊരു സാധ്യതകളും ഇല്ലെന്ന് വിദഗ്ധരും ഗോസിപ്പുകാരും പറഞ്ഞേക്കാം. അപ്പോഴും പ്രതീക്ഷയുടെ ഒരടി മണ്ണിൽ ചവിട്ടി നിന്ന് നല്ല നാളെയെ സ്വപ്നം കാണുന്നവർക്ക് യാത്ര തുടരാൻ ഒരു ഒറ്റയടിപ്പാത തുറക്കും. അത്തരം ഒറ്റയടിപ്പാതയിലൂടെ നടന്നു നടന്ന്, പ്രതികൂലതയുടെ അറ്റ്ലാന്റിക് കടന്നവർ ലക്ഷം ലക്ഷങ്ങളാണ്. നിരാശയുടെ കൂരിരുൾ ടണലിലൂടെ ബഹുദൂരം നടന്ന്‌, വെളിച്ചത്തിന്റെ വിശാല ലോകത്ത് എത്തിയ ധീരരാണിവർ.

കത്രീന, റീത്ത തുടങ്ങിയ ചുഴലി കൊടുങ്കാറ്റിന്റെ ദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്കിടയിൽ മെഡിക്കൽ ടീമിനോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ഡോ. ഡയിൽ ആർച്ചറിന്റെ  നിരീക്ഷണത്തിൽ ദുരന്തബാധിതരിൽ രണ്ട് വിഭാഗങ്ങളെ കണ്ടുമുട്ടി:
ദുരന്തത്തിന്റെ ഇരകളും (psychological victims) ദുരന്തം അതിജീവിച്ചവരും ( psychological survivers).
ദുരന്തത്തിന്റെ ഇരകളായവർ അശുഭ ചിന്താഗതിക്കാരും നിഷ്ക്രിയരും ദുരന്തങ്ങളെയും നഷ്ടങ്ങളെയുംപ്പറ്റി മാത്രം  ചിന്തിച്ച് കഴിയുന്നവരും ആയിരുന്നു. ആരെങ്കിലും സഹായിക്കുമെന്നോ സ്വയം എന്തെങ്കിലും സാധിക്കുമെന്നൊ ചിന്തിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

  എന്നാൽ അതിജീവനക്കാർ പ്രവർത്തനനിരതരും ശുഭപ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരും ആയിരുന്നു. തകർച്ചകളെ അതിജീവിക്കാൻ സ്വയം എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്നാണ് അവർ ചിന്തിച്ചിരുന്നത്.

'ദുരന്ത ഇര'യുടെ മെന്റൽ സെറ്റിൽ നിന്ന് അതിജീവനത്തിന്റെ മെന്റൽ സെറ്റിലേക്ക് മനോഭാവങ്ങളെ രൂപപ്പെടുത്തുവാൻ അദ്ദേഹം നൽകിയ പരിശീലനം, ദുരന്ത ചിന്തകളിൽ കുടുങ്ങിപ്പോയവരിൽ അനുകൂല മാറ്റങ്ങളുണ്ടാക്കി.

ജീവിതത്തിൽ ശുഭപ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കുന്ന ചില കാര്യങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്:

-ദൈവത്തിലും ഉറ്റവരിലും അഭ്യുദയകാംക്ഷികളിലുമുള്ള  ഉറച്ച വിശ്വാസം പ്രതീക്ഷ നിലനിർത്തുവാൻ സഹായിക്കും.

-നഷ്ടപ്പെട്ടതും നേടുവാൻ കഴിയാത്തതും ഓർത്തു വിഷമിക്കാതെ, ലഭിച്ച നന്മയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരാകുമ്പോൾ ശുഭപ്രതീക്ഷയിൽ മനസ്സുറയ്ക്കും.

-ജീവിതത്തിൽ നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങളെ സ്നേഹിക്കുന്നവരെയുംപ്പറ്റി ചിന്തിക്കുക. അവരുമായുള്ള സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തുക.  ഗോസിപ്പുകാരെയും അസൂയക്കാരെയും ഗൗനിക്കാതിരിക്കുക.

സഹന ദുരന്തങ്ങളുടെ കറുത്ത രാത്രി താൽക്കാലികം മാത്രമാണെന്നും പ്രഭാതം കടന്നു വരുമെന്നുമുള്ള ഉറച്ച വിശ്വാസം പ്രതീക്ഷ നൽകും.  ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനും പ്രത്യാശയുടെ  ചുവടുവെച്ച് മുന്നോട്ടു പോകുവാനും അത്തരമൊരു ശുഭ ചിന്ത മാത്രം മതി.

ബിസി 612 ൽ ജീവിച്ചിരുന്ന പഴയ നിയമത്തിലെ ഹബക്കുക്ക് പ്രവാചകന്റെ പ്രതികൂല സാഹചര്യങ്ങളിലെ പോസിറ്റിവിറ്റി വിസ്മയകരമാണ്. എല്ലാം നഷ്ടപ്പെട്ടപ്പോഴും സകലവും പ്രതികൂലമായപ്പോഴും ദൈവത്തിൽ പ്രതീക്ഷവയ്ക്കുന്ന പ്രവാചകന്റെ അതിജീവനശക്തി അപാരമാണ് :

'അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ്‌ എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു. '
ഹബക്കുക്ക്‌ 3 : 17-19

Hope is such an energy By which any dark part of life can be illuminated.
     -ഫാ. ഡോ. ഏ. പി. ജോർജ്‌ 

Tuesday, May 9, 2023

സമയമായി

 ദാമ്പത്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് ഒരു ദിവസം കൊണ്ടല്ല. നിരന്തരം അവഗണിക്കപ്പെടുന്ന പരാതികളും പരിഭവങ്ങളും ക്രമേണ ഗുരുതര പ്രശ്നങ്ങളായി തീർന്നേക്കാം. ദാമ്പത്യത്തിന്റെ തുടക്കത്തിലും ജീവിത സായാഹ്നത്തിലും  പ്രതിസന്ധികൾ ഉണ്ടാകാം. ആത്മബന്ധം, ആശയവിനിമയം, വിശ്വസ്തത തുടങ്ങിയവയിലെ പൊരുത്തക്കേടുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധരുടെ 'റിലേഷൻഷിപ് ഗൈഡൻസ്' സഹായകമാകും.


വിദഗ്ധസഹായം ആവശ്യമുണ്ടെന്ന് സമ്മതിക്കാൻ പലപ്പോഴും ദമ്പതികൾ തയ്യാറാകാറില്ല. പീഡനങ്ങളും ഭീഷണികളും നിസ്സഹകരണവും ഒക്കെ ഇണയെ  നിയന്ത്രിക്കുവാനും തോൽപ്പിച്ച് കീഴടക്കാനുമുള്ള മാർഗ്ഗങ്ങളായി പലരും സ്വീകരിക്കാറുണ്ട്. അതൊക്കെ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ആഡംബോർലാൻഡ് ദാമ്പത്യ പ്രതിസന്ധികൾ നേരിടുന്ന ദമ്പതികൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്.

'മാര്യേജ് കൗൺസിലിംഗ്'  ഉപദേശം നൽകലാണെന്ന തെറ്റുദ്ധാരണ പലർക്കും ഉണ്ട്. അതുകൊണ്ട് പ്രതിസന്ധികളിലായ ദമ്പതികളെ എല്ലാവരും ഉപദേശിക്കുവാൻ തുടങ്ങും. പ്രശ്നങ്ങളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാതെയുള്ള ഉപദേശങ്ങൾ ദമ്പതികളിൽ നിരാശയും വിരസതയും  ഉണ്ടാക്കും.
ബന്ധുക്കളുടെയും വീട്ടുകാരുടെയും ഇടപെടൽ പ്രശ്നം സങ്കീർണമാക്കും.
ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതുകൊണ്ട്, ഇനി ആരോഗ്യകരമായ ബന്ധം സാധ്യമല്ലെന്ന വിധിയെഴുത്ത് ശരിയല്ല. പ്രശ്നങ്ങൾ ലഘുകരിക്കാനും ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കും.

മാര്യേജ് കൗൺസിലിംങ്ങിനുള്ള സമയമായി എന്ന് തീരുമാനിക്കാനുള്ള 5 ലക്ഷണങ്ങളെപ്പറ്റി ആഡം ബോർലൻഡ് പറയുന്നത് നമുക്ക് ശ്രദ്ധിക്കാം :

1. ആശയവിനിമയം തടസ്സപ്പെടുക/ you struggle to communicate
വീട്ടിൽ ബഹളം ഉണ്ടാക്കുന്നതും നിശബ്ദത തുടരുന്നതുമൊക്കെ ആശയവിനിമയ തകരാറിന്റെ ലക്ഷണങ്ങളാണ്.
ആശയവിനിമയത്തിലെ വൈകല്യങ്ങളും  പ്രസാദാത്മകമായ സംസാരശൈലിയും ഏതൊക്കെയെന്ന്‌ മാര്യേജ് കൗൺസിലർ വ്യക്തമാക്കിത്തരും.
ആശയ വിനിമയത്തിൽ തുടർച്ചയായി ഇടർച്ചകൾ ഉണ്ടാകുമ്പോൾ വിദഗ്ധസഹായം നേടുവാനുള്ള സമയമായി എന്ന് അറിയണം.

2. ശാരീരികവും വൈകാരികവുമായ അടുപ്പക്കുറവ് രണ്ടാമത്തെ മുന്നറിയിപ്പാണ്/ lack of physical or emotional intimacy.

സ്നേഹ വികാരങ്ങൾ കൊണ്ട് നിറയേണ്ടതാണ് ദാമ്പത്യ സൗഹൃദം. സെക്ഷ്വൽ കെമിസ്ട്രിയും മാനസിക അടുപ്പവും വറ്റിവരണ്ടുണങ്ങിപ്പോയ, വെറും സഹവാസി ബന്ധം അപകട സിഗ്നൽ ആണ്.

3.വിശ്വസ്തതയുടെ തകർച്ച/ the trust has been broken

ദാമ്പത്യ ബന്ധത്തിൽ വഞ്ചന പലവിധത്തിൽ കടന്നു വരാറുണ്ട്. അത് ലൈംഗിക മേഖലയിൽ മാത്രമാണെന്ന തെറ്റുദ്ധാരണ പല ദമ്പതികൾക്കും ഉണ്ട്. സൈബർ അഡിക്ഷനും  നുണ പറയുന്നതും ഒക്കെ പരസ്പര വിശ്വസ്തതയുടെ അടിത്തറ ഇളക്കാറുണ്ട്. മാര്യേജ് കൗൺസിലുകളിൽ ഇത്തരം ട്രസ്റ്റ് ഇഷ്യൂസ് ചർച്ച ചെയ്യുന്നത് പരിഹാരം കണ്ടെത്തുവാൻ സഹായകമാകും.

4. ജീവിതത്തിലെ പ്രതികൂല സംഭവങ്ങളും മാറ്റങ്ങളും ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകാറുണ്ട് / major life changes

കുട്ടിയുടെ ജനനം,  പ്രിയപ്പെട്ടവരുടെ വേർപാട്,  വീട് മാറ്റം, പുതിയ ജോലിയുടെ തയ്യാറെടുപ്പ് തുടങ്ങിയവയൊക്കെ ദാമ്പത്യ ബന്ധത്തിൽ വലിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കാറുണ്ട്.
പ്രതിസന്ധിയുടെ ഓളങ്ങൾ മുറിച്ച് മുന്നേറുവാൻ രണ്ടുപേരും ഒരുമിച്ച് ഒരേ ദിശയിലേക്ക് തുഴയണം. ദുരന്താനുഭവങ്ങളും പ്രതിസന്ധികളും ഇളക്കി മറിച്ച ജീവിതത്തെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാൻ സ്വീകരിക്കേണ്ട സമീപന മാർഗങ്ങൾ മെഡിക്കൽ ടീം നിർദ്ദേശിക്കും. മറ്റു കുടുംബാംഗങ്ങളുടെ അസ്വസ്ഥതകൾ പരിഹരിക്കുവാൻ ഫാമിലി കൗൺസിലിംങ്ങും സഹായകമാണ്.

5. ആരെങ്കിലും ഒരാൾ ആസക്തിയിൽ വീഴുമ്പോൾ മുൻകരുതലകൾ എടുക്കണം/ one of you has an addiction

മദ്യം, ലഹരി മരുന്നുകൾ, ചൂതു കളി, പോർണോഗ്രാഫി, സാമ്പത്തിക മിതത്വമില്ലായ്മ തുടങ്ങിയവയൊക്ക ദാമ്പത്യ  പ്രതിസന്ധികളുണ്ടാക്കും. ഇത്തരം സമയങ്ങളിൽ രോഗബാധിതരായ  ജീവിതാപങ്കാളികളോട് വെറുപ്പും വിദ്വേഷവും തോന്നുക സ്വാഭാവികമാണ്. ആസക്തികൾ രോഗാവസ്ഥയും വ്യക്തിത്വ വൈകല്യങ്ങളുടെ അനന്തരഫലവുമാണ്. വൈകാരിക പ്രതിസന്ധികളും അവയ്ക്ക് പിന്നിലെ കാരണങ്ങളാകാം. ഇവരുടെ മാനസികാരോഗ്യം സന്തുലിതാവസ്ഥയിൽ ആക്കാൻ  മെഡിക്കൽ ടീമിന് കഴിയും.

75 ശതമാനം ദാമ്പത്യ പ്രതിസന്ധികളിലും മാരേജ് കൗൺസിലിംഗ് പ്രയോജനകരമാണെന്നാണ് അമേരിക്കൻ സൈക്കോളജി അസോസിയേഷന്റെ അഭിപ്രായം. പ്രതിസന്ധികൾക്ക് പൂർണ്ണമായ പരിഹാരമായില്ലെങ്കിലും, ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ കൗൺസിലിങ് സഹായിക്കും.
പങ്കാളി കൗൺസിലിങ്ങിന് സഹകരിക്കുവാൻ തയ്യാറില്ലാത്ത സാഹചര്യത്തിൽ ഒരാൾ മാത്രം പോകുന്നതുകൊണ്ടും പ്രയോജനം ഉണ്ട്. സഹനത്തിന്റെ വഴിയിലൂടെ യാത്ര തുടരാനും പങ്കാളിയുടെ സ്വഭാവ ബലഹീനതകളുമായി പൊരുത്തപ്പെട്ട് 'വർക്കിംഗ് റിലേഷൻ' നിലനിർത്തുവാനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മെഡിക്കൽ ടീം നൽകും.

അനേകം വർഷങ്ങളിലെ മുറിവുകൾ മൂലം തകർന്ന ദാമ്പത്യ ബന്ധം പ്രവർത്തനക്ഷമമാക്കുവാൻ കൗൺസിലറുമായി കുറെ സമയം ചെലവഴിക്കേണ്ടി വരും.
ഒറ്റ സിറ്റിങ്ങ് കൊണ്ട് കൗൺസിലിംഗ് നിഷ്പ്രയോജനമാണെന്ന് വിധിയെഴുതരുത്. അനുകൂല മാറ്റങ്ങൾ കണ്ടു തുടങ്ങാൻ കുറഞ്ഞത് നാല് സെക്ഷൻ എങ്കിലും വേണ്ടിവരും.

പ്രിയ ദമ്പതികളെ,
നസറേത്തിൽനിന്ന് നന്മയുണ്ടാകില്ലെന്ന ചിന്താഗതി തെറ്റായിരുന്നു. ലോകത്തിന്റെ രക്ഷിതാവിനെ ദൈവം വളർത്തിക്കൊണ്ടുവന്നത് നസ്രത്തിൽ നിന്നാണ്. ജീവിതാപങ്കാളിയെ വ്യത്യസ്ത വ്യക്തിയായി അംഗീകരിക്കുകയും ഞാൻ ആഗ്രഹിക്കുന്നത് പോലെ ആക്കി തീർക്കണമെന്ന നിർബന്ധം ഉപേക്ഷിക്കുകയും ചെയ്താൽ, അവരുടെ വ്യക്തിത്വ പ്രത്യേകതകളെ ഉൾക്കൊള്ളുവാൻ വിശാല മനസ്സ് ഉണ്ടാവുകയും ചെയ്താൽ ഇപ്പോഴത്തെ ദാമ്പത്യ പ്രതിസന്ധികൾക്ക് പരിഹാരമാകും.
ജീവിതപങ്കാളി മാറണമെന്നും അവരെ മാറ്റിയെടുക്കണമെന്നും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് ആദ്യം മാറേണ്ടത്.
സ്നേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. കാരണം,  ദൈവിക ഭാവമാണ് സ്നേഹം. സ്നേഹത്തിൽ തിരുത്തുകയും പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുമെങ്കിൽ  അല്പം വൈകിയാണെങ്കിലും ബന്ധങ്ങൾ സൗഹൃദ പൂർണമാകും.
ജീവിതപങ്കാളിയുടെ ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത നിർമ്മല സ്നേഹം ഒന്ന് പരീക്ഷിച്ചു നോക്കൂ. വിജയം സുനിശ്ചിതമാണ്.
'എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.
ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം.
പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും.'
1 കോറിന്തോസ്‌ 7 : 2-5

സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.
ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.
എഫേ. 4 : 31-32

ക്രിസ്തു അവരോട് മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
മത്തായി 19 : 4-6
Fr. Dr. A. P. George

,

Wednesday, December 14, 2022

The trap of negative thoughts

 ജീവിതത്തിലെ പരാജയങ്ങളും വീഴ്ചകളും മനസ്സിൽ നിഷേധ ചിന്തകൾ ഉണർത്തും.  വിവേകം വികാരത്തിന് വഴിമാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന നിഷേധ ചിന്തകൾ ശരീരമനസ്സുകളിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാക്കും.


പ്രണയബന്ധങ്ങളിലും ദാമ്പത്യത്തിലും പ്രതിസന്ധികളുണ്ടാകുമ്പോൾ  പീഡനത്തിനും കൊലപാതകത്തിനും മുതിരുന്നവരുടെ പ്രധാന പ്രശ്നം മനസ്സിലെ നിഷേധ ചിന്തകളുടെ തേരോട്ടമാണ്.

നിഷേധ ചിന്തകളുണ്ടാക്കുന്ന  പ്രതികാരമനോഭാവമാണ്  കുടുംബത്തിലും മത രാഷ്ട്രീയത്തിലും സമൂഹത്തിലും ശിഥില പ്രവർത്തനങ്ങളും അക്രമങ്ങളും ഭിന്നതകളുമൊക്കെ ഉണ്ടാക്കുന്നത്.

ഏകാധിപതിയായ നേതാവിന്റെ മനസ്സിലെ രോഗബാധിതമായ സംശയങ്ങളും അതുണ്ടാക്കുന്ന തെറ്റ് ധാരണകളും വർഗിയ  കലാപങ്ങൾക്കും കൂട്ടക്കൊലക്കും യുദ്ധങ്ങൾക്കും വരെ കാരണമാകാറുണ്ട്. അതെ, മനസ്സിലെ നിഷേധ ചിന്ത സംഹാര സാധ്യതകളുള്ള ബോംബും മിസൈലും ആണ്.

പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന നെഗറ്റീവ് ചിന്താഗതി വച്ചുപുലർത്തുന്ന അനേകരുണ്ട്. അത് ബന്ധങ്ങളെ ശിഥിലമാക്കും.  സൗഹൃദ പൂർണ്ണമായിരുന്ന പല ദാമ്പത്യ ബന്ധങ്ങളും തകർന്നത് ചില നിസ്സാര കാരണങ്ങളാണ്. അത്തരം ദുരന്തങ്ങൾക്ക് പിന്നിൽ നിഷേധ ചിന്തകളുടെ സ്വാധീനം ചെറുതല്ല.
ആരോഗ്യകരമായ ബന്ധം മുന്നോട്ടു കൊണ്ടുപോകുവാൻ  അനാരോഗ്യകരമായ ചിന്തകളെയും സമീപന രീതികളെയും തിരിച്ചറിയണം.  സ്വയം തിരുത്തുവാൻ തയ്യാറാകണം.

എല്ലാ ബന്ധങ്ങളിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അത് സ്വാഭാവികവുമാണ്. രോഗബാധിതമായ സംശയവും   അശുഭ ചിന്തകളും സമാധാനപൂർണ്ണമായ ദാമ്പത്യ ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്.
ദാമ്പത്യ പ്രതിസന്ധികൾക്ക് പിന്നിലെ നിഷേധ ചിന്തകളുടെ അടിയൊഴുക്ക് ഒരു പക്ഷേ ദമ്പതികൾക്കും ബന്ധുക്കൾക്കും മനസ്സിലാകണമെന്നില്ല. അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുവാൻ വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.

നിഷേധ ചിന്തകൾ ദാമ്പത്യ ബന്ധത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ പലവിധത്തിലാണ്:
കാര്യങ്ങളെ പൂർണ്ണമായും നല്ലത് അല്ലെങ്കിൽ ചീത്ത എന്ന രീതിയിൽ   കാണുന്ന എക്സ്ട്രീം മനോഭാവക്കാരാണിവർ. ഇതിനിടയിലുള്ള കാര്യങ്ങളെ മനസ്സിലാക്കുവാൻ ഇവർ ശ്രമിക്കാറില്ല. ജീവിതപങ്കാളി തന്നെ സ്നേഹിക്കുന്നില്ല, വിശ്വസ്തരല്ല എന്നൊക്കെയുള്ള തീവ്ര ചിന്തകളിൽ നിഷേധ ചിന്തകളുടെ സ്വാധീനം ഉണ്ട്.
കഴിഞ്ഞ കാലങ്ങളിലെ മോശമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിലവിലെ കാര്യങ്ങളെ വീക്ഷിക്കുന്നതിന് പ്രേരണ ഉണ്ടാക്കുന്നത് നിഷേധ ചിന്തകളാണ്. മറ്റൊരാൾ ദോഷകരമായിട്ടാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് സ്വയം അനുമാനിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്ന ചിന്തകൾ നെഗറ്റീവ് ആണ്.

ജീവിതത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വം പങ്കാളിയുടെ മേൽ ആരോപിക്കുന്നതും നിഷേധ ചിന്തകളുടെ സ്വാധീനം കൊണ്ടാകാം. ഇത്‌ ജീവിതപങ്കാളിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം തിരുത്തുമ്പോൾ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. അതിനുപകരം കുറ്റപ്പെടുത്തലുകൾ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും.

വിഷാദാവസ്ഥയിൽ നിഷേധാ ചിന്തകളുടെ സ്വാധീനം മൂലം ചുറ്റുപാടുകളെ പ്രതികൂലമായി കാണുവാനുള്ള സാധ്യത കൂടുതലാണ്. വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ വസ്തുതകളെ നിഷ്പക്ഷമായി  വിലയിരുത്തുവാൻ കഴിയാതെ വരും.

നിഷേധ ചിന്തകൾ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോകാറുണ്ട്. എന്നാൽ ചിലരിൽ ഇത്തരം ചിന്തകൾ അപകടകരമായ ദുസ്വാധീനം ചെലുത്താറുണ്ട്. സഹനപൂർണ്ണമായ ബാല്യകാലം, വ്യക്തിത്വ വൈകല്യങ്ങൾ, മനോ -ശാരീരിക രോഗങ്ങൾ, ജീവിതത്തിലെ തോൽവിയും നഷ്ടങ്ങളും ഒറ്റപ്പെടലും ഒക്കെ നിഷേധമനോഭാവങ്ങൾക്ക് പിന്നിലെ കാരണങ്ങളാകാം.
നിഷേധ ചിന്തകളുടെ  വലിയേറ്റങ്ങൾ ഏകാഗ്രത നഷ്ടപ്പെടുത്തും.  ദൈനംദിന ജോലിയിൽ ശ്രദ്ധക്കുറവും ബന്ധങ്ങൾക്കിടയിൽ പ്രതിസന്ധിയും ഉണ്ടാക്കും. അപകടകരമായ തീരുമാനങ്ങളിലേക്ക് ചുവടുവെക്കാൻ പ്രേരണയുമുണ്ടാക്കും.

ദാമ്പത്യപങ്കാളിയുടെ കുറ്റവും കുറവുകളും അതിശയോക്തിപരമായി ചിന്തിച്ച്  പ്രതിസന്ധികളുണ്ടാക്കുന്നവരുടെ മനോഭാവങ്ങളെ തിരുത്തുവാൻ മനശാസ്ത്ര ചികിത്സ സഹായകരമാണ്.

ജീവിതപങ്കാളിയെ പരീശമനോഭാവത്തോടെ നിരന്തരം കുറ്റപ്പെടുത്തുന്നത്  ദാമ്പത്യ പ്രതിസന്ധികൾക്ക് കാരണമാകും. ആരും പൂർണ്ണരല്ല,  എല്ലാവരിലും പോരായ്മകളുണ്ട്. പരിമിതികളുള്ളവരെ കൂട്ടിച്ചേർത്താണ് ദൈവം കുടുംബം പണിയുന്നത്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭാര്യയെ സ്നേഹിക്കുവാനും ഉപാധികളില്ലാത്ത സ്നേഹത്തോടെ ഭർത്താവിനെ കരുതുവാനും ദമ്പതികൾ തയ്യാറാകുമ്പോൾ അവർക്കിടയിൽ നിഷേധ ചിന്തകൾക്ക് സ്ഥാനമില്ലാതാകും.

സ്നേഹം ദോഷത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് സ്നേഹത്തിന്റെ അപ്പോസ്തലനായ പൗലോസിന്റെ ഉപദേശം. ജീവിതപങ്കാളിയുടെ പരാജയത്തിന്റെയും വീഴ്ചയുടെയും ഫയലുകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് പരസ്പരം സ്നേഹിക്കുവാൻ പ്രയാസമാണ്. 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളോടും ക്ഷമിക്കണമെ'യെന്ന കണ്ടീഷണൽ പ്രാർത്ഥന ചൊല്ലുന്ന ദമ്പതികൾ പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കുവാനും അനുകൂല ചിന്തകളെ പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കണം.

തെറ്റുകൾ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നവർക്ക് ക്ഷമ നൽകുക. തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുക. ആ നിശബ്ദത നിങ്ങളുടെയും ദാമ്പത്യ ബന്ധത്തിന്റെയും വിജയമാവും.

ഇണങ്ങുവാൻ വരുന്നവർ നമ്മളോട് തോറ്റു വരുന്നതല്ല,
നമ്മൾ അവരെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ അവർ നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണെന്നറിയണം. അനുരഞ്ജനത്തിനുള്ള അത്തരം സുവർണ്ണാവസരങ്ങൾ നിഷേധ മനോഭാവം മൂലം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-ശുഭാശംസകൾ!
-ഫാ. ഡോ. ഏ. പി. ജോർജ്