പ്രിയമുള്ളവളെ,
മരുന്നിന്റെയും മരണത്തിന്റെയും ഗന്ധമുള്ള ഈ തീവ്ര പരിചരണ വിഭാഗത്തിലെ കൊച്ചു മുറിയിൽ നമ്മൾ ഒരുമിച്ചുള്ള അവസാന നിമിഷങ്ങളാണിപ്പോൾ. അല്പസമയത്തിനുള്ളിൽ എന്റെ ജീവിത നൗക കടവിൽ നിന്ന് യാത്രയാകും, കരയിൽ നീ മാത്രമാകും...നമ്മുടെ സൗഹൃദയാത്രയുടെ തുടക്കത്തിൽ പരസ്പരം കൈമാറിയ സ്നേഹസ്പന്ദനത്തിന്റെ ഊഷ്മള വികാരസ്പർശം ഇപ്പോഴും നിന്റെ കരങ്ങളിൽ സജീവമാണ്.
നിന്റെ സ്നേഹവും കരുതലും എന്നിലുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ, നിന്റെ ആത്മാവിന്റെ ക്യാൻവാസിൽ, ഉഷസ്സിന്റെ സങ്കീർത്തനമായി ഞാൻ എഴുതുകയാണ്...
നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം നീ ഓർക്കുന്നുണ്ടോ? എന്തു പറയണമെന്ന് അറിയാതെ വാക്കുകൾക്കായി ഞാൻ തപ്പി തടഞ്ഞു. പക്ഷേ, ആത്മഹർഷം തുളുമ്പുന്ന സാത്വികഭാവമായിരുന്നു അപ്പോൾ നിനക്ക്.
അതുവരെ ഞാൻ എന്നിൽ കാണാത്ത എന്തൊക്കെയോ നന്മകൾ നീ എന്നിൽ കണ്ടു. സ്നേഹത്തിന്റെ ബാലപാഠങ്ങൾ നീയാണ് എന്നെ പഠിപ്പിച്ചത് - വാക്കുകൾ കൊണ്ടല്ല, കരുണയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും പെരുമാറ്റത്തിലൂടെ എന്നെ പഠിപ്പിച്ചു. നീ മൂലം ഞാൻ അനുഗ്രഹീതനായി. നമ്മൾ ഒരുമിച്ച് വിതെച്ച ആത്മഹർഷങ്ങൾ നൂറുമേനിയായി നമ്മൾ കൊയ്തെടുത്തു.
പ്രിയമുള്ളവളെ, നിന്റെ അനന്തമായ കരുതലിന് നന്ദി! മരുഭൂമിയിലും പുഷ്പങ്ങൾ നിറഞ്ഞ മേച്ചിൽ പുറങ്ങളിലും പരിഭവമില്ലാതെ, പ്രസന്നവതിയായി എന്നോടൊപ്പം നടന്നതിനും എന്റെ സുരക്ഷിത സങ്കേതം ആയിരുന്നതിനും നന്ദി! എനിക്കുവേണ്ടി ഒരുക്കിയ സ്നേഹവിരുന്നുകൾക്കും ഉരുവിട്ട രഹസ്യ പ്രാർത്ഥനകൾക്കും ഉറക്കം ഇല്ലാത്ത എന്റെ രാത്രികളിൽ ഉറങ്ങാത്ത കാവൽക്കാരിയായി ഉണർന്നിരുന്നതിനും ഓരോ കണ്ണുനീർത്തുള്ളികളും സ്നേഹതൽപം കൊണ്ട് തുടച്ചതിനും നന്ദി! ഹൃദയപൂർവ്വം നന്ദി!
എനിക്ക് നിന്നോട് ഒരുപാട് മാപ്പ് ചോദിക്കുവാനുണ്ട്. വൈകാരിക കൊടുങ്കാറ്റുകളും പിണക്കങ്ങളും കൊണ്ട് ഞാൻ നിന്നെ മുറിവേൽപ്പിച്ചതിനും എന്റെ അഹങ്കാരം മൂലം നിന്റെ ഹൃദയത്തിന്റെ തിങ്ങലും വിങ്ങലും മനസ്സിലാക്കാതെ പോയതിനും ക്ഷമാപണം! വളരെയധികം പരിമിതികളും ബലഹീനതകളും ഉള്ളവനാണ് ഞാൻ. ദാമ്പത്യ ഉടമ്പടി ബന്ധത്തിലും സൗഹൃദത്തിലും ഞാൻ ഇടറി പോയപ്പോൾ ഉപാധികളില്ലാത്ത ക്രിസ്തുവിന്റെ സ്നേഹത്തോടെ നീയെല്ലാം ക്ഷമിച്ചു. എല്ലാം പൊറുക്കുന്ന, എല്ലാം സഹിക്കുന്ന, എല്ലാം വിശ്വസിക്കുന്ന, ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത സ്നേഹം നീ എനിക്ക് ഔദാര്യമായി പങ്കുവെച്ചു. ആഗ്രഹിക്കുന്ന പലതും വേണ്ടെന്നു വയ്ക്കുന്നതും സ്നേഹമാണെന്ന് നീയെന്നെ പഠിപ്പിച്ചു.
ക്രിസ്തുവിന്റെ സ്നേഹം എന്താണെന്ന് രുചിച്ചറിയുവാൻ സഹായിച്ച, ഈ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് നീ. ഞാനെന്നും നന്ദിയുള്ളവനാണ്.
ഈ സമയരഥത്തിലെ നമ്മുടെ യാത്രയിൽ, എന്റെ ഡെസ്റ്റിനേഷനും ഞാനിറങ്ങേണ്ട സ്റ്റോപ്പും വളരെ അടുത്താണ്. അത്, ഡോക്ടർ സന്ദീപ് ഇന്നലെ എന്നോട് പറഞ്ഞു. മരണത്തെ തോൽപ്പിച്ച നിത്യവിസ്മയ ചൈതന്യം നമ്മോട് കൂടെയുള്ളപ്പോൾ, മരണത്തിന് നമ്മെ വേർപിരിക്കുവാൻ കഴിയില്ല.
വളരെ വിഷമത്തോടെയാണ് ഞാൻ വിടപറയുന്നത്. കണ്ണുനീരും നെടുവീർപ്പും ഇല്ലാത്ത നിത്യ സന്തോഷത്തിന്റെ നാട്ടിൽ ഞാൻ നിനക്കായി കാത്തിരിക്കും...
നിരാശയിലും വിരഹ ദുഃഖത്തിലുമല്ല, നിത്യതയുടെ പ്രത്യാശയിൽ പ്രസന്നവതിയായി നീ ജീവിക്കണം. നമ്മൾ പങ്കുവെച്ച സ്നേഹം നമുക്കിടയിൽ എന്നും സജീവമായിരിക്കും. ആ സ്നേഹത്തിന് മരണമില്ല.
നിന്റെ ജീവിതയാത്രയിൽ തിരുവചനം പാതക്ക് ദീപവും വെളിച്ചവും ആയിരിക്കട്ടെ! ക്രിസ്തുവിന്റെ സന്തോഷം ചാലക ശക്തിയാകട്ടെ!
നഷ്ടബോധം മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ, നമ്മൾ പങ്കുവെച്ച സ്നേഹത്തിന്റെ ദിനവൃത്താന്ത പേജുകൾ മറിച്ചു വായിച്ച്, മനസ്സിനെ സാന്ത്വനപ്പെടുത്തണം. നമുക്ക് ആഹ്ലാദകരമായ തുടക്കവും വിശുദ്ധമായ സായാഹ്നവും ദൈവം തന്നു. അത് ഒരു വലിയ ഭാഗ്യമല്ലേ? ഈ അനന്ത സ്നേഹ സൗഹൃദയാത്ര നിത്യതയിൽ നമ്മൾ വീണ്ടും തുടരും.
നമ്മെ ദൈവം ഏൽപ്പിച്ച പേരന്റിങ് നിയോഗത്തിന്റെ എല്ലാ ചുമതലകളും ഇനി നിന്റെ ചുമലിൽ ആണ്. ഭയപ്പെടരുത്. സർവ്വശക്തൻ കൂടെയുണ്ട്. നമ്മൾ രണ്ടുപേരെയും ചേർത്ത് നമ്മുടെ ദാമ്പത്യ ജീവിതത്തിന്റെ തിരക്കഥ എഴുതിയവൻ, നീ മാത്രമുള്ള അവസാന രംഗത്തിലെ തിരക്കഥയും എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. കഥ ഇതുവരെ എഴുതി സംവിധാനം ചെയ്ത ഡിവൈൻ ഡയറക്ടർ, ബാക്കിയുള്ളതും അനുഗ്രഹകരമായി പൂർത്തിയാക്കും, നിവൃത്തിയാക്കും.
പ്രിയമുള്ളവളെ, നീ ചിന്തിക്കുന്നതിനേക്കാൾ ശക്തയും ധന്യവതിയുമാണ് നീ. വിശുദ്ധ കൂദാശകളാൽ മുദ്രയിട്ട്, നിത്യ സൗഹൃദത്തിനായി കൂട്ടിച്ചേർത്ത ദൈവം, വിസ്മയ സ്നേഹത്തിൽ തുടർന്നും നമ്മെ ചേർത്തു നിർത്തും. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ വേർപിരിക്കുവാൻ ആർക്കും കഴിയില്ല, മരണത്തിന് പോലും. എന്നെന്നും നമ്മൾ നമുക്ക് സ്വന്തമായിരിക്കും.
Live bravely, love deeply—I’ll be beside you, just unseen!
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment