Wednesday, August 12, 2020

പുതിയ ആകാശവും പുതിയ ഭൂമിയും

അനീതിക്കും അക്രമത്തിനുമെതിരെ വൈലന്റായി പ്രതികരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേത്.  ഇത് ആദർശധീരത കൊണ്ടൊന്നുമല്ല,  തികച്ചും നിവൃത്തികേടുകൊണ്ടു മാത്രമാണ്. 

ഗവണ്മെന്റ്നെതിരെ പ്രതിപക്ഷം,  ആത്മീയ നേതൃത്വത്തിനെതിരെ അൽമായ സംഘo, പോലീസിനെതിരെ ജനങ്ങൾ, മാതാപിതാക്കൾക്കെതിരെ മക്കൾ... പരസ്പരം അടിപിടികൂടുന്ന സമൂഹമായി തീർന്നിരിക്കുകയാണ്  ദൈവത്തിന്റെ നാട്.  

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്? 

വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കുറ്റത്തിന്റെയും  അഴിമതിയുടെയും പേരിൽ ആരും തെരുവിലിറങ്ങി ധർണയും ജാഥയും അക്രമങ്ങളും നടത്തുന്നില്ല. സദാചാര പോലീസുകാർ നിയമം കയ്യിലെടുക്കുന്നതുമില്ല. കാരണം, അവിടെ നിയമവാഴ്ച്ചയുണ്ട്.  അധികാരികളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കാനും സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു നീതിന്യായപീഠം അവിടെയുണ്ട്. ആ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവുമുണ്ട്. അതിൽ മത-രാഷ്ട്രിയ നേതാക്കന്മാർ അനാവശ്യമായി ഇടപെടാറുമില്ല.

മത-രാഷ്ട്രിയ നേതൃത്വത്തിലും നിയമപാലകരിലും ജുഡിഷ്യറിയിലുമുള്ള  വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതു തന്നെയാണ് വൈകാരിക നിഷേധപ്രതികരണങ്ങൾക്കുള്ള പ്രധാന കാരണം.  സംഘടിക്കാതെ, പ്രതിരോധിക്കാതെ ഒന്നും നടക്കില്ലെന്ന് ജനം പഠിച്ചു. 

ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കിൽപോലും ടാക്സ് കൊടുക്കുന്ന ജനങ്ങൾ വഴി തടയണം,  അല്ലെങ്കിൽ വണ്ടി തല്ലിപ്പൊളിക്കണം.

                       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പേരുണ്ടെങ്കിലും മത- രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവർഗത്തിന്റെയും ആധിപത്യവും  അധീശത്വവുമാണിവിടെ നടക്കുന്നത്.

                   പ്രതിപക്ഷം ബഹളം വയ്ക്കുന്നത് രാജ്യസ്നേഹംകൊണ്ടോ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. കസേരയിൽ കയറി പറ്റാനും നാലുതുട്ടുണ്ടാക്കാനുള്ള അത്യാർത്തികൊണ്ടു  മാത്രമാണ്. ഉച്ചിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കളെ ചട്ടം പഠിപ്പിക്കാൻ എത്രവിദഗദ്ധനായ  ഡോഗ് ട്രെയ്നർവിചാരിച്ചാലും നടക്കില്ല. സെമിനാറുകളും ചാനൽചർച്ചകളും യൂസ് ലെസ്സ് സമയംകൊല്ലി പരിപാടികൾ.

ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണകക്ഷിയാകുമ്പോൾ കാര്യങ്ങൾ വീണ്ടും തഥൈവ. മതവും രാഷ്ട്രീയവും ജനകോടികളുടെ വയറ്റിപ്പിഴപ്പാണ് മാഷേ... അതിലെ ഇത്തിൾകണ്ണികളും എർത്തുകളും വലിയൊരു അധോലോക ഗൂഡസംഘമണിഷ്ടാ... 

എന്റീശ്വരാ, എല്ലാം സഹിക്കാൻ  പാവം, പാവം  ജനങ്ങൾ !

കിടിലൻഫ്രോഡുകളുടെ സ്വന്തം നാടായിത്തീർന്നിരിക്കുന്ന ഈനാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയും പ്രതികരണശേഷിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ  പാരനോയിഡ് കൾച്ചറിൽ ആർക്കും സുരക്ഷിതബോധമില്ല.

എല്ലാ തെറ്റുകളും ന്യായീകരിക്കുന്ന  മുട്ടാപ്പോക്ക് ഫിലോസഫിയും തന്റേടവും കൊണ്ട് സാധാരണക്കാരെ  അധികാരികൾ ചവിട്ടിമെതിച്ച് ഞെരിച്ചമർത്തിയിരിക്കുകയാണ്. 

ജനങ്ങളുടെ കണ്ണുനീരും സ്വപ്നങ്ങളും സഹനങ്ങളും ഓഡിയോ-വിഷ്വലായി വിറ്റ് മീഡിയ മുതലാളിമാർ സഹസ്രകോടികളുടെ സമ്പന്നരായിത്തീരുന്നു. 

മനോരോഗവും വ്യക്തിത്വ വൈകല്യവും ബാധിച്ചിരിക്കുന്ന അധികാരികളുടെ ഊഷരമനസ്സിൽ നന്മയും  ദൈവീകമനോഭാവവും മുളക്കില്ല.  മനുഷ്യമനസ്സും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ വിഷലിപ്തവും രോഗബാധിതവുമായിക്കഴിഞ്ഞു. പഴയ തുരുത്തിയിൽ വീണ്ടും വീണ്ടും പുതിയ വീഞ്ഞു നിറച്ചിട്ട് യാതൊരുകാര്യവുമില്ല.

ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുമാറ്റി, ശുദ്ധികലശം നടത്തി, പുതിയ ആകാശവും പുതിയ ഭൂമിയും സെറ്റ് ചെയ്ത്, ജീവന്റെ പുതിയ വിത്തുകൾ വിതയ്ക്കപ്പെടണം.

അതെ, അതിനുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു... 


No comments:

Post a Comment