Saturday, May 29, 2021

വിഷാദത്തിന്റെ ലോഡ് ഷെഡ്ഡിംഗ്

 

വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ  ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന  സംഘർഷ സാഹചര്യങ്ങളിൽ വളരെക്കാലം തുടരുന്നതും വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ജീവിതത്തിലെ അനുകൂല- പ്രതികൂല സാഹചര്യങ്ങളോട്  ശരീരമനസ്സുകളുടെ അമിത പ്രതികരണ രീതിയെയാണ് സ്‌ട്രെസ് അഥവാ പിരിമുറുക്കം എന്ന് പറയുന്നത്. പുതിയ ജോലിയും പ്രിയപ്പെട്ടവരുടെ വേർപാടും സംഘർഷങ്ങൾ ഉണ്ടാക്കാം.

സംഘർഷ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അധികംപേരും പരിഹാരങ്ങളും പോംവഴികളും കണ്ടെത്തി പ്രശ്ന സാഹചര്യങ്ങളുമായി പിരിമുറുക്കമില്ലാതെ അഡ്ജസ്റ്റ് ചെയ്യുവാൻ സാധിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധികളുമായി മൽപ്പിടുത്തം നടത്തി, നീക്കുപോക്കുകൾക്കു തയ്യാറാകാതെ, നിർബന്ധബുദ്ധിയോടെ ചെറുത്തു നിന്ന് യുദ്ധം ചെയ്യും.  ഇങ്ങനെ നിരന്തരം പടവെട്ടുന്ന ഇവരുടെ മനസ്സ് വൈകാരിക പ്രതിസന്ധികൾ മൂലം ബ്രേക്ക്ഡൗൺ ആകാനിടയുണ്ട്.

  എപ്പോഴും പിരിമുറുക്കം അനുഭവിക്കുന്നവർക്ക് മോശമായ വൈകാരിക സ്ഥിതി അഥവാ ബാഡ് മൂഡ്, ഉറക്കക്കുറവ്,  ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയ മനോ- ശരീരിക പ്രതിസന്ധികൾ ഉണ്ടാകും.

ധ്യാനം, പ്രാർത്ഥന, വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി, നല്ല ഉറക്കം, മാപ്പ് കൊടുക്കൽ. ക്രിയാത്മകമായ ടൈം മാനേജ്മെന്റ്, അനാവശ്യമായ അമിത ഭാരങ്ങളും ചുമതലകളും ഒഴിവാക്കുക എന്നിവയൊക്കെ പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സ്‌ട്രെസ് മാനേജ്മെന്റ് സമീപനങ്ങളാണ്.ഇതു കൊണ്ട് വിഷാദാവസ്ഥ കുറയുന്നില്ലെങ്കിൽ  മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.

ജീവിതത്തിലെ എല്ലാ ഭാരങ്ങളും സംഘർഷങ്ങളും എന്നും എപ്പോഴും ചുമക്കാൻ നമുക്ക് ആവില്ല. അങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുമില്ല. വാർദ്ധക്യം, രോഗങ്ങൾ, ഏകാന്തത, ലഹരി ആസക്തി തുടങ്ങിയ പ്രതികൂല തകൾ സ്‌ട്രെസ് ടോളറൻസ് കുറയ്ക്കുകയും വൈകാരിക വേലിയേറ്റങ്ങളിൽ മനസ്സ് ആടിയുലയുകയും ചെയ്യും.

അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അത്താണിയായ കർത്താവിന്റെ മുമ്പിൽ  വികാരങ്ങളുടെ ലോഡ്ഷെഡ്ഡിങ്   പിരിമുറുക്കം കുറക്കുവാൻ സഹായിക്കും. ഇതിന് അത്ഭുത രോഗശാന്തി കേന്ദ്രങ്ങൾ തേടി അലയേണ്ട കാര്യമില്ല. ഇടനിലക്കാരുടെ ആവശ്യവുമില്ല. മനസ്സിന്റെ ടെക്നീഷ്യനായ ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനും ആശ്രയിക്കാനും സമർപ്പിക്കാനും തയ്യാറായാൽ ദൈവത്തിന്റെ മഹത്വവും സൗഖ്യവും കാണുവാനും അനുഭവിക്കുവാനും നമുക്ക് കഴിയും.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7

No comments:

Post a Comment