Monday, February 18, 2019

സ്റ്റേജ് ഫോര്‍ ചര്‍ച്ചസ്

തട്ടേമ്മേ പള്ളിവികാരി സൈമണച്ചന്‍ കാര്യവിചാരകത്വവും നീതിബോധവും കര്‍ത്താവിനോട് സമര്‍പ്പണവുമുള്ള വ്യത്യസ്തനായ ഒരു ഇടയനാണ്. 
ഇടയത്വ ശുശ്രൂഷ തുടങ്ങി വര്‍ഷം ഒന്നു കഴിയുമ്പോഴേക്കും ഹൃദയം കടുകട്ടി ഗ്രാനൈറ്റ് ആകുന്ന ചടങ്ങ് അച്ചന്‍മരില്‍ നിന്നും വ്യത്യസ്തനാണ് ഈ റവറന്‍റ്.
വളരെയധികം പള്ളി പ്രമാണികളും വെള്ളിക്കട്ടന്‍മډാരുമുള്ള തട്ടേമ്മേ പള്ളിയിലെ ആടുകളേയും മുട്ടാടുകളേയും അനുസരണത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി നടത്തുന്ന സമര്‍പ്പിത ഇടയനാണീ പാതിരി.

സംഭവ ദിവസം ലൂക്കോസ് 18:18 മുതലുള്ള വേദഭാഗത്തില്‍ നിന്ന് വചനശുശ്രൂഷ നടത്തുകയായിരുന്നു അച്ചന്‍. 'നിനക്കുള്ളതൊക്കെ വിറ്റ് ദരിദ്രര്‍ക്ക് പങ്കിട്ടുകൊടുത്ത് എന്നെ അനുഗമിക്ക' എന്ന ഭാഗം വായിച്ച് അച്ചന്‍ വികാരാധീനനായി. എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും താളടിയായി കുഴഞ്ഞു വീണു. അബോധതലങ്ങളുടെ അഗാധങ്ങളിലേക്ക് ഒഴുകി പൊയ്ക്കൊണ്ടിരുന്ന അച്ചനെ രണ്ടു കരങ്ങള്‍ പിടിച്ചുയര്‍ത്തി. കണ്ണു തുറന്നപ്പോള്‍ സ്നിഗ്ദ്ധ സുന്ദരമായ പുഞ്ചിരിയോടെ നില്‍ക്കുന്ന ആണിപ്പാടുള്ള കര്‍ത്താവിന്‍റെ കരങ്ങളിലാണച്ചന്‍.
 
'എന്താ ഫാദറെ വല്ലാതെ സെന്‍റിയായി പോയല്ലോ, ക്യാ ഹുവാ?'

'ക്ഷമിക്കണം കര്‍ത്താവേ, അങ്ങയുടെ തിരുവചനത്തിന്‍റെ മര്‍മ്മം ഹൃദയത്തില്‍ ശൂലമായി വന്നു തറച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.'

'കൊള്ളാം, വചനം ഹൃദയത്തെ തൊടാതെ പാടുകയും പറയുകയും ചെയ്യുന്ന ജനകോടികള്‍ക്കിടയില്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കുന്നവരുമുണ്ടാകുന്നത് സന്തോഷമാണ്. ഐസിയുവിന് പുറത്തിരുന്ന് അപ്സെറ്റായി കൂട്ടംകൂടിയിരിക്കയാണ.'

'അല്ല ഞാന്‍ വിട്ടു പിരിഞ്ഞ് കര്‍ത്താവിനോട് കൂടെ ആയോ?'

'ഡോണ്‍ഡ് വറി, യു ആര്‍ സ്റ്റില്‍ എലൈവ്. വാട്സ് യുവര്‍ കണ്‍സേണ്‍?'

'ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ നിത്യതയും ഉപേക്ഷിച്ച് അങ്ങയുടെ മുമ്പില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങിയ ധനവാനെപ്പോലെയാണ് ഇന്ന് സഭകള്‍. അതോര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവരാജ്യം പ്രസംഗിക്കാനും രോഗികള്‍ക്ക് സൗഖ്യം വരുത്തുവാനും ശിഷ്യരെ അയച്ചപ്പോള്‍ വഴിക്ക് വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്, രണ്ടുടുപ്പും അരുത് എന്നു പറഞ്ഞ് വിട്ടതല്ലെ ഞങ്ങളെ? '

'യെസ്, യു ആര്‍ റൈറ്റ്'

'കര്‍ത്താവിനറിയാലോ ന്‍റെ സഭയുടെ ഇപ്പോഴത്തെ ആസ്തി. റിലയന്‍സിനും ടാറ്റയ്ക്കും മേലെ രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലാണ് എന്‍റെ സഭ. സ്ഥാപനങ്ങളുടെ ആസ്തി മാത്രം 3 ലക്ഷം കോടിക്കു മുകളില്‍. സഭയ്ക്ക് കീഴിലുള്ളത് പതിനൊന്നായിരം സ്ഥാപനങ്ങള്‍. രാജ്യത്തിനകത്തും പുറത്തും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സഭയുടെ ഭൂമിയുടെ വിപണി മൂല്യം പോലും ശതകോടികള്‍ വരും. വിശ്വാസം എന്നത് ദൈവവിശ്വാസമോ വിശ്വാസികളുടെ ഉന്നമനമോ അല്ല. പുരോഹിത-പള്ളിപ്രമാണി വര്‍ഗ്ഗത്തിന്‍റെ സമാന്തര ഭരണകൂടമാണ്. ഇത് ഒരു സഭയുടെ മാത്രം കാര്യം. ആയിരക്കണക്കിനാണ് സഭകള്‍. ശവമുള്ളേടത്ത് ഓടിക്കൂടുന്ന കാപാലകഴുകന്‍മാര്‍ പണത്തിനും പദവിക്കും സ്വത്തിനും വേണ്ടി പരസ്പരം കൊത്തിക്കീറുകയാണ്. കേസുപറഞ്ഞും അടിപിടി നടത്തിയും അങ്ങയുടെ നാമം അപഹാസ്യമാക്കുകയാണ് വയ്യ കര്‍ത്താവേ! എനിക്കു വയ്യ.'
'പറഞ്ഞോളൂ.'
'ഇത്രയും സമ്പന്നമായ സഭകളില്‍ വീടില്ലാത്തവരും ഡെയ്ലിബ്രഡിനു വകയില്ലാത്തവരും പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടാന്‍ കഴിവില്ലാത്തവരും നിത്യരോഗികളും ദരിദ്രരും വിധവമാരും കോടിക്കണക്കിനുണ്ട്. അവരിന്നും വഴിപാടിടുന്ന സമര്‍പ്പിതരുമാണ്. ഒരിക്കലും വഴിപാടിടാത്തവര്‍ അതുകൊണ്ടു ധൂര്‍ത്തടിക്കുമ്പോള്‍ ഈ ചെറിയവരെ ഓര്‍ക്കുന്നില്ല. ആര്‍ത്തിപണ്ടാരങ്ങളായ സാദൂക്യരും പരീശ-ശാസ്ത്രിമാരും പുരോഹിതډാരും ഒത്തു ചേര്‍ന്നു വിശുദ്ധസ്ഥലത്ത് മ്ലേച്ഛത സൃഷ്ടിക്കുന്നുٹ മനുഷ്യഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ട സഭ, കല്ലിലും മരത്തിലും പണത്തിലും പദവിയിലും പാരമ്പര്യത്തിലും ആള്‍ദൈവങ്ങളിലും പുതുക്കിപണിതതിന്‍റെ ദുരന്തങ്ങളാണിതൊക്കെ. സ്റ്റേജ് ഫോര്‍ രോഗാവസ്ഥയിലായ സഭയെ സൗഖ്യമാക്കാന്‍ സ്വര്‍ഗ്ഗീയ വൈദ്യനായ അങ്ങേയ്ക്കു മാത്രമേ കഴിയൂ.' 
'ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടം ഇപ്പോഴുമുള്ളത് സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷമാണ്. ഡിവൈന്‍ ഗവണ്‍മെന്‍റ് കാലത്തികവില്‍ കാര്യങ്ങളൊക്കെ യഥാസ്ഥാനപ്പെടുത്തും. റവറെന്‍റ് സമാധാനത്താലെ പോയി ദൈവരാജ്യത്തിന്‍റെ സുവേശേഷം ധൈര്യമായി പ്രസംഗിച്ചോളൂ.  കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഞാനെന്നും കൂടെയുണ്ടാകും. ടേക്ക് കെയര്‍, ഓള്‍ ദി ബെസ്റ്റ്!'

No comments:

Post a Comment