Friday, September 30, 2016

സ്വപ്നകുമാരികള്‍ എവിടെ ?

സന്തുലിതമായ ഉറക്കശീലമില്ലായ്മ ആരോഗ്യ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കും നയിക്കുമെന്നു മെഡിക്കല്‍ സയന്‍സ് ആണയിട്ടു പറയുന്നു.ഇന്റര്‍നെറ്റ്- ദൃശ്യമാധ്യമങ്ങള്‍ രാവേറുന്നത്‌വരെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങള്‍ വിളബുമ്പോള്‍ ഉറക്കത്തിന്‍റെ സമയം അപഹരിക്കപ്പെടുകയാണ്. ഇരുപത്തിനാല് മണിക്കുറും ഓവര്‍ടൈം ജോലി ചെയ്യുന്ന ഹൃദയത്തിനും ബ്രെയിന്‍നും പറയുവാന്‍ പരാതികള്‍ ഏറെയുണ്ടെന്നോര്‍ക്കണം.
ബ്രെയിന്‍ അറ്റകുറ്റ പണികള്‍ ചെയ്യ്തു തീര്‍ക്കുന്നത് ഉറക്ക സമയത്താണ്. ഉറക്കത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ആണ് കൂടുതല്‍ മെയിന്‍റെനന്‍സ് നടക്കുന്നത്. വൈകാരിക ഭാവങ്ങള്‍, ഹോര്‍മോണ്‍  തുടങ്ങിയവയുടെ സമീകരണം നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനക്ഷമതക്ക് ഉറക്കവും വിശ്രമവും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഉറക്കം കുറയുമ്പോള്‍ മൂഡ് തെറ്റുന്നത്.
ഉറക്കം ദൈവത്തിന്റെ ദിവ്യക്രമീകരണം ആണെന്നും സുഖമായി ഉറങ്ങുവാന്‍ ആത്മശരീര മനസ്സുകളില്‍ ദൈവം ശാന്തത  പകരുന്നു എന്നുമാണ് ബൈബിളിലെ ദാവീദിന്റെ അഭിപ്രായം. ' ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും, നീയല്ലോ യെഹോവേ, എന്നെ നിര്‍ഭയം വസിക്കുമറാക്കുന്നത്'. സങ്കീര്‍ത്തനങ്ങള്‍ 4:8.
ഉറക്കം ശരീരത്തിന്‍റെ വിശ്രമതീരമാണെന്ന്  ബൈബിള്‍ നുറിലധികം  പ്രാവശ്യം ആവര്‍ത്തിക്കുന്നു.
സകല പ്രപഞ്ചചാരാചരങ്ങളെയും സൃഷ്ടിച്ചശേഷം ദൈവം സ്വസ്ഥമായിരുന്നു . വര്‍ക്ക്ഹോളിക്ക് ആയ മനുഷ്യന്‍ വിശ്രമമില്ലാതെ പണിയെടുത്ത്, സൗഭാഗ്യo ആര്‍ക്കോവേണ്ടി വാരിക്കൂട്ടി, ഒടുവില്‍ RIP ആകുന്നു. ഇതല്‍പം നേരത്തേ ആയിക്കൂടേ, ന്‍റെ ചങ്ങാതി?

ജീവിതത്തിന്‍റെ വെല്ലുവിളികളും തിരക്കുകളും ഭയാശങ്കകളും ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. ഉറക്ക ഗുളികകളും സ്ലീപ്‌ക്ലിനിക്കുകളും ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമല്ല. ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് മനസ്സിനെ ഭാരപ്പെടുത്തുന്ന ഭാരങ്ങള്‍ ഇറക്കിവക്കാന്‍, ഭരമേല്പ്പിക്കാന്‍, അത്യുന്നതനും അപരിമേയനും ആയ ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ സമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയും. നമുക്കൊന്നും ചെയ്യുവനില്ലാ ത്തിടത്തു ദൈവം ചെയ്യട്ടെ എന്ന വിശ്വാസത്തിലും ആശ്വാസത്തിലും മനസ്സിനെ ഉറപ്പിക്കുമ്പോള്‍ ആന്തരിയ വികാരത്തിരകള്‍ ശാന്തമാകും. നിദ്രാദേവി കണ്‍പോളകളില്‍ ലാസ്യനൃത്തച്ചുവടുവക്കും. മഴവില്‍ വര്‍ണങ്ങളുടുത്ത സ്വപ്നകുമാരികള്‍ മുക്തരാഗങ്ങളും സ്നിദ്ധഭാവങ്ങളും കൊണ്ട് സ്വപ്നലോകം മായിക പ്രപഞ്ചമാക്കും.

യുക്തിരഹിതമായി വിശ്വസിക്കുന്ന വിശ്വാസിക്കു ലഭിക്കുന്ന ഈ നിദ്രാഭാഗ്യം സെല്‍ഫ്മെയ്‌ഡ് വിവേകികള്‍ക്കും ജ്ഞാനികള്‍ക്കും കിട്ടാറില്ല. അവര്‍ ബുദ്ധികൊണ്ടും യുക്തികൊണ്ടും കൂട്ടിക്കുറയ്ക്കുമ്പോള്‍ കിട്ടുന്നത് ഭിന്നസംഖ്യകള്‍ മാത്രമാണ്. പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടന്നുകൂട്ടി ക്കൊണ്ടിരിക്കും, അപ്പോഴേക്കും കോഴി കൂകും.
" Each night, when I go to sleep, I die. And the next morning, when I woke up, I am reborn"- Mahatma Gandhi.    

No comments:

Post a Comment