എല്ലാം തികഞ്ഞവരായിരിക്കുമ്പോഴല്ല, അപൂർണ്ണതകളുള്ള യഥാർത്ഥ നിങ്ങളായിരിക്കുമ്പോഴാണ് നിങ്ങളുടെ ജീവിതം പ്രകാശ പൂർണ്ണമാകുന്നത്.
ഇന്നത്തെ ലോകം അനുരൂപതക്ക് (conformity) ശക്തമായ പ്രേരണ ഉണ്ടാക്കാറുണ്ട്. "മറ്റുള്ളവരെപ്പോലെയാകണം" എന്ന സമ്മർദ്ദത്തിൽ അനേകർ തങ്ങളുടെ വ്യക്തിത്വവും പ്രത്യേകതകളും മറച്ചുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേകതകളാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നാണ് മനഃശാസ്‌ത്ര വീക്ഷണം.
ഒരാളുടെ 'വിചിത്ര പെരുമാറ്റം' അല്ലെങ്കിൽ 'സ്വഭാവ വൈചിത്ര്യം' (Quirk) ഒരു കുറവല്ല, ബലഹീനതയും അല്ല. അത് ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ തനിമയാണ്. ചിലർ വളരെ സൂക്ഷ്മമായി കാര്യങ്ങൾ ശ്രദ്ധിക്കും. ചിലർ അസാധാരണമായ ചോദ്യങ്ങൾ ചോദിക്കും. ചിലരിൽ സൃഷ്ടിപരമായ ചിന്തകളുടെ ഒഴുക്ക് വളരെ ശക്തമാണ്. ചിലർ ഏകാന്തതയിൽ ഊർജം കണ്ടെത്തും. ചിലർ അതിയായ സഹാനുഭൂതിയുള്ളവരാണ്. ഇതൊന്നും ദൗർബല്യങ്ങളല്ല, അവരുടെ മനസ്സിലെ ദൈവദത്തമായ കയ്യൊപ്പുകളാണ്.
യഥാർത്ഥ വ്യക്തിത്വ പ്രത്യേകതകളോടെ ജീവിക്കുന്നവർക്ക് (Authenticity) കൂടുതൽ മാനസികാരോഗ്യവും ആത്മവിശ്വാസവും സന്തോഷവും സൃഷ്ടിപരതയും ഉണ്ടെന്നാണ് ആധുനിക മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ, സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനോ വേണ്ടി മുഖംമൂടി ധരിക്കുന്നവർ ക്രമേണ മാനസികമായി ക്ഷീണിച്ചുപോകുന്നു. കാരണം, 'ഭാവാഭിനയ ജീവിതം' മനസ്സിന് വലിയ ഭാരമാണ്. അതിന് മാനസികമായും വൈകാരികമായും വലിയ വില നൽകേണ്ടിവരും.
ചരിത്രത്തിന്റെ ഏടുകളിൽ വിസ്മയം സൃഷ്ടിച്ച പലരും വിചിത്ര ചിന്താഗതിക്കാരായിരുന്നു. ലോകത്തെ മാറ്റിമറിച്ച നിരവധി ശാസ്ത്രജ്ഞരും കലാകാരന്മാരും നേതാക്കളും അവരുടെ കാലത്ത് "വിചിത്ര മനുഷ്യർ" എന്ന് വിളിക്കപ്പെട്ടവരായിരുന്നു. പിന്നീട് അവരുടെ അതേ വിചിത്രമായ, വ്യത്യസ്ത ചിന്തകളാണ് ലോകത്തിന് അനുഗ്രഹമായത്.
എല്ലാ സ്വഭാവ പ്രത്യേകതകളും നല്ലതാണെന്നല്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ സ്വയം നശിപ്പിക്കുന്നതോ ആയ ശീലങ്ങൾ തിരുത്തേണ്ടതാണ്. എന്നാൽ ഒരു പ്രധാന വ്യത്യാസം നാം മനസ്സിലാക്കണം. എല്ലാ വ്യത്യസ്ത സ്വഭാവങ്ങളും വിചിത്രമല്ല. അതുപോലെ എല്ലാ അസാധാരണ പെരുമാറ്റങ്ങളും മനോരോഗവുമല്ല. വിചിത്ര സ്വാഭാവം ഒരു വ്യക്തിയുടെ തനതായ സ്വഭാവവിശേഷമാണ്. അത് ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയും ഗുരുതരമായി ബാധിക്കാറില്ല.
എന്നാൽ, മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങൾ (Psychiatric Disorders) വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, സാമൂഹികജീവിതം എന്നിവയെ തകരാറിലാക്കുകയും കഠിനമായ മാനസിക പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ വ്യത്യസ്തനായ ഒരാളെ പെട്ടെന്ന് "രോഗിയാണെന്ന്" മുദ്രകുത്തുന്നതും, യഥാർത്ഥ മാനസികരോഗത്തെ "അത് അവന്റെ സ്വഭാവമാണ്" എന്ന് പറഞ്ഞ് അവഗണിക്കുന്നതും ഒരുപോലെ തെറ്റാണ്. പ്രത്യേകതയെ ആദരിക്കുകയും, ആവശ്യമായപ്പോൾ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ സമീപനം.
ഒരാളുടെ ദോഷകരമല്ലാത്ത വ്യക്തിത്വ വ്യത്യാസങ്ങളെ കുറവായി കാണരുത്. അതാണ് ആ വ്യക്തിയുടെ സവിശേഷത.
താരതമ്യപ്പെടുത്തുന്ന പ്രവണത വളരെ അപകടകരമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത്, മറ്റുള്ളവരുടെ ജീവിതം മാത്രം കണ്ടുകൊണ്ട് സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന പ്രവണത അഭിലക്ഷണീയമല്ല. താരതമ്യപ്പെടുത്തൽ പലപ്പോഴും സന്തോഷം കവർന്നെടുക്കാറുണ്ട്. കാരണം, ദൈവം ഓരോ വ്യക്തിയെയും ഓരോ ലക്ഷ്യത്തിനായി, വ്യത്യസ്തമായി രൂപപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ആകുവാൻ കഴിയില്ല. ഡാലിയ ഡാലിയായും ലില്ലി ലില്ലിയായും വളരട്ടെ. അതൊക്കെ സൃഷ്ടാവിന്റെ മാസ്റ്റർ പീസ് ക്രിയേഷൻസ് ആണ്. അതിനെ പരിഹസിക്കരുത്, മറ്റൊന്നാക്കുവാൻ ശ്രമിക്കരുത്.
ക്രിസ്തീയ വിശ്വാസം ഈ സത്യത്തിന് കൂടുതൽ ആഴം നൽകുന്നു. "ഞാൻ ഭയങ്കരവും അത്ഭുതകരവുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു" (സങ്കീർത്തനം 139:14) എന്ന് ദൈവവചനം പറയുന്നു. ദൈവം ഒരോ വ്യക്തിയെയും അതുല്യമായാണ് സൃഷ്ടിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ദാനങ്ങളും വ്യക്തിത്വങ്ങളും ദൗത്യങ്ങളും ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രത്യേകത യാദൃശ്ചികമല്ല; അത് ദൈവത്തിന്റെ സൃഷ്ടിപരമായ ജ്ഞാനത്തിന്റെ ഭാഗമാണ്.
യഥാർത്ഥ ആത്മസ്വീകാരം അഹങ്കാരമല്ല. "എനിക്ക് ശക്തികളുണ്ട്, ബലഹീനതകളുമുണ്ട്; എങ്കിലും ദൈവം സൃഷ്ടിച്ച എന്നെ ഞാൻ സ്വീകരിക്കുന്നു" എന്ന ഉറച്ച ആത്മവിശ്വാസമാണ് അത്. പരിപൂർണരെയല്ല, ആത്മാർത്ഥതയുള്ളവരെയാണ് ആളുകൾ കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.
അതുകൊണ്ട്, " മറ്റുള്ളവരിൽ നിന്ന് ഞാൻ വ്യത്യസ്തനായിരിക്കുന്നത് എന്തുകൊണ്ട്?" എന്ന് ചോദിക്കരുത്.
"ദൈവം എനിക്ക് നൽകിയ ഈ പ്രത്യേകതകളിലൂടെ എനിക്ക് എങ്ങനെ മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിയും?" എന്നാണ് സ്വയം ചോദിക്കേണ്ടത്. ആ ചോദ്യം നിങ്ങളുടെ അപകർഷതാബോധത്തെ ലക്ഷ്യബോധമാക്കി മാറ്റും.
ദൈവം സൃഷ്ടിച്ച യഥാർത്ഥ വ്യക്തിയായി, ധൈര്യത്തോടെ ജീവിക്കുവാൻ തയ്യാറാകുമ്പോഴാണ് നിങ്ങളിലെ സൂപ്പർ പവർ പ്രവർത്തനക്ഷമമാകുന്നത്. ആ ഡ്രൈവിംഗ് ഫോഴ്സിനെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.
☆
-fr. dr. a. p. george
No comments:
Post a Comment