ജീവിതം ഒരു നദിപോലെയാണ്. അതിന്റെ പ്രയാണത്തിൽ അവസ്ഥാന്തരങ്ങളുണ്ട്. ചിലപ്പോൾ ശാന്തമായി, ചിലപ്പോൾ പ്രക്ഷുബ്ധമായി, ചിലപ്പോൾ പാറകളെ തട്ടി വഴിമാറി, ചിലപ്പോൾ പുതിയ പാതകൾ കണ്ടെത്തി... അത് മുന്നോട്ട് പോകുന്നു. നദിയുടെ യഥാർത്ഥ ശക്തി മേൽപ്പരപ്പിലല്ല, അതിന്റെ അടിയൊഴുക്കിലാണ്. അതാണ് നദിയെ മുന്നോട്ട് നയിക്കുന്നത്.
മനുഷ്യജീവിതവും അങ്ങനെ തന്നെയാണ്. പുറമേ കാണുന്നത് നമ്മുടെ വിജയങ്ങളും പരാജയങ്ങളും ചിരികളും കണ്ണുനീരും മാത്രമാണ്. എന്നാൽ അതിജീവനത്തിന്റെ അടിയൊഴുക്കും ഉള്ളൊഴുക്കുമായി അജ്ഞാത തലങ്ങളിൽ ഒരു അദൃശ്യ ശക്തി ഒഴുകുന്നുണ്ട്.
ജീവിതത്തിന്റെ അടിസ്ഥാനവിളി വളർച്ചയാണ്. ഒരു ശിശു വളർന്ന് പ്രായപൂർത്തിയാകുന്നതുപോലെ, നമ്മുടെ മനസ്സും ആത്മാവും അനുഭവങ്ങളിലൂടെ വളരേണ്ടതാണ്. നാം മാറാനും പഠിക്കാനും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സൃഷ്ടിപരമായി പ്രതികരിക്കാനും വിളിക്കപ്പെട്ടവരാണ്. എന്നാൽ ജീവിതത്തിന്റെ ഈ സ്വാഭാവിക വളർച്ച ഏതെങ്കിലും ഘട്ടത്തിൽ തടസ്സപ്പെടുമ്പോഴാണ് സംഘർഷം തുടങ്ങുന്നത്. നഷ്ടങ്ങൾ, നിരാശകൾ, രോഗങ്ങൾ, ബന്ധങ്ങളിലെ തകർച്ചകൾ, വാർദ്ധക്യത്തിന്റെ പരിമിതികൾ – ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒഴുക്ക് തടയുന്ന അണക്കെട്ടുകളായി മാറാം.
വേദന ജീവിതത്തിന്റെ ശത്രുവാണെന്നാണ് പലരും കരുതുന്നത്. എന്നാൽ വേദന അതിജീവന പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനാണ്. സുഖസൗകര്യങ്ങൾ നമുക്ക് കംഫർട്ട് സോൺ ഒരുക്കിയേക്കാം. പക്ഷേ പ്രതിസന്ധികളാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഒരു മൺപാത്രം തീയിൽ വെന്തു പാകമാകുമ്പോഴാണ് ഉറപ്പ് ലഭിക്കുന്നത്. കൽക്കരി അമിതമായ സമ്മർദ്ദം സഹിക്കുമ്പോഴാണ് വജ്രമാകുന്നത്. മനുഷ്യ മനസ്സും അതുപോലെയാണ്. ചില ജീവിത സത്യങ്ങൾ സഹനങ്ങളിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ. മഹാന്മാരുടെ മഹത്വത്തിന്റെ പിന്നിൽ ഈ അഗ്നി ശോധനയുടെ പൊള്ളുന്ന അനുഭവങ്ങൾ ഏറെയുണ്ട്.
അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ വളർച്ചകൾ പലപ്പോഴും ഏറ്റവും വലിയ നഷ്ടങ്ങൾക്ക് ശേഷമാകാം സംഭവിക്കുന്നത്. ജീവിത പങ്കാളിയുടെ വേർപാടിനുശേഷം ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നു. രോഗത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആരോഗ്യമെന്ന അനുഗ്രഹത്തെ പുതിയ കാഴ്ച്ചപ്പാടിൽ കാണുന്നു. പരാജയങ്ങൾക്കുശേഷം സ്വന്തം പരിമിതികളെ അംഗീകരിക്കാനും മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കാനും പഠിക്കുന്നു. അതെ, ദുരന്ത മുറിവുകൾ പലപ്പോഴും നമ്മുടെ മനസ്സിനെ കഠിനമാക്കുന്നതിനു പകരം കൂടുതൽ മനുഷ്യത്വം നിറഞ്ഞതാക്കാറുമുണ്ട്.
മനഃശാസ്ത്രത്തിൽ "Post-Traumatic Growth" എന്നൊരു ആശയമുണ്ട്. ചിലർ ദുരന്തങ്ങൾക്കുശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങുക മാത്രമല്ല ചെയ്യുന്നത്. അവർ കൂടുതൽ സമഗ്രതയുള്ള വ്യക്തിത്വമായി വളരാറുണ്ട്. ജീവിത സമസ്യയെപ്പറ്റിയുള്ള പുതിയ ബോധ്യം, ബന്ധങ്ങളുടെ വില, ആത്മീയതയുടെ ഔഷധ ശക്തി, അതിജീവന ശക്തിയെക്കുറിച്ചുള്ള പുതിയ തിരിച്ചറിവ്... ഇവയെല്ലാം വേദനയുടെ മണ്ണിൽ വിടരുന്ന പുണ്യ കുസുമങ്ങളാണ് .
ഇവിടെ ഒരു വലിയ വിരോധാഭാസമുണ്ട്. ജീവിതം പൂർണ്ണമായും സ്വന്ത നിയന്ത്രണത്തിൽ ആയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്ന നിമിഷങ്ങളിലാണ് അനുകൂല വളർച്ച സംഭവിക്കുന്നത്. കാരണം അത്തരം നിമിഷങ്ങളിലാണ് അഹങ്കാരത്തിന്റെ അർത്ഥമില്ലായ്‌മ തിരിച്ചറിയുന്നത്. ജീവിതം ഒരു വിസ്മയ രഹസ്യമാണെന്ന് മനസ്സിലാക്കുന്നത്. അപ്പോൾ പലരും കൂടുതൽ വിനയവും മനുഷ്യത്വവും ഉള്ളവരായേക്കാം. അതിജീവനത്തിന്റെ പിന്നിലെ ചാലക ശക്തിയെ തിരിച്ചറിയും.
അതിജീവനം എന്നത് കഷ്ടതകൾ അനുഭവിച്ചു തീർക്കൽ മാത്രമല്ല. വേദനയുടെ നടുവിൽ അർത്ഥം കണ്ടെത്താനുള്ള കഴിവും കൂടിയാണ്. ഇരുട്ട് ഇല്ലാതാകുന്നതുവരെ കാത്തിരിക്കാതെ, ഇരുട്ടിനുള്ളിൽ തന്നെ ഒരു പ്രകാശം തെളിയിക്കാനുള്ള ധൈര്യമാണത്. ജീവിതം പഴയതുപോലെ ആയില്ലെങ്കിലും പുതിയൊരു അർത്ഥം കണ്ടെത്താം എന്ന പ്രത്യാശയാണ് അതിജീവനം.
മനസ്സിന്റെ ആഴങ്ങളിൽ ഒരു വിസ്മയ ശക്തിയുണ്ട്. ആ ശക്തിയാണ് ഓരോ വീഴ്ചയ്ക്കുശേഷവും വീണ്ടും എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് നഷ്ടങ്ങൾക്കു ശേഷവും സ്നേഹിക്കാൻ പഠിപ്പിക്കുന്നത്. അതാണ് ദുരന്തങ്ങൾക്ക് ശേഷവും ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നത്.
മനുഷ്യ ജീവിതത്തിന്റെ മഹത്വം, ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീണിട്ടും വീണ്ടും എഴുന്നേൽക്കുന്നതിലാണ്. മുറിവുകളില്ലാത്ത ജീവിതമല്ല, മുറിവുകളെ ജ്ഞാനമായും കരുണയായും പ്രത്യാശയായും മാറ്റുന്ന ജീവിതമാണ് ഏറ്റവും മനോഹരം. അതാണ് അതിജീവനത്തിന്റെ യഥാർത്ഥ അടിയൊഴുക്ക് — ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അദൃശ്യശക്തി.
ഭൂതകാലത്തിന്റെ മുറിവുകളിലും ഭാവിയുടെ ആശങ്കകളിലും കുടുങ്ങാതെ, ഇപ്പോഴത്തെ അനുഭവങ്ങളെ ബോധപൂർവം സ്വീകരിക്കാൻ പരിശീലിപ്പിക്കുന്ന മനശ്ശാസ്‌ത്ര ചികിത്സാ സമീപനമാണ് 'Gestalt Therapy'. സ്വന്തം വികാരങ്ങളെയും ചിന്തകളെയും അംഗീകരിക്കുവാനും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിക്കുമ്പോൾ അതിജീവന ശക്തിയും ആത്മ വിശ്വാസവും വർദ്ധിക്കുന്നു. അത് ജീവിതപ്രതിസന്ധികളെ നേരിടുവാനുള്ള മാനസിക പ്രതിരോധശേഷി (Resilience) വർധിപ്പിക്കും.
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വേദനകളും ഒഴിവാക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഓരോ സഹനങ്ങളിലും ഉള്ളുണർത്തുന്ന അതിജീവനശക്തിയിലുള്ള വിശ്വാസം ജീവിത മുന്നേറ്റത്തിന് സഹായകമാണ്.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment