Saturday, October 10, 2026

പ്രാർത്ഥിക്കുന്ന മനസ്സ്

 പ്രാർത്ഥനയ്ക്ക് ആത്മീയമായ അർത്ഥവും  മനഃശാസ്ത്രപരമായ പ്രാധാന്യവുമുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, പ്രാർത്ഥനയുടെയും ധ്യാനാത്മകമായ ആത്മീയ പരിശീലനങ്ങളുടെയും ചില സമീപനങ്ങൾ സമ്മർദം കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും പ്രത്യാശ  വളർത്താനും സഹായിക്കുമെന്നാണ്.


പ്രാർത്ഥിക്കുന്ന മനസ്സിൽ എന്താണ്‌ സംഭവിക്കുന്നത് ?

നമ്മൾ ശാന്തമായി പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധ ഒരു പ്രത്യേക വിഷയത്തിലേക്കോ ദൈവസാന്നിധ്യബോധത്തിലേക്കോ കേന്ദ്രീകരിക്കുന്നു. പ്രാർത്ഥനയ്ക്കൊപ്പം  ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും മന്ദഗതിയിലാകുമ്പോൾ, ശരീരത്തിന്റെ സമ്മർദപ്രതികരണം കുറയാൻ സഹായിച്ചേക്കാം.  ശ്രദ്ധ, വികാരനിയന്ത്രണം, സ്വയംപരിശോധന എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ശൃംഖലകളും ഇത്തരം അനുഭവങ്ങളിൽ പങ്കാളികളാകുന്നു.

എന്നാൽ എല്ലാ പ്രാർത്ഥനകളും തലച്ചോറിൽ ഒരേ ഫലമുണ്ടാക്കണമെന്നില്ല. പ്രാർത്ഥനയുടെ സ്വഭാവം, വ്യക്തിയുടെ വിശ്വാസം, മാനസികാവസ്ഥ, സാഹചര്യങ്ങൾ എന്നിവ ഫലത്തെ സ്വാധീനിക്കുന്നു.

മാനസികാരോഗ്യത്തിൽ പ്രാർത്ഥനയുടെ സ്വാധീനമെന്താണ്?

ഹൃദയത്തിലെ ഭയങ്ങളും കുറ്റബോധവും ദുഃഖവും പ്രതീക്ഷകളും ദൈവസന്നിധിയിൽ തുറന്നു പറയുമ്പോൾ പലർക്കും ആശ്വാസം ലഭിക്കാറുണ്ട്. പ്രാർത്ഥന ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും പ്രത്യാശയും ക്ഷമയും വളർത്താൻ സഹായിച്ചേക്കാം.
എന്നിരുന്നാലും പ്രാർത്ഥന എല്ലാവരിലും ഒരേ ഫലം ഉണ്ടാക്കണമെന്നില്ല. ശിക്ഷിക്കപ്പെടുമെന്ന ഭയം, ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന കുറ്റബോധം, പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തതിലുള്ള നിരാശ എന്നിവ ചിലരിൽ  ആകാംക്ഷ  വർധിപ്പിക്കാം. അതിനാൽ ഭയത്തേക്കാൾ, സ്നേഹത്തിലും വിശ്വാസത്തിലും കരുണയിലും അധിഷ്ഠിതമായ പ്രാർത്ഥനയാണ് മാനസികാരോഗ്യത്തിന് കൂടുതൽ സഹായകരമാകാൻ സാധ്യതയുള്ളത്.

ഏതു തരത്തിലുള്ള പ്രാർത്ഥനയാണ് കൂടുതൽ ഗുണകരം?
ഒരേയൊരു പ്രാർത്ഥനാരീതിയാണ് എല്ലാവർക്കും ഏറ്റവും നല്ലതെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടില്ല. എങ്കിലും ചില പ്രാർത്ഥനാ രീതികൾക്ക് പ്രത്യേകമായ മാനസികപ്രാധാന്യമുണ്ട്.

• നന്ദിപ്രാർത്ഥന: ജീവിതത്തിലെ അനുഗ്രഹങ്ങളെ തിരിച്ചറിയാനും നിരാശയ്ക്കിടയിലും പ്രത്യാശ നിലനിർത്താനും സഹായിക്കുന്നു.
• സമർപ്പണപ്രാർത്ഥന: നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളെ ദൈവത്തിൽ ഭരമേൽപ്പിക്കുന്നതിലൂടെ ഉത്കണ്ഠ കൈകാര്യം ചെയ്യാൻ സഹായിച്ചേക്കാം.
• മധ്യസ്ഥപ്രാർത്ഥന: മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന കരുണയും വ്യക്തിബന്ധവും വളർത്തുന്നു.
• ധ്യാനാത്മക പ്രാർത്ഥന: തിരുവചനത്തെ ശാന്തമായി ചിന്തിക്കുകയും ദൈവസാന്നിധ്യത്തിൽ നിശ്ശബ്ദമായി ഇരിക്കുകയും ചെയ്യുന്നത് ഏകാഗ്രതയും ആത്മപരിശോധനയും വളർത്താം.
• വിലാപ പ്രാർത്ഥന: സങ്കടവും കോപവും നിരാശയും മറച്ചുവയ്ക്കാതെ ദൈവത്തോട് തുറന്നുപറയാൻ അവസരം നൽകുന്നു.

പ്രാർത്ഥന ഒരു വൈകാരിക പ്രസരണമാണോ ?

അതെ, ചില സാഹചര്യങ്ങളിൽ  'Catharsis' എന്നറിയപ്പെടുന്ന വൈകാരിക പ്രസരണത്തിന് പ്രാർത്ഥന ചിലർക്ക് സഹായകമാകാറുണ്ട്. കരയുക, ഉള്ളിലെ വേദന തുറന്നുപറയുക, ക്ഷമ ചോദിക്കുക, ക്ഷമിക്കാൻ ശ്രമിക്കുക, ഭയങ്ങൾ ദൈവസന്നിധിയിൽ സമർപ്പിക്കുക എന്നിവ അടക്കിവച്ച വികാരങ്ങളെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും സഹായിച്ചേക്കാം. എന്നാൽ വികാരങ്ങൾ പുറത്തുവിടുന്നതുകൊണ്ടുമാത്രം എല്ലാ മാനസികപ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നില്ല. ചിലപ്പോൾ വേദനാജനകമായ അനുഭവങ്ങൾ വീണ്ടും ഓർക്കുന്നത് അസ്വസ്ഥത വർധിപ്പിക്കാം.  അത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം പ്രയോജനകരമാണ്.

പ്രാർത്ഥനയും ദൈവാനുഭവവും

മനഃശാസ്ത്രപരമായി നോക്കുമ്പോൾ, പ്രാർത്ഥന ഒരാൾക്ക് താൻ ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കപ്പെടുന്നുവെന്നും സർവ്വ ശക്തനുമായി  ബന്ധപ്പെട്ടിരിക്കുന്നുവെന്നും എന്നും ചിന്തിക്കുവാൻ സഹായിക്കാം. ക്രൈസ്തവ വിശ്വാസത്തിൽ, പ്രാർത്ഥന ജീവനുള്ള ദൈവവുമായുള്ള ബന്ധമാണ്:  “ഇടവിടാതെ പ്രാർത്ഥിപ്പിൻ” (1 തെസ്സലൊനീക്യർ 5:17) എന്ന വചനം ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തോടുള്ള ബന്ധം നിലനിർത്താൻ  ക്ഷണിക്കുന്നതാണ്.

പ്രാർത്ഥനയ്ക്കിടെ ചിലർക്ക് ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ ബോധം, സമാധാനം, വിസ്മയം, സ്നേഹത്തിന്റെ അനുഭവം എന്നിവ ഉണ്ടാകാം. ഇത്തരം അനുഭവങ്ങൾക്ക് മിസ്റ്റിക്കൽ അനുഭവങ്ങൾ (Mystical Experiences) എന്നു പറയാറുണ്ട്. പ്രാർത്ഥനയും ഇത്തരം അനുഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും അത്തരം അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല.

വിഷാദം, ഉത്കണ്ഠ തുടങ്ങിയ മനോരോഗ പ്രതിസന്ധികൾക്ക്‌ ചികിത്സ ആവശ്യമുള്ളപ്പോൾ പ്രാർത്ഥന ചികിത്സയ്ക്ക് പകരമാകരുത്. വിശ്വാസവും ശാസ്ത്രീയ ചികിത്സയും പരസ്പരം സഹായകമാകാം.

പ്രാർത്ഥിക്കുന്ന മനസ്സ് പ്രശ്നങ്ങളില്ലാത്ത മനസ്സല്ല; പ്രശ്നങ്ങളുടെ നടുവിലും പ്രത്യാശയോടെ ദൈവത്തിലേക്ക് തിരിയുന്ന മനസ്സാണ്. പ്രാർത്ഥനയിൽ മനുഷ്യൻ തന്റെ വേദനയ്ക്ക് വാക്കുകൾ നൽകുന്നു, ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നു, ദൈവത്തോടുള്ള ബന്ധത്തിൽ ആശ്വാസം തേടുന്നു. ശാസ്ത്രം ഈ അനുഭവത്തിന്റെ പല മാനസിക വശങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസം അതിന് ആത്മീയമായ അർത്ഥവും ദിശയും നൽകുന്നു.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

Tuesday, September 1, 2026

സാഗരമേ ശാന്തമാകു...

 




എന്തുകൊണ്ടാണ്  മനസ്സ് ഒരിക്കലും നിശ്ശബ്ദമാകാത്തത്?

നാം ഒന്നും ചെയ്യാതിരിക്കുമ്പോഴും മനസ്സ് എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും. ഇന്നലെ നടന്ന ഒരു സംഭവം, നാളെ സംഭവിക്കാവുന്ന ഒരു കാര്യം, ആരോ പറഞ്ഞ ഒരു വാക്ക്, പഴയൊരു ദുരനുഭവം,  ചെയ്തു തീർക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഒരാൾ... അങ്ങനെ  മനന സാഗരത്തിൽ ചിന്തകൾ എപ്പോഴും  നിറഞ്ഞു കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്.

മനഃശാസ്ത്രത്തിൽ ഇതിനെ 'stream of consciousness' എന്നും, neuroscience-ൽ ഇതുമായി ബന്ധപ്പെട്ട പ്രധാന മസ്തിഷ്ക പ്രവർത്തനങ്ങളിലൊന്നിനെ 'Default Mode Network (DMN)' എന്നും വിളിക്കുന്നു. നാം ഒരു പ്രത്യേക ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോൾ, മസ്തിഷ്കം സ്വാഭാവികമായി വൈകാരിക പ്രാധാന്യമുള്ള സംഭവങ്ങൾ, ഭാവിയെക്കുറിച്ചുള്ള ആകാംഷകൾ, മറ്റുള്ളവരെക്കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവ നടത്തി കൊണ്ടിരിക്കും .
എല്ലാ ചിന്തകളും നാം മനഃപൂർവം ചിന്തിക്കുന്നതല്ല.  പല ചിന്തകളും സ്വയമേവ ഉയർന്നുവരുന്നതാണ്. ചിന്താ വിഷയങ്ങൾ  എല്ലായ്പ്പോഴും നമ്മുടെ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്നില്ല. എന്നാൽ അനുവാദമില്ലാതെ കടന്നുവരുന്ന ചിന്തകളോട് എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ വിവേചനാധികാരമാണ്.

ദുരന്ത  സംഭവങ്ങളെക്കുറിച്ചുള്ള ചിന്തയിലേക്ക്   വീണ്ടും മടങ്ങുവാനുള്ള പ്രവണത മനസ്സിനുണ്ട്.  അത് പ്രതികാര ചിന്തകളോ കുറ്റബോധമോ ഒക്കെ ആകാം.  ചിലപ്പോൾ ഭാവിയിൽ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ആകുല ചിന്തകളും ആകാം.

ഇത്തരം ആവർത്തന ചിന്തയെ 'rumination' അല്ലെങ്കിൽ 'perseverative negative thinking' എന്നു വിളിക്കുന്നു. അത്  പ്രശ്നം പരിഹരിക്കുന്നതുപോലെ തോന്നിയാലും പലപ്പോഴും പ്രശ്നം കൂടുതൽ വലുതാക്കുകയും സംഘർഷം  വർധിപ്പിക്കുകയും ചെയ്തേക്കാം. ആവർത്തിക്കുന്ന നിഷേധ ചിന്തകൾ,  വിഷാദം ആകാംക്ഷ  തുടങ്ങിയ അവസ്ഥകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മനസ്സ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?

മനസ്സിന്റെ ഒരു പ്രധാന ലക്ഷ്യം അപകടം കണ്ടെത്തുകയും സുരക്ഷിതത്വത്തിന്   ശ്രമിക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് സന്തോഷകരമായ വിഷയങ്ങളേക്കാൾ ഭീഷണിയുള്ള കാര്യങ്ങൾക്ക് മനസ്സ് കൂടുതൽ പ്രാധാന്യം കൊടുത്തേക്കാം.  “എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്?”, “ഇനി എന്ത് സംഭവിക്കും?”, “അവൻ എന്നോട് എന്തിന് അങ്ങനെ ചെയ്തു?”—ഇത്തരം ചോദ്യങ്ങളിലൂടെ മനസ്സ് സുരക്ഷിതത്വം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.

പക്ഷേ ഇവിടെ ഒരു അപകടമുണ്ട്:
പ്രശ്നം പരിഹരിക്കുന്ന ചിന്തയും പ്രശ്നത്തിൽ കുടുങ്ങിയ ചിന്തയും ഒരുപോലെയല്ല.
ഒന്നാമത്തേത് നമ്മെ മുന്നോട്ടു നയിക്കും. രണ്ടാമത്തേത് നമ്മെ വൈകാരിക പ്രതിസന്ധികളിലാക്കും.

അപ്പോൾ ചിന്തകളുടെ മേൽ നിയന്ത്രണം നിലനിർത്തുവാൻ മനസ്സിനെ എങ്ങനെയാണ് പരിശീലിപ്പിക്കുവാൻ കഴിയുക?
എപ്പോഴും  പൊസിറ്റീവായി മാത്രം ചിന്തിക്കുക എന്നത് പ്രായോഗികമല്ല.
മൂന്ന് കാര്യങ്ങൾ പരിശീലിക്കാം:

1. ചിന്തയെ തിരിച്ചറിയുക.
“ഇപ്പോൾ എന്റെ മനസ്സിൽ ഒരു പ്രതികാരചിന്ത വരുന്നു.”
“ഇത് ഒരു ആകുല ചിന്തയാണ്.”
“ഇത് പഴയ കുറ്റബോധത്തിന്റെ ഓർമ്മയാണ്.”
ഈ തിരിച്ചറിവ് ചിന്തകളുടെ വൈകാരിക ഗ്രാവിറ്റി കുറയ്ക്കുവാൻ സഹായിക്കും.
2. ചിന്തകൾ എല്ലാം യാഥാർത്ഥ്യമല്ലെന്ന് മനസ്സിലാക്കണം.
ഇത് ഒരു ചിന്ത  മാത്രമാണെന്നും ഈ ചിന്തക്ക് യാഥാർത്ഥ്യവുമായി വലിയ ബന്ധമില്ലെന്നും   മനസ്സിലാക്കുന്നത് വൈകാരിക പ്രതികരണങ്ങളിൽ വ്യത്യാസമുണ്ടാക്കും.
3. ശ്രദ്ധ തിരിക്കുക
സൃഷ്ടി പരമായ പ്രവർത്തനങ്ങളിലേക്ക്, കൃതജ്ഞതയിലേക്ക്, പ്രാർത്ഥനയിലേക്ക്, സേവന  പ്രവൃത്തിയിലേക്ക് ഒക്കെ ശ്രദ്ധതിരിപ്പിക്കുമ്പോൾ
അശുഭ ചിന്തകളുടെ പ്രസക്തിയും പ്രവാഹവും ലഘുകരിക്കപ്പെടും.

കോഗ്നിറ്റീവ് ബിഹേവ്യർ തെറാപ്പി (CBT) പോലുള്ള ചികിത്സാരീതികൾ നിഷേധ ചിന്തകളെ തിരിച്ചറിയാനും തിരുത്തുവാനും പഠിപ്പിക്കുന്നു. 'Mindfulness' പരിശീലനം ചിന്തകളെ വിധിക്കാതെ നിരീക്ഷിക്കാനും, അവയുടെ തടവിൽ ആകാതെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവരുവാനും പരിശീലിപ്പിക്കുന്നു.

ഇവിടെ ആത്മീയതയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ?

ഉണ്ട്, എന്നാൽ ആത്മീയത ചികിത്സയ്ക്ക് പകരമാണെന്ന് പറയാനാവില്ല.
പ്രാർത്ഥന, ധ്യാനം, തിരുവചന ചിന്ത, നന്ദി, ക്ഷമ, ആത്മപരിശോധന തുടങ്ങിയ സദ് പ്രവർത്തികളും ദൈവിക മൂല്യങ്ങളും മനസ്സിനെ പ്രതികരണാത്മകമായ അവസ്ഥയിൽ നിന്ന് കൂടുതൽ സാധ്വിക മാനസിക അവസ്ഥയിലേക്ക്  കൊണ്ടുവരാൻ സഹായിച്ചേക്കാം.  പ്രതികൂല ചിന്തകളും അതിന്റെ ദോഷകരമായ സ്വാധീനങ്ങളും ലഘുകരിക്കുവാൻ 'Mindfulness meditation' സഹായിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ക്രിസ്തീയ ആത്മീയത ഇതിനെ മറ്റൊരു തലങ്ങളിലേക്ക് നയിക്കുന്നു:
'ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.'   — റോമർ 12:2
മനസ്സിനെ ശൂന്യമാക്കുക എന്നല്ല, 
പുനഃപരിശീലിപ്പിക്കുക എന്നാണ് മനസ്സ് പുതുക്കലിന്റെ ലക്ഷ്യം.

ചിന്തകൾ വരും. ചിലത് നല്ലതായിരിക്കും, ചിലത് അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കും. നമ്മുടെ വികാരങ്ങളുടെയും  പ്രവൃത്തികളുടെയും സ്റ്റിയറിംഗ് വീൽ ചിന്തകൾക്ക്  കൈമാറാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

മനസ്സിൽ രൂപപ്പെടുന്ന എല്ലാ ചിന്തകളും ബോധപൂർവ്വം ആയിരിക്കണമെന്നില്ല.  ഓരോ ചിന്തയ്ക്കും  നൽകുന്ന പ്രിയോറിറ്റി നമ്മുടെ തീരുമാനമാണ്. അനാവശ്യ ചിന്തകളെ അവഗണിക്കുവാൻ പഠിക്കുന്നത് മനോഭാരങ്ങൾ ലഘുകരിക്കുവാനും നിഷേധ വികാരങ്ങളുടെ ലോഡ് ഷെഡ്‌ഡിങ്ങിനും സഹായകമാകും.

അശുഭ ചിന്തകളെ അടിച്ചമർത്തുന്നതല്ല, ചിന്തകളുടെ ഒഴുക്കിനിടയിൽ ഏത് ചിന്തയെ പിന്തുടരണമെന്ന് തിരിച്ചറിയാനുള്ള കഴിവാണ് യഥാർത്ഥ മാനസിക സ്വാതന്ത്ര്യം.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )


Saturday, August 22, 2026

വഴി ഒരുക്കേണ്ട മാതാപിതാക്കൾ -2

 




വീട്ടിലെ ചെറിയ നിമിഷങ്ങൾ...

സുദീർഘമായ ഉപദേശങ്ങളെക്കാൾ മാതാപിതാക്കളോടൊത്തുള്ള ദൈനംദിന ജീവിതത്തിലെ ചെറിയ നിമിഷങ്ങളാണ് കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നത്. മാതാപിതാക്കൾ ജീവിത സംഘർഷങ്ങളിൽ  എങ്ങനെ സംസാരിക്കുന്നു, തെറ്റ് ചെയ്താൽ എങ്ങനെ ക്ഷമ ചോദിക്കുന്നു, ജീവിതപങ്കാളിയോട് എങ്ങനെ പെരുമാറുന്നു, കുട്ടിക്ക് മോശം ഗ്രേഡ് ലഭിക്കുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു, തെറ്റ് ചെയ്യുമ്പോൾ എങ്ങനെ തിരുത്തുന്നു...ഇവയെല്ലാം കുട്ടികൾ നിശ്ശബ്ദമായി നിരീക്ഷിച്ച മനസ്സിലാക്കുന്ന ജീവിത  പാഠങ്ങളാണ്.

മാതാപിതാക്കൾ പറയുന്ന വാക്കുകളേക്കാൾ പലപ്പോഴും അവർ ജീവിക്കുന്ന ജീവിതമാണ് കുട്ടികൾ അനുകരിക്കുന്നത്. മാതാപിതാക്കളുടെ ആവർത്തിക്കുന്ന പ്രതികരണ രീതി കുട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. നമ്മുടെ ഓരോ പ്രതികരണവും ഒരു ചെറിയ “പ്രസംഗം” പോലെയാണ്. ക്ഷമിക്കുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടി ക്ഷമ പഠിക്കുന്നു. തെറ്റ് സമ്മതിക്കുന്ന മാതാപിതാക്കളിൽ നിന്ന് വിനയം പഠിക്കുന്നു. പ്രാർത്ഥിക്കുന്ന മാതാപിതാക്കളിൽ നിന്ന് ദൈവാശ്രയം പഠിക്കുന്നു.

അതുകൊണ്ടാണ് ദൈവം ഇസ്രായേൽ ജനത്തോട് പറഞ്ഞത്: “അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കണം; വീട്ടിൽ ഇരിക്കുമ്പോഴും വഴിയിൽ നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം” (ആവർത്തനം 6:7).
വിശ്വാസം ഞായറാഴ്ച മാത്രം പഠിപ്പിക്കേണ്ട ഒരു വിഷയമല്ല. വീട്ടിലെ സാധാരണ ജീവിതത്തിൽ മാതാപിതാക്കൾ വിശ്വാസത്തിന്റെ മർമ്മം അനുദിനം ജീവിച്ചുകാണിക്കണം.

കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ വൈകാരിക പ്രതികരണവും  സമീപനവും വളരെ പ്രധാനപ്പെട്ടതാണ്.  പൗലോസ് അപ്പോസ്തലൻ പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; കർത്താവിന്റെ ശിക്ഷണത്തിലും പ്രബോധനത്തിലും അവരെ വളർത്തുവിൻ.” (എഫെസ്യർ 6:4)

ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത ശിക്ഷണം വെറും നിയന്ത്രണമായി മാറാം. സ്വന്തം ജീവിതത്തിൽ വിളങ്ങാത്ത ഉപദേശം വെറും ശബ്ദമായി മാറാം. ഉപാധികളില്ലാത്ത  സ്നേഹത്തോടെയുള്ള  ശിക്ഷണവും ഉപദേശവും കുട്ടിയുടെ സ്വാഭാവത്തിൽ വലിയ സ്വാധീനമുണ്ടാക്കും.

അതുകൊണ്ട്, വീട്ടിലെ ചെറിയ നിമിഷങ്ങളെ മാതാപിതാക്കൾ നിസ്സാരമായി കാണരുത്. കുട്ടി മാതാപിതാക്കളെ ശ്രദ്ധിക്കുന്ന   ഓരോ നിമിഷവും ഓരോ പഠനാവസരങ്ങളാണ്. മാതാപിതാക്കൾ എങ്ങനെ ക്ഷമിക്കുന്നു, എങ്ങനെ പ്രാർത്ഥിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, എങ്ങനെ തെറ്റ് സമ്മതിക്കുന്നു — അതെല്ലാം കുട്ടിയുടെ ഹൃദയത്തിൽ എഴുതപ്പെടുന്ന സുവിശേഷത്തിന്റെ സമുന്നത മർമ്മങ്ങൾ ആണ്‌.

സ്വർഗ്ഗത്തിലെ പോലെ ഭവനങ്ങളിലും ആകുമ്പോൾ കുഞ്ഞുങ്ങൾ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവങ്ങളിൽ വളരും. ക്രിസ്തുവിൽ വസിക്കുന്ന മാതാപിതാക്കളോടൊപ്പം വളരുമ്പോഴാണ്, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും കുഞ്ഞുങ്ങൾ രുചിച്ചറിയുന്നത്. കുട്ടികൾക്ക് ഭവനങ്ങളിൽ നിന്ന് ലഭിച്ച ആത്മീയ ചൈതന്യത്തെ പരിപോഷിപ്പിക്കുന്ന ആത്മീയ വേദികളാണ് സഭയും സൺഡേസ്കൂളും. ദൈവ ഭക്തിയുടെയും ദൈവ സ്നേഹത്തിന്റെയും വിത്തുകൾ കുഞ്ഞുങ്ങളുടെ ഹൃദയ നിലങ്ങളിൽ ആദ്യം വിതക്കുകകയും നനക്കുകയും ചെയ്യേണ്ടത് മതാപിതാക്കളാണ്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിക്കുന്നതിന് മുൻപ് കുട്ടികൾ വായിക്കുന്ന ഗ്രന്ഥം മാതാപിതാക്കളുടെ ജീവിതമാണ്.
☆
-ഫാ. ഡോ. ഏ. പി. ജോർജ്

Friday, August 21, 2026

വഴിയൊരുക്കേണ്ട മാതാപിതാക്കൾ



മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എല്ലാം തികഞ്ഞ കുട്ടികളെ സൃഷ്ടിക്കുക എന്നതല്ല, കുട്ടികൾക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നതാണ്. കുട്ടികൾ ഒരിക്കലും തെറ്റ് ചെയ്യരുത്, പരാജയപ്പെടരുത്, എല്ലാവരിലും മികച്ചവരായിരിക്കണം എന്ന നിർബന്ധത്തേക്കാൾ പ്രധാനപ്പെട്ടത്, തെറ്റിപ്പോകുമ്പോൾ അവർ എവിടേക്ക് തിരിച്ചുവരണം എന്ന ഉൾക്കാഴ്ച അവർക്ക് നൽകുക എന്നതാണ്.

“മക്കൾ നടക്കേണ്ട വഴിയിൽ അഭ്യസിപ്പിക്ക” (സദൃശവാക്യങ്ങൾ 22:6) എന്ന വചനം കുട്ടിയെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, അവന്റെ ജീവിത പാത രൂപപ്പെടുത്തുന്നതിനെകുറിച്ചുമാണ് പറയുന്നത്. നന്മയെ സ്നേഹിക്കാനും, തെറ്റിനെ തിരിച്ചറിയാനും, സത്യത്തിൽ ഉറച്ചുനിൽക്കാനും, വീഴുമ്പോൾ വീണ്ടും എഴുന്നേൽക്കാനും കുട്ടിയെ പരിശീലിപ്പിക്കുന്നതാണ് ക്രിസ്ത്യൻ പേരന്റിങ് .

ഏതാണ് കുട്ടികൾ നടക്കേണ്ട വഴി?

ലോകം ഓരോ കാലഘട്ടത്തിലും പുതിയ വഴികൾ നിർദ്ദേശിക്കും. വിജയത്തിലേക്കുള്ള വഴി, സന്തോഷത്തിലേക്കുള്ള വഴി, സമ്പത്തിലേക്കുള്ള വഴി, പ്രശസ്തിയിലേക്കുള്ള വഴി... എന്നിങ്ങനെ പല വഴികളും കുട്ടികളുടെ മുമ്പിൽ ലോകവും സോഷ്യൽ മീഡിയയും തുറന്നുകൊടുക്കും. എന്നാൽ ക്രിസ്തീയ മാതാപിതാക്കളുടെ ലക്ഷ്യം കുട്ടികളെ കർത്താവിന്റെ വഴിയിലേക്ക് നയിക്കലാണ്.

കർത്താവ് പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6). വഴിയും സത്യവുമായ കർത്താവിനെ വേണ്ടവിധത്തിൽ അറിഞ്ഞ മക്കൾക്ക് വഴി തെറ്റിയാലും പരിശുദ്ധാത്മാവ് എന്ന ഡിവൈൻ നാവിഗേഷൻ സിസ്റ്റം അവരെ നേർവഴിയിലേക്ക് കൊണ്ടുവരും.

ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ — ക്രിസ്തുവിലേക്ക് തിരിയുക.
പാപത്തിൽ വീഴുമ്പോൾ — ക്രിസ്തുവിലേക്ക് കൈ നീട്ടുക
ഭയപ്പെടുമ്പോൾ — ക്രിസ്തുവിനെ മുറുകെ പിടിക്കുക.
പരാജയപ്പെടുമ്പോൾ — ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുക.
വിജയിക്കുമ്പോൾ — ക്രിസ്തുവിന് നന്ദി പറയുക... ഇതൊക്കെയാണ് മാതാപിതാക്കളുടെ ജീവിതത്തിൽ നിന്ന് മക്കൾ പഠിക്കേണ്ട ആത്മീയ പാഠങ്ങൾ.
മാതാപിതാക്കളും അധ്യാപകരും സഭാസമൂഹവും കുട്ടികൾക്ക് നൽകേണ്ടത് ഐഡിയൽ ജീവിതത്തിന്റെ മാതൃകയല്ല, നിത്യ രക്ഷകനായ ക്രിസ്തുവിന്റെ മാതൃകയാണ്.

ജീവിതത്തിലെ വീഴ്ച താഴ്ചകളിൽ യേശുകർത്താവിലും തിരുവചനത്തിലും ആശ്രയിക്കുന്ന സ്വഭാവം കുഞ്ഞുങ്ങളിൽ രൂപപ്പെടുത്തുന്നതാണ് യഥാർത്ഥ ക്രിസ്ത്യൻ പേരെന്റ്ങ്. അപ്പന്റെ മനസ്സിൽ സ്നേഹം ബാക്കിയുണ്ടെന്നും മടങ്ങി ചെന്നാൽ ഉപേക്ഷിക്കില്ലെന്നുമുള്ള പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ധൂർത്ത പുത്രൻ മടങ്ങി വന്നത്. അല്ലെങ്കിൽ അവൻ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമായിരുന്നു. ക്ഷമിക്കുന്ന സ്നേഹം സ്വന്തം മാതാപിതാക്കളിൽ ഉണ്ടെന്ന് ഉറപ്പുള്ള മക്കൾ വലിയ വീഴ്ചയ്ക്ക് ശേഷവും കുറ്റ ബോധത്തോടെ മടങ്ങി വരും. അതില്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന വഴികൾ വളരെ അപകടം നിറഞ്ഞതായിരിക്കും.

മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുകയും വീണ്ടും അവസരം നൽകുകയും ചെയ്യുമ്പോൾ, ഉപാധികളില്ലാതെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിലെ അപ്പനെയാണ് മക്കൾ പരിചയപ്പെടുന്നത്. മക്കളോട് ക്ഷമിക്കേണ്ടിവരുമ്പോൾ, സ്വർഗ്ഗസ്ഥ പിതാവും നമ്മുടെ മാതാപിതാക്കളും നമ്മളോട് ക്ഷമിച്ചതും ഇപ്പോൾ ക്ഷമിച്ചുകൊണ്ടിരിക്കുന്നതും മാതാപിതാക്കൾ ഓർമിക്കുന്നത് നല്ലതാണ്. ഒരിക്കൽ നമ്മൾ ഇടറുകയും വീഴുകയും വഴിതെറ്റുകയും ചെയ്ത ജീവിത പാതയിലൂടെയാണ് ഇന്ന് നമ്മളുടെ മക്കളും നടക്കുന്നത് എന്ന് ധാർമിക രോഷം കൊള്ളുന്ന മാതാപിതാക്കൾ ഓർമ്മിക്കണം. കു‌ൾ ഡൗൺ ഡാഡി, കു‌ൾ ഡൗൺ!
☆
-ഫാ. ഡോ. ഏ. പി. ജോർജ്

Tuesday, August 18, 2026

സ്വപ്നങ്ങളും മനസ്സിന്റെ വൈകാരിക സൗഖ്യവും



നാം ഉറങ്ങുമ്പോൾ ശരീരം വിശ്രമിക്കുന്നു, എന്നാൽ മനസ്സ് പൂർണ്ണമായി നിശ്ചലമാകുന്നില്ല. പ്രത്യേകിച്ച് REM sleep( Rappid Eye Movement ) ഘട്ടത്തിൽ  മസ്തിഷ്കം ഓർമ്മകളോടും വികാരങ്ങളോടും സജീവമായി സംവദിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ സ്വപ്നങ്ങൾ  രാത്രിയിലെ വെറും ചിത്രങ്ങളല്ല,  നമ്മുടെ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും തമ്മിൽ മസ്തിഷ്കം നടത്തുന്ന സങ്കീർണ്ണ പ്രവർത്തനത്തിന്റെ പ്രതിഫലനമായിരിക്കാം. സ്വപ്നങ്ങളുടെ കൃത്യമായ ഉദ്ദേശ്യം ശാസ്ത്രം ഇതുവരെ പൂർണ്ണമായി വിലയിരുത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും  വൈകാരിക  ഏകീകരണം (emotional memory consolidation) വികാര നിയന്ത്രണം (emotion regulation) എന്നിവയ്ക്ക്‌ ഉറക്കം സഹായിക്കുന്നുവെന്നതിന് ശക്തമായ ഗവേഷണ തെളിവുകളുണ്ട്.

പകൽ അടിച്ചമർത്തപ്പെട്ടത് രാത്രിയിൽ തുറക്കുമ്പോൾ...🔑

നമുക്ക് ചില അനുഭവങ്ങൾ മറക്കാൻ കഴിയില്ല. എന്നാൽ അവയെക്കുറിച്ച് സംസാരിക്കാനും എപ്പോഴും കഴിയാറില്ല. ജീവിതത്തിലെ നഷ്ടം, അപമാനം, വേർപാട്, പരാജയം, ഭയം, പൂർത്തിയാകാത്ത ബന്ധം—ഇവയെല്ലാം മനസ്സിൽ വൈകാരിക അടയാളങ്ങളായി (emotional traces)  നിലനിൽക്കാം. ഉറക്കത്തിൽ, പ്രത്യേകിച്ച് REM ഘട്ടത്തിൽ, വൈകാരികമായി പ്രാധാന്യമുള്ള ഓർമ്മകളുമായി മസ്തിഷ്കം  പ്രവർത്തിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വപ്നങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന  ജീവിതത്തിലെ അനുഭവങ്ങളും അതുമായി ബന്ധപ്പെട്ട വികാരങ്ങളും   emotional processing-ന്റെ ഭാഗമായിരിക്കാം.
അതുകൊണ്ട് വർഷങ്ങളായി കാണാത്ത ഒരാൾ പെട്ടെന്ന് സ്വപ്നത്തിൽ വരുന്നതും, മറന്നുവെന്ന് കരുതിയ ഒരു സംഭവത്തിന്റെ വികാരം വീണ്ടും അനുഭവപ്പെടുന്നതും അസാധാരണമല്ല. സ്വപ്നം പഴയ സംഭവത്തെ ആവർത്തിക്കുന്നത് ആയിരിക്കണമെന്നില്ല, അതുമായി ബന്ധപ്പെട്ട വൈകാരിക അനുരണനം മനസ്സ് വീണ്ടും കൈകാര്യം ചെയ്യുന്നതാകാം.

സ്വപ്നം ജീവിത പ്രശ്നത്തിന് ഉത്തരം നൽകണമെന്നില്ല, പക്ഷേ പ്രശ്നത്തിലേക്ക് വെളിച്ചം പകർന്നേക്കാം. സ്വപ്നങ്ങളിലെ കഥാപാത്രങ്ങളുടെയും പശ്ചാത്തലങ്ങളുടെയും  അർത്ഥങ്ങളുടെ 'സ്ഥിര നിഘണ്ടു' ഉണ്ടെന്ന ചിന്താഗതി പലർക്കും ഉണ്ട്.   “വെള്ളം കണ്ടാൽ ഇതാണ് അർത്ഥം, പാമ്പ് കണ്ടാൽ അതാണ് അർത്ഥം” എന്ന രീതിയിലുള്ള സ്വപ്ന വ്യാഖ്യാനത്തിന്  ശാസ്ത്രീയ അടിത്തറയില്ല.

“ഈ സ്വപ്നം എന്നിൽ ഏത് വികാരമാണ് ഉണർത്തിയത്?” എന്നാണ് ചോദിക്കേണ്ടത്.  ഒരു വ്യക്തി നിരന്തരം ഭയന്നോടുന്നതായി സ്വപ്നം കാണുന്നുവെങ്കിൽ, അത് നിർബന്ധമായും ഏതെങ്കിലും അപകടത്തിന്റെ സൂചനയാകണമെന്നില്ല. പക്ഷേ “എന്റെ ജീവിതത്തിൽ ഞാൻ എന്തിൽനിന്നാണ് ഓടുന്നത്?” എന്ന ആത്മപരിശോധന അഭിലക്ഷണീയമാണ്.  സ്വപ്നത്തിന്റെ പ്രതീകാത്മകതയെക്കാൾ അതിൽ അനുഭവപ്പെട്ട വികാരങ്ങൾക്കാണ് കൂടുതൽ പ്രസക്തി.

പേടിസ്വപ്നങ്ങൾ 😳
ദുരന്തങ്ങൾ അനുഭവിച്ചവരിൽ പേടി സ്വപ്‌നങ്ങൾ ആവർത്തിച്ച് വരാം. PTSD പോലുള്ള അവസ്ഥകളിൽ,  REM sleep disturbances, nightmares, emotional dysregulation എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇവിടെ മനശ്ശാസ്ത്രചികിത്സയ്ക്ക് വലിയ സാധ്യതയുണ്ട്. 'Imagery Rehearsal Therapy' പോലുള്ള ചികിത്സാരീതികളിൽ,   പേടി സ്വപ്നത്തിന്റെ  കഥ സുരക്ഷിതമായ കൗൺസിലിംഗ്  സമയത്ത് വ്യക്തി പുനർരചിക്കുകയും വൈകാരിക ബാലൻസിങ് നിലനിർത്തുവാൻ  മാനസികമായി പരിശീലിക്കുകയും ചെയ്യുന്നു. പേടിസ്വപ്നങ്ങളുടെ ആവർത്തനം കുറയ്ക്കുന്നതിനും ഉറക്ക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും   ഇത്തരം സമീപനങ്ങൾ പ്രയോജനമാണെന്ന് ഗവേഷണ അവലോകനങ്ങൾ സ്ഥിരീകരിക്കുന്നു. ഇതുകൊണ്ട്  മനസ്സിലെ ദുരനുഭവങ്ങളുടെ ഓർമ്മകളും ആഘാതങ്ങളും പൂർണ്ണമായി തുടച്ചു മാറ്റുവാൻ കഴിയില്ലെങ്കിലും അവയോടുള്ള മനസ്സിന്റെ പ്രതികരണ രീതിയെ കുറെയൊക്കെ മാറ്റുവാൻ സാധിക്കും.

സ്വപ്നം,  വികാര പ്രവാഹങ്ങളുടെ നേർക്കാഴ്ച⚡

ഒരു സ്വപ്നം കാണുമ്പോൾ “ഇനി എന്ത് സംഭവിക്കും?” എന്ന് ഭയപ്പെടുന്നതിനു പകരം, “ഇപ്പോൾ എന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്?” എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. രാവിലെ ഓർമ്മയിൽ നിൽക്കുന്ന സ്വപ്നം കുറിച്ചുവയ്ക്കാം. അതിനൊപ്പം മൂന്ന് കാര്യങ്ങൾ രേഖപ്പെടുത്തുന്നതും നല്ലതാണ് :
എന്തൊക്കെയാണ് സ്വപ്നത്തിൽ സംഭവിച്ചത്?
അത് എന്തെല്ലാം വൈകാരിക അനുഭവങ്ങളാണ് ഉണ്ടാക്കിയത് ?
ഇപ്പോഴത്തെ ജീവിതത്തിൽ ഇതിന് സമാനമായ വികാരം എവിടെയാണ്?
ഇത് സ്വപ്നത്തെ അന്ധവിശ്വാസത്തിൽ നിന്ന് ആത്മബോധത്തിലേക്ക് മാറ്റുവാൻ സഹായിക്കും.

സ്വപ്നങ്ങളെ സ്വയം രോഗനിർണ്ണയത്തിനുള്ള ഉപകരണമാക്കരുത്. ആവർത്തിക്കുന്ന പേടി സ്വപ്നങ്ങൾ, trauma-related dreams, ഉറക്കക്കുറവ്, പകൽ സമയത്തെ അമിതമായ ഭയം എന്നിവ സാധാരണ ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം സ്വീകരിക്കേണ്ടതാണ്.

നമ്മുടെ ബോധ മനസ്സിന് ചില വേദനകളുടെ ആശയവിനിമയത്തിന് ഭാഷയില്ലായിരിക്കാം. അതുകൊണ്ട് സ്വപ്നങ്ങളിൽ അവ ചിലപ്പോൾ പ്രതീക ചിത്രങ്ങളായി, കഥകളായി,  പരിചിത മുഖങ്ങളായി,  ഭയമായി പ്രത്യക്ഷപ്പെട്ടേക്കാം. അതുകൊണ്ട് സ്വപ്നത്തെ ഭാവി പ്രവചനമായി കാണേണ്ടതില്ല, ആത്മപരിശോധനയ്ക്കുള്ള ഒരു ജാലകമായി കാണേണ്ടതാണ്.
ഉറങ്ങുമ്പോൾ നമ്മുടെ ബോധത്തിന്റെ വാതിൽ അടയ്ക്കുന്നു.  പക്ഷേ മനസ്സിന്റെ ആഴങ്ങളിൽ ചില വിളക്കുകൾ അപ്പോഴും അണയുന്നില്ല. അവിടെ ഓർമ്മകളും വികാരങ്ങളും അനുഭവങ്ങളും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം.

സ്വപ്നത്തിന്റെ ഏറ്റവും വലിയ ഔഷധ മൂല്യം അതിന്റെ “അർത്ഥം” കണ്ടെത്തുന്നതിലല്ല—അതിലൂടെ നമ്മുടെ മനസ്സിലെ പറയപ്പെടാത്ത വികാരങ്ങളെ തിരിച്ചറിയുന്നതാണ്.
ഞാൻ എന്ത് സ്വപ്നമാണ് കണ്ടത് എന്നതിനേക്കാൾ പ്രസക്തമായ ചോദ്യം, എന്റെ മനസ്സ് എന്ത് തരം വികാരങ്ങളാണ്  അനുഭവിക്കാനും സംസ്കരിക്കാനും  വിട്ടുകളയാനും ശ്രമിച്ചുകൊണ്ടിരുന്നത് എന്നതാണ്.

ഉറക്കത്തിൽ കണ്ണുകൾ അടയുമ്പോഴും ആത്മാവിന്റെ ചില വാതിലുകൾ തുറന്നുകിടക്കുന്നു.   ആ നിശ്ശബ്ദ ആഴങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളായിരിക്കാം സ്വപ്നങ്ങൾ. അവയുടെ അർത്ഥം തേടുന്നതിനേക്കാൾ, അവ നമ്മെ ഏത് സത്യത്തിലേക്കാണ് ഉണർത്തുന്നതെന്ന് ദൈവസന്നിധിയിൽ അന്വേഷിക്കുമ്പോഴാണ് സ്വപ്നം ആത്മീയ യാത്രയാകുന്നത്.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

References:
1. Walker, M. P., & van der Helm, E. (2009).
Overnight therapy? The role of sleep in emotional brain processing.
Psychological Bulletin, 135(5), 731–748.
DOI: 10.1037/a0016570

2. Wamsley, E. J. (2014).
Dreaming and Offline Memory Consolidation.
Current Neurology and Neuroscience Reports, 14(3), 433.
DOI: 10.1007/s11910-013-0433-5

3. Stickgold, R., & Wamsley, E. J. (2010).
Memory, Sleep and Dreaming: Experiencing Consolidation.
Sleep Medicine Clinics, 5(1), 97–112.

4. Walker, M. P. (2009).
The Role of Sleep in Cognition and Emotion.
Annals of the New York Academy of Sciences, 1156, 168–197.
DOI: 10.1111/j.1749-6632.2009.04416.x

5. Casement, M. D., & Swanson, L. M. (2012).
A Meta-analysis of Imagery Rehearsal for Post-trauma Nightmares: Effects on Nightmare Frequency, Sleep Quality, and Posttraumatic Stress.
6. Yücel, D. E., van Emmerik, A. A. P., Souama, C., & Lancee, J. (2020).
Comparative efficacy of imagery rehearsal therapy and prazosin in the treatment of trauma-related nightmares in adults: A meta-analysis of randomized controlled trials.
Sleep Medicine Reviews, 50, 101248.


Monday, August 10, 2026

ഡിജിറ്റൽ ജീവിതവും മാനസികാരോഗ്യവും

 


സാങ്കേതികവിദ്യയുടെ അനുഗ്രഹവും വെല്ലുവിളിയും മെഡിക്കൽ സയൻസ് പഠന വിഷയമാക്കി കൊണ്ടിരിക്കുകയാണ്.
സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അറിവ് നേടാനും ജോലി ചെയ്യാനും പഠിക്കാനും ആശയവിനിമയം നടത്താനും വിനോദം കണ്ടെത്താനും ഡിജിറ്റൽ ലോകം വലിയ സഹായമാണ്. എന്നാൽ അതേ സമയം, നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നത് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഒരു ദിവസം എത്ര പ്രാവശ്യം നമ്മൾ ഫോൺ പരിശോധിക്കുന്നു? പലർക്കും അതിന്റെ കണക്ക് പോലും അറിയില്ല. ചെറിയൊരു നോട്ടിഫിക്കേഷൻ വന്നാലുടൻ ഫോൺ എടുക്കുന്ന ശീലം തലച്ചോറിലെ "പ്രതിഫല വ്യവസ്ഥ" (reward system) ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ വീണ്ടും വീണ്ടും ഫോൺ നോക്കാനുള്ള പ്രവണത വർധിക്കുന്നു. കാലക്രമേണ ഇത് ശ്രദ്ധക്കുറവ്, ജോലികളിൽ ഏകാഗ്രത നഷ്ടപ്പെടൽ, മാനസിക ക്ഷീണം എന്നിവയ്ക്ക് കാരണമാകാം.

സാമൂഹിക മാധ്യമങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. മറ്റുള്ളവരുടെ സന്തോഷനിമിഷങ്ങൾ മാത്രം കാണുമ്പോൾ, സ്വന്തം ജീവിതം അത്ര മികച്ചതല്ലെന്ന തോന്നൽ പലർക്കും ഉണ്ടാകുന്നു. ഇതിനെ മനഃശാസ്ത്രത്തിൽ Social Comparison (സാമൂഹിക താരതമ്യം) എന്ന് വിളിക്കുന്നു. നിരന്തരമായ താരതമ്യം ആത്മവിശ്വാസക്കുറവ്, അസംതൃപ്തി, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് വഴിവെക്കാം.

ഉറക്കവും ഡിജിറ്റൽ ജീവിതവും തമ്മിൽ അടുത്ത ബന്ധമുണ്ട്. രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നത് തലച്ചോറിനെ ഉണർന്ന നിലയിൽ നിലനിർത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. മോശം ഉറക്കം അടുത്ത ദിവസത്തെ ഓർമ്മശക്തിയെയും വികാരനിയന്ത്രണത്തെയും ജോലിശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.

എന്നിരുന്നാലും, ഡിജിറ്റൽ ലോകം അപകടകരമാണെന്ന് പറയുവാൻ പറ്റില്ല. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന കാര്യം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താനും, പുതിയ കഴിവുകൾ പഠിക്കാനും, ഓൺലൈൻ കൗൺസിലിംഗ് സ്വീകരിക്കാനും, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാനും സാങ്കേതികവിദ്യ വലിയ സഹായമാണ്.

അതുകൊണ്ട് ഡിജിറ്റൽ ജീവിതത്തിൽ ചില ആരോഗ്യകരമായ ശീലങ്ങൾ വളർത്തേണ്ടതുണ്ട്. ഭക്ഷണസമയത്തും കുടുംബ സംഭാഷണത്തിനിടയിലും ഫോൺ മാറ്റിവയ്ക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക. ദിവസത്തിൽ ചില സമയങ്ങൾ "ഡിജിറ്റൽ ഇടവേള" (Digital Break) ആയി നിശ്ചയിക്കുക. ആ സമയം നടക്കുക, വായിക്കുക, പ്രാർത്ഥിക്കുക, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക, കുടുംബവുമായി സംസാരിക്കുക.

ആത്മീയമായ കാഴ്ചപ്പാടിലും ഇത് പ്രസക്തമാണ്. നിശ്ശബ്ദതയിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ പഠിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു. നിരന്തരം സ്ക്രീനുകളാൽ നിറഞ്ഞ ജീവിതത്തിൽ മനസ്സിന് വിശ്രമവും ആത്മാവിന് നിശ്ശബ്ദതയും ആവശ്യമാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നത് മനുഷ്യനാണ്; മനുഷ്യനെ സാങ്കേതികവിദ്യ നിയന്ത്രിക്കാൻ അനുവദിക്കരുത്.

ഫോൺ "സ്മാർട്ട്" ആകുന്നതുകൊണ്ട് മാത്രം ജീവിതം സ്മാർട്ട് ആകുന്നില്ല. ശരിയായ സമയത്ത് ഫോൺ മാറ്റിവെച്ച്, പ്രിയപ്പെട്ടവരോട് സംസാരിക്കാനും, പ്രകൃതിയെ ആസ്വദിക്കാനും, ദൈവസാന്നിധ്യത്തിൽ ചില നിമിഷങ്ങൾ ചെലവഴിക്കാനും കഴിയുമ്പോഴാണ് മനസ്സും ജീവിതവും യഥാർത്ഥത്തിൽ ആരോഗ്യമാകുന്നത്.

"എല്ലാം എനിക്ക് അനുവദനീയമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല." (1 കൊരിന്ത്യർ 6:12)
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )

Thursday, August 6, 2026

ആത്മീയതയും മാനസികാരോഗ്യവും



മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്ന് ലോകമെമ്പാടും വർധിച്ചുവരികയാണ്. അതോടൊപ്പം, ആത്മീയത മനസ്സിനെ യഥാർത്ഥത്തിൽ ശക്തിപ്പെടുത്തുമോ എന്ന ഒരു പ്രധാന ചോദ്യവും ഉയരുന്നു

ആധുനിക മനഃശാസ്ത്രവും വൈദ്യശാസ്ത്രവും പറയുന്നത്, ആത്മീയവിശ്വാസം ശരിയായ രീതിയിൽ ജീവിതത്തിൽ ഉൾക്കൊള്ളുന്നവർക്ക് സമ്മർദ്ദം, ഭയം, ഏകാന്തത, നിരാശ എന്നിവയെ കൂടുതൽ ആരോഗ്യകരമായി നേരിടാൻ സാധിക്കുമെന്നാണ്.

ആത്മീയത എന്നത് മതാചാരങ്ങൾ പാലിക്കുന്നത് മാത്രമല്ല. ജീവിതത്തിന് അർഥമുണ്ടെന്നും ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെ ജീവിതത്തിന് ഒരു ദൈവിക ലക്ഷ്യമുണ്ടെന്നും ഉള്ള ആന്തരിക ബോധമാണ് ആത്മീയതയുടെ ഹൃദയം. ഇത്തരത്തിലുള്ള വിശ്വാസം പ്രതിസന്ധികളിൽ പോലും പ്രത്യാശ നിലനിർത്താൻ സഹായിക്കുന്നു.


പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്, സ്ഥിരമായ പ്രാർത്ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ വായന, ആരാധന, നന്ദിയുള്ള മനോഭാവം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്. ക്ഷമിക്കുന്ന മനോഭാവം കോപവും പ്രതികാരചിന്തയും കുറയ്ക്കുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ ഉപധികളില്ലാതെ സ്നേഹിക്കുന്ന സ്വഭാവഗുണം ഏകാന്തത കുറച്ച് ജീവിത സന്തോഷം വർധിപ്പിക്കുന്നു.


എന്നാൽ ആത്മീയതയെ തെറ്റായി മനസ്സിലാക്കുമ്പോൾ പ്രശ്നങ്ങളും ഉണ്ടാകാം. "എനിക്ക് വിശ്വാസം കുറവായതുകൊണ്ടാണ് എന്റെ ജീവിത പ്രതിസന്ധികൾ", "ജീവിത ദുരന്തങ്ങൾ എല്ലാം ദൈവ ശിക്ഷയാണ് ", "വഴിപാടുകൾ കൊടുത്തില്ലെങ്കിൽ ദൈവം കോപിക്കും", "പ്രാർത്ഥിച്ചാൽ എല്ലാ മാനസികപ്രശ്നങ്ങളും മാറും" എന്നൊക്കെയുള്ള ചിന്തകൾ അപകടകരമാണ്. വിഷാദരോഗം, ഉത്കണ്ഠാരോഗം, ട്രോമ തുടങ്ങിയ മാനസികപ്രശ്നങ്ങൾ വൈദ്യസഹായവും മനഃശാസ്ത്ര ചികിത്സയും ആവശ്യപ്പെടുന്ന അവസ്ഥകളാണ്. ആത്മീയത ചികിത്സയ്ക്ക് പകരമല്ല; മറിച്ച് ചികിത്സയ്ക്ക് ശക്തമായ ഒരു പിന്തുണയാണ്.


ബൈബിൾ മനുഷ്യന്റെ വികാരങ്ങളെ നിഷേധിക്കുന്നില്ല. ദാവീദ് തന്റെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞു. ഏലിയാവ് നിരാശ അനുഭവിച്ചു. യേശുക്രിസ്തു പോലും ഗെത്സെമനെയിൽ ആഴത്തിലുള്ള മാനസികവേദന പ്രകടിപ്പിച്ചു. എന്നാൽ അവർ ദൈവസാന്നിധ്യത്തിൽ പ്രത്യാശ കണ്ടെത്തി. വികാരങ്ങളെ മറച്ചുവയ്ക്കുകയല്ല, ദൈവസന്നിധിയിൽ സത്യസന്ധമായി സമർപ്പിക്കുകയാണ് ആത്മീയതയുടെ വഴി എന്ന് മനസ്സിലാക്കേണ്ടതാണ്.


ആരോഗ്യകരമായ ആത്മീയ ജീവിതത്തിന് ചില ലളിതമായ ശീലങ്ങൾ അഭിക്ഷണീയമാണ് : ദിവസവും കുറച്ച് സമയം പ്രാർത്ഥനയ്ക്കും നിശ്ശബ്ദ ധ്യാനത്തിനും മാറ്റിവയ്ക്കുക, വിശുദ്ധഗ്രന്ഥം വായിക്കുക, ദൈവത്തിനും മനുഷ്യർക്കും നന്ദി പറയേണ്ട മൂന്ന് കാര്യങ്ങളെങ്കിലും ഓരോ ദിവസവും ഓർക്കുക, വിശ്വാസ സമൂഹവുമായി ബന്ധം നിലനിർത്തുക, ആവശ്യമുള്ളപ്പോൾ മടിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.


ഓർമ്മിക്കുക: മനസ്സിന്റെ ആരോഗ്യവും ആത്മാവിന്റെ പരിപോഷണവും സന്തുലിതമായി തുടരുമ്പോഴാണ് മനുഷ്യൻ സമഗ്രമായ സൗഖ്യം അനുഭവിക്കുന്നത്. ഈശ്വര വിശ്വാസം ജീവിതത്തിന് അർഥം നൽകുന്നു; ശാസ്ത്രീയ ചികിത്സ മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇവ രണ്ടും കൈകോർക്കുമ്പോൾ പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിത മുന്നേറ്റം സാധ്യമാകും. 


"ഹൃദയം തകർന്നിരിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നു." (സങ്കീർത്തനം 34:18)

☆

-ഫാ. ഡോ. ഏ. പി. ജോർജ്

(കടപ്പാട് )