ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചപ്പോൾ അവനിൽ ഒരു സൃഷ്ടിപരമായ മനസ്സും നിക്ഷേപിച്ചു. അതുകൊണ്ട് സൃഷ്ടാവായ ദൈവത്തിന്റെ മക്കളായ നമുക്ക് പുതുതായി ചിന്തിക്കാനും സൃഷ്ടിക്കാനും സൗന്ദര്യം ആസ്വദിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും കഴിയുന്നു. അതുകൊണ്ട് സർഗ്ഗാത്മകത ഒരു വിനോദം മാത്രമല്ല, അത് ദൈവത്തിന്റെ ഒരു സമ്മാനവുമാണ്.
സർഗ്ഗാത്മകമായ ജീവിതശൈലി നമ്മുടെ മസ്തിഷ്ക്കത്തെ സജീവമായി നിലനിർത്തുകയും സമ്മർദം കുറയ്ക്കുകയും വാർദ്ധക്യത്തിലും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിരീക്ഷണം.
ദൈവം നമുക്ക് നൽകിയ കഴിവുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോൾ നമ്മുടെ ജീവിതം ഫലപ്രദവും സന്തോഷപൂർണ്ണവുമാകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.
'ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.'
1 പത്രോസ് 4 : 10
ചിത്രരചന, കൈവേലകൾ, എഴുത്ത്, സംഗീതം, പൂന്തോട്ടപരിപാലനം, പുതിയ കാര്യങ്ങൾ പഠിക്കൽ—ഇവയെല്ലാം ദൈവം നൽകിയ കഴിവുകളെ വികസിപ്പിക്കാനുള്ള വഴികളാണ്. ഇവയിലൂടെ മനസ്സിന് ശാന്തിയും പ്രത്യാശയും ലഭിക്കുന്നു. പ്രതിസന്ധികളാൽ തളർന്ന മനസ്സ് വീണ്ടും ഉണരുന്നു. "സന്തോഷമുള്ള ഹൃദയം നല്ല ഔഷധം" (സദൃശവാക്യങ്ങൾ 17:22) എന്ന വചനം ഇതിന്റെ മനോഹരമായ സാക്ഷ്യമാണ്.
ബൈബിളിൽ ദൈവം പ്രത്യേക കഴിവുകൾ നൽകി അനുഗ്രഹിച്ച അനേകരെ കാണുവാൻ കഴിയും. തിരുനിവാസത്തിന്റെ പണിക്കായി ദൈവം ബേസലേലിനെയും ഒഹൊലീയാബിനെയും "ജ്ഞാനവും ബുദ്ധിയും സകലവിധ പണികളിലും നൈപുണ്യവും" നൽകി നിറച്ചു. ദാവീദ് സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി. അവന്റെ സംഗീതം ശൗലിന് ആശ്വാസമായി. സങ്കീർത്തനങ്ങൾ ഇന്നും കോടിക്കണക്കിന് ഹൃദയങ്ങൾക്ക് പ്രത്യാശ പകരുന്നു. ദൈവ മഹത്വത്തിനായി അനേകർ സമർപ്പിച്ച സൃഷ്ടിപരമായ കഴിവുകൾ തലമുറകൾക്ക് അനുഗ്രഹമായി തുടരുന്നു.
സർഗ്ഗാത്മകത മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ദൈവം നൽകുന്ന ദാനമാണ്. ഒരു കവിത അനേകർക്ക് പ്രത്യാശ പകരാം. ഒരു പാട്ട് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാം. ഒരു ചെറിയ കലാസൃഷ്ടിപോലും സ്നേഹത്തിന്റെ സന്ദേശമാകാം. നമ്മുടെ സൃഷ്ടികൾ ദൈവ സ്നേഹത്തിന്റെ ഒരു ഭാഷയായിത്തീരാം.
ആയുസ്സ് ദൈവത്തിന്റെ ദാനമാണ്. അത് എത്ര നാളത്തേക്കേന്നത് ആയുസ്സിന്റെ തമ്പുരാന്റെ തീരുമാനമാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് അർത്ഥപൂർണ്ണമായി ജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് മനസ്സിന് ഉണർവ്വും സന്തോഷവും ലക്ഷ്യബോധവും നൽകുന്നതാണ്. നമ്മുടെ കഴിവുകളും ചിന്തകളും സൃഷ്ടികളും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും സമർപ്പിക്കുമ്പോൾ ജീവിതം സഫലമാകും. നമ്മൾ അനുഗ്രഹ വിഷയമാകും.
'...അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.'
ലൂക്കാ 12 : 48
☆
-ഫാ. ഡോ. ഏ. പി. ജോർജ്
No comments:
Post a Comment