Tuesday, July 21, 2026

സില നേരംഗളിൽ സില മനിതർകൾ..


  നമ്മൾ പലപ്പോഴും ഒരാളെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ പെരുമാറ്റത്തിന്റെ പേരിലാണ്. പെരുമാറ്റവും (Behavior) സ്വഭാവവും (Character) ഒരേ കാര്യമല്ല എന്നതാണ് മനശാസ്ത്ര വീക്ഷണം. പെരുമാറ്റം പലപ്പോഴും സാഹചര്യങ്ങളുടെയും വൈകാരിക സംഘർഷങ്ങളുടെയും സമ്മർദ്ദങ്ങളുടെയും  അനന്തര ഫലമാണ്. എന്നാൽ  ഒരു വ്യക്തിയുടെ ആന്തരിക മൂല്യങ്ങളും ധാർമ്മിക ബോധവും ജീവിതത്തെ നയിക്കുന്ന അടിസ്ഥാന തത്വങ്ങളുമാണ് സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.


ഒരു വ്യക്തി അമിത സമ്മർദ്ദത്തിലോ ദുഃഖത്തിലോ ഭയത്തിലോ ആയിരിക്കുമ്പോൾ അസ്വസ്ഥമായി പ്രതികരിച്ചേക്കാം. ഉറക്കക്കുറവ്, മാനസിക ക്ഷീണം, ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ, പഴയ മുറിവുകളുടെ ഓർമ്മകൾ—ഇവയെല്ലാം താൽക്കാലികമായി പെരുമാറ്റത്തെ സ്വാധീനിക്കും. അതുകൊണ്ടാണ് സാധാരണ സൗമ്യനായ ഒരാൾ ചിലപ്പോൾ വൈകാരികമായി പ്രതികരിക്കുന്നത്. അത് തെറ്റായ പെരുമാറ്റമായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നതല്ല.


 സാധാരണക്കാരോട് എങ്ങനെ പെരുമാറുന്നു, സ്വന്തം തെറ്റ് സമ്മതിക്കുന്നുണ്ടോ, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുണ്ടോ, കടക്കാർക്ക് മാപ്പ് കൊടുക്കുവാൻ തയ്യാറാണോ, സത്യസന്ധതയും കരുണയും കാത്തുസൂക്ഷിക്കുന്നുണ്ടോ—ഇവയാണ് യഥാർത്ഥ സ്വഭാവത്തിന്റെ അടയാളങ്ങൾ. നല്ല സ്വഭാവമുള്ളവർക്ക് പോലും ചിലപ്പോൾ, ചില നേരങ്ങളിൽ പെരുമാറ്റത്തിൽ വീഴ്ചകൾ സംഭവിക്കാം. എന്നാൽ  തെറ്റ് തിരിച്ചറിയുകയും തിരുത്താൻ തയ്യാറാകുകയും ചെയ്യുന്നതാണ് വ്യക്തിത്വത്തിന്റെ മഹത്വം.


മനഃശാസ്ത്രപരമായി , പെരുമാറ്റം മാറ്റാൻ താരതമ്യേന എളുപ്പമാണ്. പരിശീലനവും ബോധവൽക്കരണവും ആത്മനിയന്ത്രണവും കൊണ്ട് അതിൽ പുരോഗതി ഉണ്ടാകും.

എന്നാൽ സ്വഭാവം രൂപപ്പെടുന്നത് ദീർഘകാല ജീവിതാനുഭവങ്ങളിലൂടെയും മൂല്യബോധത്തിലൂടെയും  നല്ല തിരഞ്ഞെടുപ്പുകളിലൂടെയുമാണ്.  സത്യസന്ധമായ തീരുമാനങ്ങൾ,  കാരുണ്യ പ്രവൃത്തികൾ, ആത്മനിയന്ത്രണം തുടങ്ങിയവ നമ്മുടെ സ്വഭാവത്തെ കൂടുതൽ ശക്തമാക്കുന്നു.


ആളുകളുടെ മുൻപിൽ 'പീപ്പിൾ പ്ളീസിങ്' ആയി അഭിനയിക്കുന്നതല്ല, വിശ്വസ്ഥരായിരിക്കുന്നതാണ് വ്യക്തിത്വത്തിന്റെ ശ്രേഷ്ഠത. സാഹചര്യങ്ങൾ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ സ്വഭാവമാണ് ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.


സ്വഭാവരൂപീകരണത്തിൽ നിർണായകം പാരമ്പര്യമോ (Heredity), പരിസ്ഥിതിയോ (Environment) എന്ന ഡിബേറ്റ് ഇപ്പോഴും തുടരുകയാണ്. മനഃശാസ്ത്ര കാഴ്ചപ്പാടിൽ, പാരമ്പര്യവും പരിസ്ഥിതിയും സ്വഭാവരൂപീകരണത്തിൽ വളരെ പ്രധാനമാണ്. പക്വതയുള്ള വ്യക്തിത്വവും ഉത്തമ സ്വഭാവവും രൂപപ്പെടുന്നതിൽ ജീവിത സാഹചര്യങ്ങളും അതിനോടുള്ള വ്യക്തിയുടെ ബോധപൂർവമായ പ്രതികരണവുമാണ് കൂടുതൽ നിർണ്ണായകമാകുന്നത്.


വ്യക്തിത്വത്തിന്റെ അനുകൂല പരിണാമത്തിന്റെ പിന്നിലെ സ്പിരിച്വാലിറ്റിയുടെ സ്വാധീനത്തെപറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്.  മനഃശാസ്ത്ര രംഗത്തെ പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും ആത്മീയതയെ വ്യക്തിത്വവികാസത്തിന്റെയും മാനസിക പക്വതയുടെയും അവിഭാജ്യഘടകമായി കണക്കാക്കുന്നു. അബ്രഹാം മാസ്ലോ തന്റെ 'Self-Actualization' സിദ്ധാന്തത്തിലൂടെ മനുഷ്യന്റെ പരമോന്നത വളർച്ച ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കാൾ യൂങ് ആത്മീയതയെ മനുഷ്യന്റെ ആന്തരിക സൗഖ്യത്തിന്റെയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിന്റെയും പ്രധാന വഴിയായി കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തിന്റെ രണ്ടാം പകുതിയിലെ പല മാനസിക സംഘർഷങ്ങൾക്കും പിന്നിലെ  കാരണങ്ങളിൽ ഒന്ന് ആത്മീയ ശൂന്യതയാണ്. സമകാലിക മനഃശാസ്ത്രജ്ഞയായ ലിസ മില്ലർ നടത്തിയ ഗവേഷണങ്ങൾ, ആരോഗ്യകരമായ ആത്മീയജീവിതം മാനസിക പ്രതിരോധശേഷി വർധിപ്പിക്കുമെന്നും വിഷാദം, ഉത്കണ്ഠ, ലഹരി ആശ്രിതത്വം എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നും സൂചിപ്പിക്കുന്നു. അതിനാൽ യഥാർത്ഥ ആത്മീയത മതാചാരങ്ങളുടെ പരിധിയിൽ ഒതുങ്ങുന്നതല്ല,  മറിച്ച് അത് മനുഷ്യനെ പ്രത്യാശയിലേക്കും സ്നേഹത്തിലേക്കും ധാർമ്മികതയിലേക്കും ജീവിതലക്ഷ്യത്തിലേക്കും നയിക്കുന്ന ആന്തരിക ശക്തിയും റഗുലേറ്ററും ആണ്‌.


ചുരുക്കത്തിൽ:

പാരമ്പര്യം നമുക്ക് പ്രവണത/  ആഭിമുഖ്യം നൽകുന്നു.

ജീവിത സാഹചര്യങ്ങൾ നമ്മുടെ ശീലങ്ങളെ രൂപപ്പെടുത്തുന്നു.

നമ്മുടെ തുടർച്ചയായ തിരഞ്ഞെടുപ്പുകൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു.

ഈശ്വര ചൈതന്യം ആ സ്വഭാവത്തെ ഉദാത്തവും ഉൺമയുള്ളതും ആയി രൂപാന്തരപ്പെടുത്തുന്നു.

*

'നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങൾക്കറിയാമോ?'

-കടമ്മനിട്ട

🔅

-ഫാ. ഡോ. ഏ. പി. ജോർജ്

Saturday, July 4, 2026

സമ്മർദ്ദം: മനസ്സിന്റെ നിശ്ശബ്ദ ശത്രു

 'രോഗങ്ങളിൽ പലതിന്റെയും വേരുകൾ മനുഷ്യന്റെ മനസ്സിലാണുള്ളത്' എന്ന നിരീക്ഷണം നിരവധി ക്രൈസ്തവ ഡോക്ടർമാരും മനഃശാസ്ത്രജ്ഞരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ദീർഘകാലമായുള്ള ഭയം, ഉത്കണ്ഠ, കോപം, കുറ്റബോധം, പ്രതികാരം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ക്ഷയിപ്പിക്കുമെന്ന് തന്റെ രചനകളിലൂടെ, ക്രൈസ്തവ വൈദ്യനും എഴുത്തുകാരനുമായ ഡോ. എസ്. ഐ. മക്‌മില്ലൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആശയങ്ങൾ ആധുനിക മാനസികാരോഗ്യ ഗവേഷണ ഫലങ്ങളുമായി യോജിക്കുന്നു. ദീർഘകാല സമ്മർദ്ദം (Stress) മനോ-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് ഡോ. മക്‌മില്ലന്റെ നിഗമനം.


സമ്മർദ്ദം ജീവിത തിരക്കുകളുടെ പ്രതികരണം മാത്രമല്ല, മനസ്സും ശരീരവും അപകടസൂചനയായി വ്യാഖ്യാനിക്കുന്ന ഒരു അവസ്ഥയാണെന്നാണ് ഡോ. മക്‌മില്ലൻ പറയുന്നത്. ചെറിയ അളവിലുള്ള സമ്മർദ്ദം നമ്മെ ജാഗ്രതയുള്ളവരാക്കും. എന്നാൽ അത് മാസങ്ങളോളം തുടർന്നാൽ, ശരീരം നിരന്തരം "അപകടം അടുത്തിരിക്കുന്നു" എന്ന സന്ദേശത്തിലായിരിക്കും പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി ഉറക്കം നഷ്ടപ്പെടുന്നു, ശ്രദ്ധ കുറയുന്നു, ഓർമ്മ ക്ഷയിക്കുന്നു, ചെറിയ കാര്യങ്ങൾ പോലും വലിയ ഭാരമായി അനുഭവപ്പെടുന്നു. മാത്രവുമല്ല, ഉത്കണ്ഠ, വിഷാദം, ക്ഷീണം, ദേഷ്യം, ബന്ധങ്ങളിലെ പ്രതിസന്ധികൾ തുടങ്ങിയ വൈകാരിക സംഘർഷങ്ങൾക്കും കാരണമാകും.  


ദൈവവിശ്വാസം എന്നത് പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല; പ്രശ്നങ്ങളുടെ നടുവിലും ഹൃദയത്തിന് ഒരു സുരക്ഷിത ആശ്രയം ലഭിക്കുന്നതാണ്. പ്രാർത്ഥന, ദൈവവചന ധ്യാനം, കടക്കാരോട് ക്ഷമിക്കൽ, നന്ദിയുള്ള മനോഭാവം, ആരോഗ്യകരമായ വിശ്രമം, സ്നേഹപൂർണ്ണമായ ബന്ധങ്ങൾ എന്നിവ സമ്മർദ്ദത്തിന്റെ ശക്തിയെ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിത സമീപനങ്ങൾ ആണെന്ന ആത്മിയ സത്യം, മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഡോ. മക്‌മില്ലൻ ലോകത്തോട് പറഞ്ഞു.


ബൈബിൾ ഇതേ സത്യം നൂറ്റാണ്ടുകൾക്കു മുമ്പേ പ്രഖ്യാപിച്ചു. "ഹൃദയത്തിലെ ശാന്തത ശരീരത്തിന് ജീവൻ ആകുന്നു" (സദൃശ്യവാക്യങ്ങൾ 14:30).

"നിങ്ങളുടെ സകല ചിന്തകളും അവന്റെമേൽ ഇട്ടുകൊൾവിൻ; അവൻ നിങ്ങളെക്കുറിച്ച് കരുതുന്നു" (1 പത്രോസ് 5:7).

"ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ... നിങ്ങളുടെ അപേക്ഷകൾ ദൈവത്തോടു അറിയിപ്പിൻ; അപ്പോൾ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും കാത്തുകൊള്ളും" (ഫിലിപ്പിയർ 4:6–7).


ഭൗതിക നേട്ടങ്ങൾ കയ്യെത്തിപിടിക്കുവാനുള്ള തിടുക്കത്തിൽ, മനസ്സിനെ സംരക്ഷിക്കാൻ പലപ്പോഴും മനുഷ്യൻ മറന്നുപോകാറുണ്ട്. മനസ്സ് തകരുമ്പോൾ ശരീരം, ബന്ധങ്ങൾ, ആത്മീയജീവിതം തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക്‌ വലിയ വില നൽകേണ്ടിവരും. അതുകൊണ്ട് വിശ്രമം അഥവാ ശാബത് ആഡംബരവും അനുഷ്ടാനവുമല്ല, ദൈവം നൽകിയ അനുഗ്രഹമാണ്. യേശു തന്റെ ശിഷ്യന്മാരോട് , "നിങ്ങൾ ഒരു ഏകാന്തസ്ഥലത്തേക്കു മാറിപ്പോയി അൽപം വിശ്രമിക്കുവിൻ" (മർക്കോസ് 6:31) എന്നു പറഞ്ഞത്, ജീവിതത്തിന്റെ ഫാസ്റ്റ് ട്രാക്കിൽ ഓടിത്തളരുന്നവർ ശ്രദ്ധയോടെ ആവർത്തിച്ചു വായിക്കേണ്ട സുവിശേഷമാണ്.


സമ്മർദ്ദത്തെ പറ്റിയുള്ള ഡോ. മക്‌മില്ലന്റെ നിരീക്ഷണം വളരെയധികം തെറാപ്യുട്ടിക് വാല്യുയുള്ളതാണ്: സ്‌ട്രെസ് ഒരിക്കലും അവഗണിക്കരുത്, നിസ്സാരമായി കാണരുത്. അത് നിങ്ങളുടെ ശത്രുവല്ല; നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയോ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് അറിയിക്കുന്ന മുന്നറിയിപ്പും ശ്രദ്ധക്ഷണിക്കലും ആണ്. ദൈവത്തിൽ ആശ്രയിക്കുക, ഹൃദയം തുറന്ന് പ്രാർത്ഥിക്കുക, തിരുവചനത്തിൽ മനസ്സുറപ്പിക്കുക, മറക്കു- മാപ്പുകൊടുക്കുക, ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സഹായം തേടുക ... ഇമോഷണൽ റിസൈലൻസിലേക്കുള്ള വഴികളാണിതൊക്കെ.


ആരോഗ്യമുള്ള മനസ്സാണ് സന്തോഷകരമായ ജീവിതത്തിന്റെയും ഫലപ്രദമായ നിയോഗ ശുശ്രൂഷയുടെയും അടിത്തറ.

-ഫാ. ഡോ. ഏ. പി. ജോർജ്


Friday, July 3, 2026

സൃഷ്ടിപരമായ ജീവിതം: ആരോഗ്യം, സന്തോഷം, ദൈവമഹത്വം

 ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചപ്പോൾ അവനിൽ ഒരു സൃഷ്ടിപരമായ മനസ്സും നിക്ഷേപിച്ചു. അതുകൊണ്ട് സൃഷ്ടാവായ ദൈവത്തിന്റെ മക്കളായ നമുക്ക് പുതുതായി ചിന്തിക്കാനും സൃഷ്ടിക്കാനും സൗന്ദര്യം ആസ്വദിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും കഴിയുന്നു. അതുകൊണ്ട് സർഗ്ഗാത്മകത ഒരു വിനോദം മാത്രമല്ല, അത് ദൈവത്തിന്റെ ഒരു സമ്മാനവുമാണ്.


സർഗ്ഗാത്മകമായ ജീവിതശൈലി നമ്മുടെ മസ്തിഷ്ക്കത്തെ സജീവമായി നിലനിർത്തുകയും സമ്മർദം കുറയ്ക്കുകയും വാർദ്ധക്യത്തിലും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിരീക്ഷണം.


 ദൈവം നമുക്ക് നൽകിയ കഴിവുകൾ വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോൾ നമ്മുടെ ജീവിതം ഫലപ്രദവും സന്തോഷപൂർണ്ണവുമാകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. 

'ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.'

1 പത്രോസ് 4 : 10

ചിത്രരചന, കൈവേലകൾ, എഴുത്ത്, സംഗീതം, പൂന്തോട്ടപരിപാലനം, പുതിയ കാര്യങ്ങൾ പഠിക്കൽ—ഇവയെല്ലാം ദൈവം നൽകിയ കഴിവുകളെ വികസിപ്പിക്കാനുള്ള വഴികളാണ്. ഇവയിലൂടെ മനസ്സിന് ശാന്തിയും പ്രത്യാശയും ലഭിക്കുന്നു. പ്രതിസന്ധികളാൽ തളർന്ന മനസ്സ് വീണ്ടും ഉണരുന്നു. "സന്തോഷമുള്ള ഹൃദയം നല്ല ഔഷധം" (സദൃശവാക്യങ്ങൾ 17:22) എന്ന വചനം ഇതിന്റെ മനോഹരമായ സാക്ഷ്യമാണ്.


ബൈബിളിൽ ദൈവം പ്രത്യേക കഴിവുകൾ നൽകി അനുഗ്രഹിച്ച അനേകരെ കാണുവാൻ കഴിയും. തിരുനിവാസത്തിന്റെ പണിക്കായി ദൈവം ബേസലേലിനെയും ഒഹൊലീയാബിനെയും "ജ്ഞാനവും ബുദ്ധിയും സകലവിധ പണികളിലും നൈപുണ്യവും" നൽകി നിറച്ചു. ദാവീദ് സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി. അവന്റെ സംഗീതം ശൗലിന് ആശ്വാസമായി. സങ്കീർത്തനങ്ങൾ ഇന്നും കോടിക്കണക്കിന് ഹൃദയങ്ങൾക്ക് പ്രത്യാശ പകരുന്നു. ദൈവ മഹത്വത്തിനായി അനേകർ സമർപ്പിച്ച സൃഷ്ടിപരമായ കഴിവുകൾ തലമുറകൾക്ക് അനുഗ്രഹമായി തുടരുന്നു.


സർഗ്ഗാത്മകത മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ദൈവം നൽകുന്ന ദാനമാണ്. ഒരു കവിത അനേകർക്ക് പ്രത്യാശ പകരാം. ഒരു പാട്ട് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാം. ഒരു ചെറിയ കലാസൃഷ്ടിപോലും സ്നേഹത്തിന്റെ സന്ദേശമാകാം. നമ്മുടെ സൃഷ്ടികൾ ദൈവ സ്നേഹത്തിന്റെ ഒരു ഭാഷയായിത്തീരാം.


ആയുസ്സ് ദൈവത്തിന്റെ ദാനമാണ്. അത്‌ എത്ര നാളത്തേക്കേന്നത് ആയുസ്സിന്റെ തമ്പുരാന്റെ തീരുമാനമാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും സർഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് അർത്ഥപൂർണ്ണമായി ജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അത്‌ മനസ്സിന് ഉണർവ്വും സന്തോഷവും ലക്ഷ്യബോധവും നൽകുന്നതാണ്. നമ്മുടെ കഴിവുകളും ചിന്തകളും സൃഷ്ടികളും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും സമർപ്പിക്കുമ്പോൾ ജീവിതം സഫലമാകും. നമ്മൾ അനുഗ്രഹ വിഷയമാകും.


'...അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികം ചോദിക്കും.'

ലൂക്കാ 12 : 48

-ഫാ. ഡോ. ഏ. പി. ജോർജ്