Thursday, August 6, 2026

ആത്മീയതയും മാനസികാരോഗ്യവും



മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്ന് ലോകമെമ്പാടും വർധിച്ചുവരികയാണ്. അതോടൊപ്പം, ആത്മീയത മനസ്സിനെ യഥാർത്ഥത്തിൽ ശക്തിപ്പെടുത്തുമോ എന്ന ഒരു പ്രധാന ചോദ്യവും ഉയരുന്നു

ആധുനിക മനഃശാസ്ത്രവും വൈദ്യശാസ്ത്രവും പറയുന്നത്, ആത്മീയവിശ്വാസം ശരിയായ രീതിയിൽ ജീവിതത്തിൽ ഉൾക്കൊള്ളുന്നവർക്ക് സമ്മർദ്ദം, ഭയം, ഏകാന്തത, നിരാശ എന്നിവയെ കൂടുതൽ ആരോഗ്യകരമായി നേരിടാൻ സാധിക്കുമെന്നാണ്.

ആത്മീയത എന്നത് മതാചാരങ്ങൾ പാലിക്കുന്നത് മാത്രമല്ല. ജീവിതത്തിന് അർഥമുണ്ടെന്നും ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെ ജീവിതത്തിന് ഒരു ദൈവിക ലക്ഷ്യമുണ്ടെന്നും ഉള്ള ആന്തരിക ബോധമാണ് ആത്മീയതയുടെ ഹൃദയം. ഇത്തരത്തിലുള്ള വിശ്വാസം പ്രതിസന്ധികളിൽ പോലും പ്രത്യാശ നിലനിർത്താൻ സഹായിക്കുന്നു.


പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്, സ്ഥിരമായ പ്രാർത്ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ വായന, ആരാധന, നന്ദിയുള്ള മനോഭാവം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്. ക്ഷമിക്കുന്ന മനോഭാവം കോപവും പ്രതികാരചിന്തയും കുറയ്ക്കുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരെ ഉപധികളില്ലാതെ സ്നേഹിക്കുന്ന സ്വഭാവഗുണം ഏകാന്തത കുറച്ച് ജീവിത സന്തോഷം വർധിപ്പിക്കുന്നു.


എന്നാൽ ആത്മീയതയെ തെറ്റായി മനസ്സിലാക്കുമ്പോൾ പ്രശ്നങ്ങളും ഉണ്ടാകാം. "എനിക്ക് വിശ്വാസം കുറവായതുകൊണ്ടാണ് എന്റെ ജീവിത പ്രതിസന്ധികൾ", "ജീവിത ദുരന്തങ്ങൾ എല്ലാം ദൈവ ശിക്ഷയാണ് ", "വഴിപാടുകൾ കൊടുത്തില്ലെങ്കിൽ ദൈവം കോപിക്കും", "പ്രാർത്ഥിച്ചാൽ എല്ലാ മാനസികപ്രശ്നങ്ങളും മാറും" എന്നൊക്കെയുള്ള ചിന്തകൾ അപകടകരമാണ്. വിഷാദരോഗം, ഉത്കണ്ഠാരോഗം, ട്രോമ തുടങ്ങിയ മാനസികപ്രശ്നങ്ങൾ വൈദ്യസഹായവും മനഃശാസ്ത്ര ചികിത്സയും ആവശ്യപ്പെടുന്ന അവസ്ഥകളാണ്. ആത്മീയത ചികിത്സയ്ക്ക് പകരമല്ല; മറിച്ച് ചികിത്സയ്ക്ക് ശക്തമായ ഒരു പിന്തുണയാണ്.


ബൈബിൾ മനുഷ്യന്റെ വികാരങ്ങളെ നിഷേധിക്കുന്നില്ല. ദാവീദ് തന്റെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞു. ഏലിയാവ് നിരാശ അനുഭവിച്ചു. യേശുക്രിസ്തു പോലും ഗെത്സെമനെയിൽ ആഴത്തിലുള്ള മാനസികവേദന പ്രകടിപ്പിച്ചു. എന്നാൽ അവർ ദൈവസാന്നിധ്യത്തിൽ പ്രത്യാശ കണ്ടെത്തി. വികാരങ്ങളെ മറച്ചുവയ്ക്കുകയല്ല, ദൈവസന്നിധിയിൽ സത്യസന്ധമായി സമർപ്പിക്കുകയാണ് ആത്മീയതയുടെ വഴി എന്ന് മനസ്സിലാക്കേണ്ടതാണ്.


ആരോഗ്യകരമായ ആത്മീയ ജീവിതത്തിന് ചില ലളിതമായ ശീലങ്ങൾ അഭിക്ഷണീയമാണ് : ദിവസവും കുറച്ച് സമയം പ്രാർത്ഥനയ്ക്കും നിശ്ശബ്ദ ധ്യാനത്തിനും മാറ്റിവയ്ക്കുക, വിശുദ്ധഗ്രന്ഥം വായിക്കുക, ദൈവത്തിനും മനുഷ്യർക്കും നന്ദി പറയേണ്ട മൂന്ന് കാര്യങ്ങളെങ്കിലും ഓരോ ദിവസവും ഓർക്കുക, വിശ്വാസ സമൂഹവുമായി ബന്ധം നിലനിർത്തുക, ആവശ്യമുള്ളപ്പോൾ മടിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.


ഓർമ്മിക്കുക: മനസ്സിന്റെ ആരോഗ്യവും ആത്മാവിന്റെ പരിപോഷണവും സന്തുലിതമായി തുടരുമ്പോഴാണ് മനുഷ്യൻ സമഗ്രമായ സൗഖ്യം അനുഭവിക്കുന്നത്. ഈശ്വര വിശ്വാസം ജീവിതത്തിന് അർഥം നൽകുന്നു; ശാസ്ത്രീയ ചികിത്സ മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇവ രണ്ടും കൈകോർക്കുമ്പോൾ പ്രത്യാശയും സമാധാനവും നിറഞ്ഞ ജീവിത മുന്നേറ്റം സാധ്യമാകും. 


"ഹൃദയം തകർന്നിരിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നു." (സങ്കീർത്തനം 34:18)

-ഫാ. ഡോ. ഏ. പി. ജോർജ്

(കടപ്പാട് )